29 Friday
November 2024
2024 November 29
1446 Joumada I 27

പ്രമാണബന്ധിതമായി ഹജ്ജ് നിര്‍വഹിക്കാം

എന്‍ജി. പി മമ്മത് കോയ


പഠനോത്സുകനായ ഒരു വിദ്യാര്‍ഥിക്ക് അധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന ആകര്‍ഷകമായ അധ്യാപനരീതിയാണ് എം അഹ്‌മദ്കുട്ടി മദനി എടവണ്ണയുടെ ‘ഹജ്ജും ഉംറയും’ എന്ന പുസ്തകം വായിക്കുമ്പോള്‍ ഓര്‍മ വരുന്നത്. ആമുഖമോ അവതാരികയോ മുന്‍മൊഴിയോ ഇല്ലാതെ നേരിട്ട് ഹജ്ജിന്റെയും ഉംറയുടെയും ലക്ഷ്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും വായനക്കാരന്റെ മനസ്സിനെ ഗ്രന്ഥകാരന്‍ പഠിപ്പിക്കുകയാണ്.
അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന കഅ്ബാലയം കേന്ദ്രബിന്ദുവാക്കി ആരാധനാ കര്‍മം നിര്‍വഹിക്കുന്ന ഇസ്‌ലാമിക സമൂഹത്തിന് കൃത്യമായ ദിശാബോധം നല്‍കുന്ന ഈ പുസ്തകം അനേകം അബദ്ധധാരണകളെ തുറന്നുകാണിക്കുകയും പരിശുദ്ധ ഹജ്ജിലും ഉംറയിലും അവയ്ക്കുള്ള സ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നു. ‘ഹജ്ജ് മാസങ്ങളില്‍ ആരെങ്കിലും ഉംറ ചെയ്താല്‍ അവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകും’ എന്ന ധാരണയും റജബ് മാസത്തില്‍ ആദ്യത്തെ വ്യാഴാഴ്ച നോമ്പ് അനുഷ്ഠിക്കുകയും വെള്ളിയാഴ്ച രാവില്‍ 12 റക്അത്ത് പ്രത്യേക രീതിയില്‍ നമസ്‌കരിക്കുകയും ചെയ്താല്‍ പുണ്യം ലഭിക്കുമെന്ന വിശ്വാസത്തെയും നിരാകരിക്കുന്നത് ചില ഉദാഹരണങ്ങള്‍ മാത്രം.
ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാന കര്‍മങ്ങളില്‍ പെട്ടതാണ് പരിശുദ്ധ ഹജ്ജ്. വലിയ സങ്കീര്‍ണതകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെയ്യാവുന്ന വളരെ ലളിതമായ ഒരു കര്‍മം. പക്ഷേ, മറ്റൊരു കര്‍മത്തിനും ഇല്ലാത്ത രീതിയില്‍ അനേകം പരിശീലന ക്ലാസുകളും ലഘുലേഖകളും പുസ്തകങ്ങളും ഈ തീര്‍ഥാടകരെ ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കര്‍മാനുഷ്ഠാനങ്ങളെ വളരെ ലളിതമായ രീതിയില്‍ ആലങ്കാരികതയോ അതിഭാവുകത്വമോ ഇല്ലാതെ വിവരിക്കുകയാണ് ഈ കൃതിയില്‍.
ആദ്യ അധ്യായത്തില്‍ തന്നെ ഹജ്ജിന്റെയും ഉംറയുടെയും മഹത്വത്തെ, ഹദീസുകളുടെയും ഖുര്‍ആനിക സൂക്തങ്ങളുടെയും പിന്‍ബലത്തില്‍ തീര്‍ഥാടകനെ ബോധ്യപ്പെടുത്തുകയും അയാളുടെ മനസ്സിനെ പാകപ്പെടുത്തുകയും ചെയ്തതിനു ശേഷം അയാളുടെ കൂടെ യാത്ര ചെയ്യുകയാണ് ഗ്രന്ഥകര്‍ത്താവ്. യാത്രാവേളയിലെ മര്യാദകളില്‍ തുടങ്ങി ഓരോ സമയത്തുമുള്ള പ്രാര്‍ഥനകള്‍ അറബിമൂലത്തോടും ആശയത്തോടും കൂടി ഈ കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഹജ്ജിന്റെയും ഉംറയുടെയും പ്രായോഗിക രൂപവും പ്രാര്‍ഥനകളും വളരെ എളുപ്പം സാധാരണക്കാരനു ഗ്രഹിക്കാന്‍ കഴിയുന്നു.
തിരുനബിയുടെ ഹജ്ജിന്റെ വിവരണവും കുട്ടികളുടെ ഹജ്ജിന്റെ രീതിയും അനുബന്ധമായ പ്രാര്‍ഥനകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഹ്‌മദ്കുട്ടി മദനിയുടെ ‘ഹജ്ജും ഉംറയും’ വായിച്ചുകഴിഞ്ഞാല്‍ പരിണിതപ്രജ്ഞനായ ഒരു അധ്യാപകന്റെ പഠനശിബിരത്തില്‍ ഇരുന്ന പ്രതീതി നമുക്കുണ്ടാകും. ഗ്രന്ഥകര്‍ത്താവിനും പ്രസിദ്ധീകരിച്ച യുവതയ്ക്കും അഭിനന്ദനങ്ങള്‍.

Back to Top