ഹജ്ജ് യാത്രാ സാഹിത്യം
ഐപ്പു കല്ലുരുട്ടി
ഡോ. സൈഫുദ്ദീന്‍ കുഞ്ഞിന്റെ ‘ഹജ്ജ് യാത്രാ സാഹിത്യം’ (ലക്കം 47) ശ്രദ്ധയോടെ വായിച്ചു. പ്രസ്തുത ലേഖനത്തിലെ പ്രതിപാദ്യ വിഷയത്തോടുള്ള പ്രത്യേക താല്‍പര്യം കൊണ്ടും യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്നതു കൊണ്ടുമാണ് ഒന്നല്ല രണ്ടു വട്ടം വായിച്ചത്. ഹജ്ജ് യാത്രയയപ്പ് വേളകളില്‍ സ്ഥിരമായി ഹാജിമാരോട് പേനയും കടലാസും കരുതാനും കാഴ്ചകളും കേള്‍വികളും അനുഭവങ്ങളും കുറിച്ചുവെക്കാനും ഓര്‍മപ്പെടുത്തുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. അത്തരം കുറിപ്പടികളൊക്കെയാവുമല്ലോ ഗഹനമായ കൃതികളായി പിന്നീട് വെളിച്ചം കാണുക. മലയാളത്തിലെ ഹജ്ജ് യാത്രാനുഭവങ്ങള്‍ പലതും വായിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ മുന്‍ ചീഫ് എഞ്ചിനീ യര്‍ ടി പി കുട്ട്യാമു സാഹിബിന്റെ ‘എന്റെ ഹജ്ജ് യാത്ര’യോളം മനസ്സില്‍ തട്ടിയ വേറൊരു കൃതി വായിച്ചിട്ടില്ല. ഇപ്പോള്‍ അതു ലഭ്യമാണോ എന്നും അറിയില്ല.