29 Friday
November 2024
2024 November 29
1446 Joumada I 27

ഹജ്ജ്-ഉംറ യാത്രകള്‍ക്ക് മഹ്‌റം നിര്‍ബന്ധമോ?

സയ്യിദ് സുല്ലമി


സ്ത്രീകള്‍ക്ക് ഹജ്ജിനു പോകാന്‍ മഹ്‌റം അഥവാ അവളുടെ രക്ഷാകര്‍തൃത്വമുള്ള, സംരക്ഷണം നല്‍കുന്ന, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടയാള്‍ നിര്‍ബന്ധമാണെന്ന് ചിലര്‍ പറയുന്നു. ഒരു മുസ്‌ലിം വനിതയ്ക്ക് ആരോഗ്യവും സമ്പത്തുമുണ്ട്, മക്കയിലേക്ക് പോയി ഹജ്ജ് ചെയ്തുവരാനുള്ള വാഹനസൗകര്യവുമുണ്ട്, എങ്കിലും അവള്‍ക്ക് കൂടെ മഹ്‌റമില്ലെങ്കില്‍ ഹജ്ജ് അവരുടെ മേലില്‍ നിര്‍ബന്ധമാവില്ല എന്നാണ് അവരുടെ ഭാഷ്യം. അവര്‍ക്ക് മഹ്‌റം ഹജ്ജിന് ശര്‍ത്താണ് എന്നു വാദിക്കുന്നു. അങ്ങനെ നിര്‍ബന്ധമായ ഹജ്ജ് കര്‍മം ചെയ്യാതെ അവര്‍ ജീവിച്ചു മരിച്ചുപോകുന്നു.
ഒരു മുസ്‌ലിം വനിതയ്ക്ക് യാത്ര ചെയ്യണമെങ്കില്‍ മഹ്‌റം അനിവാര്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ഹദീസില്‍ വന്ന ഒരു വചനം ഇപ്രകാരമാണ്: അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ”റസൂല്‍(സ) പറഞ്ഞു: തന്റെ പിതാവോ പുത്രനോ ഭര്‍ത്താവോ സഹോദരനോ അല്ലെങ്കില്‍ മഹ്‌റമായ ഒരാളോ കൂടെയില്ലാതെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വനിതയ്ക്ക് മൂന്നു ദിവസമോ അതില്‍ കൂടുതലോ വരുന്ന യാത്ര ചെയ്യല്‍ അനുവദനീയമല്ല” (മുസ്‌ലിം 1340).
ഈ വചനത്തിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. മഹ്‌റം ഇല്ലാതെ പരമാവധി മൂന്നു ദിവസമേ അവള്‍ക്ക് യാത്ര ചെയ്യാവൂ. പക്ഷേ, സ്ത്രീകള്‍ക്കു നേരെ അക്രമത്തിനോ അപകടത്തിനോ സാധ്യതയുണ്ടെങ്കില്‍, ഫിത്‌ന ഭയക്കുന്നുവെങ്കില്‍ മൂന്നു ദിവസമെന്നല്ല ഒരു ദിവസമോ ഒരു മണിക്കൂറോ പോലും യാത്ര ചെയ്യാവതല്ല. അവളുടെ അഭിമാനവും അന്തസ്സും ശരീരവും രക്തവും സമ്പത്തുമെല്ലാം നിര്‍ബന്ധമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അക്രമങ്ങള്‍ക്ക് സ്വയം വിധേയനായിക്കൊടുക്കുക എന്നത് ഇസ്‌ലാം നിഷിദ്ധമായി കാണുന്നു. അതിനാല്‍ മഹ്‌റമാണെങ്കിലും അദ്ദേഹം വിശ്വസ്തനായിരിക്കണം. ഗാര്‍ഹിക പീഡനം എന്ന പേരില്‍ സംഭവിക്കുന്ന പലതും ബന്ധുക്കള്‍ നടത്തുന്ന അക്രമമാണല്ലോ. അതിനാല്‍ തന്നെ സ്ത്രീയുടെ സംരക്ഷണം ഉറപ്പാക്കുന്ന മഹ്‌റം കൂടെ ഉണ്ടാവണം. കേവലം മഹ്‌റം ആയാല്‍ പോരാ. ഒരു വിശ്വാസിനിയുടെ പൊതുയാത്രയ്ക്ക് ഇതാണ് മാനദണ്ഡം.
