15 Wednesday
January 2025
2025 January 15
1446 Rajab 15

ഹലാല്‍ ആഹാരവും ക്രൈസ്തവ വിമര്‍ശങ്ങളും

സി പി ഉമര്‍ സുല്ലമി

ക്രിസ്തുമസ് കഴിഞ്ഞ ഈ സാഹചര്യത്തില്‍, സോഷ്യല്‍ മീഡിയയില്‍ ഒരു ക്രൈസ്തവ സഹോദരന്റെ വര്‍ഗീയ ചുവയുള്ള ചില പരാമര്‍ശങ്ങള്‍ കേള്‍ക്കാനിടയായി. വാസ്തവത്തില്‍, മറ്റു മതവിഭാഗങ്ങളെക്കാള്‍ മുസ്ലിംകളുമായി ഏറ്റവും അടുത്തു നില്‍ക്കുന്നതും സ്‌നേഹബന്ധമുള്ളവരും ക്രിസ്ത്യാനികളാണെന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അതിനു കാരണമായി പറഞ്ഞത് അവരില്‍ നല്ല മതപണ്ഡിതന്മാരും പുരോഹിതന്മാരും ഉണ്ടെന്നതാണ്. മാത്രമല്ല, താത്വികമായും അടിസ്ഥാനപരമായി അവരോട് യോജിപ്പുണ്ട്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ എന്ന നിലയില്‍, ഖുര്‍ആന്‍ ക്രിസ്ത്യാനികളെയും ജൂതന്മാരെയും വേദക്കാര്‍ എന്നാണ് അഭിസംബോധന ചെയ്തത്. ഇന്ന് ആ വേദങ്ങള്‍ -തൗറാത്തും ഇഞ്ചീലും- അവയുടെ യഥാര്‍ഥ രൂപത്തില്‍ നിലവില്‍ ഇല്ലെങ്കില്‍പ്പോലും, അടിസ്ഥാനപരമായി അവര്‍ക്ക് വേദഗ്രന്ഥമുണ്ടല്ലോ. അതിലെ പല കാര്യങ്ങളും മുസ്ലിംകളുമായി യോജിക്കുന്നവയുമാണ് . അതിനാല്‍ത്തന്നെ അവരെ ഇസ്ലാമിന്റെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതിന്, ‘നിങ്ങളും ഞങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഒരു തത്വത്തിലേക്ക് നിങ്ങള്‍ വരൂ’ എന്ന് പറയാനാണ് ഖുര്‍ആന്‍ (3:64) നിര്‍ദ്ദേശിക്കുന്നത്.
‘അല്ലാഹു അറബികളുടെ ദേവനാണ്, മുസ്ലിംകളുടെ മാത്രം ദൈവമാണ്’ തുടങ്ങിയ അബദ്ധങ്ങള്‍ ഉന്നയിക്കുന്നവര്‍ ഖുര്‍ആനിനെക്കുറിച്ചോ ഇസ്ലാമിനെക്കുറിച്ചോ, ഒരുവേള ക്രിസ്തുമതത്തിലെ വിശ്വാസങ്ങള്‍ തന്നെയോ മനസിലാക്കിയിട്ടില്ല എന്നു കാണിക്കാനാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ ആരെയും പങ്കു ചേര്‍ക്കാതിരിക്കുക, നമ്മില്‍ ചിലരെ അവനു പുറമെ രക്ഷാധികാരികളാക്കി വെക്കാതിരിക്കുക എന്നിവയാണ് ആ പൊതുതത്വം എന്ന് ഇതേ വചനത്തില്‍ ഖുര്‍ആന്‍ തുടര്‍ന്ന് വിവരിക്കുന്നുണ്ട്.. മതത്തില്‍ തന്നിഷ്ട പ്രകാരം എന്തും പറയുവാനും, അനുവദനീയമാക്കുവാനും, വിലക്കുവാനും ചിലര്‍ക്ക് അധികാരം നല്‍കപ്പെടുന്നതിനെയാണല്ലോ ‘റബ്ബ് ആക്കുക’ എന്നതു കൊണ്ടുദ്ദേശിക്കുന്നത് . ഇതാണ് ഇന്നത്തെ ക്രിസ്തീയ പാതിരിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ ഹറാമാക്കുവാനും ഹലാലാക്കുവാനുമുള്ള അധികാരം ഇന്ന് അവര്‍ക്കുണ്ട്.. ആള്‍ദൈവങ്ങള്‍ എന്ന പോലെ, പാപങ്ങള്‍ അവരോട് ഏറ്റുപറഞ്ഞ് കുമ്പസരിക്കുന്നു. പലപ്പോഴും ഈ പാപ രഹസ്യങ്ങള്‍ ചൂഷണോപാധിയായി മാറുന്നു. അതാണല്ലോ ഈയടുത്ത് കേരളത്തിലടക്കം കണ്ടത്.
എന്നാല്‍ യഥാര്‍ഥ ക്രിസ്ത്യാനികള്‍ ഇങ്ങനെയുള്ളവരല്ല. അവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് അവര്‍ അല്ലാഹുവിനോട് താഴ്മയുള്ളവരായിരിക്കുമെന്നും, അവന്റെ വചനങ്ങള്‍ അവര്‍ വിറ്റു കാശാക്കുകയില്ലെന്നുമാണ് (3:199). ഇത്തരത്തില്‍, വേദക്കാരില്‍ എല്ലാവരും ഒരുപോലെയല്ലെന്നും, അവരുടെ കൂട്ടത്തില്‍ സാഷ്ടാംഗം നമിച്ചു കൊണ്ട്, ദൈവ ദൃഷ്ടാന്തങ്ങള്‍ ഉരുവിട്ട് അവനോട് പ്രാര്‍ഥിക്കുന്ന നല്ലവരായ ഒരു വിഭാഗവുമുണ്ടെന്നും (3:113) മറ്റു വചനങ്ങളിലും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
എന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ വന്ന്, ‘മുസ്ലിംകള്‍ പണ്ട് നല്ലവരായിരുന്നുവെന്നും, ഖുര്‍ആന്‍ പഠിച്ചതോടെയാണ് അവര്‍ വഴിപിഴച്ച് മറ്റു മതസ്തരില്‍ നിന്ന് അകന്നു പോയതെന്നും’ ആരോപിക്കുന്നവര്‍ ഒരു തവണയെങ്കിലും ഖുര്‍ആനിലെ മേല്‍പ്പറഞ്ഞ വചനങ്ങള്‍ വായിച്ചിട്ടില്ലെന്നത് വ്യക്തമാണല്ലോ. മതത്തെ വിറ്റ് കാശാക്കുന്ന, മോശക്കാരായ ഒരു വിഭാഗവും തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് തെളിയിക്കുകയാണ് യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്യുന്നത്.
