8 Friday
November 2024
2024 November 8
1446 Joumada I 6

ഹജ്ജ് യാത്രയിലെ ആത്മീയമാനങ്ങള്‍

ശംസുദ്ദീന്‍ പാലക്കോട്‌


ഹജ്ജ് നിര്‍വഹണം സത്യവിശ്വാസിയുടെ ജീവിതത്തിലെ അനിര്‍വചനീയമായ സ്വപ്‌ന സാക്ഷാത്കാരമാണ്. മറ്റേതൊരു യാത്രയില്‍ നിന്നും വ്യത്യസ്തമായ ശ്രദ്ധയും ഒരുക്കവും ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ഹാജിമാര്‍ അനുഭവിക്കുന്നു. ഹജ്ജ് യാത്രയുടെ ഒരുക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ ആദ്യാവസാനം ഗുണപാഠ നിര്‍ഭരവും കുതൂഹലം നിറഞ്ഞതുമാണ്. ഗ്ലോബല്‍ വില്ലേജ് എന്നറിയപ്പെടുന്ന പുതിയ കാലത്ത് യാത്ര അതെത്ര വിദൂര ദിക്കിലേക്കാണെങ്കിലും ഇന്ന് സാധാരണവും ഒരു പരിധി വരെ അയത്‌ന ലളിതവുമാണ്.
എന്നാല്‍ ഹജ്ജ് യാത്ര അങ്ങനെയല്ല. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും പ്രാര്‍ഥനയും കഴിഞ്ഞിട്ടാവും പലര്‍ക്കും ഹജ്ജ് യാത്രക്കുള്ള സാധ്യത തെളിയുന്നത്. പാസ്‌പോര്‍ട്ടും സാധാരണ നിലക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസും കൈയില്‍ ആവശ്യത്തിന് പണവും ശാരീരിക ആരോഗ്യവും മാനസിക സന്നദ്ധതയുമെല്ലാമുണ്ടായിട്ടും ഹജ്ജിന് പോകാന്‍ കഴിയാത്ത നിരവധി പേരുണ്ട്.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുണ്ട്. ആറു വര്‍ഷമായി തുടര്‍ച്ചയായി അപേക്ഷിച്ചുകൊണ്ടിരുന്നിട്ടും അവസരം ലഭിക്കാത്തവരുണ്ട്. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് അവസരവും അനുവാദവുമില്ല എന്ന പുതിയ കാലത്തെ നിയമവും ഏറെ പേര്‍ക്ക് വിനയാവും. ഹജ്ജ് പോലെയുള്ള അല്ലാഹുവിനോടുളള കടമകളും അത് പോലെയുള്ള നല്ല കാര്യങ്ങളും പിന്നെയാവട്ടെ എന്ന് കരുതി നീട്ടിവെക്കരുത് എന്ന വലിയ ഗുണപാഠം ഇതില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നതും കാണാം.
65 വയസ്സിന്റെ പരിധി
സാധാരണ നിലക്ക് യാത്രകള്‍ക്ക് പ്രായപരിധി നിശ്ചയിക്കാറില്ല. യാത്രാ സൗകര്യം, യാത്രാരേഖകള്‍, ആരോഗ്യ സുസ്ഥിതി, സാമ്പത്തികം എന്നീ ചേരുവകളാണ് സാധാരണ നിലയില്‍ ഏതൊരു യാത്രയുടെയും ഘടകങ്ങള്‍. ഹജ്ജ് യാത്രയുടെ കാര്യത്തിലും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. പ്രായം കൂടി എന്നത് മത നിയമത്തിലോ യാത്രാ നിയമങ്ങളിലോ ഹജ്ജ് യാത്രക്കുള്ള വിലക്കായി ഒരിക്കലും ഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കോവിഡാനന്തരം ലോകം സാവകാശം സാധാരണനില പ്രാപിച്ചുവരുന്നതിനാലും ജാഗ്രതയുടെ കാരണത്താലും ഇപ്രാവശ്യം – ഒരുപക്ഷെ ഇപ്രാവശ്യം മുതല്‍ – 65 വയസ്സ് കഴിഞ്ഞവര്‍ക്ക് ഹജ്ജ് യാത്രയ്ക്ക് അനുവാദമില്ല. ജീവിതത്തിന്റെ സായംസന്ധ്യയിലേക്ക് ഹജ്ജ് കര്‍മത്തെ നീട്ടിവെച്ചവര്‍ക്ക് ഈ അറിയിപ്പ് ഒരു ഷോക്ക് തന്നെയാണ്. ഹജ്ജിന് 65 വയസ്സ് എന്ന പരിധി വെച്ചതും 30 ലക്ഷം പേര്‍ പങ്കെടുക്കുന്ന ഹജ്ജിന് ഇപ്രാവശ്യം 10 ലക്ഷം പരിധി നിശ്ചയിച്ചതും ഹജ്ജിനു വേണ്ടി ഈ വര്‍ഷം കാത്തിരുന്ന പലര്‍ക്കും മോഹഭംഗത്തിനിടയാക്കിയിട്ടുണ്ട്.
യാത്ര ചോദിക്കല്‍
രണ്ടാഴ്ച മുമ്പാണ്, പ്രായം ചെന്ന ഒരു സ്ത്രീയും മകളും വീട്ടില്‍ വന്നു. ഹജ്ജിന് പോകാനൊരുങ്ങിയ സ്ത്രീയാണെന്ന് പരിചയപ്പെട്ടപ്പോള്‍ അറിഞ്ഞു. യാത്ര ചോദിക്കാന്‍ വന്നതാണ്. അവരെ ഞങ്ങള്‍ക്കത്ര പരിചയമില്ല. ജീവിതത്തില്‍ അവരുമായി ഒരിടപാടുമുണ്ടായിട്ടുമില്ല. ഹജ്ജിനു പോകുന്ന വിവരം അവരുടെ നാലഞ്ച് കിലോമീറ്റര്‍ പരിധിയിലെ നൂറുകണക്കിന് വീടുകളില്‍ കയറിയിറങ്ങി പൊരുത്തപ്പെയുവി ക്കാനും യാത്ര ചോദിക്കാനും വന്നതാണ്. ഇങ്ങനെയും ചില യാത്ര ചോദിക്കല്‍. അഥവാ ഹജ്ജ് യാത്ര ഒന്നോ രണ്ടോ ദിവസമാണെങ്കിലും ഹജ്ജിന് പോകുന്ന കാര്യം നാട്ടുകാരായ നാട്ടുകാരോടെല്ലാം വിളിച്ചുപറയുന്ന യാത്ര ചോദിക്കല്‍ യാത്ര ഒന്നോ രണ്ടോ മാസം നീണ്ടുനില്‍ക്കും ചിലര്‍ക്ക്! ഇത് ശരിയായ ആത്മീയതയല്ല. ആത്മീയതയുടെ വികലമായ ദുരുപയോഗമാണ്. എപ്പോഴും കാണുകയും ഇടപെടുകയും ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍, അയല്‍വാസികള്‍, അടുത്ത കുടുംബക്കാര്‍ തുടങ്ങിയവരോട് യാത്ര ചോദിക്കുന്നതിലും ബന്ധം നന്നാക്കുന്നതിലും പരിമിതപ്പെടുത്തുക എന്നതായിരിക്കണം യാത്ര ചോദിക്കല്‍ വിഷയത്തില്‍ സത്യവിശ്വാസി സ്വീകരിക്കേണ്ട ആത്മീയത .

