1 Tuesday
July 2025
2025 July 1
1447 Mouharrem 5

കണ്‍നിറയെ മസ്ജിദുന്നബവി ഹജ്ജ് അനുഭവം – 8

എന്‍ജി. പി മമ്മദ് കോയ

സാധാരണ മസ്ജിദുന്നബവിയുടെ വളരെയടുത്താണ് ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കാറ്. രണ്ട് മിനുട്ട് നടന്നാല്‍ ഹറമിലെത്താനുള്ള ദൂരമെ ഉണ്ടാകാറുള്ളൂ, എന്നാല്‍ ഞങ്ങള്‍ക്ക് താമസ സ്ഥലം ലഭിച്ചത് ഒരു കിലോമീറ്റര്‍ ദൂരത്താണ്. നേരെ നടന്നാല്‍ മസ്ജിദുന്നബവിയുടെ 26-ാം നമ്പര്‍ കവാടത്തിലേക്കാണ് എത്തുക. ഫഌറ്റിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ ദൂരെ പച്ച കുബ്ബയും അറ്റം കൂര്‍ത്ത മിനാരവും വശ്യ സുന്ദരമായ മസ്ജിദുന്നബവിയുടെ വിദൂര ദൃശ്യവും കാണാനായി. പുണ്യ റസൂല്‍ അന്ത്യവിശ്രമം കൊള്ളുന്ന കെട്ടിടത്തിന്റെ മുകളിലാണ് ആ പച്ച കുബ്ബയും മിനാരവും. യഥ്‌രിബിന്റെ കാലാന്തരങ്ങളിലൂടെയുളള ചരിത്ര സാക്ഷ്യമായി അവ ഇന്നും ഉയര്‍ന്ന് നില്ക്കുന്നു.
റസൂലിന്റെ(സ) പാദസ്പര്‍ശമേറ്റ് പുളകിതമായ മണ്ണിലൂടെയാണ് ഞങ്ങള്‍ നടക്കുന്നത്! പതിനാല് നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ അന്തരീക്ഷത്തിലെ ആത്മീയ സാന്നിധ്യം ഏതൊരു വിശ്വാസിയും തിരിച്ചറിയുന്നു. മനസ്സുകള്‍ തരളിതമാകുന്നു!
പ്രബോധനത്തിന്റെയും രാഷ്ട്ര സ്ഥാപനത്തിന്റെയും ത്യാഗോജ്ജ്വലമായ കഠിനാധ്വാനത്തിന്റെ കഥകള്‍ പറയുന്ന യഥ്‌രിബ് നഗരം! സ്വന്തം നാടും സ്വത്തുക്കളും ബന്ധുക്കളെയും വിട്ട് ആദര്‍ശത്തിന് വേണ്ടി ജന്മനാട്ടില്‍ നിന്ന് പാലായനം ചെയ്ത മുഹാജിറുകളുടെയും അവര്‍ക്കഭയം കൊടുത്ത അന്‍സാരികളുടെയും ചുടു നിശ്വാസങ്ങള്‍ അലിഞ്ഞുചേര്‍ന്ന അന്തരീക്ഷം ഒരു ജനതതിക്കു മുഴുവനും സന്മാര്‍ഗം കാണിക്കാന്‍ പുണ്യറസൂലും അനുചരന്മാരും അനുഭവിച്ച ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മയിലൂടെ മിന്നി മറയുമ്പോള്‍ എന്റെ കണ്ണുകള്‍ സജലങ്ങളാകുന്നു.
അനേകം വഴിദൂരം താണ്ടി മക്കയില്‍ നിന്ന് മദീനയുടെ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഖുബാ പ്രദേശത്തെത്തിയ പ്രവാചകരെ യഥ്‌രിബ് നിവാസികള്‍ ദഫ് മുട്ടിയും പാട്ടുപാടിയും സ്വീകരിച്ച രംഗം! ബനൂ സാലിമിലെ ആദ്യത്തെ ജുമുഅ, മസ്ജിദുന്നബവിയുടെ നിര്‍മ്മാണം, അനുയായികളുടെ കൂടെ ഈന്തപ്പനത്തടി ചുമന്ന് അധ്വാനിക്കുന്ന പരിശുദ്ധ പ്രവാചകന്റെ ഓര്‍മ്മകള്‍!
