19 Friday
April 2024
2024 April 19
1445 Chawwâl 10

ഹജ്ജ്: ആത്മീയാനുഭവങ്ങളുടെ മൂര്‍ത്തീഭാവം

നദീര്‍ കടവത്തൂര്‍


ലോകത്ത് നിലവിലുള്ള പ്രധാന മതങ്ങളെല്ലാം ‘തീര്‍ഥാടനം’ പുണ്യ പ്രവര്‍ത്തിയായി കാണുന്നവയാണ്. ജീവിതത്തില്‍ ചെയ്തു പോയ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ശുദ്ധിയാവാനും ആഗ്രഹ സഫലീകരണത്തിനായും ഭൗതിക ജീവിതത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണമായി ആത്മസാക്ഷാത്കാരം കരസ്ഥമാക്കാനുമൊക്കെയാണ് ആളുകള്‍ തീര്‍ഥാടനം ചെയ്യാറുള്ളത്. മിക്ക തീര്‍ഥാടനങ്ങളും മതാചാര്യന്മാരുടെ ജന്മസ്ഥലമോ സമാധിസ്ഥലമോ ലക്ഷ്യമിടുന്നതാണ്. കൂടാതെ ഉദ്ദേശ്യ സഫലീകരണത്തിന് സാമ്പത്തികമോ ശാരീരികമോ ആയ ത്യാഗം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇസ്‌ലാമും തീര്‍ഥാടനം പുണ്യ പ്രവര്‍ത്തനമായി കാണുന്നു. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ എന്നീ മൂന്നു പള്ളികളിലേക്ക് മാത്രമേ പുണ്യം കാംക്ഷിച്ചു കൊണ്ടുള്ള യാത്ര ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഈ പള്ളികളൊന്നും ആരുടെയെങ്കിലും ജന്മസ്ഥലമോ ഖബ്‌റിടങ്ങളോ ആണെന്ന ധാരണയിലോ ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കോ മണ്ണിനോ പുണ്യമുണ്ടെന്ന വിശ്വാസത്തിന്റെയടിസ്ഥാനത്തിലോയല്ല ഈ യാത്രകളൊന്നും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചത്. മറിച്ച് ഇവിടങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ക്കാണ് ഇസ്‌ലാം പുണ്യം കല്പ്പിക്കുന്നത്.
ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതായ ഹജ്ജ് വിശ്വാസികളുടെ എക്കാലത്തെയും സ്വപ്‌നമാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരടക്കം ചെറിയ തുകകള്‍ സ്വരൂപിച്ച് ഹജ്ജെന്ന സ്വപ്‌നം പൂവണിയിക്കാറുണ്ട്. ഹജ്ജു ചെയ്തവര്‍ക്ക് സമൂഹത്തിനിടയില്‍ ലഭിക്കുന്ന പ്രത്യേക ആദരവ് പോലും ഈ പുണ്യകര്‍മത്തിനോടുള്ള ഇഷ്ടത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ആത്മീയാനുഭവങ്ങളുടെ മൂര്‍ത്തീഭാവമായി ഹജ്ജ് വിശ്വാസി മനസ്സുകളില്‍ ഇടംപിടിക്കാന്‍ പല കാരണങ്ങളുണ്ട്.

സവിശേഷമായ
ആരാധനാ കര്‍മം

ഇസ്‌ലാമിലെ നിര്‍ബന്ധമായ മറ്റു ആരാധനകളില്‍ നിന്ന് ഹജ്ജിന്ന് ധാരാളം വ്യത്യാസങ്ങളുണ്ട്. ലോകത്ത് ഒരിടത്തു വെച്ചു മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ പറ്റുകയുള്ളൂ. മുസ്‌ലിംകള്‍ അഞ്ചു നേരം തിരിഞ്ഞു നമസ്‌കരിക്കുന്ന കഅ്ബ സ്ഥിതി ചെയ്യുന്ന മക്കയാണ് ആ ഇടം. ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് വിശ്വാസിക്ക് ഹജ്ജ് നിര്‍ബന്ധമാവുന്നത്. അതു തന്നെയും പണം, ആരോഗ്യം, യാത്രാ സൗകര്യം തുടങ്ങി ഹജ്ജിനുള്ള ശേഷിയുണ്ടായാല്‍ മാത്രമേ അത് നിര്‍ബന്ധമായി മാറുന്നുള്ളൂ.
അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. അത് അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്, വിശിഷ്യാ ഇബ്രാഹീം നിന്ന സ്ഥലമുണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു” (വി.ഖു 3:96,97).
മിക്ക ആരാധനാ കര്‍മങ്ങള്‍ക്കും പറഞ്ഞിട്ടുള്ളതു പോലെ ഹജ്ജിന്റെ പ്രതിഫലവും, പാപമുക്തിയും സ്വര്‍ഗവും തന്നെയാണ്. നബി (സ) പറഞ്ഞു: ”ഒരു ഉംറ മുതല്‍ അടുത്ത ഉംറ വരെ അവയ്ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല” (ബുഖാരി).
മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ”വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ മാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും” (ബുഖാരി).
ഹജ്ജിന്റെ പുണ്യവും പാപമുക്തിയും സവിശേഷമാണ്. ഹജ്ജിന്റെ സവിശേഷതയായി നബി (സ) പറഞ്ഞ പിഞ്ചുകുഞ്ഞിനെപ്പോലെ നിഷ്‌കളങ്കമായ ഹൃദയവുമായി തിരിച്ചു വരാം എന്ന വാക്കുകള്‍ വിശ്വാസികള്‍ക്ക് വലിയ പ്രചോദനമായി മാറുന്നുണ്ട്. ശിശുഹൃദയവുമായി തിരിച്ചു വരണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഹജ്ജിനു പോവുന്നതിനു മുമ്പായി മറ്റുള്ളവരോട് ചെയ്ത പാപങ്ങള്‍ക്ക് ക്ഷമാപണം നടത്തി പുറപ്പെടുന്നത്. ഇങ്ങനെയൊക്കെ രൂപത്തിലും ഭാവത്തിലും പ്രതിഫലത്തിലും ഹജ്ജിനുള്ള വ്യതിരിക്തതകള്‍ ആത്മീയാനുഭൂതി സൃഷ്ടിക്കുന്നതില്‍ പ്രഥമ പങ്കുവഹിക്കുന്നു.
പവിത്ര ഗേഹം
ഹജ്ജ് നടക്കുന്നത് മക്കയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ്. അല്ലാഹു പവിത്രമാക്കിയ ഇടത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. പവിത്രത നിലനില്‍ക്കുന്നതിനാല്‍ തന്നെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില നിയന്ത്രണങ്ങള്‍ ഹറമിലുണ്ട്. യുദ്ധം നടത്തുവാനോ ഹറമിലെ മരങ്ങളോ ഒരു പുല്‍ക്കൊടി പോലുമോ പറിച്ചു കളയാനോ പാടില്ല. മനുഷ്യര്‍, ജീവജാലങ്ങള്‍, ചെടികള്‍ തുടങ്ങിയവയെല്ലാം അക്രമങ്ങളില്‍ നിന്ന് ഇവിടെ സുരക്ഷിതരാണ്. ഈ സുരക്ഷിതത്വം ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്: ”ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്” (വി.ഖു 3:96,97). കൂടാതെ ലോകത്തുള്ള മറ്റേത് പള്ളികളിലെ നമസ്‌കാരത്തേക്കാളും ഒരു ലക്ഷം ഇരട്ടി പ്രതിഫലം മസ്ജിദുല്‍ ഹറമിലെ നമസ്‌കാരത്തിനുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിക്കുകയും ചെയ്തു. ഈ മഹത്വവും വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലവും അങ്ങോട്ട് എത്തിപ്പെടാനുള്ള അതിയായ ആഗ്രഹമാണ് വിശ്വാസി മനസ്സുകളില്‍ സൃഷ്ടിക്കുന്നത്.