ഹലാല്‍ ഫുഡിനെ സംബന്ധിച്ചാണല്ലോ ചര്‍ച്ച. ‘അനുവദനീയമായത്’ എന്നാണ് ഹലാല്‍ എന്ന പദത്തിനര്‍ഥം. അനുവദനീയമാക്കുന്നതും വിരോധിക്കുന്നതും അല്ലാഹുവാണല്ലോ. അതിനാല്‍ത്തന്നെ, ഹലാലിനെക്കുറിച്ചുള്ള ചര്‍ച്ചക്കു മുമ്പ്, ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെക്കുറിച്ചും ദൈവ വിശ്വാസത്തെകുറിച്ചും ചിലത് പറയേണ്ടതുണ്ട്. ‘അല്ലാഹു’ എന്നത് മുസ്ലിംകളുടെ മാത്രം ദൈവമാണെന്നോ, അറബികളുടെ ദേവനാണെന്നോ ഒക്കെ ധരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഹലാല്‍ ഭക്ഷണത്തില്‍ വര്‍ഗീയത കണ്ടെത്താന്‍ ഇവര്‍ക്കു കഴിയുന്നത് . ഈ പറയുന്നവര്‍ ക്രിസ്തുമതം പോലും ശരിയായി മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. ബുദ്ധിപരമായി ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ‘ത്രിയേകത്വ’മാണല്ലോ ഇന്നത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം. ആ മൂന്നില്‍ ഒന്ന് അല്ലാഹുവാണ്. മറ്റൊന്ന് മര്‍യമിന്റെ പുത്രനായ യേശുവും, ഒന്ന് പരിശുദ്ധാത്മാവുമാണ്. എങ്കില്‍ എങ്ങനെയാണ് അല്ലാഹു മുസ്ലിംകളുടെ മാത്രം ദൈവമാണെന്ന് പറയുന്നത് ?
മുസ്ലിംകള്‍ ഓരോ നമസ്‌കാരത്തിലും നിര്‍ബന്ധമായും പാരായണം ചെയ്യുന്ന ഫാതിഹയില്‍ – ഖുര്‍ആന്റെ ആമുഖത്തില്‍- തന്നെ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് സര്‍വലോക രക്ഷിതാവായിട്ടാണ്, മുസ്ലിംകളുടെ രക്ഷിതാവായല്ല. അതായത് ഈ ലോകത്തെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനാരോ, അവനാണ് അല്ലാഹു. അതിനാല്‍ത്തന്നെ, ഈ ഖുര്‍ആനിനെ അംഗീകരിക്കുന്നവര്‍ക്ക് സങ്കുചിതത്വം വെച്ചു പുലര്‍ത്താനോ, മറ്റു മനുഷ്യരെയോ ജീവികളെയോ അന്യായമായി ഉപദ്രവിക്കുവാനോ സാധ്യമല്ല. കാരണം അവയെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിന്റെ സംരക്ഷണത്തിലാണല്ലോ. ഇതാണ് ഇസ്ലാമിന്റെ വിശാലമായ വീക്ഷണം.
ഇതോടൊപ്പം തന്നെ, മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്ന തത്വവും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നു. ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണെന്ന കാര്യം ക്രിസ്ത്യാനികളും അംഗീകരിക്കുന്നതാണ്. ആദമില്‍ നിന്ന് പിന്നീട് ഹവ്വയെന്ന ഇണയെയും, അവരില്‍ നിന്ന് മറ്റെല്ലാ മനുഷ്യരെയും സൃഷ്ടിച്ചു. ഇത് അംഗീകരിക്കുന്ന ഒരാള്‍ക്ക് സങ്കുചിതത്വം വെച്ചുപുലര്‍ത്തുക സാധ്യമല്ലല്ലോ.
മാതാവോ പിതാവോ ഇല്ലാതെ, മണ്ണില്‍ നിന്ന്, ജീവന്റെ സ്പന്ദനം നല്‍കി ആദം എന്ന പുരുഷനെയും, ആ പുരുഷനില്‍ നിന്ന് നേരിട്ട് ഹവ്വയെന്ന സ്ത്രീയെയും സൃഷ്ടിച്ചവനാണല്ലോ അല്ലാഹു. മനുഷ്യ സമൂഹം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ഒരു മാറ്റമെന്നോണം, ഒരു സ്ത്രീയില്‍ നിന്ന് നേരിട്ടൊരു പുരുഷനെ സൃഷ്ടിക്കുകയെന്നതും അല്ലാഹുവിന്റെ തീരുമാനമായിരുന്നു. അതാണ് മര്‍യമിന്റെ പുത്രനായ യേശു. ആ യേശു ദൈവപുത്രനാണെന്നു പറയുന്നത് യഥാര്‍ഥത്തില്‍ ദൈവത്തിന് എത്ര അപമാനകരമാണ്!
