കോവിഡില്‍ സംഭവിച്ചത്
അഹമ്മദ് ഷജീര്‍
കോവിഡ് കാലം സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. സര്‍വ മേഖലകളെയും കോവിഡ് തകര്‍ത്തു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കുട്ടികളുടെ മാനസികാരോഗ്യമാണ്. സ്‌കൂളുകളിലേക്കുള്ള യാത്ര മുടങ്ങിയതോടെ സൗഹൃദങ്ങളില്‍ വിള്ളലുകള്‍ വന്നുചേര്‍ന്നു. മനുഷ്യരോടുള്ളതിനേക്കാള്‍ ഇണക്കവും പിണക്കവും ഡിജിറ്റല്‍ ഉപകരണങ്ങളോടായി മാറി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദീര്‍ഘകാലം അടച്ചിട്ടത് വിദ്യാര്‍ഥികളുടെ സാമൂഹികവത്കരണം അസാധ്യമാക്കി. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, പലര്‍ക്കും അത് പിന്തുടരാന്‍ കഴിഞ്ഞില്ല. സാങ്കേതികതയുടെ ലഭ്യതക്കുറവോ താല്‍പര്യമില്ലായ്മയോ ഒക്കെ പലരെയും ബാധിച്ചു. വിദ്യാഭ്യാസം വിജ്ഞാനത്തിന്റെ ശേഖരണം മാത്രമല്ല എന്നത് ഈ അവസ്ഥ കാണിച്ചുതരുന്നുണ്ട്. ചിലര്‍ പരീക്ഷകളില്‍ വിജയിച്ചുവെങ്കിലും വിഷാദത്തിലേക്ക് വഴുതിവീണു. മത്സരപ്പരീക്ഷകളില്‍ വിജയിക്കുമോ എന്ന ഭീതി കൊണ്ടും ചിലര്‍ക്ക് സമ്മര്‍ദമുണ്ടായി. മത്സരത്തിലേക്കു മാത്രം വിദ്യാഭ്യാസത്തെ ചുരുക്കാനാവില്ല. സ്‌കൂളിലും കോളജിലും പോകുമ്പോള്‍ ബോണസായി ലഭിച്ചിരുന്ന കൂട്ടുചേരലിന്റെ ഊഷ്മളത നഷ്ടപ്പെട്ടത് പ്രശ്‌നമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു വേണ്ടി എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായി. നേരത്തേ അതിനെതിരായിരുന്നവര്‍ക്കു പോലും പഠനത്തിനായി അത് ചെയ്യേണ്ടിവന്നു. ചിലര്‍ക്ക് ഗെയിമുകളും സിനിമകളും പോണ്‍ ചിത്രങ്ങളും കാണുന്നത് നിര്‍ത്താനാവാതെവന്നു. നേരിട്ടുള്ള ബന്ധങ്ങളേക്കാള്‍ താല്‍പര്യം പ്രതീതിലോകത്തായി. കുറച്ചു പേര്‍ക്കെങ്കിലും ഇത് ഒബ്‌സെഷനായി.