23 Saturday
November 2024
2024 November 23
1446 Joumada I 21

ഹലാല്‍ ബ്രാന്‍ഡിംഗും വിശ്വാസവും

യൂനുസ് ചെങ്ങര


ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പൊതുവെ വിലയിരുത്താറുള്ളത് ഇഹലോക ജീവിതം മനോഹരമാക്കാന്‍ സഹായിക്കുന്ന ഒരു ഉപാധിയായാണ്. എന്നാല്‍ ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം അയാളുടെ ഇരുലോകത്തെയും വിജയത്തെ തീരുമാനിക്കുന്നതില്‍ പ്രധാനമാണ് അയാളുടെ ഉപജീവന മാര്‍ഗത്തിന്റെ രീതി. അതുകൊണ്ടു തന്നെ ഇസ്ലാമിക സമൂഹങ്ങളില്‍ ധനസമ്പാദന മാര്‍ഗമെന്ന നിലയില്‍ ബിസിനസിനെയാണ് കൂടുതലായി അവലംബിച്ചു കാണുന്നത്. ബിസിനസ് ചെയ്യുമ്പോള്‍ അത് പൂര്‍ണമായും മതപരമായ പരിധിക്കുള്ളില്‍ അനുവദനീയമാണോയെന്ന നിഷ്‌കര്‍ഷകൂടി മതവിശ്വാസികള്‍ വെച്ചു പുലര്‍ത്താറുണ്ട്. അതിനെ പൊതുവെ ഹലാല്‍ എന്ന വിവക്ഷയിലാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആരാധനാ കര്‍മങ്ങളിലെ സൂക്ഷ്മത ഒരാളുടെ ജീവിതസന്ധാരണത്തിലും അനിവാര്യമാണെന്ന ഇസ്ലാമിക വിശ്വാസത്തിന്റെ താത്പര്യമായിരിക്കണം പണ്ഡിതരെ ഈ വിഷയത്തില്‍ കൃത്യമായ കര്‍മശാസ്ത്ര വിശകലനത്തിന് പ്രേരിപ്പിക്കാനുണ്ടായ കാരണങ്ങള്‍. ആധുനിക ബിസിനസ് ചര്‍ച്ചകളിലെ ഒഴിച്ചുനിര്‍ത്താനാവാത്ത രീതിശാസ്ത്രമായി ഹലാല്‍ വികസിക്കുകയും അത്തരത്തില്‍ അത് വലിയ സാധ്യതയായി പരിണമിച്ചു വരികയും ചെയ്തിട്ടുണ്ട്. ബാങ്കിംഗ് മുതല്‍ ഭക്ഷണക്രമം വരെ ഇന്ന് ആ ലേബലില്‍ വ്യവഛേദിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇത് ഒരു ജീവിതക്രമമായി കമ്പോളം അംഗീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ്.
എന്താണ് ഹലാല്‍?
ഇസ്ലാമിക പാരമ്പര്യവുമായി ബന്ധപ്പെട്ട അറബി പദമാണ് ഹലാല്‍. സാധാരണയായി ഹലാലിനെ ‘അനുവദനീയം’ എന്നാണ് നിര്‍വചിക്കപ്പെടുന്നത്. ഹലാല്‍ എന്നതിന്റെ സ്വീകാര്യതയും ധാരണയും മുസ്ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അറബിയില്‍ ഹലാലിന്റെ വിപരീതം നിയമവിരുദ്ധമായത് എന്നര്‍ഥം വരുന്ന ‘ഹറാം’ എന്ന പദമാണ്. ഇസ്ലാമിക പാരമ്പര്യമനുസരിച്ച് വിപരീതം ഖണ്ഡിതമായി തെളിയിക്കപ്പെടാത്തതെല്ലാം ഹലാലായി കണക്കാക്കുന്നു. അതിനാല്‍, ഒരു മുസ്ലിം ഹലാലിനെയും നിയമവിരുദ്ധമായതിനെയുമെല്ലാം വേര്‍തിരിച്ചറിയണം.