സാന്ദര്‍ഭികമായി ഒരു സംഭവം ഓര്‍ക്കുകയാണ് . കെ ഉമര്‍ മൗലവി സല്‍സബീല്‍ മാസിക നടത്തിയിരുന്ന കാലം. അതില്‍ ഏതു വിഭാഗക്കാര്‍ക്കു വേണമെങ്കിലും എഴുതുവാനുള്ള സൗകര്യമുണ്ടായിരുന്നു. പക്ഷേ അതിനെല്ലാം സത്യത്തിന്റെ വെളിച്ചത്തില്‍ മറുപടിയും ലഭിക്കും. ആയിടക്ക് ഒരു നിരീശ്വരവാദി, ദൈവമില്ല എന്ന തന്റെ വിശ്വാസം സമര്‍ഥിച്ചു കൊണ്ട് അതില്‍ ലേഖനമെഴുതി. അയാള്‍ ഒരു ക്രൈസ്തവ നാമധാരിയായിരുന്നു എന്നാണോര്‍മ്മ. നിരീശ്വരവാദത്തില്‍ നിന്ന് ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് കടന്നുവന്ന ഡോ. എം ഉസ്മാന്‍ സാഹിബ്, ഏകനായ ഒരു ഈശ്വരനുണ്ട് എന്നു ബുദ്ധിപരമായി തന്നെ സ്ഥാപിച്ചുകൊണ്ട് പല ലക്കങ്ങളിലായി അയാള്‍ക്ക് മറുപടിയെഴുതി. ഒടുവില്‍, ‘ഈശ്വരന്റെ സാന്നിധ്യം യുക്തിപരമായി സമര്‍ഥിച്ച ഡോ. എം ഉസ്മാന്‍ സാഹിബ് ഇപ്പോഴും ഒരു യുക്തിവാദി തന്നെയാണ്’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ എഴുത്ത് അവസാനിപ്പിക്കുകയാണുണ്ടായത്. ഇതിനു മറുപടിയായി ഡോക്ടര്‍ എഴുതിയത് ‘യുക്തിവാദം + വിനയം = ഈശ്വരവിശ്വാസം’ എന്നായിരുന്നു.
പറഞ്ഞുവന്നത്, ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം, രണ്ട് ക്രിസ്തീയ പാതിരിമാര്‍ ഈ വിഷയത്തില്‍ സല്‍സബീല്‍ പത്രാധിപരായ കെ ഉമര്‍ മൗലവിയെ അഭിനന്ദിക്കുന്നതിനായി വന്നു. സല്‍ക്കാരവും അഭിനന്ദനവുമെല്ലാം കഴിഞ്ഞ് അവരെ യാത്രയാക്കുന്ന വേളയില്‍, ‘എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്’ എന്ന് മൗലവി വളരെ വിനീതമായി പറഞ്ഞു. എന്നിട്ട് തുടര്‍ന്നു: ‘ഞാന്‍ ഈ പ്രദേശത്തെ ഒരു വികാരിയാണ്. ഇവിടെ പള്ളിയില്‍ പ്രസംഗിച്ചും മതപ്രബോധനം നടത്തിയും വളരെ മാന്യമായാണ് ജീവിക്കുന്നത്. ജനങ്ങള്‍ എനിക്ക് ആദരവും ബഹുമാനവും കല്‍പിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ഈ നാട്ടിലെ അവിവാഹിതയായ ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിക്കുകയും, ആളുകള്‍ അത് എന്റെ കുഞ്ഞാണെന്ന് പ്രചരിപ്പിക്കുകയും ചെയ്താല്‍ എന്തായിരിക്കും എന്റെ സ്ഥിതി! അപമാനം കാരണം എനിക്കീ നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലല്ലോ..’. ഇത്രയും കേട്ടപ്പോള്‍ പാതിരിമാര്‍ ആകെ പകച്ചു പോയി. അവിവാഹിതയായ കന്യാമര്‍യമിന്റെ പുത്രന്‍ ദൈവത്തിന്റെ പുത്രനാണെന്ന് പറയുന്നത് ദൈവത്തിന് ഏറെ അപമാനകരമായിരിക്കുമെന്നാണല്ലോ മൗലവി സമര്‍ഥിക്കുന്നത്. ഇതാണ് ഇന്നത്തെ ക്രിസ്തുമത വിശ്വാസത്തിലെ അപകടം.
അല്ലാഹു മൂന്നില്‍ ഒരുവനാണെന്നതാണ് ഇവരുടെ വാദം എന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട് (5:73). ഈ വാദമുള്ളവര്‍ പിന്നെങ്ങനെയാണ് അല്ലാഹു അന്യദേവനാണെന്ന് പറയുന്നത്? തങ്ങളുടെ തന്നെ മതവിശ്വാസം ഇവര്‍ക്ക് പൂര്‍ണമായും മനസിലായിട്ടില്ല എന്നാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്!
ക്രിസ്തുമതം പഠിക്കാന്‍ പോയ മൂന്നു പേരുടെ ഒരു സംഭവമുണ്ട്. ത്രിയേകത്വമെന്നാല്‍ മൂന്നെണ്ണമാണ്, എന്നാല്‍ മൂന്നും ഒന്നു തന്നെയാണ്, മൂന്നല്ല തുടങ്ങി, എല്ലാവരുടെയും പാപഭാരം പേറാന്‍ അല്ലാഹു മനുഷ്യപുത്രനായി ഇറങ്ങി വന്നതും കുരിശിലേറിയതുമടക്കമുള്ള വിശ്വാസമെല്ലാം ഗുരുനാഥന്‍ അവര്‍ക്ക് ഠിപ്പിച്ചു കൊടുത്തു. അങ്ങനെ പഠനം പൂര്‍ത്തിയായ ശേഷം, ഗുരുനാഥന്റെ സുഹൃത്ത് അവിടം സന്ദര്‍ശിച്ചു. അദ്ദേഹം അവരെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അതിനായി ആദ്യത്തെയാളെ വിളിച്ചു. അയാള്‍ മനസിലാക്കിയ പ്രകാരം ദൈവവിശ്വാസം വിവരിക്കാന്‍ പറഞ്ഞു. ‘ദൈവം മൂന്നെണ്ണമുണ്ട്, ഒരു ദൈവം ആകാശത്ത്, മറ്റൊന്ന് മനുഷ്യനായി ഭൂമിയില്‍, മറ്റൊന്ന് മാടപ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവ്’ – ഇതായിരുന്നു മറുപടി. വാസ്തവത്തില്‍ മൂന്നും ഒന്നു തന്നെയാണെന്നും, അങ്ങനെ ക്രിസ്ത്യാനികള്‍ ഏകദൈവ വിശ്വാസികളാണെന്നും സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ അയാള്‍ പുറത്താക്കപ്പെട്ടു.
