ഹജ്ജ്: സമര്‍പ്പണത്തിന്റെ ദൈവിക ദര്‍ശനം
ശംസുദ്ദീന്‍ പാലക്കോട്

ലോകം ഹജ്ജിലേക്കും മക്കയിലേക്കും ശ്രദ്ധ തിരിക്കാന്‍ തുടങ്ങിയ പവിത്ര മാസങ്ങള്‍ സമാഗതമായി. ഹജ്ജ് കര്‍മം മതപരമായി ക്രമീകരിച്ചിരിക്കുന്നത് ആറു ദിവസങ്ങളിലായാണ്. ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങള്‍. എന്നിട്ടും ഖുര്‍ആനിന്റെ പ്രയോഗം ‘ഹജ്ജിന്റെ മാസങ്ങള്‍’ (അല്‍ബഖറ 197) എന്നാണ് എന്നത് ചിന്താര്‍ഹമാണ്. വിശ്വാസികള്‍ ആറു ദിവസത്തെ ഹജ്ജ് കര്‍മത്തിനായി മാസങ്ങള്‍ നീളുന്ന ഒരുക്കങ്ങള്‍ നടത്തുന്നു എന്നതാണ് അതിലൊന്ന്.
ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ്, യാത്ര, പ്രാര്‍ഥന, സാമ്പത്തിക വിനിമയങ്ങളില്‍ കൃത്യത വരുത്തല്‍, കുടുംബബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള മാനുഷിക ബന്ധങ്ങള്‍ നന്നാക്കല്‍, ഹജ്ജ് പഠനപ്രക്രിയയില്‍ മുഴുകല്‍ തുടങ്ങിയവയും ഹജ്ജിന്റെ സ്വാഭാവിക മുന്നൊരുക്കങ്ങളില്‍ പെടുന്നു. ഇപ്രകാരം ശാരീരിക-മാനസിക തയ്യാറെടുപ്പുകളുടെ കര്‍മധന്യമായ കാലമാണ് ഹജ്ജിന്റെ മുന്നോടിയായ ഏതാനും ആഴ്ചകള്‍. അതുകൊണ്ടാണ് ലോകം ഹാജിമാരെയും മക്കയെയും ശ്രദ്ധിക്കുന്ന സുവര്‍ണ നാളുകളാണിതെന്ന് പറയുന്നത്.
നിയ്യത്ത് നന്നാവണം
പണവും സമയവും അധ്വാനവും ചെലവഴിച്ച് നിര്‍വഹിക്കുന്ന ഹജ്ജ് കര്‍മം സഫലമാകാന്‍ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യശുദ്ധി (നിയ്യത്ത്) നല്ലതായിരിക്കണം. ”തീര്‍ച്ചയായും കര്‍മങ്ങള്‍ പരിഗണിക്കപ്പെടുന്നത് നിയ്യത്തിനനുസരിച്ചാണ്” എന്ന പ്രസിദ്ധ നബിവചനം ഈ വിഷയത്തിലും ബാധകമാണ്. മേല്‍ സൂചിപ്പിച്ച നബിവചനത്തിന്റെ ബാക്കി ഭാഗം നിയ്യത്തിന്റെ പ്രാധാന്യത്തെ വിശദീകരിക്കുന്നുമുണ്ട്: ”ഒരാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണെങ്കില്‍ അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. ഇനി ഒരാളുടെ ഹിജ്‌റ ഐഹിക താല്‍പര്യമോ ഒരു സ്ത്രീയെ വിവാഹം ചെയ്യലോ ആണെങ്കില്‍ അയാളുടെ ഹിജ്‌റ അയാള്‍ കരുതിയതെന്തോ അതിലേക്കായിരിക്കും.”
പ്രവാചകന്റെ അനുചരന്മാര്‍ ആദര്‍ശ സംരക്ഷണാര്‍ഥം മക്ക വിട്ട് മദീനയിലേക്ക് എല്ലാം ഉപേക്ഷിച്ച് ത്യാഗം ചെയ്ത് പലായനം (ഹിജ്‌റ) ചെയ്ത സംഭവമാണ് ഹദീസിലെ പ്രതിപാദ്യ വിഷയം. ആ പാലായന സംഘത്തോടു പോലും പ്രവാചകന്‍ ഈ വിധം പറയണമെങ്കില്‍ നിയ്യത്തിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് ബോധ്യപ്പെടാന്‍ വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.