വിശ്വാസികള്‍ ചെറുപ്പം മുതല്‍ കേട്ട് വരാറുള്ള ഇബ്‌റാഹീം നബിയുടെ ചരിത്രത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് മക്ക. ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് ഈ ചരിത്രവുമായി ബന്ധമുണ്ട്. ഇബ്‌റാഹീമും ഇസ്മാഈലും(അ) പടുത്തുയര്‍ത്തിയ കഅ്ബയും ഹാജിര്‍(അ) വെള്ളത്തിനായി നെട്ടോട്ടമോടിയ സഫ മര്‍വയും തുടര്‍ന്ന് അല്ലാഹു കനിഞ്ഞു നല്‍കിയ സംസവും ഇബ്‌റാഹീം നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മഖാമു ഇബ്‌റാഹീമും ഒരു വിശ്വാസിക്ക് ചെറുപ്പം മുതല്‍ കേട്ട ചരിത്രത്തിന്റെ അനുഭവസാക്ഷാത്കാരം സമ്മാനിക്കുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം സ്വന്തത്തേക്കാള്‍ സ്‌നേഹിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ത്യാഗ്വോജ്ജലമായ പതിമൂന്ന് വര്‍ഷക്കാല മക്കാ ജീവിതത്തെക്കൂടി ഹറമും പരിസര പ്രദേശങ്ങളും ഓര്‍മപ്പെടുത്തുമ്പോള്‍ എങ്ങനെയാണ് ഒരു വിശ്വാസി ആത്മീയാനുഭൂതിയുടെ കൊടുമുടി കയറാതിരിക്കുക!.

തീര്‍ഥയാത്രാ പാഠങ്ങള്‍
അനുഭവങ്ങളാണ് ഏറ്റവും നല്ല അധ്യാപകര്‍ എന്നു പറയാറുണ്ട്. അനുഭവങ്ങള്‍ സമ്മാനിക്കാന്‍ യാത്രകള്‍ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഈ യാത്രകള്‍ ആത്മീയമായ തീര്‍ഥയാത്രകള്‍ കൂടിയാകുമ്പോള്‍ അവ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അനിര്‍വചനീയമാണ്. ഹജ്ജിനു വേണ്ടിയെത്തുന്ന ആളുകളുടെ യാത്രാ രൂപത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഇബ്‌റാഹീം നബിയോട് അല്ലാഹു പറഞ്ഞു: ”ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും”(വി.ഖു 22:27).
മുമ്പ് കാലങ്ങളില്‍ മക്കയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. കാല്‍നടയായും കടലിലെ തിരമാലകളോട് യുദ്ധം ചെയ്ത് കപ്പലുകളിലുമായിരുന്നു നമ്മുടെ നാട്ടില്‍ നിന്ന് ഹജ്ജിനു പോവാറുണ്ടായിരുന്നത്. തിരിച്ചു വരും എന്ന പ്രതീക്ഷയുടെ ഒരു നാമ്പു പോലും ഇല്ലാതെയായിരുന്നു ഈ യാത്ര. ഉറ്റവരോടും ഉടയവരോടും അന്ത്യയാത്ര പറഞ്ഞ് ഹജ്ജിനു പോവാനുള്ള ത്യാഗമനസ്സ് അന്ന് വിശ്വാസി സമൂഹം കാണിച്ചിരുന്നു എന്നത്, ഹജ്ജ് ഏതു രൂപത്തില്‍ വിശ്വാസി മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ്.
