അപേക്ഷ സമര്‍പ്പണം പരിശീലന ക്ലാസ്സുകള്‍ മുന്നൊരുക്കങ്ങള്‍
എന്‍ജി. പി മമ്മദ് കോയ
ഞങ്ങള്‍ ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത് 2018-ലായിരുന്നു. അന്ന് ആ അപേക്ഷ തിരസ്‌കരിക്കപ്പെട്ടു. രണ്ടാമത്തെ ഉദ്യമമാണ് ഫലം കണ്ടത്. നറുക്കെടുപ്പ് കഴിഞ്ഞ് ഫലം വന്നപ്പോള്‍ ഒരു കവര്‍ നമ്പര്‍ ലഭിച്ചു. എല്ലാ ഹാജിമാര്‍ക്കും ഒരു നമ്പര്‍ ലഭിക്കും. ഗഘഎ1299020. ആദ്യം കാണുന്ന അക്ഷരങ്ങള്‍ സംസ്ഥാനത്തെയും അവസാനമുള്ള ഹൈഫണും നമ്പറും കൂടെയുളള ഹാജിമാരുടെ എണ്ണത്തെയും സൂചിപ്പിക്കുന്നു. ഓരോ ഹാജിയെയും തിരിച്ചറിയുന്നത് ഈ നമ്പറിലൂടെയാണ്. ഹജ്ജുമായി ബന്ധപ്പെട്ട ഏതന്വേഷണത്തിനും ഈ നമ്പര്‍ വേണം.
നമ്മുടെ രാജ്യത്തെ ഹജ്ജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയാണ്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. ഓരോ സംസ്ഥാനത്തും ഇതിന് ഘടകങ്ങളുണ്ട്. ഇവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ നേരിട്ടും ഓണ്‍ലൈനായും സമര്‍പ്പിക്കാം. വമഷരീാ ാശേേലല. ഴീ്.ശി എന്ന വൈബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ലളിതമാണ് അപേക്ഷ ഫോറം. ഏത് കാറ്റഗറിയിലാണ് അപേക്ഷിക്കേണ്ടത് എന്ന് ശ്രദ്ധിക്കണം. സാധാരണയായി രണ്ടു കാറ്റഗറികളിലായാണ് ഹജ്ജിന് പോകുന്നത്. അസീസിയാ കാറ്റഗറിയും ഗ്രീന്‍ കാറ്റഗറിയും. അപേക്ഷാ ഫോറത്തില്‍ ഇത് യഥാക്രമം മക്കയില്‍ കാറ്റഗറി അസീസിയ എന്നും കാറ്റഗറി എന്‍ സി എന്‍ ടി ഇസെഡ് എന്നുമാണ്. മദീനയില്‍ വിത്തിന്‍ മര്‍കസിയ എന്നും ഔട്ട് സൈഡ് മര്‍കസിയ എന്നുമാണ്.
അസീസിയ കാറ്റഗറി
മക്കയില്‍ ഹജ്ജിന് വരുന്നവര്‍ക്ക് ഒരുക്കിയ താമസ സൗകര്യത്തിന്നനുസരിച്ചാണ് ഈ വേര്‍തിരിവ്. മസ്ജിദുല്‍ ഹറമില്‍ നിന്ന് ഏതാണ്ട് അഞ്ചര കിലോമീറ്റര്‍ ദൂരമുളള അസീസിയയിലാണ് ഈ കാറ്റഗറിക്കാരുടെ താമസം. 24 മണിക്കൂറും സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കും. (ഹജ്ജ് ദിവസങ്ങളില്‍ മാത്രം ഈ സൗകര്യമുണ്ടായിരിക്കുകയില്ല.) ഭക്ഷണം പാകം ചെയ്യാനും വസ്ത്രമലക്കാനും സൗകര്യമുണ്ടാകും. നമസ്‌കാര സമയത്തിന് ഒരു മണിക്കൂര്‍ മുമ്പെ താമസ സ്ഥലത്ത് നിന്ന് പുറപ്പെടണം. അസീസിയയില്‍ നിന്ന് ഹറം ശരീഫിലെത്തുന്ന ബസ്സുകളുടെ സ്റ്റാന്റ് ഹറമില്‍ നിന്ന് 10 മിനുട്ട് കാല്‍നട ദൂരത്താണ്. കൃത്യമായി എല്ലാ നമസ്‌കാരവും ജമാഅത്തായി നിര്‍വഹിക്കാനുള്ള ക്രമീകരണങ്ങള്‍ ഈ സൗകര്യം വെച്ച് ചെയ്യാവുന്നതേയുള്ളൂ. ഗ്രീന്‍ കാറ്റഗറിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് 40,000 രൂപയുടെ കുറവുണ്ട് ഈ കാറ്റഗറിക്ക്.
