28 Thursday
March 2024
2024 March 28
1445 Ramadân 18

ഹലാല്‍ ഭക്ഷണവും വിവാദങ്ങളും


ഹലാല്‍ ഭക്ഷണം, ഹലാല്ലാത്ത ഭക്ഷണം…, കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന, തീര്‍ത്തും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ചില കോണുകളില്‍ നിന്ന് പടച്ചുവിടുന്ന ഒരു ചര്‍ച്ചയാണിത്. എന്താണ് ഹലാല്‍ (അനുവദനീയം) എന്നോ എന്താണ് ഇതിന്റെ നേര്‍ വിപരീതമായ ഹറാം (നിഷിദ്ധം) എന്നോ സംബന്ധിച്ച് പ്രാഥമിക ധാരണ പോലുമില്ലാത്തവരും ഈ ചര്‍ച്ചയെ നിക്ഷിപ്ത താല്‍പര്യങ്ങളോടെ കൊണ്ടാടുകയാണ്. സംഘ്പരിവാറിന് ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. അത് ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രമല്ല, മനുഷ്യനെ മതത്തിന്റെയും ജാതിയുടേയും വര്‍ണത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന എല്ലാ വിഷയങ്ങളിലും അവര്‍ക്ക് സ്വന്തമായ താല്‍പര്യങ്ങളുണ്ട്. ആ ഭിന്നിപ്പില്‍ നിന്നു മാത്രമേ അവര്‍ക്ക് നിലനില്‍പ്പിനുള്ള ഊര്‍ജ്ജം കണ്ടെത്താന്‍ കഴിയൂ എന്നതാണ് അതിനുള്ള കാരണം. എന്നാല്‍ ഹലാല്‍ എന്നത് മുസ്്‌ലിംകള്‍ക്ക് മാത്രം വിശുദ്ധമാക്കപ്പെട്ട എന്തോ ഒന്നാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് നിഷ്‌കളങ്കരായ ചിലര്‍ കൂടി സംഘപരിവാരം കുഴിച്ചുകൊണ്ടിരിക്കുന്ന ഈ കുഴിയില്‍ വീഴുന്നുണ്ട് എന്നതാണ് ഖേദകരം.
തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാന്‍ കൊച്ചിയില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചു ഹോട്ടല്‍ നടത്തിയ തുഷാര നന്ദുവാണ് കേരളീയ സമൂഹത്തില്‍ ഇവ്വിഷയത്തിലൊരു ചര്‍ച്ചക്ക് വഴിമരുന്നിട്ടത്. എന്നാല്‍ വൈകാതെ തന്നെ അവരുടെ ക്രിമിനല്‍ പശ്ചാത്തലം വെളിച്ചത്തു വരികയും അറസ്റ്റിലാവുകയും ചെയ്തു.
ഹലാല്‍ എന്നതിന് അനുവദനീയം എന്ന വാക്കര്‍ഥമേയുള്ളൂ. അതാവട്ടെ കേവലം ഭക്ഷണവുമായി മാത്രം ബന്ധപ്പെട്ടതുമല്ല. ഏതൊരു മനുഷ്യന്റെയും ജീവിതത്തിന്റെ സര്‍വമേഖലകളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. മതത്തിന്റേയോ ജാതിയുടേയോ അതിര്‍വരമ്പുകള്‍ ഹലാല്‍, നോണ്‍ ഹലാല്‍ (ഹറാം) കാര്യത്തില്‍ ഇല്ല. ധാര്‍മികത, വ്യക്തിശുദ്ധി, ആരോഗ്യം എന്നിവയുമായാണ് ഇത് കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത്. ഒരു ഇസ്്‌ലാംമത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹറാം പൂര്‍ണമായും വിലക്കെപ്പെട്ടകാര്യങ്ങള്‍ ആയതുകൊണ്ടുതന്നെ ഏതൊരു കാര്യത്തിലും ഇതിന്റെ നേര്‍ വിപരീതമായ ഹലാല്‍ തെരഞ്ഞെടുക്കപ്പെടല്‍ ജീവിത ചിട്ടയുടെ ഭാഗമായി മാറുന്നുവെന്ന് മാത്രം. ഹലാലിന് (അനുവദിക്കപ്പെട്ടതിന്) ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് ഭക്ഷണകാര്യത്തിലും ബാധകമാണ്.