ഹജ്ജിനു വേണ്ടിയുള്ള യാത്രക്ക് ഒരുങ്ങുവാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു: ”ഹജ്ജിനു പോകുമ്പോള്‍ നിങ്ങള്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക”(വി.ഖു 2:197). സൂക്ഷ്മതയാണ് തയ്യാറാക്കേണ്ട ഏറ്റവും നല്ല വിഭവം എന്ന ഈ ഖുര്‍ആനിക വചനമാണ് പരിശുദ്ധ കര്‍മത്തിനു മുന്നോടിയായി ഹൃദയശുദ്ധി വരുത്തുവാന്‍ വിശ്വാസിക്ക് പ്രചോദനം. ഹലാലായ പണം മാത്രമൊരുമിച്ചു കൂട്ടി ഹജ്ജിനു വേണ്ടി ഒരുങ്ങുന്നതും യാത്രയ്ക്കു മുമ്പായി കടങ്ങള്‍ വീട്ടുന്നതും മാനസികമായോ ശാരീരികമായോ വേദനിപ്പിച്ചവരുടെയടുക്കല്‍ ചെന്ന് ക്ഷമാപണം നടത്തുന്നതും സൂക്ഷ്മതാ ബോധത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്.
ഇങ്ങനെ ഒരുങ്ങിപ്പുറപ്പെടുന്ന ഹാജിക്ക് ഹജ്ജ് സമ്മാനിക്കുന്നത് അനുഭവങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും തീക്ഷ്ണമായ പാഠങ്ങളാണ്. ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചവരുടെ കൂടെ മക്കയിലേക്കുള്ള യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരുടെ കൂടെ വൈജാത്യങ്ങളെയെല്ലാം കാറ്റില്‍ പറത്തി തൂവെള്ള വസ്ത്രം ധരിച്ച് ഒരൊറ്റ മുദ്രാവാക്യവുമായി പ്രപഞ്ച സ്രഷ്ടാവിന്റെ കാരുണ്യത്തിനു വേണ്ടിയുള്ള തേട്ടം. കൃത്രിമമായി ഉണ്ടാക്കിയെടുത്ത അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് വിശാലമായ ആകാശത്തിനു കീഴില്‍ ദൈവത്തിന്റെ അടിമകള്‍ മാത്രമാണെന്ന തിരിച്ചറിവിലേക്ക് മനസ്സും ശരീരവും അര്‍പ്പിച്ച് ഹാജിമാര്‍ നടന്നു കയറുമ്പോള്‍ ഭൗതിക ജീവിതത്തിന്റെ മുഴുവന്‍ ആകര്‍ഷതകളും ആഗ്രഹങ്ങളും അവരുടെ ചിന്തകളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകും.
ഹജ്ജ് സമ്മാനിക്കുന്ന ഈ ആത്മീയാനുഭവങ്ങളുടെ ആഴം വളരെ വലുതാണ്. ശിഷ്ട ജീവിതത്തില്‍ ഹാജിമാര്‍ കാണിക്കുന്ന സൂക്ഷ്മതയും ശ്രദ്ധയും മാത്രം മതി ഇതിനുദാഹരണമായി. ഒരിക്കല്‍ ഹജ്ജ് ചെയ്തവര്‍ വീണ്ടും ഹജ്ജ് ചെയ്യാനോ അല്ലെങ്കില്‍ ഉംറ ചെയ്‌തെങ്കിലും മക്കയിലേക്ക് എത്താനോ കാണിക്കുന്ന അടങ്ങാത്ത ആവേശം അവരനുഭവിച്ച ആത്മീയ മാധുര്യത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്.
തങ്ങളുടെ അനുഭവങ്ങളും തിരിച്ചറിവുകളും മറ്റുള്ളവര്‍ക്ക് കൂടി പകര്‍രണമെന്ന ഉദ്ദേശ്യത്തില്‍ അവ വിവിധ സാഹിത്യരൂപങ്ങളിലേക്ക് പകര്‍ത്തുന്നതിന്റെ പിന്നിലെ കാരണങ്ങളും മറ്റൊന്നല്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x