ഹറം ശരീഫിലെ ദിവസങ്ങള്‍
എന്‍ജി. പി മമ്മദ് കോയ
ഹജ്ജ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കഴിയുന്നിടത്തോളം സല്‍കര്‍മങ്ങള്‍ ചെയ്തു പുണ്യം നേടണം. ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാനുളള ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണം.
അസീസിയയുടെ താമസ സ്ഥലത്തിന്റെ തൊട്ടു മുന്‍പില്‍ തന്നെയാണ് താത്കാലിക ബസ്സ്റ്റാന്റ്. സദാ സമയവും ഒരു ബസ്സെങ്കിലും ജാഗ്രതയോടെ നില്പുണ്ടാകും! ഞങ്ങള്‍ കാലത്ത് മൂന്നര മണിക്ക് ഹറമിലേക്ക് പുറപ്പെടും. തഹജ്ജുദ്, സുബഹി നമസ്‌കാരങ്ങള്‍ക്ക് ശേഷം ഒരു ത്വവാഫും കഴിഞ്ഞു ഏഴു മണിയോടെയാണ് തിരിച്ചെത്തുക.
പിന്നീട് അസര്‍ നമസ്‌കാരാനന്തരമാണ് ഹറമിലേക്ക് പുറപ്പെടുക. മധ്യാഹ്ന നമസ്‌കാരവും അസറും താമസ സ്ഥലത്തിനടുത്തുള്ള പള്ളിയില്‍ വെച്ചാണ് സാധാരണ നമസ്‌കരിക്കാറ്. ഗ്രീന്‍ കാറ്റഗറി എടുത്തവര്‍ക്ക് എല്ലാ നമസ്‌കാരങ്ങളും ഹറമില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കാനുള്ള ഭാഗ്യം ലഭിക്കും.
ഹജ്ജ് കമ്മിറ്റിയുടെ കൂടെ അസീസിയ കാറ്റഗറിയില്‍ എത്തിയ സ്ത്രീകളുടെ കാര്യമാണ് കഷ്ടം. ബഹുഭൂരിപക്ഷം പേര്‍ക്കും ഹറമിലേക്ക് നമസ്‌കാരത്തിന് പോകാന്‍ കഴിയില്ല. ഭക്ഷണമുണ്ടാക്കലും വസ്ത്രമലക്കലുമാണ് കാര്യമായ പണി. പുറമെ സ്ത്രീകള്‍ ജമാഅത്തിന് പള്ളിയില്‍ പോകേണ്ടതില്ല എന്ന ചില മുസ്‌ലിയാന്‍മാരുടെ ഫത്‌വയും!
ഹറമില്‍ ഒരു നമസ്‌കാരത്തിന് ഒരു ലക്ഷം പ്രതിഫലമുണ്ടെന്ന സത്യം എഴുത്തിലും പ്രസംഗത്തിലും പറയുന്ന നാട്ടിലെ അറിയപ്പെടുന്ന പണ്ഡിതന്‍മാര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവരില്‍ ഭൂരിപക്ഷം പേരും താമസ സ്ഥലത്തെ നമസ്‌കാര സ്ഥലത്ത് വെച്ച് തന്നെയാണ് നമസ്‌കരിക്കുക! സന്ധ്യാ നമസ്‌കാരത്തിനും രാത്രി നമസ്‌കാരത്തിനും മാത്രമാണ് അവര്‍ ഹറമിലേക്ക് പോകാറ്. സുബ്ഹി നമസ്‌കാരത്തിന് ‘ഖുനൂത്ത്’ ഇല്ലാത്തതും കഠിനമായ ചൂടുമാണ് അവര്‍ കാരണം പറയാറ്.
പക്ഷെ ഇവരൊക്കെ പുറത്ത് ഹദ്‌യ കൊടുക്കുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ ഈ കടുത്ത വെയിലിലും അനേക സമയം ഊഴവും കാത്ത് വരി നില്‍ക്കുന്നത് കാണാം. ഇവരെ അനുകരിക്കുകയും ഇവര്‍ പറയുന്നത് അനുസരിക്കുകയും ചെയ്യുന്ന അനേകം പാവപ്പെട്ട ഹാജിമാരുണ്ട് എന്നതാണ് സങ്കടകരം. ശരിയായ ബോധവല്ക്കരണം കിട്ടാത്തതായിരിക്കാം കാരണം. അവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ!