‘ഹറാം’ ആളുകളില്‍ ശക്തമായ വെറുപ്പ് ഉളവാക്കുന്നതാണ്. കാരണം, സ്വമേധയാ ഉള്ള ഉപഭോഗം അല്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആത്മീയമോ ശാരീരികമോ ആയ ശിക്ഷകളിലേക്ക് അവരെ നയിക്കുമെന്ന തോന്നലാണതിന് ആധാരം. അതുകൊണ്ടുതന്നെ, മുസ്ലിംകള്‍ സംശയാസ്പദമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താത്പര്യപ്പെടുന്നതായാണ് കണ്ടുവരുന്നത്. അതിനാല്‍ തന്നെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, ഹലാല്‍ ഒരു ബ്രാന്‍ഡ് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ അവരുടെ വിശ്വാസ വ്യവസ്ഥയുടെയും ധാര്‍മിക പരിപാടിയുടെയും ഭാഗം കൂടിയാണ്. ഹലാല്‍ ക്രമത്തെക്കുറിച്ച് പഠിച്ച വിദഗ്ധര്‍ വിലയിരുത്തിയത് ഹലാല്‍ എന്നത് മാര്‍ക്കറ്റിംഗ് തന്ത്രമെന്നതിനപ്പുറത്തേക്ക് ആത്മീയപരമായ മാനങ്ങളുള്‍ക്കൊള്ളുന്നതിനാല്‍ പതിവ് ബ്രാന്‍ഡിംഗിന്റെ കള്ളികളിലൊതുക്കാനാവില്ലെന്നതാണ്.
ലോകത്തെ ഹലാല്‍ വിപണി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന യാഥാര്‍ഥ്യം മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഹലാല്‍ വിപണിയുടെ ആഗോള വിപുലീകരണത്തില്‍ ലോക നേതാക്കളായി മാറിയെന്നതാണ്. ഇത്തരത്തിലുള്ള ഒരു വളര്‍ച്ച രൂപപ്പെടാന്‍ അവരെ സഹായിച്ചത് ആ രാജ്യങ്ങളുടെ നിയമക്രമങ്ങളില്‍ ഹലാല്‍ പരിശോധനക്കായി പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായതാണെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു വിപണി സംസ്‌കാരത്തിന്റെ വ്യാപനം നിലവിലെ കമ്പോളത്തിന്റെ നിയന്ത്രണമുള്ള രാജ്യങ്ങള്‍ക്കും കുത്തകകള്‍ക്കും അത്ര എളുപ്പത്തില്‍ സ്വീകാര്യമാകുന്ന ഒന്നാവില്ല. കാരണം, ഉല്‍പന്നങ്ങളുടെ രൂപകല്‍പനയും ഗുണങ്ങളും അതുപോലെ കമ്പനികളുടെ ശരിയായ പെരുമാറ്റവും എങ്ങനെയായിരിക്കണമെന്ന നിഷ്‌കര്‍ഷയെല്ലാം ഹലാലിന്റെ പരിധിയില്‍ വരുമെന്ന് അവര്‍ക്കറിയാം.
എന്നാല്‍ മുസ്ലിം ലോകത്തും മുസ്ലിംകള്‍ ന്യൂനപക്ഷമായ ഇടങ്ങളിലും ഹലാലിന് ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യത കൊണ്ട് അധികകാലം കമ്പോളത്തിന് അതിനെതിരെ മുഖം തിരിച്ചിരിക്കാനാവില്ല എന്ന സന്ദേശമാണ് സമീപകാല പഠനങ്ങള്‍ പറയുന്നത്.
