28 Thursday
March 2024
2024 March 28
1445 Ramadân 18

ഹലാല്‍ ഹറാം ജീവിതസുരക്ഷയ്ക്ക്‌

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാമും മുസ്‌ലിംകളും കാലാകാലങ്ങളില്‍ പരീക്ഷിക്കപ്പെടുമെന്ന് അല്ലാഹുവും റസൂലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതത്രെ.” (ആലു ഇംറാന്‍ 186)
സംഘപരിവാറുകാരും ക്രിസ്ത്യാനികളിലെ ഒരു ന്യൂനപക്ഷവും കുറച്ചുകാലമായി ഇസ്‌ലാമിനെതിനെ നിരന്തരം ആക്ഷേപമുന്നയിച്ചുകൊണ്ടിരിക്കുകയാണ്. ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയവ ഉദാഹരണം. ഇതിന്റെ പുകിലുകള്‍ അവസാനിച്ചപ്പോഴാണ് ഹലാല്‍ ഹറാം വിവാദം ഉയര്‍ത്തിയത്. ഭക്ഷണപാനീയങ്ങളില്‍ തുപ്പിയതാണ് ഹലാല്‍ ഭക്ഷണം എന്നാണ് വിമര്‍ശനം.
ഇസ്‌ലാം ഹലാല്‍, ഹറാം വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യരുടെ നന്മയാണ്. അല്ലെങ്കില്‍ സൃഷ്ടികളുടെ നന്മ. അഥവാ വൃത്തി, പരിശുദ്ധി, കാരുണ്യം, നീതിബോധം, സാമൂഹിക ഭദ്രത, ആരോഗ്യ സംരക്ഷണം, ജീവിത വിശുദ്ധി, വിശ്വാസ്യത എന്നീ നന്മകളാണ് ഇസ്‌ലാം ഹലാല്‍ ഹറാം വ്യവസ്ഥകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഭക്ഷണ പാനീയ കാര്യങ്ങളില്‍ മാത്രമല്ല. ജീവിതത്തിന്റെ സകല മേഖലകളിലും നിലനില്‍ക്കുന്നതാണ്. അല്ലാഹു പറയുന്നു: ”നബിയേ, താങ്കള്‍ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും താങ്കള്‍ അവരോട് പറയുക.” (നൂര്‍ 30,31)
ഇതില്‍ ആദ്യകല്പന പുരുഷന്മാരോടാണ്. അന്യസ്ത്രീകളെ ലൈംഗിക ചുവയോടെ നോക്കരുത് എന്നതാണ് പ്രസ്തുത വചനത്തിന്റെ താല്പര്യം. രണ്ടാം വചനം സ്ത്രീകളോടാണ്. അവരോടുള്ള കല്പന അന്യപുരുഷന്മാരെ ലൈംഗിക ചുവയോടെ നോക്കരുത് എന്നു തന്നെയാണ്. അപ്പോള്‍ അന്യ സ്ത്രീ പുരുഷന്മാര്‍ പരസ്പരം ലൈംഗിക ലക്ഷ്യം വെച്ച് നോക്കല്‍ ഹറാമാണ്. അത് ജീവിത വിശുദ്ധിയുടെയും നല്ല സംസ്‌കാരത്തിന്റെയും ഭാഗമായിട്ടാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. എന്നാല്‍ അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളിലോ ആളെ തിരിച്ചറിയാന്‍ വേണ്ടിയോ സ്ത്രീ പുരുഷന്മാര്‍ പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതില്‍ വിരോധമില്ല.