‘അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ്’ ഹബീബായ എന്റെ റസൂലിന് നേരിട്ട് സലാം പറയാന്‍ പോകുകയാണ്. മനസ്സില്‍ സന്തോഷത്തിന്റെയും ആദരവിന്റെയും സമ്മിശ്ര വികാരം!
പരസ്പരം കലഹിച്ചിരുന്ന ഔസ്, ഖസ്‌റജ് ഗോത്രങ്ങളെ സാഹോദര്യത്തിന്റെ ശക്തമായ പാശത്താല്‍ ഗാഢമായി ബന്ധിപ്പിച്ച അപൂര്‍വ്വ നൈപുണ്യത്തിന്റെ ഉടമയായിരുന്നു പ്രവാചകന്‍. ബദര്‍, ഉഹ്ദ്, ഖന്‍ദഖ്, യുദ്ധങ്ങള്‍! ഹുദയ്ബിയ സന്ധി! മനസ്സിലൂടെ ഇസ്ലാമിക ചരിത്രത്തിന്റെ ദശാ സന്ധികള്‍ മിന്നി മറയുന്നു.
ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ഹറമിന്റെ കവാടത്തിലെത്തിയത് മഴ വര്‍ഷിക്കുമ്പോള്‍ താഴ്‌വരകളിലേക്കുള്ള ജലപ്രവാഹം പോലെ മസ്ജിദുന്നബവിയുടെ ചുറ്റുമതിലിന്റെ 39 കവാടങ്ങളിലേക്കും സായാഹ്ന പ്രാര്‍ഥനക്ക് ആളുകള്‍ പ്രവഹിച്ച് തുടങ്ങിയിരിക്കുന്നു. ഹജ്ജ് സീസണില്‍ നമസ്‌കാര സമയത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ തുടങ്ങുന്നതാണ് ആകര്‍ഷണീയമായ ഈ കാഴ്ച.
അല്ലാഹു അക്ബര്‍, അല്ലാഹുവേ നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്ന് തരേണമേ….! – സാധാരണ പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഉരുവിടുന്ന പ്രാര്‍ഥനാ വാചകങ്ങള്‍ തന്നെ ചൊല്ലി മസ്ജിദുന്നബവിയുടെ പരിപാവനമായ പ്രവേശന കവാടത്തിലേക്ക് പ്രവേശിച്ചു.
പാദരക്ഷകള്‍ സൂക്ഷിക്കാന്‍ ഒരു തുണിസഞ്ചി കരുതിയിരുന്നു. മറ്റു പള്ളികളെപ്പോലെ പുറത്ത് അഴിച്ചു വെച്ചാല്‍ തിരിച്ചു വരുമ്പോള്‍ അവ കണ്ടെന്ന് വരില്ല. കാരണം ഓരോ പതിനഞ്ചു മിനിട്ടിലും പരിസരം വൃത്തിയാക്കുന്ന സംവിധാനമുണ്ട്. അതുകൊണ്ട് അവ ചപ്പുചവറുകളുടെ കൂട്ടത്തില്‍ വേസ്റ്റ് ബിന്നിലെത്താന്‍ സാധ്യതയുണ്ട്. ചെരുപ്പുകള്‍ തുണി സഞ്ചിയില്‍ സൂക്ഷിച്ച് അകത്തുള്ള ചെരുപ്പ് റാക്കുകളില്‍ സൂക്ഷിക്കാവുന്നതാണ്. മസ്ജിദിന്റെ പ്രവേശന വഴികളിലും അകത്തളങ്ങളില്‍ തൂണുകളോട് ചേര്‍ന്ന് നടവഴിയുടെ ഇരുവശങ്ങളിലും ഇത്തരം ഷെല്‍ഫുകളുണ്ട്. ഓരോ ഷെല്‍ഫിനും നമ്പറുകളുമുണ്ട്. അവിടെ ചെരുപ്പുകളും ഷൂവും സുരക്ഷിതമാണ്. നമ്പര്‍ ഓര്‍മ്മിക്കുകയോ മൊബൈല്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തുവെക്കുകയോ ചെയ്യണം. കാരണം പരിശുദ്ധ പള്ളിയുടെ പാസ്സേജുകളും തൂണുകളും എല്ലാം ഒരെപോലെയാണ്. കവാടങ്ങളുടെയും കാര്‍പെറ്റിന്റെയും ഇടനാഴികളുടെയും സാമ്യം നമ്മെ സംഭ്രമത്തിലാക്കും.