തുടര്‍ന്ന് രണ്ടാമത്തെയാളെ വിളിപ്പിച്ചു. ഇതേ ചോദ്യം ആവര്‍ത്തിച്ചു. ‘ദൈവം മൂന്നെണ്ണമാണ്, അതില്‍ ഒരാള്‍ ദൈവപുത്രനായി ഭൂമിയില്‍ വന്ന് ക്രൂശിക്കപ്പെട്ടു. അതിനാല്‍ മൂന്നില്‍ ഒരു ദൈവം മരണപ്പെട്ടു, ഇനി രണ്ടു ദൈവങ്ങളേയുള്ളൂ’ എന്ന് മറുപടി. അയാളും പുറത്താക്കപ്പെട്ടു. മൂന്നാമത്തെയാള്‍ വിളിപ്പിക്കപ്പെട്ടു. ‘ദൈവം മൂന്നാണ്. എന്നാല്‍ ആ മൂന്നും ഒന്നു തന്നെയാണ്. പക്ഷേ ആ ദൈവം ഭൂമിയില്‍ ക്രൂശിക്കപ്പെട്ടു. അതിനാല്‍ ഇനി ഒരു ദൈവവും ബാക്കിയില്ല’ എന്നതായിരുന്നു അയാളുടെ ഉത്തരം!
ക്രിസ്തുമത വിശ്വാസത്തില്‍ പില്‍ക്കാലത്ത് കടന്നുകൂടിയ യുക്തിരാഹിത്യം കാരണം, അവര്‍ക്കു തന്നെ തങ്ങളുടെ ദൈവവിശ്വാസം വ്യക്തമാവാതിരിക്കുകയും അതുവഴി നിരീശ്വരവാദത്തില്‍ പോലും എത്തിച്ചേരാനിടവരികയും ചെയ്യുമെന്ന് സൂചിപ്പിച്ചുവെന്നു മാത്രം.
എന്നാല്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശ്വാസം ലളിതമാണ് . അല്ലാഹു ഏകനാണ് എന്നതാകുന്നു അത് . എല്ലാവര്‍ക്കും ആശ്രയം നല്‍കുന്ന, എന്നാല്‍ നിരാശ്രയനായ, ജനിച്ചുണ്ടായവനല്ലാത്ത, സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ലാത്ത ഏകദൈവം. സഹോദരന്മാരോ സഹധര്‍മിണിയോ, അങ്ങനെ അവനു തുല്യരായി ആരുമില്ല. അതുകൊണ്ടു തന്നെ ദൈവത്തിന് പുത്രനുണ്ടാകുക എന്നത് സാധ്യവുമല്ല.
ഇനി അല്ലാഹുവിന് സന്താനങ്ങളെ സങ്കല്‍പ്പിക്കുകയാണെങ്കില്‍ തന്നെ ആദ്യസന്താനമായി പറയേണ്ടത്, ക്രിസ്തുമതവും അംഗീകരിക്കുന്ന ആദമിനെയായിരുന്നില്ലേ? പിതാവില്ലാതെ ജനിച്ച യേശു ക്രിസ്തുമത വിശ്വാസപ്രകാരം ദൈവപുത്രനാണെങ്കില്‍, മാതാവും പിതാവുമില്ലാതെ ജനിച്ച ആദം തീര്‍ച്ചയായും ദൈവപുത്രനാവേണ്ടതല്ലേ? എന്നാല്‍ ഈസാ(അ)ന്റെയും ആദമിന്റെയും(അ) ഉപമ ഒരുപോലെയാണെന്ന തത്വമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. അതുപ്രകാരം രണ്ടുപേരും കേവലം അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെ.
അല്ലാഹു ഏതോ ഒരു ‘അന്യ’ദൈവമാണെന്ന ധാരണയാണ് വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ അടിത്തറ എന്നതിനാല്‍, ദൈവത്തെക്കുറിച്ച് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അല്‍പം വിശദമായി പ്രതിപാദിച്ചു എന്നേയുള്ളൂ.
ഭക്ഷണത്തിലൂടെ ഇസ്ലാം മറ്റു മതങ്ങളോട് അയിത്തം കല്‍പിക്കുന്നു എന്നതാണ് കാര്യമായ ഒരു ആക്ഷേപം. മനുഷ്യരെല്ലാം ഏകസമുദായമാണെന്നും, എല്ലാവരുടെയും രക്ഷിതാവ് ഒരുവനാണെന്നും (21:92), എല്ലാവരും ഒരു പിതാവില്‍ നിന്നും ഒരു മാതാവില്‍ നിന്നും ഉണ്ടായവരാണെന്നും വ്യക്തമായി പറഞ്ഞ ഖുര്‍ആന്‍ എങ്ങനെയാണ് പിന്നെ അയിത്തം കല്‍പിക്കുന്നത് ? മനുഷ്യന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള മാറ്റങ്ങളാണ് മതം. ഓരോരുത്തര്‍ക്കും ഈ ലോകത്ത് തന്റെ വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. എങ്കില്‍ പിന്നെങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ അയിത്തമുണ്ടാകുക?!
‘ഖുര്‍ആനാണ് ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കുന്നത്’ എന്ന് കണ്ണടച്ച് ആക്ഷേപിക്കുന്നവര്‍, ഖുര്‍ആന്‍ ഒരിക്കല്‍ പോലും വായിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഒരുവേള, കന്യാമര്‍യമിന്റെയും യേശുവിന്റെയും പരിശുദ്ധി ഇന്നത്തെപ്പോലെ സംരക്ഷിച്ചതു പോലും ഖുര്‍ആനാണ് എന്നതാണ് വസ്തുത. യേശു ജാരസന്താനമാണെന്നും, മര്‍യം വേശ്യയാണെന്നുമുള്ള ജൂതന്മാരുടെ വാദങ്ങളെ പ്രതിരോധിച്ചത് ഖുര്‍ആനായിരുന്നു. എന്നാല്‍ ഈ ജൂതന്മാരുമായി ക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് ഇന്ന് അഭേദ്യമായ ബന്ധമുണ്ട്. ഈ വികലവാദങ്ങള്‍ ഉന്നയിച്ചവര്‍ക്കു പോലും പൊറുത്തുകൊടുക്കാന്‍ അധികാരമുള്ള ആള്‍ദൈവങ്ങളായി പുരോഹിതന്മാര്‍ പരിണമിച്ചുവെന്നതാണ് സത്യം. ഇങ്ങനെ ‘പാപമോചിതരായ’ ജൂതന്മാരാണ് യഥാര്‍ഥത്തില്‍ ക്രിസ്തുമതത്തില്‍ കടന്നുകയറി ത്രിയേകത്വ വിശ്വാസത്തിനു പോലും വിത്തുപാകിയത്.