നബി(സ)യും മരുമകന്‍ അലി(റ)യും സഞ്ചരിച്ചുകൊണ്ടിരിക്കെ അവര്‍ക്കഭിമുഖമായി ഒരു സ്ത്രീ വന്നു. അലി(റ) അവളുടെ മുഖത്തേക്ക് നോക്കി. അവര്‍ തിരിഞ്ഞു പോയതിനുശേഷം അലി(റ) അവളെ വീണ്ടും തിരിഞ്ഞുനോക്കി. അപ്പോള്‍ നബി(സ) പറഞ്ഞു: നിനക്ക് ആദ്യനോട്ടം അനുവദനീയമാണ്. രണ്ടാമത്തേത് അനുവദനീയമല്ല. (അബൂദാവൂദ്, തിര്‍മിദി)
ഇസ്‌ലാമില്‍ പര്‍ദയുടെ വിധി ഏറ്റവുമധികം ബാധകമായിട്ടുള്ളത് പ്രവാചകന്റെ പത്‌നിമാര്‍ക്കാണ്. അവരോട് പോലും ആവശ്യത്തിന് അന്യ പുരുഷന്മാരോട് സംസാരിക്കുന്നത് വിലക്കിയിട്ടില്ല. പ്രവാചകന്റെ മരണ ശേഷം രാവും പകലും ഭേദമില്ലാതെ നിരവധി പുരുഷ സ്വഹാബിമാര്‍ തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ സമീപിച്ചിരുന്നത് പ്രവാചക പത്‌നി ആഇശയെ(റ) ആയിരുന്നു.
ഇസ്‌ലാം സാമ്പത്തിക രംഗത്ത് പലിശ ഹറാമാക്കുകയും കച്ചവടം ഹലാലാക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ”അല്ലാഹു കച്ചവടം ഹലാലാക്കുകയും പലിശ ഹറാമാക്കുകയും ചെയ്തിരിക്കുന്നു”. പലിശ ഇസ്‌ലാം ഹറാമാക്കിയത് അതില്‍ സാമ്പത്തിക വിശുദ്ധി ഇല്ലാത്തതു കൊണ്ടും ചൂഷണമായതു കൊണ്ടുമാണ്. അതുപോലെ സാമ്പത്തിക വിശുദ്ധിയില്ലാത്ത ചൂഷണത്തിലും വഞ്ചനയിലും പെട്ടതാണ് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കലും പൂഴ്ത്തിവെക്കുന്ന കച്ചവടവും. അല്ലാഹു പറയുന്നു: ”അളവില്‍ കുറക്കുന്നവര്‍ക്ക് വമ്പിച്ച നാശം. അഥവാ ജനങ്ങളോട് അളന്നു വാങ്ങുന്ന പക്ഷം പൂര്‍ണമായും എടുക്കുകയും ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുന്ന പക്ഷം കുറവ് വരുത്തുകയും ചെയ്യുന്നവര്‍ക്ക്.” (മുത്വഫ്ഫിഫീന്‍ 1-3)
ഇസ്‌ലാം ഭക്ഷണ പാനീയങ്ങളില്‍ ചിലത് ഹലാലാക്കിയതും ചിലത് ഹറാമാക്കിയതും വ്യക്തമായ ലക്ഷ്യവും പൊതുനന്മയും ഉദ്ദേശിച്ചാണ്. അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക.” (മാഇദ 88). ”സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്കനുവദിച്ചു തന്ന വിശിഷ്ടമായ വസ്തുക്കളെ നിങ്ങള്‍ ഹറാമാക്കരുത്.” (മാഇദ 87). ”നല്ല വസ്തുക്കള്‍ അദ്ദേഹം അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.” (അഅ്‌റാഫ് 157)
മേല്‍ വചനങ്ങളില്‍ നിന്നു മൂന്ന് കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന്, നമ്മുടെ ഭക്ഷ്യവസ്തുക്കള്‍ ഹലാലായിരിക്കണം. രണ്ട്, ഹലാലായാല്‍ മാത്രം പോരാ. അത് ശുദ്ധവും നല്ലതുമായിരിക്കണം. മൂന്ന്, അല്ലാഹു നമുക്ക് ഹറാമാക്കിയിട്ടുള്ളത് മ്ലേച്ഛമായ വസ്തുക്കളാണ്. അല്ലാഹു പറയുന്നു: ”ശവം, രക്തം, പന്നിമാംസം എന്നിവ നിങ്ങളുടെ മേല്‍ ഹറാമാക്കപ്പെട്ടിരിക്കുന്നു.” (മാഇദ 3)
