ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല -യു എന്‍ സെക്രട്ടറി ജനറല്‍
ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കഴിഞ്ഞ 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു. യു എന്‍ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസ്സയിലുണ്ടായത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് മുകളില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാട്ടം നടത്താന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും ഗുട്ടറസ് ഓര്‍മിപ്പിച്ചു. ഗസ്സയിലെ യു എന്നിന്റെ ഇന്ധനം ദിവസങ്ങള്‍ക്കുള്ളില്‍ തീരും. ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള തന്റെ അഭ്യര്‍ഥന വീണ്ടും ആവര്‍ത്തിക്കുകയാണെന്നും ഗുട്ടറസ് പറഞ്ഞു.