നല്ല ഭക്ഷണം എന്ന നിര്‍വചനത്തിന് അനിവാര്യമായതെല്ലാം ഹലാലിന്റെ ഘടകങ്ങളാണ്. രോഗംവന്നോ പ്രായാധിക്യം കാരണമോ ചത്ത ജീവിയുടെ മാംസം, കേടുവന്ന ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്ത ഭക്ഷണം, അന്യന്റെ മുതല്‍ പിടിച്ചുപറിച്ചുണ്ടാക്കിയ വിഭവം, പലിശയുടെ വിഹിതം കൊണ്ടുണ്ടാക്കിയ മുതലോ അതില്‍ നിന്നുള്ള വിഭവങ്ങളോ… ഇവയെല്ലാമാണ് ഹറാം ഗണത്തില്‍ വരുന്നത്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ കേവല ബോധ്യമുള്ള ആരും ഈ പറഞ്ഞ കാര്യങ്ങളൊന്നും തങ്ങള്‍ക്ക് വേണമെന്ന് പറയുമെന്ന് കരുതുന്നില്ല.
‘നോണ്‍ ഹലാല്‍ ഭക്ഷണം’ ബോര്‍ഡ് വെക്കുന്നവര്‍ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണമാണ് തങ്ങള്‍ വില്‍ക്കുന്നതെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്. ശബരിമല ശര്‍ക്കര വിവാദത്തില്‍ ഉറഞ്ഞുതുള്ളിയവരെല്ലാം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവ് ധൈര്യശീല്‍ ധ്യാന്‍ദേവ് കദം ചെയര്‍മാനായ കമ്പനിയാണ് അത് നിര്‍മിക്കുന്നതെന്ന് കണ്ടതോടെ മാളത്തിലേക്ക് വലിഞ്ഞത് എത്ര വേഗമാണ്. ഹലാലല്ല ഇവരുടെ പ്രശ്‌നം, മുസ്്‌ലിം ആണ് എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തം. ശര്‍ക്കര പാക്കറ്റിനു പുറമെ ഹലാല്‍ മുദ്രണം യഥാര്‍ഥത്തില്‍ വാണിജ്യ തന്ത്രമാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ ഇത്തരം മുദ്രണങ്ങള്‍ ഇല്ലേയെന്ന് പരിശോധിച്ചു വാങ്ങുന്ന ശീലം ഇന്ന് ഇസ്്‌ലാമിക രാഷ്ട്രങ്ങളിലുണ്ട്. നായ, പന്നി തുടങ്ങിയ ജീവികള്‍ ഇസ്്‌ലാമിക വിശ്വാസപ്രകാരം നിഷിദ്ധമാണ് എന്നതുകൊണ്ടുതന്നെ ഇസ്്‌ലാമികേതര രാഷ്ട്രങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ ഇവയുടെ കൊഴുപ്പ് ഉപയോഗിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു മുന്‍കരുതല്‍ ആ രാജ്യങ്ങളിലുള്ളവര്‍ സ്വീകരിക്കുന്നത്. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഹലാല്‍ മുദ്ര ചാര്‍ത്തുന്നത് മേല്‍പറയപ്പെട്ട രാജ്യങ്ങളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുകയെന്ന വിപണി തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. ഓണം ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള മെഗാ ഡിസ്‌കൗണ്ട് സീസണുകളായും അക്ഷയതൃതീയ സ്വര്‍ണം വാങ്ങാനുള്ള മികച്ച അവസരമായും ബ്രാന്‍ഡ് ചെയ്യപ്പെടുന്ന വിപണി തന്ത്രത്തിന്റെ മറ്റൊരു പതിപ്പ് മാത്രം. അതിനെ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങളെയാണ് തിരിച്ചറിയേണ്ടത്.
ഹലാല്‍/ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യവും സമൂഹത്തിലെ ഭിന്നിപ്പും രാഷ്ട്രീയ മുതലെടുപ്പും മാത്രമാണ്. നോണ്‍ ഹലാല്‍ വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കുന്നവര്‍ കഴിക്കാന്‍ കൊള്ളാത്ത ഭക്ഷണമാണ് ഇവിടെ വില്‍ക്കുന്നതെന്നാണ് പറയാതെ പറയുന്നത്. അതുകൊണ്ടുതന്നെയാവണം കോഴിക്കോട്ടെ പാരഗണ്‍ ഗ്രൂപ്പ് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ച് രംഗത്തെത്തിയത്. സംഘ് പരിവാറിന്റെ ദുരുദ്ദേശ്യം ഹലാല്‍ ഭക്ഷണത്തിന്റെ പ്രസക്തിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സഹായമാകുമെന്നത് നല്ല കാര്യമാണെന്ന് പറയാതെ വയ്യ. ഹലാല്‍ യഥാര്‍ഥത്തില്‍ നന്മയാണ്. അതിന് വിരുദ്ധമായത് തിന്മയും. അത് തിരിച്ചറിഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x