എന്നാല്‍ ഇവരില്‍ ചിലരെങ്കിലും കൃത്യമായി എല്ലാ സമയത്തും ഹറമിലേക്ക് പോകുന്നവരുണ്ട്. പക്ഷെ അവരും ഭാര്യമാരെ കൂടെ കൊണ്ട് പോകാറില്ല. വികലമായ കുറെ ആശയങ്ങളും വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുന്ന വിവിധ അവാന്തര വിഭാഗങ്ങള്‍ സര്‍ക്കാര്‍ ഹജ്ജ് ഗ്രൂപ്പില്‍ ഉണ്ടാകും. അവരുടെ പ്രസംഗങ്ങളോ പ്രവര്‍ത്തനങ്ങളോ നമ്മുടെ കര്‍മങ്ങളെ സ്വാധീനിക്കാതെ സൂക്ഷിക്കുകയാണ് ഓരോ ഹാജിയും ചെയ്യേണ്ടത്.
ഞങ്ങള്‍ കുറച്ച് പലഹാരങ്ങളും അവിലുമല്ലാതെ മറ്റു ഭക്ഷണ സാധനങ്ങളൊന്നും കരുതിയിരുന്നില്ല. സമയാസമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് വാങ്ങിക്കഴിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ പരമാവധി ദിവസങ്ങളില്‍ ഹറം മസ്ജിദിലേക്ക് പോകാനും ജമാഅത്തുകളില്‍ പങ്കെടുത്ത് ഇബാദത്തുകളില്‍ മുഴുകാനും അവസരം ലഭിച്ചിട്ടുണ്ട്. ഭാര്യ സലീനക്കും എനിക്ക് കിട്ടിയ അതെ അവസരങ്ങള്‍ ലഭിച്ചു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഭക്ഷണം ആവശ്യാനുസരണം വാങ്ങിക്കഴിക്കാനുളള പണം ഓരോ ഹാജിയുടെയും കൈയ്യിലുണ്ട്. പക്ഷെ പണം മിച്ചം വെക്കാന്‍ പലരും പുണ്യം നേടാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ലഭിച്ച സുവര്‍ണാവസരം! എത്ര വിശ്വാസികളാണ് ഈ അവസരത്തിന് കൊതിച്ച് കാത്തു നില്‍ക്കുന്നത്! പണവും ആരോഗ്യവും എല്ലാ ഭൗതിക സാഹചര്യവും അനുകൂലമായുണ്ടായിട്ടും ഹജ്ജ് കര്‍മത്തിന് എത്തിച്ചേരാന്‍ കഴിയാത്ത എത്ര എത്ര സഹോദരര്‍! അവരില്‍ നിന്ന് കാരുണ്യവാനായ അല്ലാഹു തിരഞ്ഞെടുത്തവരാണ് നാം എന്ന ബോധമാണ് ഓരോ ഹാജിയേയും നയിക്കേണ്ടത്.
കാലാകാലങ്ങളായി നവീകരണങ്ങളും കൂട്ടിച്ചേര്‍ക്കലും നടക്കുന്നുണ്ടെങ്കിലും ഹജ്ജ് സീസണില്‍ ഹറം ശരീഫിന്ന് മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അത്രമാത്രം തിരക്കായിരിക്കും. പ്രത്യേകിച്ച് ഹജ്ജിനോടടുത്ത ദിവസങ്ങളില്‍! മണിക്കൂറുകള്‍ക്ക് മുമ്പ് അകത്തു കയറിയാല്‍ മാത്രമേ സൗകര്യപ്രദമായി സംഘ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ.
ഞങ്ങള്‍ മിക്കവാറും മര്‍വയുടെ ഭാഗത്ത് പുതുതായി കൂട്ടിച്ചേര്‍ത്ത കെട്ടിടത്തിലാണ് സ്ഥലം കണ്ടെത്താറ്. അതിനടുത്ത് തന്നെ അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങളും കുളിമുറികളുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സംവിധാനങ്ങളുണ്ട്. പുതിയ നിര്‍മിതിക്കും ഈ ടോയ്‌ലറ്റുകള്‍ക്കുമിടയില്‍ മാര്‍ബിള്‍ പാകിയ വിശാലമായ മുറ്റവും സംസം കുടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്ധ്യാ പ്രാര്‍ഥന സമയമാകുമ്പോള്‍ ഹറം ശരീഫിന്റെ എല്ലാ മുറ്റങ്ങളും വിശ്വാസികളാല്‍ നിറഞ്ഞു കവിയും.
ഇപ്പോള്‍ മസ്ജിദിനകത്ത് തന്നെ ഏതാണ്ട് പത്ത് ലക്ഷം വിശ്വാസികള്‍ക്ക് നമസ്‌കരിക്കാനുളള സൗകര്യമുണ്ട്. ബേസ്‌മെന്റ് ഫ്‌ളോറടക്കം നാലു നിലകളും വിശാലമായ ടെറസ്സും സൗകര്യപ്രദമാക്കിയിട്ടുണ്ട്. എല്ലാ ഫ്‌ളോറിലേക്കും യന്ത്രക്കോണികളും ലിഫ്റ്റുകളും സാധാരണ കോണികളുമുണ്ട്.
