ഹമാസ് നേതാക്കളെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ഇസ്‌റാഈല്‍; പറ്റില്ലെന്ന് തുര്‍ക്കി

രാജ്യത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ പുറത്താക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തുര്‍ക്കി നിരസിച്ചു. ഹമാസിനെ ഭീകര സംഘടനയായി കാണുന്നില്ലെന്നും സംഘടനയിലെ അംഗങ്ങളെ പുറത്താക്കില്ലെന്നും വിദേശകാര്യ മന്ത്രി മെവ്‌ലെറ്റ് കാവുസ്ഒഗ്‌ലു പറഞ്ഞു. ഹമാസിനെ കുറിച്ചുള്ള ഒരാവശ്യവും ഞങ്ങളെ ബോധ്യപ്പെടുത്തേണ്ടതായിട്ടില്ല. കാരണം, ഞങ്ങള്‍ ഹമാസിനെ തീവ്രവാദ സംഘമായി കാണുന്നില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും അവരെ ഫത്ഹുമായി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു- അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് തുര്‍ക്കി സന്ദര്‍ശനവേളയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോട് രാജ്യത്തെ ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
2020 മുതല്‍ രാജ്യത്തെ ഹമാസ് നേതാക്കളുടെ സാന്നിധ്യത്തിനെതിരെ കൃത്യമായ നടപടി സ്വീകരിക്കാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തുര്‍ക്കി ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