നബി(സ) പറഞ്ഞു: ”അദിയ്യ്, നീ ഹീറ എന്ന സ്ഥലം കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല. അങ്ങനെ എനിക്ക് അതിനെക്കുറിച്ച് വിവരം ലഭിച്ചു. അദ്ദേഹം പറഞ്ഞു: നിനക്ക് ദീര്‍ഘായുസ്സ് ഉണ്ടായാല്‍ ഹീറയില്‍ നിന്ന് ഒരു വനിത ഒറ്റയ്ക്ക് വാഹനപ്പുറത്ത് കയറി അല്ലാഹുവിനെയല്ലാതെ ഒരാളെയും ഭയക്കാതെ യാത്ര ചെയ്തു വന്ന് കഅ്ബ ത്വവാഫ് ചെയ്യുന്നത് നീ കാണുക തന്നെ ചെയ്യും.” (ബുഖാരി 3595).
ഹീറ ഇറാഖിലെ തെക്കുഭാഗത്തുള്ള നഗരമാണ്. കൂഫയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമുള്ള പ്രദേശം. രാവും പകലും മരുഭൂമിയിലൂടെയും മലയും താഴ്‌വരയുമൊക്കെ താണ്ടി ഒട്ടകപ്പുറത്ത് ഏകാന്തയായി ഒരു വനിത വന്നുകൊണ്ട് കഅ്ബ ത്വവാഫ് ചെയ്യുക എന്നതിന് ഇസ്‌ലാം അനുവാദം നല്‍കുന്നുവെങ്കില്‍ ഹജ്ജിനും ഉംറക്കും ഒരു സ്ത്രീക്ക് യാത്ര പോകാവുന്നതാണ്. പക്ഷേ, ഇസ്‌ലാമിന്റെ വളര്‍ച്ചയെ കുറിച്ചുള്ള കേവലം ഒരു പ്രഖ്യാപനം മാത്രമാണിതെന്നും അതിനാല്‍ ഇത് സ്ത്രീക്ക് മഹ്‌റം കൂടെയില്ലാതെ യാത്ര ചെയ്യാനുള്ള തെളിവല്ല എന്നെല്ലാം ചിലര്‍ പറയാറുണ്ട്. അത് അര്‍ഥശൂന്യമാണ്.
മഹ്‌റം കൂടാതെ പുറപ്പെട്ട സ്വഹാബിമാര്‍
പ്രവാചക പത്‌നിമാര്‍ ഇപ്രകാരം ഹജ്ജ് നിര്‍വഹിച്ചതായി ബുഖാരിയില്‍ വന്നിട്ടുണ്ട്. ഉമര്‍(റ) ഖലീഫയായിരുന്ന ഘട്ടത്തില്‍ അദ്ദേഹം അവസാനമായി ഹജ്ജ് ചെയ്ത സന്ദര്‍ഭത്തില്‍ നബി(സ)യുടെ പത്‌നിമാര്‍ക്ക് ഹജ്ജ് ചെയ്യാനായി അനുവാദം നല്‍കുകി. അവരോടൊപ്പം ഉസ്മാനുബ്‌നു അഫ്ഫാന്‍, അബ്ദുറഹ്‌മാനുബ്‌നു ഔഫ് തുടങ്ങിയവരെ അദ്ദേഹം നിയോഗിച്ചു (ബുഖാരി 1860).
ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു: ”നബിപത്‌നിമാരുടെ ഈ ഹജ്ജിന് പ്രഗത്ഭ സഹാബിമാരായ ഉമര്‍, ഉസ്മാന്‍, അബ്ദുറഹ്‌മാനുബ്‌നു ഔഫ്, പ്രവാചക പത്‌നിമാര്‍ തുടങ്ങിയവരുടെ ഏകാഭിപ്രായമുണ്ട്. അക്കാര്യത്തില്‍ മറ്റു സഹാബിമാരുടെ യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല” (ഫത്ഹുല്‍ബാരി).