യാത്രകളില്‍ ഉപയോഗിക്കാന്‍ ചെരിപ്പിനേക്കാളും നല്ലത് സ്‌പോര്‍ട്ട്‌സ് സ്‌നീക്കേര്‍സ് ആണ്. കനം കുറഞ്ഞ ഉപയോഗിക്കാന്‍ സുഖമുള്ള ഷൂ ആണിത്. അതോടൊപ്പം ഒരു ജോടി ചെരുപ്പും കരുതുന്നത് നല്ലതാണ്.
സ്ത്രീകള്‍ക്ക് പ്രവേശന കവാടവും പ്രാര്‍ഥനാ സ്ഥലവും വേര്‍തിരിച്ച് സംവിധാനിച്ചിട്ടുണ്ട്. ഉമറിബ്‌നുല്‍ ഖത്താബ്(റ) ആണ് ആദ്യമായി മസ്ജിദുന്നബവിയുടെ കിഴക്ക് ഭാഗത്ത് സ്ത്രീകള്‍ക്കായി പ്രത്യേക വാതില്‍ നിര്‍മിച്ചത്; ബാബുന്നിസ്സാഅ്! ഇപ്പോള്‍ ഏതാണ്ട് 24,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുളള സ്ഥലം സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സൗകര്യപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി അനേകം പ്രവേശന കവാടങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ വാതിലുകള്‍ക്കും ഇരുവശങ്ങളില്‍ ആഗതരെ നിരീക്ഷിക്കാനും പരിശോധിക്കാനും സുരക്ഷാ ജീവനക്കാരുണ്ട്. അതോടൊപ്പം വളരെ ശക്തമായ നിരീക്ഷണ ക്യാമറകളും. ചെരുപ്പ് ഷെല്‍ഫിനോടനുബന്ധിച്ച് പ്രവേശന കവാടത്തിലും പാസ്സേജില്‍ അവിടവിടങ്ങളായും ചെറിയ കസേരകള്‍ തൂക്കിയിടാനുള്ള സ്റ്റാന്റുകളും സംവിധാനിച്ചിട്ടുണ്ട്. അവശരായവര്‍ക്കും മുട്ടുവേദനയുള്ളവര്‍ക്കും ഇരുന്ന് നമസ്‌കരിക്കാനുള്ള വളരെ കനം കുറഞ്ഞ ചെറു കസേരകള്‍! ഹാജിമാരില്‍ പലരും ഇതുപോലുള്ള കസേരകള്‍ വാങ്ങി പളളിയിലേക്ക് സമര്‍പ്പിക്കാറുണ്ട്.
എല്ലാ ഇടനാഴികളിലും സംസം നിറച്ച ചെറിയ ജാറുകള്‍ നിര നിരയായി സ്ഥാപിച്ചിട്ടുണ്ട്. തണുത്ത സംസം വെള്ളമാണ് ഭൂരിഭാഗവും! ഇടക്ക് ചഛഠ ഇഛഘഉ (തണുക്കാത്തത്) എന്നെഴുതിയ ടാങ്കുകളുമുണ്ട്. ഈ ചെറു ജാറുകള്‍ക്ക് താഴ്ഭാഗത്ത് ഒരു ചെറിയ ടാപ്പും ഇരുവശത്തും ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ കപ്പുകള്‍ നിക്ഷേപിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. നാല്പതും അമ്പതും ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നിന്ന് കയറി വരുന്ന ഏതൊരു ഹാജിയും തണുത്തവെള്ളം കുടിക്കാനാണ് ആഗ്രഹിക്കുക. എന്നാല്‍ തണുപ്പില്ലാത്ത വെള്ളം കുടിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധ ഉപദേശം. ആ ഉപദേശം ചെവികൊള്ളാതെ തണുത്തതും മിക്‌സ് ചെയ്തതുമായ സംസം കുടിച്ചതിന്റെ തിക്ത ഫലം അനുഭവിച്ച കഥ വേറെ.