ഗ്രീന്‍ കാറ്റഗറി
ഹറം ശരീഫിന്റെ ഒരു കിലോമീറ്ററിന്റെയും ഒന്നേകാല്‍ കിലോമീറ്ററിന്റെയും ചുറ്റളവിലായിരിക്കും ഈ കാറ്റഗറി തിരഞ്ഞെടുത്തവരുടെ താമസ സ്ഥലം. താരതമ്യേന സൗകര്യപ്രദമായിരിക്കും. ഭക്ഷണം പാകം ചെയ്യാനുളള സൗകര്യമോ സൗജന്യ ബസ് സര്‍വീസോ ഉണ്ടായിരിക്കില്ല (മക്കയില്‍ മാത്രം). മദീനയിലും മീനാ ടെന്റിലുമൊക്കെ എല്ലാവര്‍ക്കും ഏതാണ്ട് ഒരേ സൗകര്യമായിരിക്കും. ഹറം ശരീഫില്‍ എല്ലാ നമസ്‌കാരവും ജമാഅത്തായി നിര്‍വഹി ക്കാനും ഇടവേളകളില്‍ താമസ സ്ഥലത്ത് പോയി വിശ്രമിക്കാനും ഈ വിഭാഗത്തിന് സൗകര്യമുണ്ടാകും. ഓരോ കാറ്റഗറിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഞങ്ങള്‍ തിരഞ്ഞെടുത്തത് അസീസിയ കാറ്റഗറിയായിരുന്നു.
കവര്‍ നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ മനസ്സിന് വല്ലാത്ത പിരിമുറുക്കമാണ്. പണമടക്കാനുള്ള തിയ്യതി പ്രതീക്ഷിച്ച് വെബ്‌സൈറ്റ് പരിശോധനയും പത്രക്കുറിപ്പുകള്‍ തിരയലുമാണ്. ദിവസവും ഓരോ നമസ്‌കാര ശേഷവും പ്രാര്‍ഥിക്കും: ”അല്ലാഹുവേ, ആരോഗ്യത്തോടെ ഹജ്ജും ഉംറയും ചെയ്യാനുളള തൗഫീക്ക് തരേണമേ.”
പലര്‍ക്കും സെലക്ഷന്‍ കിട്ടിയിട്ടും പോകാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ട്. അപകടങ്ങളും അസുഖങ്ങളും യാത്ര മുടക്കാന്‍ സാധ്യത ഏറെയാണ്. വലിയ സാമ്പത്തിക സൗകര്യമുണ്ടായിട്ടും സര്‍ക്കാറും അനേകം സ്വകാര്യ ഏജന്‍സികളും സൗകര്യമൊരുക്കിയിട്ടും ഹജ്ജ് ചെയ്യാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞ എത്രയെത്ര മുസ്ലിംകളുണ്ട്! വര്‍ഷങ്ങളോളം സഊദി അറേബ്യയില്‍ ജോലി ചെയ്തിട്ടും ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിയാത്ത എത്ര നിര്‍ഭാഗ്യവാന്‍മാരുണ്ട്! നാലും അഞ്ചും വര്‍ഷം അപേക്ഷ നല്‍കിയിട്ടും സര്‍ക്കാറില്‍ നിന്ന് നറുക്ക് വീഴാത്ത അനേകം ഹതഭാഗ്യരും നമുക്കിടയിലുണ്ട്.
പണമടക്കാനുള്ള നിര്‍ദേശങ്ങള്‍ കിട്ടി. ‘പേ സ്ലിപ്പ്’ വെബ് സൈറ്റില്‍ പോയി ഡൗണ്‍ലോഡ് ചെയ്തു. സ്റ്റേറ്റ് ബാങ്ക്് ഓഫ് ഇന്ത്യയുടെ ഹജ്ജ് കൗണ്ടറില്‍ പോയി പണമടച്ചു. എക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് കൂടുതല്‍ സൗകര്യപ്രദമെന്ന് പിന്നീട് മനസ്സിലായി. പിന്നീടുള്ള ഇടപാടുകളൊക്കെ ഓണ്‍ലൈനായാണ് ചെയ്തത്. എക്കൗണ്ട് മണി പ്രശ്‌നമുള്ളതു കൊണ്ടാണ് പലരും ‘സോളിഡ്’ ക്യാഷുമായി ബാങ്ക് കൗണ്ടറിനെ സമീപിക്കുന്നത്. കൃത്യമായി നികുതി കൊടുത്ത ‘കണക്കിലുള്ള’ പണം തന്നെയാണ് ഹജ്ജ് യാത്രക്ക് ഉപയോഗിക്കേണ്ടത്. ജീവിക്കുന്ന രാജ്യത്തിന്റെ നിയമമനുസരിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്. പരിശുദ്ധമായ ഒരു കര്‍മ്മത്തിനു പോകുന്ന സത്യവിശ്വാസി നൂറു ശതമാനം ഹലാലായ പണമാണ് യാത്രക്ക് ഉപയോഗിക്കേണ്ടത്.