ഹറമിലെ സെക്യൂരിറ്റി സിസ്റ്റവും ക്ലീനിങ്ങ് സിസ്റ്റവും അഭിനന്ദനീയമാണ്. ഈ ജന സഞ്ചയത്തെ വളരെ മാന്യമായ പെരുമാറ്റത്തോടെ നിയന്ത്രിക്കുകയും പ്രായമായവരെയും അവശരെയും കരുതലോട് കൂടി സഹായിക്കുകയും ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഈ തിരക്കിനിടയിലും വിശുദ്ധ മസ്ജിദിന്റെയും നടപ്പാതകളുടെയും വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കുന്ന ക്ലീനിങ്ങ് ജോലിക്കാരും വളരെ സ്തുത്യാര്‍ഹമായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്.
പനിനീരും സുഗന്ധ ദ്രവ്യങ്ങളുമുപയോഗിച്ചാണ് മസ്ജിദിന്റെ ഇടനാഴികളും നമസ്‌കാര സ്ഥലവും വൃത്തിയാക്കുന്നത്. ഓരോ ഇടവേളകളിലും ഓര്‍ഗാനിക് അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുന്നു. നാലു ഷിഫ്റ്റുകളിലായി ജീവനക്കാര്‍ തൂണുകളും മതിലുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഫാനുകളുമെല്ലാം വൃത്തിയാക്കുന്നു. കാര്‍പ്പറ്റുകളും വിരിപ്പുകളും അതിനായി സംവിധാനിച്ച കാര്‍പറ്റ് ലാണ്ട്‌റിയില്‍ വെച്ച് വൃത്തിയാക്കുന്നു. വാക്വംക്ലീനറും നിലം വൃത്തിയാക്കുന്ന യന്ത്രങ്ങളുമായി സര്‍വസജ്ജമാണ് ഹറം ശരീഫ്.
ഹജ്ജ് സീസണില്‍ അനേകം ടണ്‍ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കാനുണ്ടാകുമെന്നാണ് പറയുന്നത്. ലക്ഷോപലക്ഷം ആളുകള്‍ പെരുമാറുന്ന ഇരു ഹറമുകളിലും ഒരു തരത്തിലുളള മാലിന്യങ്ങളോ ദുര്‍ഗന്ധമോ ഇല്ലാത്ത തരത്തില്‍ ഏതു സമയത്തും ഊദിന്റെ സുഗന്ധം പ്രസരിപ്പ് വൃത്തിയാക്കി നിലനിര്‍ത്തുന്നത് അത്ഭുതം തന്നെയാണ്!
അനേകം ലക്ഷം തീര്‍ഥാടകര്‍ പങ്കുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാ ഒത്തുചേരലാണ് ഹജ്ജ്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന വ്യത്യസ്ത സംസ്‌കാരവും ജീവിത രീതികളുമുള്ള ഹാജിമാര്‍ ചുരുങ്ങിയ സ്ഥലത്ത് ദിവസങ്ങളോളം പെരുമാറുമ്പോഴുണ്ടാകുന്ന ഖരമാലിന്യങ്ങളും മലിന ജലവും സംസ്‌കരിക്കുക എന്നതും പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നതും എത്രമാത്രം സാഹസികമായ ഉത്തരവാദിത്തമാണ്! പക്ഷെ അത് ഒരു പഴുതുപോലുമില്ലാതെ അത്ഭുതകരമായി നിറവേറ്റുകയാണ് പരിശുദ്ധ ഹറമുകളുടെ സൂക്ഷിപ്പുകാരായ ഭരണാധികാരികള്‍!
കാലവും തിരകളും ആരെയും കാത്തുനില്ക്കില്ലല്ലോ. എത്ര വേഗമാണ് ഏഴു ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത്! അറഫ ദിനം പ്രഖ്യാപിക്കപ്പെട്ടു. ദുല്‍ഹിജ്ജ 9 ശനിയാഴ്ച. തലേദിവസം 8-ാം തിയ്യതി വെള്ളിയാഴ്ചയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ഏഴാം തിയ്യതി തന്നെ മിനായിലേക്ക് പുറപ്പെടണമെന്ന് അറിയിപ്പു വന്നു.
വര്‍ഷങ്ങളോളം മനസില്‍ താലോലിച്ച ഒരാഗ്രഹം, ഒരു മുസ്‌ലിമിന് സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ നിര്‍ബന്ധമാകുന്ന കര്‍മം! മതത്തിന്റെ പഞ്ച സ്തംഭങ്ങളില്‍ അഞ്ചാമത്തെ കടമ!
അല്ലാഹുവേ! ആരോഗ്യത്തോടെ ഈ പവിത്രമായ കര്‍മങ്ങള്‍ ചെയ്യാന്‍ തൗഫീഖ് ചെയ്യേണമേ!