ഹിജ്‌റ പോലെ ത്യാഗവും ദൃഢവിശ്വാസവും ആവശ്യമുള്ള പ്രധാനപ്പെട്ട ഒരാരാധനയാണ് ഹജ്ജ്. അതിന്റെ പ്രേരകം ഭൗതികമായ യാതൊന്നുമാകരുത്. അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കണം ലക്ഷ്യം. അല്ലാഹുവിനുള്ള പൂര്‍ണ സമര്‍പ്പണമായിരിക്കണം പ്രേരകം. ”അല്ലാഹുവിനു വേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കുക” (അല്‍ബഖറ 196).

ബാധ്യത ആര്‍ക്ക്?
അല്ലാഹുവിനോടുള്ള വിശ്വാസി സമൂഹത്തിന്റെ കടമയാണ് ആ ഭവനത്തില്‍ (കഅ്ബയില്‍) ചെന്ന് ഹജ്ജ് നിര്‍വഹിക്കുക എന്നത്, അഥവാ അതിന് സാധിക്കുന്നവര്‍ക്ക്. ഇനി ആരെങ്കിലും നിഷേധ ഭാവം കൈക്കൊണ്ടാല്‍ (അവരറിഞ്ഞുകൊള്ളട്ടെ) അല്ലാഹു ലോകരില്‍ നിന്നെല്ലാം ധന്യനാണെന്ന് (ആലുഇംറാന്‍ 97). ഹജ്ജ് ആര്‍ക്കാണ് നിര്‍ബന്ധമാവുക എന്ന ചോദ്യത്തിന്റെ കൃത്യമായ ഉത്തരം ഈ സൂക്തത്തില്‍ നിന്ന് ലളിതമായിത്തന്നെ വായിച്ചെടുക്കാം. ‘അവിടേക്കെത്താന്‍ സാധിക്കുന്നവര്‍’ എന്ന ഖുര്‍ആനിക പ്രയോഗത്തെ പണ്ഡിതന്മാര്‍ മൂന്ന് അര്‍ഥതലങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട്:
1. ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ.
2. മക്കയില്‍ എത്തിച്ചേരാനുള്ള യാത്രാസൗകര്യം ഉണ്ടാവുക.
3. ഹജ്ജ് യാത്ര, മക്കയിലെ താമസം, കുടുംബത്തിന്റെ ചെലവ് എന്നിവക്ക് ആവശ്യമായ സാമ്പത്തിക സുസ്ഥിതി. ഇതിനെയാണ് പണ്ടുള്ളവര്‍ ‘തടിയാലും വഴിയാലും മുതലാലും കഴിവുള്ളവര്‍’ എന്ന വാചകത്തിലൂടെ പ്രകടിപ്പിച്ചിരുന്നത് എന്നതും ഓര്‍ക്കാം.
