7 Saturday
December 2024
2024 December 7
1446 Joumada II 5

ഹലാലായ സമ്പാദ്യം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു. നിശ്ചയം അല്ലാഹു നല്ലവനാകുന്നു. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും പ്രവാചകന്മാരോട് കല്‍പിച്ചതുതന്നെ അല്ലാഹു വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: അല്ലയോ ദൂതന്മാരേ, നിങ്ങള്‍ വിശിഷ്ടമായതില്‍നിന്ന് ഭക്ഷിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വിശിഷ്ടമായതില്‍ നിന്നു നിങ്ങള്‍ ഭക്ഷിക്കുക; തുടര്‍ന്ന് നബി(സ) ഒരു മനുഷ്യനെക്കുറിച്ച് പറഞ്ഞു: ദീര്‍ഘയാത്ര ചെയ്ത് മുടി ജഡപിടിച്ച് പൊടിപുരണ്ടിട്ടുണ്ട്. അയാള്‍ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി എന്റെ നാഥാ! എന്റെ നാഥാ! എന്ന് വിളിക്കുന്നു. അയാളുടെ ഭക്ഷണം നിഷിദ്ധമാണ്. അയാളുടെ പാനീയം നിഷിദ്ധമാണ്. അയാളുടെ വസ്ത്രം നിഷിദ്ധമാണ്. അയാള്‍ നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടവനാണ് എന്നിരിക്കെ അയാള്‍ക്ക് എങ്ങനെ ഉത്തരം ലഭിക്കും (മുസ്‌ലിം)

അല്ലാഹുവിന്റെ വിശുദ്ധിയെക്കുറിച്ചും വിശിഷ്ടമായതിന്റെ ശ്രേഷ്ഠതയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് കര്‍മങ്ങളും സമ്പാദ്യവും മാലിന്യമുക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ തിരുവചനം ചര്‍ച്ച ചെയ്യുന്നത്. യാതൊരുവിധ ന്യൂനതകളുമില്ലാത്ത വിശുദ്ധനായ അല്ലാഹു തന്റെ അടിമകളില്‍ നിന്നു പ്രതീക്ഷിക്കുന്നതും വിശിഷ്ടമായതു തന്നെയാണ്.
മനുഷ്യരില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന ശ്രേഷ്ഠരായ പ്രവാചകന്മാരോടും സത്യവിശ്വാസികളോടും ഒരേകാര്യം തന്നെയാണ് അല്ലാഹു കല്‍പിക്കുന്നത്. ആഹാര പാനീയങ്ങള്‍ വിശിഷ്ടമായിരിക്കണമെന്നും കര്‍മങ്ങള്‍ നന്മ നിറഞ്ഞതായിരിക്കണമെന്നും കല്‍പിക്കുക വഴി വിശ്വാസികളെ വിശുദ്ധരാക്കി സംസ്‌കരിച്ചെടുക്കുകയാണ് നാഥന്‍.
അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കില്‍ മാത്രമേ നമ്മുടെ കര്‍മങ്ങള്‍ വിശുദ്ധമാവൂ. അഹങ്കാരം, താന്‍പോരിമ, പൊങ്ങച്ചം, പ്രകടനപരത തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്നു നമ്മുടെ കര്‍മങ്ങള്‍ മുക്തമാവണം. നിഷ്‌ക്കളങ്കമായി നാം നിര്‍വഹിക്കുന്ന കര്‍മങ്ങളാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുന്നത്.
നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തേടി റബ്ബിലേക്ക് നീളുന്ന കൈകള്‍ വൃഥാവിലാവാതിരിക്കാനുള്ള നിബന്ധനയാണ് വിശിഷ്ടമായ സമ്പാദ്യം എന്നത്. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാന്‍ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണ പാനീയങ്ങളില്‍ നിഷിദ്ധം കലരാതിരിക്കുകയെന്നതത്രെ. സമ്പാദ്യം ഹലാവാവുന്നതും ചോദ്യങ്ങള്‍ അശ്രദ്ധയില്‍ നിന്ന് മുക്തമാവുകയും ഹൃദയസാന്നിധ്യത്തോടെ പ്രാര്‍ഥിക്കുകയും ചെയ്യുന്നത് അവ സ്വീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡമാണ്.
കഠിനാധ്വാനം ആവശ്യമായ കര്‍മങ്ങളാണെങ്കിലും അത്യധികം ആഗ്രഹത്തോടെയുള്ള പ്രാര്‍ഥനകളാണെങ്കിലും ഭക്ഷണ പാനീയങ്ങളും മറ്റ് സമ്പാദ്യവും നിഷിദ്ധങ്ങളില്‍ നിന്ന് മുക്തമല്ലെങ്കില്‍ അവയ്ക്ക് ഉത്തരം നല്‍കാന്‍ അല്ലാഹുവിന് ബാധ്യതയില്ലെന്ന പാഠമാണ് ഈ തിരുവചനം നല്‍കുന്നത്. ”ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ് ഉത്തമവചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു”(35:10) എന്ന വിശുദ്ധ വചനം ഏറെ ശ്രദ്ധേയമത്രെ.

Back to Top