ഇത്തരത്തില്‍ ക്രിസ്തുമതത്തിന്റെ യാഥാര്‍ഥ്യങ്ങളെ സംരക്ഷിച്ച, കന്യാമര്‍യമിനെ മാതൃകാമഹിളയായി ഉദാഹരിച്ച, മുഹമ്മദ് നബി(സ്വ)യേക്കാള്‍ കൂടുതല്‍ തവണ യേശുവിനെ പരാമര്‍ശിച്ച ഖുര്‍ആന്‍ ഇവിടെ വര്‍ഗീയതയുണ്ടാക്കുന്നുവെന്നു പറഞ്ഞാല്‍ ആ വാദം എത്രമാത്രം പൊള്ളയാണ്! സത്യക്രിസ്ത്യാനികള്‍ ഖുര്‍ആന്‍ വചനങ്ങള്‍ കേട്ടാല്‍ അവരുടെ കണ്ണുകള്‍ നിറയുമെന്ന് അല്ലാഹു പരാമര്‍ശിക്കുന്നു. തങ്ങളുടെ മതത്തില്‍ സത്യമല്ലാത്ത കാര്യങ്ങള്‍ കടത്തിക്കൂട്ടുന്നതിനെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നു (5:77). ജൂതന്മാര്‍ പറയുന്ന പോലെ യേശു ജാരസന്താനമോ, ക്രൈസ്തവര്‍ പറയുന്ന പോലെ ദൈവപുത്രനോ അല്ല, മറിച്ച് മുമ്പ് കഴിഞ്ഞുപോയ പലരെയും പോലെ ഒരു ദൈവദൂതനായിരുന്നു എന്ന സത്യം ഖുര്‍ആന്‍ അതോടൊപ്പം (5:75) ചേര്‍ത്തു പറയുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ മാതാവ് സത്യസന്ധയായിരുന്നുവെന്നും, അവര്‍ ആഹാരം കഴിച്ചിരുന്ന സാധാരണ മനുഷ്യരായിരുന്നുവെന്നും ഇതേ വചനത്തില്‍ തുടര്‍ന്ന് പറയുന്നു. ആഹാരം കഴിക്കുന്നവര്‍ക്ക് അതിന്റേതായ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാകുമെന്നും, അങ്ങനെയുള്ളവര്‍ ദൈവമാവുകയില്ലെന്നും മനസിലാക്കാന്‍ പ്രയാസമില്ലല്ലോ. ഇങ്ങനെ ഒരേ സമയം അവര്‍ ഇരുവരുടെയും പരിശുദ്ധി സംരക്ഷിക്കുകയും, എന്നാല്‍ ദൈവിക മാഹാത്മ്യത്തിലേക്ക് അവരെ ഉയര്‍ത്തുന്നതിനെ തടയുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. ഇതൊന്നും തിരിച്ചറിയാതെയാണ് ചിലര്‍ ഖുര്‍ആനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടുപെടുന്നത് എന്നതാണ് വസ്തുത.
ഹലാല്‍ ഫുഡിന്റെ വിഷയത്തിലേക്കു വരാം. അതിന്റെ പേരിലാണല്ലോ ‘അന്യദേവനായ’ അല്ലാഹുവും, ‘കുഴപ്പമുണ്ടാക്കുന്ന’ ഖുര്‍ആനും, അയിത്തവുമെല്ലാം ചര്‍ച്ചയായത്. അല്ലാഹു അനുവദനീയമാക്കിയവയാണ് ഹലാല്‍ എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. അല്ലാഹു ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ദൈവമല്ല എന്ന കാര്യവും വിവരിച്ചു കഴിഞ്ഞു. അല്ലാഹു വിശിഷ്ടമായവയെല്ലാം നമുക്ക് അനുവദനീയമാക്കിയിരിക്കുന്നു (5:4). നികൃഷ്ടമായവയെല്ലാം വിരോധിക്കുകയും ചെയ്തിരിക്കുന്നു. ഏതൊക്കെയാണ് നികൃഷ്ടമായ, വിരോധിക്കപ്പെട്ട ഭക്ഷണങ്ങള്‍ എന്ന് ഖുര്‍ആന്‍ പല സ്ഥലങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്. മൂന്നു കാര്യങ്ങളാണ് പ്രഥമമായി എണ്ണിയത് (5:3). ഓരോന്നും ചുരുക്കിപ്പറയാം.
ശവമാണ് വിരോധിക്കപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാമത്തേത്. മനുഷ്യന്‍ അറുത്തതല്ലാതെ, അസുഖം കാരണമോ, പ്രായമായോ, മറ്റു കാരണങ്ങള്‍ കൊണ്ടോ ഒക്കെ ചത്തുപോയവയാണ് ഇവിടെ ഉദ്ദേശ്യം. ജീവന്‍ പോയാല്‍ അണുക്കള്‍ വേഗത്തില്‍ ശരീരത്തില്‍ കടന്നു കയറാനുള്ള സാധ്യതയടക്കം, ശാസ്ത്രീയമായിത്തന്നെ ഇക്കാര്യം ഇന്ന് വ്യക്തവുമാണ്. ഭക്ഷണത്തില്‍ ഹറാമുകള്‍ നിര്‍ണയിച്ചതിലൂടെ ഇസ്ലാം സങ്കുചിതമായെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍, സ്വയം ശവംതീനികളായി മാറാനാണോ ഉദ്ദേശിക്കുന്നത്? ചത്തുപോയവയെ ഭക്ഷിക്കുന്നത് നികൃഷ്ടമാണെന്ന് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടെന്നു തോന്നുന്നില്ല.