സല്‍ക്കാരവും നേര്‍ച്ചയും!
”മൂത്തമ്മ ഹജ്ജിന് പോകുന്നുണ്ട്. മൂത്തമ്മയുടെ വീട്ടില്‍ അടുത്തയാഴ്ച യാത്രയയപ്പ് സല്‍ക്കാരവും നേര്‍ച്ചയു മുണ്ട്. ഹജ്ജ് യാത്രയുടെ ഭാഗമായി ഇങ്ങനെ കല്യാണം പോലെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി സല്‍ക്കാരം സംഘടിപ്പിക്കേണ്ടതുണ്ടോ? നേര്‍ച്ച നടത്തേണ്ടതുണ്ടോ? ഇത്തരം നേര്‍ച്ചക്കും സല്‍ക്കാരത്തിനും പങ്കെടുക്കാമോ?” – കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ ഒരാള്‍ ചോദിച്ചതാണ്.
ഏകദൈവത്വവും വിനയാന്വിതത്വവുമാണ് ഹജ്ജ് യാത്രയുടെ ആത്മീയതയുടെ മര്‍മം. അതിനെ അല്ലാഹു അല്ലാത്തവരുടെ പേരിലുളള നേര്‍ച്ചയാഘോഷവും ഭക്ഷണ സല്‍ക്കാര ഘോഷവുമാക്കി വഴിതിരിച്ചുവിടുന്നത് തെറ്റായ പ്രവണതയാണെന്ന കാര്യത്തില്‍ സംശയമില്ല. മതാവബോധം കുറഞ്ഞവരുടെ ഹജ്ജ് യാത്രയില്‍ കണ്ടുവരുന്ന വഴിതെറ്റിയ ആത്മീയത എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ. അത്തരം ദുഷ്പ്രവണതകളോട് വിശ്വാസികള്‍ മാനസികമായെങ്കിലും അകലം പാലിക്കുകയാണ് വേണ്ടത്.