വെള്ളം നിറച്ചുവെച്ച ജാറിന്റെ വലത് വശത്താണ് ഉപയോഗിക്കാത്ത ഗ്ലാസ്സുകള്‍ അടുക്കി വെച്ചിരിക്കുന്നത്. ഇടത് ഭാഗത്ത് ഉപയോഗിച്ച ഗ്ലാസ്സുകള്‍ കമിഴ്ത്തി വെക്കേണ്ട രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. അധിക വെള്ളവും ഗ്ലാസ്സില്‍ ബാക്കി വരുന്ന വെള്ളവും ശേഖരിക്കാനുള്ള ഒരു പാത്രവും ഓരോ ജാറിന്റെ അടിയിലുമുണ്ട്. വളരെ ബുദ്ധിപൂര്‍വമായ സംവിധാനവും മുന്നറിയിപ്പുമൊക്കെയുണ്ടെങ്കിലും ചില ഹാജിമാര്‍ നേരെ തിരിച്ച് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കാണാം. മഹാമാരികളും പകര്‍ച്ചവ്യാധികളും തടയാന്‍ ദീര്‍ഘ വീക്ഷണമുള്ള സൗകര്യങ്ങളാണ് അധികൃതര്‍ മസ്ജിദുന്നബവിയില്‍ ചെയ്തു വച്ചിരിക്കുന്നത്. എന്നാലും ആ കുടിവെള്ള ജാറില്‍ നിന്ന് പോലും അംഗശുദ്ധി വരുത്തുന്ന വിരുതന്മാരായ ഹാജിമാരുണ്ട്. ഇവരൊക്കെ വലിയ തലവേദനയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കുണ്ടാക്കുന്നത്.
ക്ലാസിക്കല്‍ ഇസ്‌ലാമിക് ശില്പകലയുടെയും ആധുനിക ശില്പകലയുടെയും ഒരു സമന്വയ സമ്മേളനമാണ് മസ്ജിദിന്റെ അകത്തളങ്ങള്‍. മൊത്തം പ്രാര്‍ഥനാ സ്ഥലത്തെ അനേകം സമചതുരങ്ങളായി തൂണുകളാല്‍ ഭാഗിച്ച് അവയ്ക്ക് മുകളില്‍ ഇരുത്തിയ മനോഹരമായ കമാനങ്ങള്‍! നാലു തൂണുകള്‍ക്കിടയിലെ മച്ചില്‍ ഇസ്ലാമിക് ചിത്രകലയും അറബി കാലിഗ്രാഫികളും ചേര്‍ത്തു വിരചിതമായ നിറച്ചാര്‍ത്തുകള്‍! ഓരോ തൂണുകള്‍ക്ക് മുകളിലും സ്വര്‍ണ്ണം പൂശിയ പിച്ചള ഫലകങ്ങള്‍ കൊണ്ടുളള അലങ്കാരങ്ങള്‍.
തൂണുകളെല്ലാം വെളുവെളുത്ത ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ട് പൊതിഞ്ഞു ഭംഗിയാക്കിയിട്ടുണ്ട്. അതീവ ശില്പ ചാതുരിയോടെ നിര്‍മിച്ച അവയുടെ ഇരിപ്പിലൂടെയാണ് ശീതീകരിണിയുടെ ഇളം കാറ്റ് പ്രസരിക്കുന്നത്. അതിന് വേണ്ടിയാണ് ആ ഇരുപ്പുകളില്‍ സ്വര്‍ണ്ണം പൂശിയ ഭംഗിയുള്ള പിച്ചള ഗ്രല്ലുകള്‍ സ്ഥാപിച്ചത്. ഇടനാഴികളില്‍ നിന്ന് നാലുഭാഗത്തേക്ക് നോക്കിയാലും നിര നിരയായി നില്ക്കുന്ന തൂണുകളും ചാരുതയാര്‍ന്ന കമാനങ്ങളും അലങ്കാര വിളക്കുകളും കാണാം! ഹൃദ്യവും നയനാനന്ദകരവുമാണ് മസ്ജിദുന്നബവിയുടെ അകത്തളങ്ങള്‍.