അതുകൊണ്ടുതന്നെ കമ്പോള യുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ അത് ഇസ്ലാമിക വിരുദ്ധതയുടെയോ മുസ്ലിം വിരുദ്ധതയുടെയോ കാരണമായി ഭവിക്കുന്നുവെന്നും സമീപകാല അനുഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഈ വിഷയകമായി നടന്ന ചില നിരീക്ഷണങ്ങള്‍ നമ്മുടെ ചുറ്റുവട്ടങ്ങളിലെ ഹലാല്‍ ചര്‍ച്ചകളില്‍ വിഷയീഭവിക്കേണ്ടതാണ്. എഴുത്തുകാരനായ റഫീഖ് തിരുവള്ളൂര്‍ ഹലാല്‍ വിവാദങ്ങളിലൊന്നിലിടപെട്ട് എഴുതിയ കുറിപ്പ് ഈ വിഷയത്തെ കൂടുതല്‍ മനസ്സിലാക്കാനുതകുന്നതാണ്. അത് ഇങ്ങനെയാണ്: ”ബിസ്മിയും കൂട്ടി അറുത്തത് എന്നല്ല ഒരിടത്തും ഹലാലിന്റെ അര്‍ഥം. നേരെ ചൊവ്വേ സമ്പാദിച്ചതും തീറ്റിയതും പോറ്റിയതും വിത്തിട്ടതും വളമിട്ടതും വളര്‍ത്തിയതുമെല്ലാമാണത്. ആരാന്റേതു കട്ടും ദ്രോഹിച്ചുമുണ്ടാക്കിയത് പച്ചക്കറി ആണെങ്കിലതും ഹറാമാണ്. ഏറ്റവും നല്ല ഭക്ഷണം വീട്ടുകാര്‍ വീട്ടുവളപ്പിലും നാട്ടുകാര്‍ നാട്ടുവട്ടത്തിലും ഉണ്ടാക്കി കഴിക്കുന്നതാണ് എന്നതാണതിന്റെ ഒരു താല്‍പര്യം. കാരണം ഹറാമിന്റെ തരമോ പണമോ ഉല്‍പാദനത്തില്‍ വന്നിട്ടില്ലെന്ന് ഉറപ്പിക്കുക മാത്രമല്ല, അങ്ങനെ സംശയിക്കത്തക്ക സാഹചര്യത്തില്‍ ആ വിഭവങ്ങള്‍ ഉപയോഗിക്കാതിരിക്കുക കൂടി വേണം ഇസ്ലാമില്‍. അപ്പോള്‍ തീന്മേശയിലെത്തുന്ന വിഭവങ്ങള്‍ ഇറച്ചി ആയാലും ഇലക്കറി ആയാലും എവിടെ നിന്നു വരുന്നു എന്നറിയണം. ആരുണ്ടാക്കി, എങ്ങനെ ഉണ്ടാക്കി എന്ന ധാരണ വേണം.
ഫലത്തില്‍ ഈ ശാഠ്യം പ്രാദേശിക വിപണിക്ക് അനുകൂലമാണ്. പുറത്തുനിന്നുള്ള അറിയാത്ത ഭക്ഷണം വേണ്ടെന്ന് തീരുമാനിച്ചാല്‍ അകത്തുനിന്നുള്ള അറിയുന്ന ഭക്ഷണവിഭവങ്ങളുടെ ഉല്‍പാദനം നടക്കണം. ഫലത്തില്‍ ഉറവിടം അറിയുന്ന അഥവാ പ്രാദേശികമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടി വരും. ഇങ്ങനെ നോക്കിയാല്‍ കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരായ പ്രതിരോധത്തിന്റെ ഒരു അവനവന്‍/ അവളവള്‍ തുരുത്തിലേക്കാകുന്നു ഹലാലിന്റെ ക്ഷണം. ഹലാലിനെ ഇങ്ങനെ സാംസ്‌കാരിക പ്രതിരോധത്തിന്റെ, അതിജീവനത്തിന്റെ, ആരോഗ്യത്തിന്റെ (Healthy Food) യെല്ലാം ആശയമായി തിരിച്ചറിഞ്ഞ്, അതു പ്രാവര്‍ത്തികമാക്കിയ നവസമൂഹങ്ങള്‍ ലോകത്തുണ്ട്.
നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങി കറിവെക്കുന്ന ഇറച്ചികളെല്ലാം ഫാക്ടറി ഫാമുകളില്‍ നിന്ന് വരുന്നൂ. ഇഅഎഛകള്‍ എന്നാണവയുടെ പേര്. പുല്ലുതിന്നേണ്ട പശു അവിടെ ചോളം തിന്നുന്നു. കോഴികള്‍ അവിടത്തെ ജീവിതത്തില്‍ സൂര്യപ്രകാശം കാണുന്നേയില്ല. മൃഗങ്ങളും ഭക്ഷ്യജീവികളും മനുഷ്യത്വഹീനമായ (Inhumane), വാസ്തവത്തില്‍ മൃഗീയമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടാണ് നമ്മുടെ അടുക്കളയിലേക്കെത്തുന്നത്. കുത്തിവെക്കപ്പെടുന്ന മരുന്നുകളേകുന്ന അമിത വളര്‍ച്ചയോടെ പ്രകൃതിയുമായി ഒരിണക്കവുമില്ലാതെ വളര്‍ത്തപ്പെടുന്ന ജീവിവര്‍ഗങ്ങള്‍. ജനിതകപരമായും ഔഷധപ്രയോഗത്തിലും പല കൃത്രിമക്രിയകളും (Genetically, Pharmaceutically manipulated) ചെയ്തു വര്‍ധിപ്പിക്കുന്ന ഉല്‍പാദനം. സാമ്പത്തിക മുതലാളിത്തം മനുഷ്യരെ ദ്രോഹിക്കുന്നതിന്റെ പല മടങ്ങ് ഫാക്ടറി ഫാമിങ് മൃഗങ്ങളെ പീഡിപ്പിക്കുന്നു എന്നാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുക.
ഇതൊക്കെ തിരിച്ചറിഞ്ഞാണ്, എന്നുതന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്- ആഫ്രിക്കന്‍ അമേരിക്കനായ മുഫ്തി ശൈഖ് അബ്ദുല്ല നാന അമേരിക്കയില്‍ Halal Advocates of America എന്നൊരു സംഘം രൂപീകരിക്കുന്നത്. ഫാക്ടറി ഫാമുകളുടെ ലക്ഷ്യം മനുഷ്യരെ തീറ്റലല്ല, തിന്നാതെ ജീവിക്കാന്‍ കഴിയാത്ത മനുഷ്യരെ വെച്ചു കൊള്ളലാഭം കൊയ്യലാണെന്ന് പ്രചരിപ്പിച്ച അവര്‍ ഒരു ബദല്‍ എന്ന നിലയില്‍ ഹലാലിനെ ഒരു ആശയമായി സ്വീകരിച്ചു. ആശയവും പ്രയോഗവും ഒരുമിച്ചുവന്നു. മറ്റൊരു ഭക്ഷണ സംസ്‌കാരം എളുപ്പമുള്ള ദൗത്യമല്ല. അതൊരു വെല്ലുവിളിയാണ്. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യര്‍ നേരിടുമ്പോഴാണ് പുതിയ ജീവിതവഴികളുണ്ടാവുക. അങ്ങനെ രൂപപ്പെട്ട പല മുന്നേറ്റങ്ങളില്‍ ഒരു വഴിയാണ് ഇടഅ (Community Supported Agriculture). പുല്ലുതിന്നുവളര്‍ന്ന, യാന്ത്രികമായല്ലാതെ പരിപാലിക്കപ്പെട്ട (Grass fed, Humanly treated animals) മൃഗങ്ങളുടെ ഇറച്ചി ലഭ്യമാക്കുന്ന ഗ്രൂപ്പുകളും സ്ഥാപനങ്ങളും അതുപോലെ നിലവില്‍ വന്നു. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ വിപണിയുടെ മതം ഉടനെ ഉണര്‍ന്നു. When demand patterns change, so will the supply patterns. ഹലാല്‍ വിപണിയും അമേരിക്കനായി.”
ഉപഭോക്താക്കള്‍ സേവനങ്ങളും ഉല്‍പന്നങ്ങളും തെരഞ്ഞെടുക്കുന്നതില്‍ അവരുടെ വിശ്വാസം ഒരു ഘടകമാണ്. ഉപഭോക്തൃ സ്വഭാവത്തെ നിര്‍ണയിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. വില, ലഭ്യത, വരുമാനം തുടങ്ങിയവ അതില്‍ പെട്ടതാണ്. വിശ്വാസവും അതില്‍ പെടുന്നു എന്നതാണ് ഹലാല്‍ ബ്രാന്‍ഡിംഗില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഭക്ഷണവും സമ്പാദ്യവും ഹലാലും ത്വയ്യിബുമായിത്തീരുക എന്നത് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന്റെ പൂര്‍ണതയ്ക്ക് ഏറെ അനിവാര്യമാണ്.

Back to Top