മറ്റൊരു സഹാബിയായ ഇബ്‌നു ഉമറിന്റെ(റ) കൂടെ അയല്‍വാസികളായ സ്ത്രീകള്‍ ഹജ്ജ് ചെയ്തിരുന്നു. ഇക്കാര്യം ഇബ്‌നു ബത്വാല്‍ ബുഖാരിയുടെ വ്യാഖ്യാനഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹജ്ജും നിര്‍ബന്ധമായ സാഹചര്യങ്ങളും
സ്ത്രീക്ക് ഏതെങ്കിലും സന്ദര്‍ഭത്തില്‍ അനിവാര്യവും വളരെ അത്യാവശ്യവുമായ ഒരു സംഗതിക്ക് പുറത്തു പോകേണ്ട സാഹചര്യം സംജാതമാവുകയും ആ ഘട്ടത്തില്‍ അവള്‍ക്ക് മഹ്‌റം ഇല്ലാത്ത സാഹചര്യം വരുകയും മാര്‍ഗമധ്യേ ശാരീരിക ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലാതിരിക്കുകയും ചെയ്താല്‍ തനിച്ചു പോകാവുന്നതാണ്. അതുപോലെത്തന്നെ നിര്‍ബന്ധമായ ഹജ്ജ് യാത്രയ്ക്ക് ഒരു വനിതയെ സംബന്ധിച്ചിടത്തോളം വഴി സുരക്ഷിതമാണെങ്കില്‍ മഹ്‌റം അനിവാര്യ ഘടകമല്ല. മഹ്‌റമില്ലാതെ അവര്‍ക്ക് അതിനായി പുറപ്പെടാന്‍ സാധിക്കും. ”സത്യനിഷേധത്തിന്റെ രാജ്യത്തു നിന്ന് ഒരു വനിത മുസ്‌ലിമായാല്‍ അവള്‍ ഇസ്‌ലാമിക രാജ്യത്തേക്ക് മഹ്‌റമില്ലാതെ പലായനം ചെയ്യണം, അപ്രകാരം അവളുടെ മേല്‍ നിര്‍ബന്ധമായ സംഗതികള്‍ക്ക് അവള്‍ പുറപ്പെടണം” (ഇബ്‌നു ബത്വാല്‍, ബുഖാരിയുടെ വ്യാഖ്യാനം).
സ്ത്രീയുടെ ഹജ്ജിന് മഹ്‌റം നിര്‍ബന്ധമോ?
സ്ത്രീയുടെ ഹജ്ജ് യാത്രയ്ക്ക് മഹ്‌റം ശര്‍ത്തല്ല അഥവാ നിബന്ധനയല്ല. ഇക്കാര്യം പല മഹത്തുക്കളും പറഞ്ഞിട്ടുണ്ട്. ഒരു വനിതയെ സംബന്ധിച്ചിടത്തോളം വഴി സുരക്ഷിതമാണെങ്കില്‍ മഹ്‌റം അനിവാര്യ ഘടകമല്ല. അബുല്‍ അബ്ബാസ് ഖുര്‍തുബി രേഖപ്പെടുത്തുന്നു: ”താബിഈ പണ്ഡിതന്മാരായ അത്വാഅ്, സഈദുബ്‌നു ജുബൈര്‍, പൂര്‍വസൂരികളില്‍പ്പെട്ട ഇബ്‌നു സീരീന്‍, ഔസാഈ, മാലിക്, ശാഫിഈ തുടങ്ങിയവര്‍ സ്ത്രീയുടെ യാത്രയ്ക്ക് മഹ്‌റം നിബന്ധനയല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ആഇശ(റ)യില്‍ നിന്ന് അപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു” (അല്‍മുഫ്ഹിം).
ഇബ്‌നു ഖുദാമ(റ) മുഗ്‌നിയില്‍ രേഖപ്പെടുത്തുന്നു: ഇമാം അഹ്‌മദിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച ശേഷം നിശ്ചയം നിര്‍ബന്ധമായ ഹജ്ജിന് സ്ത്രീക്ക് മഹ്‌റം നിബന്ധനയല്ല. ശാഫിഈ മദ്ഹബിലും പ്രസിദ്ധമായ അഭിപ്രായം മഹ്‌റം നിബന്ധനയല്ല എന്നതാണ്. ഇമാം നവവിയും ഇക്കാര്യം എഴുതി, മാത്രമല്ല നിബന്ധന അവളുടെ സുരക്ഷിതത്വമാണ് എന്നുകൂടി ഉണര്‍ത്തി. അതായത് മഹ്‌റം ഇല്ലെങ്കിലും ഹജ്ജ് യാത്രക്കുള്ള വഴി ഫിത്‌നയില്‍ നിന്ന് സുരക്ഷിതമായാല്‍ മതി.
ഭര്‍ത്താവിന്റെ അനുവാദം വേണോ?
