5 Friday
December 2025
2025 December 5
1447 Joumada II 14

ഹരിയാനയിലെ വംശഹത്യ: രാജ്യം വര്‍ഗീയതക്ക് അടിപ്പെടുന്നു – സി പി


അരീക്കോട്: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണങ്ങള്‍ക്ക് തുടക്കമായി. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രചാരണോദ്ഘാടനം അരീക്കോട്ട് സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. കേരളത്തിന്റെ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പൈതൃകം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ സന്ദേശത്തോടെ മുജാഹിദ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം വര്‍ഗീയതയുടെയും വംശീയതയുടെയും ആപത്കരമായ ഘട്ടത്തിലെത്തിയിരിക്കുന്നു എന്നതാണ് മണിപ്പൂരിന് ശേഷം ഹരിയാനയില്‍ ആവര്‍ത്തിക്കുന്ന മുസ്‌ലിംവിരുദ്ധ വംശഹത്യ വ്യക്തമാക്കുന്നത്. ഹരിയാനയിലെ മുസ്‌ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ജീവിതോപാധികളും തകര്‍ത്ത് വഴിയാധാരമാക്കുന്നതിനെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിയണമെന്നും സി പി പറഞ്ഞു.
ജില്ലാ സംഘാടക സമിതി ജില്ല ചെയര്‍മാന്‍ ഡോ. യു പി യഹ്‌യ ഖാന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ എം ടി മനാഫ്, ഇസ്മായില്‍ കരിയാട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. എം അഹമ്മദ് കുട്ടി മദനി, കെ ടി അശ്‌റഫ് (മുസ്‌ലിംലീഗ്), അജീഷ് എടാലത്ത് (കോണ്‍ഗ്രസ്), ഭാസ്‌ക്കരന്‍ (സി പി എം), കെ എന്‍ എം ജില്ല സെക്രട്ടറി കെ അബ്ദുല്‍അസീസ്, എം പി അബ്ദുല്‍കരീം സുല്ലമി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കാട്, എം ജി എം ജില്ല പ്രസിഡന്റ് സി എം സനിയ, എം എസ് എം ജില്ല പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഐ എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങരയെ ആദരിച്ചു.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ ആയിരം ഗൃഹാങ്കണ സംഗമങ്ങള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍, വൃക്കരോഗ നിര്‍ണയ ക്യാമ്പുകള്‍, പുസ്തകമേളകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ സ്‌നേഹ സംഗമങ്ങള്‍, കലാ, കായിക വൈജ്ഞാനിക മത്സരങ്ങള്‍, പ്രബന്ധ രചനാ മത്സരങ്ങള്‍ തുടങ്ങിയവ നടത്തും. മത, രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വങ്ങളുടെ ഗെറ്റ് റ്റുഗതര്‍, സേവന പ്രവര്‍ത്തനങ്ങള്‍ ബോധവത്കരണ റാലികള്‍, പദയാത്രകള്‍, വാഹന സന്ദേശ പ്രയാണം തുടങ്ങി വിപുലമായ പദ്ധതികളാണ് സമ്മേളനത്തിന്റെ മുന്നോടിയായി ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല, മണ്ഡലം തലങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സര്‍ഗ വിരുന്നുകളും സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിനും പദ്ധതിയൊരുക്കിയിട്ടുണ്ട്.

Back to Top