പാസ്സേജുകളിലടക്കം ലോകോത്തര പരവതാനികള്‍ വിരിച്ചിട്ടുണ്ട്. അവയില്‍ പ്രാര്‍ഥനക്ക് അണിയൊപ്പിച്ചു നില്കാനുള്ള സൂചകങ്ങളും വരകളും.
അങ്ങു ദൂരെ തോരണങ്ങളും അലങ്കാര വിളക്കുകളും തൂക്കിയ മച്ച് കാണാം! തിരുദൂതരുടെ ഖബ്‌റിനും മിന്‍ബറിനും ഇടയിലുളള റൗദ്വാ ശരീഫ് എന്ന സ്ഥലമാണത്. നേരെ റൗദ്വയിലേക്ക് ചെന്ന് രണ്ട് റക്അത്ത് ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കാനും മതിവരുവോളം പ്രാര്‍ഥിക്കാനും തിരുദൂതരുടെ ഖബ്‌റിനരികിലെത്തി അഭിവാദ്യം ചെയ്യാനും മനസ്സ് വെമ്പുകയാണ്.
മസ്ജിദുന്നബവിയില്‍ കയറിയാല്‍ ആദ്യം ചെയ്യേണ്ടത് തഹിയ്യത്ത് നമസ്‌കാരം നിര്‍വ്വഹിക്കുകയാണ്. പള്ളിയില്‍ കയറിയാല്‍ രാജാധിരാജനായ അല്ലാഹുവിന് അടിമ നല്കുന്ന കാണിക്കയാണ് ആ നമസ്‌കാരം. രണ്ട് റക്അത്താണ് തഹിയത്ത് നമസ്‌കാരം. ആദ്യ റക്അത്തില്‍, സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യുന്നതാണ് ഉത്തമം.
സായാഹ്ന നമസ്‌കാരത്തിന് സമയമായി. മസ്ജിദുന്നബവി വിശ്വാസികളാല്‍ നിറഞ്ഞു തുടങ്ങി. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് വന്ന വിവിധ തരക്കാരായ വിശ്വാസികള്‍! കറുത്തവരും വെളുത്തവരും വിവിധ ഭാഷക്കാരും വ്യത്യസ്ത തരത്തിലും നിറത്തിലുമുളള വസ്ത്രമണിഞ്ഞവരും! എങ്കിലും എല്ലാവരുടെയും നാഥന്‍ ഒന്ന്. അല്ലാഹു സുബ്ഹാനഹു തആല! എല്ലാവരുടെയും പ്രവാചകന്‍ മുഹമ്മദ് റസൂലുല്ലാഹ്(സ). ഏക മാനവികതയുടെ മഹത്തായ പ്രഘോഷണം! വിഭാഗീയതയില്ലാത്ത സമത്വത്തിന്റെ അനന്യമായ പ്രഖ്യാപനം!
തഹിയ്യത്തു കഴിഞ്ഞ് പ്രാര്‍ഥനയിലായിരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്! ഊദിന്റെ അനിര്‍വചനീയമായ സുഗന്ധം! ലക്ഷക്കണക്കിന്, വിവിധ രാജ്യങ്ങളിലുളള മനുഷ്യര്‍ ഒത്തുകൂടിയ സ്ഥലത്ത് ഒരു തരത്തിലുമുള്ള ദുര്‍ഗന്ധമോ മലിനീകരണമോ ഇല്ല. മറിച്ച് സുഗന്ധ പൂരിതമായ അന്തരിക്ഷം! ക്ലീനിങ്ങ് തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം! നിലം വൃത്തിയാക്കുന്ന ഉപകരണങ്ങളും അണു വിമുക്തമാക്കുന്ന രാസ പദാര്‍ഥങ്ങളുമടങ്ങിയ വണ്ടികളുമായി വന്നു നിലവും കാര്‍പ്പറ്റും സദാ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഉപജീവനത്തിനുള്ള ജോലി എന്നതിന്നപ്പുറത്ത് ദൈവ മാര്‍ഗ്ഗത്തിലുള്ള ഒരു സേവനമായാണ് മദീന മുനവ്വറയിലെ ക്ലീനിങ്ങ് തൊഴിലാളികള്‍ അവരുടെ തൊഴിലിനെ കാണുന്നത്.

Back to Top