ഹജ്ജ് യാത്ര എപ്പോള്‍?
മുസ്ലിമായ വ്യക്തി നിബന്ധനകള്‍ ഒത്തുവന്നാല്‍ ഉടനെ നിര്‍വഹിക്കേണ്ട സുപ്രധാനമായ ഒരാരാധനയാണ് ഹജ്ജ്. യാത്രാസൗകര്യം, ശാരീരിക മാനസിക ആരോഗ്യം, സാമ്പത്തികം എന്നീ മൂന്ന് ഘടകങ്ങള്‍ (അനുകൂല നിബന്ധനകള്‍) ഒത്തു വന്ന എല്ലാ സത്യവിശ്വാസികളും ജീവിതത്തിലൊരിക്കല്‍ മക്കയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കല്‍ അല്ലാഹുവിനോടുളള കടമയാണ്. ഈ അനുകൂല ഘടകങ്ങള്‍ ഒത്തു വരുന്ന ആദ്യ സമയത്തുതന്നെ ഈ ആരാധന നിര്‍വഹിക്കാനാണ് സത്യവിശ്വാസികള്‍ ശുഷ്‌കാന്തി കാണിക്കേണ്ടത്.
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട പ്രഥമവും പ്രധാനവുമായ ആത്മീയത ഈ രംഗത്ത് നാം പുലര്‍ത്തുന്ന അനുകൂല മനോഭാവത്തിലാണ് കുടികൊള്ളുന്നത്. അല്ലാതെ ദുന്‍യാവിന്റെ എല്ലാ തിരക്കുകളും ആവശ്യങ്ങളും കഴിഞ്ഞ് കുറച്ച് ആയുസ്സും കുറച്ച് ആരോഗ്യവും കുറച്ച് പണവും ബാക്കിയുള്ളപ്പോള്‍ മാത്രം ഓര്‍ക്കേണ്ടതും ഒരുങ്ങേണ്ടതുമല്ല ഹജ്ജ് യാത്ര. ഈ തിരിച്ചറിവ് മുസ്ലിം സമുഹത്തിന് അടുത്ത കാലം വരെ കുറവായിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് മാറ്റം വന്നു കാണുന്നത് പ്രതീക്ഷാനിര്‍ഭരമാണ്. നേരത്തെ സൂചിപ്പിച്ച മൂന്ന് അവസരം ഒത്തു വരുന്ന ആദ്യ സമയത്തുതന്നെ അല്ലാഹുവിനോടുളള ഈ കടമ നിര്‍വഹിക്കാന്‍ മതബോധവും മതബോധ്യവുമുള്ള ചെറുപ്പക്കാര്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട് എന്നത് നല്ല ലക്ഷണമാണ്.
മനുഷ്യന്‍ പുലര്‍ത്തിപ്പോരേണ്ട മാനവികതയും മനുഷ്യന് ബോധ്യപ്പെടേണ്ട ഏകദൈവത്വവും ആദ്യാവസാനം ഉള്‍ച്ചേര്‍ന്നു നില്‍ക്കുകയും അനുഭവവേദ്യമാവുകയും ചെയ്യുന്ന മഹിതമായ ഒരാരാധനയാകുന്നു ഹജ്ജ്. അതിലെ ആത്മീയ മാനങ്ങള്‍ തെറ്റായ വിശ്വാസ-ആചാര കര്‍മങ്ങളിലൂടെ ഏകമാനവികതയില്‍ നിന്നും ഏകദൈവത്വ സിദ്ധാന്തങ്ങളില്‍ നിന്നും വഴിതെറ്റിപ്പോകാതിരിക്കാന്‍ ഹജ്ജിനൊരുങ്ങുന്ന സത്യവിശ്വാസികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം.

Back to Top