29 Friday
November 2024
2024 November 29
1446 Joumada I 27

ഹജ്ജിന്റെ മാസം


ഇസ്‌ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ്ജ് കര്‍മത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്ക ലക്ഷ്യമാക്കി നിരവധി പേരാണ് യാത്ര തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഹജ്ജ് തീര്‍ത്ഥാടനം എന്ന ആത്മീയ യാത്രയുടെ പശ്ചാത്തലത്തിലാണിപ്പോഴുള്ളത്. സ്വീകരിക്കപ്പെടുന്ന ഹജ്ജിന് സ്വര്‍ഗമാണ് പ്രതിഫലമെന്നും സാധ്യമാകുന്ന എല്ലാ മുസ്‌ലിംകളും ഹജ്ജ് നിര്‍വഹിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
വന്‍പാപങ്ങളും തെമ്മാടിത്തരവും ഇല്ലാതെ നിഷ്‌കളങ്കമായ വിധത്തില്‍ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തി ജനിച്ചുവീണ കുഞ്ഞിന്റെ പരിശുദ്ധിയോടെയാണ് തിരികെ വരുന്നത്. ആത്മീയ യാത്രയുടെ ഫലപ്രദമായ വഴികളിലൊന്നാണ് തീര്‍ഥാടനം. ഹജ്ജ് തീര്‍ത്ഥാടനം കേവലം ഒരു ശാരീരിക യാത്രയല്ല; മുഹമ്മദ് നബിയില്‍ അവസാനിക്കുന്ന പ്രവാചക പരമ്പരയില്‍ ഇബ്‌റാഹീം നബി, ഇസ്മാഈല്‍ നബി തുടങ്ങിയവരുടെ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന ചരിത്രം കൂടിയാണത്. മില്ലത്തു ഇബ്‌റാഹീം എന്ന പ്രയോഗം തന്നെ ഇസ്‌ലാമിക പ്രമാണങ്ങളിലുണ്ട്.
ആ മില്ലത്തിന്റെ പാരമ്പര്യവും ചരിത്രവും ആദര്‍ശനിഷ്ഠയും വക്രതയില്ലാതെ തലമുറകളിലേക്ക് പ്രവഹിക്കുന്ന അനുഭവം കൂടിയാണ് ഹജ്ജ്. മുഹമ്മദ് നബി (സ) പഠിപ്പിച്ച ഹജ്ജിന്റെ കര്‍മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചേടത്തോളം അതിന്റെ ഓരോ കര്‍മങ്ങളിലും ഇബ്‌റാഹീം നബിയുടെ ചരിത്രം ഉല്ലേഖനം ചെയ്തതായി കാണാം. അല്ലാഹുവിനോട് സാമീപ്യം തേടാനും ആത്മാവിന്റെ ശുദ്ധീകരണം നടത്താനും സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭമാണ് ഹജ്ജ്.
ഇസ്‌ലാമിലെ സല്‍ക്കര്‍മങ്ങള്‍ പലതും വ്യത്യസ്ത രൂപത്തിലുള്ളതാണ്. അവ പ്രതിഫലത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഒരുപോലെയല്ല. മനുഷ്യായുസ്സ് ചെറുതാണെന്നത് കൊണ്ട് തന്നെ കര്‍മങ്ങളുടെ ഈ റാങ്കിംഗ് മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്. ശ്രേഷ്ഠമായ കര്‍മങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അത് സഹായിക്കും.
അല്ലാഹുവിനോട് സാമീപ്യം തേടാനും കൂടുതല്‍ അടുക്കാനും അത് വിശ്വാസികളെ പ്രാപ്തമാക്കും. ഒരിക്കല്‍, പ്രവാചകനോട് ഏത് കര്‍മമാണ് നല്ലതെന്ന് ചോദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസമാണ്. വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദാണ്. വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: മബ്‌റൂറായ ഹജ്ജ് ആണ്. ഈ ഹദീസിനെ മുന്‍നിര്‍ത്തി പണ്ഡിതന്മാര്‍ പറയുന്ന ഒരു കാര്യമുണ്ട്. ആരാധനകള്‍ക്ക് ഇങ്ങനെ പദവി നല്‍കുന്നത് ഓരോ കര്‍മത്തിന്റെയും സ്വഭാവമനുസരിച്ചാണ്.
ഓരോ സത്കര്‍മവും പരിശോധിച്ചാല്‍ അതിന് വേണ്ടി നടത്തേണ്ട പരിശ്രമത്തെ മനസ്സിലാക്കാനാവും. നമസ്‌കാരത്തിന് വേണ്ടത് ശരീരത്തിന്റെ പരിശ്രമമാണ്. നോമ്പും അതുപോലെ തന്നെ. എന്നാല്‍ ഹജ്ജ് ഒരേ സമയം സമ്പത്തും ആരോഗ്യവും ആവശ്യപ്പെടുന്ന ആരാധനയാണ്. അതുകൊണ്ടാണ് അത് ശ്രേഷ്ഠമായ പദവിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്.
ഹജ്ജിന്റെ കര്‍മങ്ങള്‍ ഓരോന്നും പ്രതീകാത്മകവും കൂടിയാണ്. ത്വവാഫ് അഥവാ കഅ്ബയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ അത് ജീവിതത്തിന്റെ ശാശ്വതമായ ചക്രത്തെക്കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. സഫയുടെയും മര്‍വയുടെയും ഇടയിലുള്ള സഅ്‌യ്; ഇബ്‌റാഹീം നബിയുടെ പത്‌നി ഹാജര്‍, തന്റെ കുഞ്ഞുമകന്‍ ഇസ്മാഈലിനായി വെള്ളം തേടി നടത്തിയ പരിശ്രമത്തെ ഓര്‍മിപ്പിക്കുന്നു. അറഫയിലെ നില്‍പ്പ് ദൈവിക സമര്‍പ്പണത്തിന്റെയും വിശ്വമാനവികതയുടെയും പ്രഖ്യാപനമാണ്. ജംറയില്‍ കല്ലെറിയുന്നത് പ്രലോഭനങ്ങളോടുള്ള തിരസ്‌കരണമാണ്.
ഹജ്ജ് യാത്രയ്ക്കിടെ അനുഭവിക്കേണ്ടി വരുന്ന കഠിനമായ ശാരീരിക വെല്ലുവിളികള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളുടെയും ക്ലേശങ്ങളുടെയും ഒരു രൂപകമായി കാണാന്‍ സാധിക്കണം. ഭൂരിഭാഗം വിശ്വാസികളെ സംബന്ധിച്ചേടത്തോളം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിക്കുന്ന ആരാധനയാണ് ഹജ്ജ്. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ ചൈതന്യവും ആത്മാവും സ്വയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ അല്ലാഹുവിന്റെ അതിഥികളായി പുറപ്പെട്ട ഹാജിമാര്‍ക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Back to Top