രണ്ടാമതായി പറയുന്നത് രക്തമാണ്. പുറത്തേക്കൊഴുകിയ രക്തം എന്ന് മറ്റൊരു വചനത്തില്‍ (6:145) വ്യക്തമാക്കിയിട്ടുണ്ട്. അതായത് കരള്‍ പോലെയുള്ള അവയവങ്ങളില്‍ സംഭരിക്കപ്പെടുന്ന, ശരീരത്തിനകത്തെ രക്തം അനുവദനീയമാണെന്നര്‍ഥം. ജാഹിലിയ്യാ കാലത്തെ അറബികള്‍ക്കിടയില്‍, ഒട്ടകത്തെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് കുത്തി, പുറത്തേക്കൊഴുകുന്ന രക്തം ശേഖരിച്ച് ആഹരിക്കുന്ന മ്ലേച്ഛകരമായ ഒരു രീതി നിലവിലുണ്ടായിരുന്നു. രക്തം പുറത്തെത്തുന്നതോടെ വേഗത്തില്‍ കട്ടപിടിക്കുന്നുവെന്നും, അതില്‍ അതിവേഗത്തില്‍ അണുക്കള്‍ വ്യാപിക്കുന്നുവെന്നും ഇന്ന് നമുക്കറിയാമല്ലോ. ഇതുകൊണ്ടെല്ലാം തന്നെ അത് വിരോധിച്ചതിന്റെ പിന്നിലെ യുക്തി വ്യക്തമാണ്.
മൂന്നാമതായി വിരോധിച്ചത് പന്നിമാംസമാണ്. മാലിന്യം ഭക്ഷിക്കുന്ന, വൃത്തികെട്ട ഒരു ജീവിയാണ് പന്നി. അത് കഴിക്കുന്നവര്‍ക്ക് ഒരു പ്രത്യേകതരം വിര ബാധിക്കാനിടയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. അത് സത്യമായിരുന്നാലും അല്ലെങ്കിലും, പന്നി നികൃഷ്ടമായത് ഭക്ഷിക്കുകയും, മലിനമായ ചുറ്റുപാടുകളില്‍ വളരുകയും ചെയ്യുന്ന ജീവിയാണെന്നതാണ് വാസ്തവം. മാലിന്യം മാത്രം ഭക്ഷിച്ച് വളരുന്ന ഒരു കോഴിയാണെങ്കില്‍പ്പോലും, അതിനെ ഭക്ഷിക്കാന്‍ പാടുണ്ടോയെന്ന് മുന്‍കാല പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അപ്പോള്‍ പന്നിമാംസം വിരോധിക്കാനുള്ള കാരണം കൃത്യമാണെന്ന് മനസിലാക്കാമല്ലോ.
മേല്‍പ്പറഞ്ഞ മൂന്നും വിരോധിക്കപ്പെട്ടതിനു പിറകില്‍ ഭൗതികവും, മനുഷ്യന്റെ ശാരീരികപരവുമായ കാരണങ്ങള്‍ ഉണ്ടെന്നു കാണാം. എന്നാല്‍ ഇനി പറയുന്നത് വിരോധിക്കപ്പെട്ടത് ആത്മീയമായ, മനുഷ്യന്റെ വിശ്വാസപരമായ കാരണങ്ങളാലാണ്. ‘അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്’ എന്നാണ് അതിനെ ഖുര്‍ആന്‍ വിവരിച്ചത്. അതിന്റെ രക്തത്തിനോ മാംസത്തിനോ തകരാറുണ്ടായതിനാലല്ല അത് വിരോധിക്കപ്പെട്ടത്. മറിച്ച്, മനുഷ്യന്റെ വിശ്വാസം അതിപ്രധാനമായ കാര്യമാണ്. ആ വിശ്വാസപ്രകാരം, മൃഗത്തെ വേദനിപ്പിക്കാത്ത വിധത്തില്‍, രക്തമൊഴുക്കി അറുക്കുവാനുള്ള നിര്‍ദ്ദേശമാണ് ഇസ്ലാം നല്‍കുന്നത്. അറവിനെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന എന്ന വാക്കിനു പകരം, മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്തറുക്കുകയെന്ന അര്‍ഥത്തില്‍ എന്ന പദം അറബി ഭാഷയില്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാറുണ്ട്. മൃഗത്തിന് പരമാവധി എളുപ്പമുണ്ടാക്കുന്നതിനാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിക്കുന്നത് . അറവുമായി ബന്ധപ്പെട്ട വേറെയും നിര്‍ദ്ദേശങ്ങള്‍ പ്രാമാണികമായി വന്നിട്ടുണ്ട്.
ഇത്തരത്തില്‍ അറുക്കപ്പെട്ടവയാണ് ഇസ്ലാം അനുവദനീയമാക്കുന്നത്. ഈ അറുക്കുന്നത് മുസ്ലിം ആവണമെന്നു പോലും നിര്‍ബന്ധമില്ല. വേദക്കാരുടെ ഭക്ഷണം മുസ്ലിംകള്‍ക്കും, മുസ്ലിംകളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (5:5). ഇതിന്റെ വെളിച്ചത്തില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍, വേട്ടയാടി പിടിച്ചവയുടെയും അറുത്തവയുടെയും കാര്യത്തില്‍ മുസ്ലിംകളും വേദക്കാരും സമമാണെന്ന് പ്രസ്താവിക്കുന്നുമുണ്ട്.. എങ്കില്‍ ആരാണ് സത്യത്തില്‍ ഇവിടെ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നത്? ഇതില്‍ എവിടെയാണ് അയിത്തമുള്ളത്?! ഇക്കാര്യങ്ങളൊന്നും പഠിക്കാതെയാണ് ചിലര്‍ ഖുര്‍ആനും ഇസ്ലാമിനുമെതിരെ ആരോപണമുയര്‍ത്താന്‍ ശ്രമിക്കുന്നത്.