പണമടച്ച രസീതികളും പാസ്‌പോര്‍ട്ടും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അവിടെ നിന്ന് കവര്‍ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും രേഖപ്പെടുത്തിയ ഒരു കൈപ്പറ്റു രസീതി തിരിച്ചു ലഭിക്കും. അത് സൂക്ഷിച്ചുവെക്കേണ്ട രേഖയാണ്.
പിന്നീട് യാത്രാ തിയ്യതി ലഭിക്കുന്നത് വരെ പ്രതീക്ഷാപൂര്‍വമുളള കാത്തിരിപ്പാണ്. മുന്നൊരുക്കങ്ങളില്‍ പ്രധാനമായത് മാനസികമായ തയ്യാറെടുപ്പ് തന്നെയാണ്. പാപപങ്കിലമായ മനസ്സും ശരീരവും വിമലീകരിക്കേണ്ടതുണ്ട്. ആരോടും വെറുപ്പും വിദ്വേഷവും തോന്നാത്ത രീതിയില്‍ മനസ്സിനെ പരിശീലിപ്പിക്കേണ്ടതുണ്ട്. സഹയാത്രികന്റെ ആവശ്യത്തിന് തന്നെക്കാളും പരിഗണന കൊടുക്കാന്‍ മനസ്സ് പാകപ്പെടണം.
ഹജ്ജിന്റെയും ഉംറയുടെയും പ്രായോഗിക രൂപം മനസ്സിലാക്കാനുതകുന്ന ക്ലാസ്സുകള്‍ സര്‍വ്വത്ര നടക്കുന്നുണ്ട്. ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മുജാഹിദ് സംഘടനകള്‍, സുന്നി വിഭാഗങ്ങള്‍ തുടങ്ങി അനേകം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിജ്ഞാനപ്രദമായ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇതിനൊക്കെ പുറമെ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ക്ലാസുകളും ഉണ്ടാകും. ഹജ്ജ് ഉംറ കര്‍മ്മങ്ങളുടെ സാങ്കേതികവും പ്രായോഗികവുമായ രൂപങ്ങളെകുറിച്ച് കൃത്യമായ രൂപം ഓരോ ഹാജിക്കും കിട്ടത്തക്ക രീതിയിലാണ് എല്ലാവരും ക്ലാസ്സുകള്‍ ഒരുക്കുന്നത്. ഇത് വളരെ ഉപകാര പ്രദമാണെന്ന് ഹജ്ജ് വേളയില്‍ നമുക്ക് ബോധ്യപ്പെടും.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ രീതിയിലുളള പരിശീലനമോ ക്ലാസ്സോ ലഭിക്കുന്നില്ല എന്ന് അവര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ മനസ്സിലാകും. ഈ പവിത്ര കര്‍മ്മങ്ങള്‍ക്ക് മാനസികമായി പോലും പാകമായിട്ടില്ല എന്ന് സഹയാത്രികരോടുളള അവരുടെ പെരുമാറ്റത്തിലൂടെ തെളിയുകയും ചെയ്യും.
ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പോയി കവര്‍ നമ്പര്‍ ഫീഡ് ചെയ്താല്‍ ആ കവര്‍ നമ്പറിലുള്ള ഹാജിമാരുടെ ഫോട്ടോ അടക്കമുള്ള ഒരു പേജ് പ്രത്യക്ഷപ്പെടും. ഹാജിമാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആ പേജിലുണ്ടാകും. യാത്ര പുറപ്പെടുന്ന തിയ്യതി, പണമടച്ച വിവരങ്ങള്‍ തുടങ്ങി പാസ്‌പോര്‍ട്ട് നമ്പറടക്കം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും! എത്രമാത്രം സൂക്ഷ്മതയും ഉത്തരവാദിത്വവുമാണ് ഹജ്ജ് കമ്മിറ്റി ഹാജിമാരുടെ കാര്യത്തില്‍ കാണിക്കുന്നത്! ചെറിയ കാര്യങ്ങള്‍ക്ക് പോലും അര്‍ഹിക്കുന്നതിലധികം പ്രാധാന്യം കൊടുക്കുന്നതിന്റെ ഉദാഹരണമാണ് ലഗേജുകളില്‍ ഒട്ടിക്കാനുളള സ്റ്റിക്കറുകള്‍! ഓരോ ഹാജിയുടെയും പേരും കവര്‍ നമ്പറും പ്രിന്റ് ചെയ്തു സ്റ്റിക്കറുകള്‍ തയ്യാറാക്കിയിരിക്കുകയാണ്!