ശവം, രക്തം എന്നിവ ഭക്ഷിച്ചാല്‍ അത് രോഗത്തിന് കാരണമായേക്കാം. പന്നി വൃത്തിഹീനമായ മാലിന്യങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന ഒരു ജീവിയാണ്. അപ്പോള്‍ മേല്‍ പറഞ്ഞവയോ അതുപോലുള്ളവയോ ഭക്ഷിക്കല്‍ ഇസ്‌ലാം നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ആരോഗ്യസംരക്ഷണം, ശുചിത്വം എന്നിവ അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസ്സിലാക്കാം. ഇസ്‌ലാം ഒരു കാര്യം നിഷിദ്ധമാക്കുമ്പോള്‍ അത് ഉപകാരത്തേക്കാള്‍ അധികം ഉപദ്രവകരമായിരിക്കും. അല്ലാഹു പറയുന്നു: ”നബിയേ, താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും വലിയ കുറ്റമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്.” (അല്‍ബഖറ 219)
ഭക്ഷിക്കാന്‍ വേണ്ടി മൃഗങ്ങളെയും പക്ഷികളെയും ബലിയറുക്കല്‍ ഇസ്‌ലാമില്‍ അനുവദനീയമാണ്. മുസ്‌ലിംകള്‍ അത് ദൈവനാമത്തില്‍ അറുക്കേണ്ടതാണ്. വേദക്കാര്‍ അറുത്തതും നമുക്ക് ഭക്ഷിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ”വേദക്കാരുടെ ഭക്ഷണവും നിങ്ങള്‍ക്ക് ഹലാലാണ്.” (മാഇദ 5). മേല്‍ വചനത്തിന് മിക്കവാറും എല്ലാ മുഫസ്സിറുകളും വ്യാഖ്യാനം നല്‍കിയത് ‘അവര്‍ അറുത്തത്’ എന്നാണ്. അവര്‍ എങ്ങനെയാണ് അറുത്തത് എന്ന് നമുക്ക് അറിയില്ലായിരിക്കാം. അതിനാല്‍ നാം അത് ഭക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ‘ബിസ്മില്ലാഹി’ ചൊല്ലേണ്ടതാണ്. എന്നാല്‍ ഈസാ(അ)യുടെയോ മര്‍യമിന്റെയോ(അ) ഉസൈറിന്റെയോ(അ) പേരിലാണ് അവര്‍ അറുത്തതെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ അത് നാം ഭക്ഷിക്കാനും പാടില്ല.
ഇസ്‌ലാമിന്റെ ബലി കാരുണ്യത്തിന്റെ ബലിയാണ്. ജീവികളെ കൂടുതല്‍ കഷ്ടപ്പെടുത്താനോ വേദനിപ്പിക്കാനോ പാടില്ല. നബി(സ) പറഞ്ഞു: ”നിങ്ങള്‍ ബലി നടത്തുന്ന പക്ഷം നല്ല നിലയില്‍ അറുക്കുക. കത്തി നിങ്ങള്‍ മൂര്‍ച്ചകൂട്ടുക. രക്തം ഒലിപ്പിക്കണം.” (മുസ്‌ലിം)
ഭക്ഷണ പാനീയങ്ങളില്‍ തുപ്പല്‍ പോയിട്ട് അതില്‍ ഊതല്‍ പോലും നബി(സ) ഹറാമാക്കിയിട്ടുണ്ട്. ഇമാം ബുഖാരി 563-ാം നമ്പറായും ഇമാം മുസ്‌ലിം 67-ാം നമ്പറായും ഭക്ഷണ പാനീയങ്ങളില്‍ ഊതുന്നതിനെ വിരോധിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ശുചിത്വം പാലിക്കുന്നവരെയും പശ്ചാത്തപിക്കുന്നവരെയും തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.” (അല്‍ബഖറ 222). നബി(സ) പറയുന്നു: ”ശുചിത്വം ഈമാനിന്റെ പകുതിയാണ്.” (ബുഖാരി)

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x