ഹലാലിനെക്കുറിച്ചുള്ള നിര്‍ദ്ദേശം നല്‍കുന്നേടത്ത് ഖുര്‍ആന്‍ ‘മനുഷ്യരേ’ എന്ന അഭിസംബോധനയാണ് ഉപയോഗിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ് (2:168). ഹലാലും ത്വയ്യിബുമായത് -അനുവദനീയവും നല്ലതുമായവ- നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക എന്നാണ് ഈ വചനത്തിലെ നിര്‍ദ്ദേശം. അനുവദനീയമായത് ഏതാണെന്ന് മുകളില്‍ വിവരിച്ചു കഴിഞ്ഞല്ലോ. ഹലാലായവ തന്നെ പലപ്പോഴും നല്ലതായിക്കൊള്ളണമെന്നില്ല.
കൈക്കൂലി, പലിശ, ചൂതാട്ടം, മോഷണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് ഹലാലായ ഭക്ഷണം വാങ്ങിക്കഴിച്ചതു കൊണ്ടായില്ലല്ലോ. ആ ഭക്ഷണം അനുവദനീയമായ വിഭാഗത്തില്‍ പെട്ടതാണെങ്കില്‍പ്പോലും, നല്ലതല്ലെന്ന് വ്യക്തമാണ്. അതിനാല്‍ത്തന്നെ, ഒഴിവാക്കേണ്ടതുമാണ്.
മറ്റൊരു കാര്യം, ഭക്ഷിക്കുന്നയാള്‍ക്ക് താന്‍ കഴിക്കുന്ന ഭക്ഷണത്തോട് ഒരു താത്പര്യം ഉണ്ടാവേണ്ടതുണ്ട്.. അനുവദനീയമാണെങ്കില്‍ പോലും, നമ്മള്‍ തിന്നു പരിചയിച്ചിട്ടില്ലാത്തതോ, മാനസികമോ ശാരീരികമോ ആയി നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ ഭക്ഷണത്തോട് നമുക്ക് താല്‍പര്യക്കുറവ് ഉണ്ടാകുമല്ലോ. അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത് . ഉടുമ്പ് മാംസം ഹലാലാണെങ്കിലും, റസൂ ല്‍(സ്വ)ക്ക് അനിഷ്ടകരമായി തോന്നിയതിനാല്‍ അദ്ദേഹം വേണ്ടെന്നു വെച്ചിരുന്നു.
ഇത്തരത്തില്‍, ഹലാലും ത്വയ്യിബുമായത് ഭക്ഷിക്കാനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളാണ് ഇസ്ലാം ഖുര്‍ആനിലൂടെ മുന്നോട്ടു വെക്കുന്നത്. ഖുര്‍ആന്‍ ‘പഴയ മുസ്ലിംകളെ’ വഴിതെറ്റിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ക്ക്, ഖുര്‍ആനിലെ അത്തരം സങ്കുചിതമായ നിര്‍ദ്ദേശങ്ങളും പ്രസ്താവനകളും ചൂണ്ടിക്കാണിക്കുവാനുള്ള ബാധ്യതയുമുണ്ട്.
‘പഴയ മുസ്ലിംകള്‍ നല്ലവരായിരുന്നു, അവര്‍ ക്രിസ്തീയഭവനങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു, ഖുര്‍ആനും ഹദീസും പഠിച്ചതോടെ അവര്‍ അങ്ങനെ കഴിക്കാതെയായി’ എന്നൊക്കെയാണ് വാദങ്ങള്‍. ഇതില്‍ ഖുര്‍ആന്റെ വിശാലമായ വീക്ഷണവും അധ്യാപനങ്ങളും മുകളില്‍ വിശദമായി വിവരിച്ചു കഴിഞ്ഞു. ഇനി റസൂല്‍ (സ്വ) ചര്യകളിലേക്കു വന്നാലും ഇവര്‍ക്ക് ഈ ആരോപണങ്ങള്‍ സ്ഥാപിക്കുക സാധ്യമല്ല.
യഹൂദ സ്ത്രീ നല്‍കിയ ആട്ടിന്‍ മാംസം മുഹമ്മദ് നബി(സ്വ) തന്റെ അനുചരനോടൊപ്പം ഭക്ഷിച്ച സംഭവം നമുക്ക് പരിചിതമാണല്ലോ. നബി(സ്വ)യുടെ പ്രവാചകത്വം യഥാര്‍ഥമാണോയെന്ന് പരീക്ഷിക്കാനായി, വിഷം പുരട്ടിയ മാംസമാണ് ആ സ്ത്രീ നല്‍കിയത്. അതു കഴിച്ച അനുചരന്‍ കൊല്ലപ്പെട്ടു, നബി(സ്വ)യെ അല്ലാഹു സംരക്ഷിച്ചു. ജൂതരുടെ, അല്ലെങ്കില്‍ അന്യമതസ്തരുടെ ഭക്ഷണം ഹറാമായിരുന്നുവെങ്കില്‍ റസൂല്‍(സ്വ) അത് കഴിക്കാതെ മാറ്റി വെക്കുമായിരുന്നല്ലോ. അപ്പോള്‍ ഹദീസുകള്‍ സങ്കുചിതത്വമുണ്ടാക്കുന്നുവെന്ന വാദവും പൊള്ള തന്നെയെന്ന് ബോധ്യമാകുന്നു.
അതേസമയം, ഇതര ദൈവങ്ങളുടെ പേരില്‍ അറുക്കപ്പെട്ടത് ഹറാമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഒരാളുടെ പേരില്‍ അറുക്കപ്പെട്ടത് അയാള്‍ക്ക് അവകാശപ്പെട്ടതാണല്ലോ. അല്ലാഹുവിന്റെ പേരിലാണ് അറുത്തതെങ്കില്‍, അതിന്റെ രക്തമോ മാംസമോ അവന് ആവശ്യമില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (22:37). അത് അവന്റെ അടിമകള്‍ക്ക് വിതരണം ചെയ്യുന്നതാണ് അല്ലാഹുവിനിഷ്ടം.
പാവങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി അറുത്തത് പാവങ്ങള്‍ക്കും, അനാഥകള്‍ക്കായി അറുത്തത് അനാഥകള്‍ക്കും, വിരുന്നുകാര്‍ക്കായി അറുത്തത് വിരുന്നുകാര്‍ക്കുമാണല്ലോ നല്‍കേണ്ടത്. എങ്കില്‍ മരിച്ചു പോയ വല്ല മഹാന്മാരുടെയോ, അവതാര സങ്കല്‍പങ്ങളുടെയോ, യേശുവിന്റെയോ മുഹമ്മദ് നബി(സ്വ)യുടെയോ പേരില്‍ അറുത്തതാണെങ്കില്‍ അത് അവര്‍ക്ക് അവകാശപ്പെട്ടതല്ലേ? അവരുടെ അനുവാദമില്ലാതെ അത് വിതരണം ചെയ്യുന്നതും, നമ്മള്‍ അതു ഭക്ഷിക്കുന്നതും യുക്തിപരമല്ലല്ലോ. എന്നാല്‍, ഇങ്ങനെ അല്ലാഹുവില്‍ പങ്കുചേര്‍ക്കപ്പെടുന്ന ‘ദൈവങ്ങള്‍’ ഒന്നും തന്നെ ആ മാംസം സ്വീകരിക്കാന്‍ കഴിവുള്ളവരല്ല താനും. അപ്പോള്‍ അതിനെല്ലാം കഴിവുള്ളവനായ, എന്നെന്നും ജീവിക്കുന്നവനായ അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കുകയാണ് യുക്തിപരം എന്ന് വ്യക്തമാണല്ലോ.
ഇത്തരത്തില്‍ വിശാലവും യുക്തിഭദ്രവുമായ കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.. ഇത് ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല താനും. നേരത്തെ സൂചിപ്പിച്ച, വേദക്കാരുടെ ഭക്ഷണം മുസ്ലിംകള്‍ക്ക് അനുവദനീയമാണെന്ന ഖുര്‍ആന്‍ വചനത്തിന്റെ (5:5) തുടര്‍ച്ചയായി പറയുന്നത്, ‘വേദക്കാരില്‍പ്പെട്ട പതിവ്രതകളായ സ്ത്രീകളെ വിവാഹം കഴിക്കുന്നതും നിങ്ങള്‍ക്ക് അനുവദനീയമാണെ’ന്നാണ്.
ഇങ്ങനെ സ്ത്രീപുരുഷബന്ധം പോലും ഇസ്ലാം അനുവദനീയമാക്കിയിരിക്കെ, ഭക്ഷണക്കാര്യത്തില്‍ അവരോട് അയിത്തം കല്‍പിക്കുന്നുവെന്ന ആരോപണം എന്തുമാത്രം അബദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ!
വേദക്കാരില്‍പ്പെട്ട വിശ്വാസികളായ സ്ത്രീകളെയാണ് മുകളില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ബഹുദൈവവിശ്വാസികളായ സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുകയുമില്ല. വിശ്വാസത്തില്‍ വഞ്ചന കാണിക്കുന്നതാണ് ബഹുദൈവവിശ്വാസം. അതിനു തയ്യാറായവര്‍, മറ്റു മേഖലകളിലും വഞ്ചന കാണിക്കാമെന്നതാണ് ഇതിനു കാരണം. ദേവദാസി സമ്പ്രദായം പോലുള്ളവ കടന്നു വന്നത് ബഹുദൈവാരാധകരിലാണെന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഇതേസമയം, മറ്റൊരു വിഭാഗം ആളുകള്‍ – സ്ത്രീകളും പുരുഷന്മാരും – വിവാഹം തന്നെ ഉപേക്ഷിച്ച്, ദൈവസാമീപ്യം പ്രതീക്ഷിച്ച്, തങ്ങള്‍ ചെയ്യുന്നത് പുണ്യമായിക്കരുതി കഴിഞ്ഞു കൂടുകയും ചെയ്യുന്നു. അടിസ്ഥാനപരമായി മനുഷ്യവര്‍ഗത്തിന് പ്രയോജനകരമായിരിക്കണം പുണ്യം. എല്ലാവരും ചെയ്താല്‍ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുന്നതായിരിക്കണം അത് . അങ്ങനെയാണ് ഇസ്ലാം പുണ്യത്തെ വീക്ഷിക്കുന്നത് . വിവാഹവും ശാരീരികബന്ധവും ഉപേക്ഷിച്ച് ജീവിക്കുന്നത് പുണ്യമാണെങ്കില്‍, ആ പുണ്യം എല്ലാവരും നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥ? മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും. ആദ്യകാലത്ത് ദൈവപ്രീതി ഉദ്ദേശിച്ച് മതത്തില്‍ പുതുതായി കടത്തിക്കൂട്ടിയ സമ്പ്രദായമായിരുന്നു ഈ സന്യാസജീവിതം എന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (57:27). എന്നാല്‍ പിന്നീട് അവരതില്‍ അശ്രദ്ധ കാണിച്ചുവെന്നും തുടര്‍ന്നു പറയുന്നു.
ഇതേസമയം, ഇസ്ലാം വിവാഹജീവിതത്തെയാണ് പുണ്യകര്‍മമായി മുന്നോട്ടു വെക്കുന്നത്. അത് മനുഷ്യന്റെ പ്രകൃതിപരമായ ഒരു ആവശ്യമാണ്.. ആത്യന്തികമായി അതുതന്നെയാണ് മനുഷ്യകുലത്തിന് പ്രയോജനപ്രദവും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഇസ്ലാം പ്രകൃതിയുടെ മതമാണ് ; സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മതം. ഇസ്ലാം മുന്നോട്ടു വെക്കുന്ന വീക്ഷണങ്ങള്‍ യുക്തിഭദ്രമാണ് . ഇതാണ് ബുദ്ധിയുടെ മതം. ഇതാണ് മാനവതയുടെ ജീവന്‍.

 

Back to Top