ഓരോ ഹാജിക്കും 22 കിലോ ഉള്‍ക്കൊള്ളുന്ന രണ്ടു ബാഗുകളാണ് അനുവദിച്ചത്, ഈ ലഗേജ് മാറി പോകാതിരിക്കാനും പെട്ടെന്ന് തിരിച്ചറിയാനും വേണ്ടി ബാഗിന്റെ ഇരുപുറവും തുന്നിച്ചേര്‍ക്കാനാണ് ഈ സ്റ്റിക്കറുകള്‍. ബാഗുകള്‍ വാങ്ങുന്ന കടയില്‍ ഈ സ്റ്റിക്കറുകള്‍ കൊടുത്താല്‍ അവര്‍ ഭംഗിയായി ബാഗിന് ഇരുവശത്തും തയ്ച്ചുതരും. ഇത് എത്രമാത്രം ഉപകാരപ്രദമാണെന്ന് അനുഭവത്തില്‍ നിന്ന് ഓരോ ഹാജിക്കും പിന്നീട് മനസ്സിലാകും.
ദിവസവും ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കും. ആകാംക്ഷയാണ്! യാത്രാ തിയ്യതിയും മറ്റും അറിയാന്‍ മനസ്സ് വെമ്പിക്കൊണ്ടിരിക്കും. ഒരു ദിവസം യാത്രാ തിയ്യതിയും ഫ്‌ളൈറ്റ് നമ്പറും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. അതോടൊപ്പം കുത്തിവെപ്പിന്റെ തിയ്യതി ഹജ്ജ് ട്രെയിനര്‍ അറിയിക്കുകയും ചെയ്തു.
ഹജ്ജ് കമ്മിറ്റി നിയോഗിക്കുന്നവരാണ് ഹജ്ജ് ട്രെയിനര്‍മാരും വളണ്ടിയര്‍മാരും; നിസ്വാര്‍ഥരായ ഈ സേവകരാണ് ഹാജിമാര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നത്. ഓരോ ട്രെയിനര്‍ക്കും നിശ്ചിത ഹാജിമാരുടെ ഉത്തരവാദിത്വം വീതിച്ചു കൊടുത്തിരിക്കുന്നു. അങ്ങനെയുള്ള ഹാജിമാരുടെ ‘കവര്‍ ഹെഡിന്റെ’ ഫോണ്‍ നമ്പര്‍ വെച്ച് ട്രയിനര്‍മാര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് വിവരങ്ങളും അറിയിപ്പുകളും പങ്കുവെക്കുന്നത്.
അപേക്ഷാ ഫോറം പൂരിപ്പിക്കുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നത് വരെയുള്ള ഹാജിമാരുടെ നൂറായിരം സംശയങ്ങള്‍ക്ക് ക്ഷമാപൂര്‍വ്വം മറുപടി പറയണം ട്രെയിനര്‍മാര്‍! രാപ്പകല്‍ ഭേദമില്ലാതെ അതിന് അവര്‍ സദാ സന്നദ്ധരുമായിരിക്കും. പ്രതിഫലമായി അവര്‍ക്ക് വേണ്ടത് ഹാജിമാരുടെ പ്രാര്‍ഥനകള്‍ മാത്രം!
കരിപ്പൂര്‍ വഴി പോകുന്ന ഹാജിമാര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വെച്ചാണ് കുത്തിവെപ്പ് നടത്തേണ്ടത്. നേരത്തെ എത്തണമെന്ന് ട്രെയിനര്‍ തലേദിവസം വിളിച്ചു പറഞ്ഞിരുന്നു. കാലത്ത് ഏഴു മണിക്ക് തന്നെ ട്രെയിനര്‍മാരും വളണ്ടിയര്‍മാരും സജീവമാണ്.
ആശുപത്രി വളപ്പിലുളള പ്രത്യേക കെട്ടിടത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി കുത്തിവെപ്പിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം കൗണ്ടറുകള്‍. മുന്‍കൂട്ടി ടോക്കന്‍ കൊടുക്കുന്നത് കൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല.
ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ ആശുപത്രി ജീവനക്കാര്‍ ഹാജിമാരോട് വളരെ മാന്യമായാണ് പെരുമാറുന്നത്. ആരോഗ്യ സ്ഥിതിയും കുത്തിവെപ്പിന്റെ വിശദ വിവരങ്ങളുമടങ്ങിയ ‘ഹെല്‍ത്ത് കാര്‍ഡ്’ ഔദ്യോഗിക സീല്‍ വെച്ച് ഓരൊ ഹാജിക്കും നല്കും. അത് സൂക്ഷിക്കേണ്ടതും സഊദി എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് സമര്‍പ്പിക്കേണ്ടതുമാണ്.