ഏതൊരു യാത്രയായാലും ഒരു കുടുംബിനി ഭര്‍ത്താവിനോട് അനുവാദം വാങ്ങിയ ശേഷമേ പുറപ്പെടാവൂ. എന്നാല്‍ നിര്‍ബന്ധമായ ഹജ്ജ് യാത്രയ്ക്ക് ഭര്‍ത്താവിന്റെ അനുവാദം തേടിയിട്ട് അത് ലഭിച്ചില്ലെങ്കില്‍ പോലും അവള്‍ക്ക് പുറപ്പെടാവുന്നതാണ്. കാരണം നബി(സ) പറഞ്ഞു: ”അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഒരാള്‍ക്കും അനുസരണയില്ല. തീര്‍ച്ചയായും അനുസരണം നന്മയില്‍ മാത്രം” (ബുഖാരി 7257). കൂടാതെ ഒരു മുസ്‌ലിമായ സ്ത്രീയുടെ മേല്‍ വ്യക്തിപരമായ നിര്‍ബന്ധ കര്‍മത്തെക്കാള്‍ ഭര്‍ത്താവിന്റെ അവകാശത്തിന് മുന്‍ഗണന നല്‍കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല, നിര്‍ബന്ധമായ നമസ്‌കാരം, റമദാന്‍ നോമ്പ് എന്നിവ പോലെ. ഇങ്ങനെയുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്നു ഭാര്യയുടെ മേല്‍ ഭര്‍ത്താവിന്റെ അവകാശം എന്ന കാരണം കൊണ്ട് അവരെ തടയാന്‍ പാടില്ല. അപ്രകാരം തന്നെയാണ് നിര്‍ബന്ധമായ ഹജ്ജ് കര്‍മവും.
സ്ത്രീകളുടെ സംഘത്തോടൊപ്പം പോകല്‍
വനിതകള്‍ക്ക് ഹജ്ജിനു പോകാനായി കൂടെ മഹ്‌റം ഇല്ലെങ്കില്‍ വിശ്വസ്തരായ സ്ത്രീസംഘത്തിന്റെ കൂടെ പുറപ്പെടാവുന്നതാണ്. ഇത് മുന്‍കാല പണ്ഡിതാഭിപ്രായമാണ്: ഇബ്‌നു ബത്വാല്‍ രേഖപ്പെടുത്തുന്നു: ”ഇമാം മാലിക്, ഔസാഈ, ശാഫിഈ പറയുന്നു: ഒരു വനിതയ്ക്ക് നിര്‍ബന്ധമായ ഹജ്ജിന് മഹ്‌റമില്ലെങ്കിലും വിശ്വസ്തരായ കൂട്ടുകാരികളോടൊപ്പം പുറപ്പെട്ടുപോകാം. ഭൂരിപക്ഷം പണ്ഡിതന്മാര്‍ അത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌നു ഉമറിന്റെ(റ) കൂടെ അയല്‍വാസി സ്ത്രീകള്‍ ഹജ്ജ് ചെയ്യുമായിരുന്നു. അത്വാഅ്, സഈദുബ്‌നു ജുബൈര്‍, ഇബ്‌നു സീരീന്‍, ഹസനുല്‍ ബസരി തുടങ്ങിയവരുടെ അഭിപ്രായവും അതുതന്നെ” (ഇബ്‌നു ബത്വാല്‍, ബുഖാരിയുടെ വ്യാഖ്യാനം).
”വഴി സുരക്ഷിതമായാല്‍ വിശ്വസ്തരായ സ്ത്രീകളോടൊപ്പം സ്ത്രീക്ക് യാത്ര അനുവദനീയമാകുന്നു” (ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഫത്ഹുല്‍ബാരി). ഇബ്‌നുല്‍ മുഫ്‌ലിഹ് അല്‍ഫുറൂഇല്‍ വ്യക്തമാക്കുന്നു: ”നമ്മുടെ ഗുരുവര്യനായ മഹാനായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ വീക്ഷണം: സുരക്ഷിതയായ ഏതൊരു സ്ത്രീക്കും മഹ്‌റമില്ലായെങ്കിലും ഹജ്ജ് ചെയ്യാം.”
ഹജ്ജ് ചെയ്യാന്‍ പണം ഉണ്ടായിരിക്കുകയും ആരോഗ്യം അനുവദിക്കുകയും അവിടെ എത്താന്‍ ഏറെ മോഹമുണ്ടാവുകയും എന്നാല്‍ മഹ്‌റം ഇല്ലാതെവരുകയും ചെയ്തതിനാല്‍ ഹജ്ജെന്ന സ്വപ്‌നം സാധിക്കാതെ സങ്കടപ്പെട്ട് കഴിയുന്ന വനിതകളുണ്ട്. അവര്‍ക്ക് ഇസ്‌ലാമിന്റെ ഈ ശരിയായ നിലപാടുകള്‍ സ്വീകരിക്കാവുന്നതാണ്.

Back to Top