3 Thursday
July 2025
2025 July 3
1447 Mouharrem 7

ഹജ്ജ്: ഈ വര്‍ഷവും വിദേശ തീര്‍ഥാടകര്‍ക്ക് അനുമതിയില്ല


കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് സഊദി അറേബ്യ അറിയിച്ചു. സഊദിയിലുള്ള അറുപതിനായിരം തീര്‍ഥാടകര്‍ക്ക് മാത്രമാകും ഇത്തവണ ഹജ്ജിന് അവസരമുണ്ടാകുകയെന്നും ഹജ്ജ് കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ലോകമുസ്‌ലിംകളുടെ ജീവിതാഭിലാഷമായ പുണ്യ ഹജ്ജ് തീര്‍ഥാടനത്തിനായി അവസരം പ്രതീക്ഷിച്ചിരിക്കുന്നവരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്. രാജ്യത്ത് താമസിക്കുന്ന സ്വദേശീയരും വിദേശീയരുമായ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അനുമതിയുണ്ടാവുക. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണിതെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ പതിനായിരം പേര്‍ക്കാണ് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതിയുണ്ടായിരുന്നത്. ജൂലൈ 20 മുതലാകും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാവുക. മറ്റു അസുഖങ്ങളൊന്നും ഇല്ലാത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 18-നും 65-നും ഇടയില്‍ താഴെയുള്ള 60,000 പേര്‍ക്ക് മാത്രമാകും അവസരം. ഹജ്ജിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജൂണ്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. സഊദിയില്‍ കഴിയുന്ന എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ടാകും. സാധാരണഗതിയില്‍ 160 വിദേശരാജ്യങ്ങളില്‍ നിന്നായി 25 ലക്ഷം തീര്‍ഥാടകരാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സഊദിയിലെത്താറുള്ളത്. ഇത്തവണ മൂന്നില്‍ ഒരു വിഭാഗം സുരക്ഷ ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാകും. കര്‍ശനമായ സരുക്ഷയും കോവിഡ് പ്രോട്ടോകോളും പാലിച്ചാകും ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നും ഹജ്ജ് കാര്യ മന്ത്രാലയം അറിയിച്ചു.

Back to Top