ഒരു തെറ്റിദ്ധാരണ
കുടുംബപരവും ഭൗതികവുമായ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചതിനു ശേഷം പണവും ആരോഗ്യവും മിച്ചമുണ്ടെങ്കില്‍ മാത്രം നിര്‍വഹിക്കേണ്ട ഒരാരാധനയാണ് ഹജ്ജ് എന്ന ഒരു ധാരണ സമൂഹത്തിലുണ്ട്. ഇത് മുകളില്‍ ഉദ്ധരിച്ച വചനത്തിന് (3:97) പ്രത്യക്ഷത്തില്‍ തന്നെ വിരുദ്ധമാണ്. ഈ തെറ്റിദ്ധാരണ മുസ്‌ലിം സമൂഹത്തില്‍ ചില പ്രദേശങ്ങളില്‍ ഇപ്പോഴുമുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ഒരാള്‍ 50 ലക്ഷമോ അതിലധികമോ ചെലവഴിച്ച് വീട് നിര്‍മിക്കുകയാണെന്ന് കരുതുക. വീടുനിര്‍മാണം പൂര്‍ത്തിയാക്കി നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടി അഞ്ചോ പത്തോ ലക്ഷം രൂപ വീണ്ടും ചെലവഴിച്ച് വീടുകൂടല്‍ ആഘോഷവും നടത്തുന്നു. ഇയാള്‍ ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്ത വ്യക്തിയാണെങ്കില്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍ ഇവരില്‍ പലരും നിസ്സങ്കോചം പറയുന്ന മറുപടി ”കണ്ടില്ലേ, വീടിന്റെ പണി നടക്കുകയാണ്. ഈ ബാധ്യത തീരാതെ എങ്ങനെയാ ഹജ്ജിന് പോവുക” എന്നായിരിക്കും! അഥവാ വീട് നിര്‍മിക്കാന്‍ 75 ലക്ഷം ചെലവഴിക്കാന്‍ മടിയില്ല; ഹജ്ജ് ചെയ്യാന്‍ 5 ലക്ഷം ചെലവഴിക്കാന്‍ കൈയില്‍ പണമില്ല!

ഹജ്ജിന്റെ മഹത്വം
മറ്റ് ആരാധനകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥല-കാലബന്ധിതവും ഏറെ സമയവും അധ്വാനവും പണച്ചെലവുമുള്ള ആരാധനയാണ് ഹജ്ജ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി മിന, അറഫ, മുസ്ദലിഫ, ജംറ, കഅ്ബ, സ്വഫ, മര്‍വ എന്നിവയിലൂടെ വിവിധ കര്‍മങ്ങള്‍ നിര്‍വഹിച്ച് ദുല്‍ഹജ്ജ് 13 വരെ നീണ്ടുനില്‍ക്കുന്ന അധ്വാനനിര്‍ഭരമായ ഒരു ദൈവിക സമര്‍പ്പണ യജ്ഞമാണ് ഹജ്ജ്. അല്ലാഹുവിലും റസൂലിലും പരലോകത്തിലും ദൃഢബോധ്യമില്ലാത്തവര്‍ക്ക് ദഹനക്കേടുണ്ടാക്കുന്ന കര്‍മങ്ങളാണ് പ്രത്യക്ഷത്തില്‍ ഹജ്ജില്‍ കാണുക. കഅ്ബയെ 7 തവണ ചുറ്റല്‍, സ്വഫാ-മര്‍വക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും 7 തവണ നടക്കല്‍, ജംറകളില്‍ 7 വീതം കല്ലെറിയല്‍ തുടങ്ങിയവ ഉദാഹരണം. അതിനാല്‍ അല്ലാഹുവിലും റസൂലിലും പരലോകത്തിലും ദൃഢബോധ്യമുള്ളവര്‍ക്കേ ഹജ്ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അത്തരം സമര്‍പ്പണമനസ്സോടെ നിര്‍വഹിക്കുന്ന ഹജ്ജിന്റെ മഹത്വം നബിവചനങ്ങളില്‍ വന്നത് ശ്രദ്ധേയമാണ്. ”പുണ്യകരമായ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തി ഉമ്മ പ്രസവിച്ച ദിവസത്തെ ശിശുവിന്റെ വിശുദ്ധി കൈവരിക്കും.” ”പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല.”
ദൈവിക നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള സമ്പൂര്‍ണ മനഃസ്ഥിതി വിശ്വാസിയുടെ ജീവിതത്തില്‍ പരീക്ഷിക്കപ്പെടുന്ന വ്യത്യസ്തമായ ഒരാരാധനയാണ് ഹജ്ജ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ അനുസരണയുള്ള വിനീതദാസനായി മാറാന്‍ വിശ്വാസിയെ 6 ദിവസം കൊണ്ട് കര്‍മപഥങ്ങളിലൂടെ പരിവര്‍ത്തിപ്പിച്ചെടുക്കുന്ന ആരാധനയാണ് ഹജ്ജ്. അതുകൊണ്ടാണ് ഹജ്ജിന് നബിവചനങ്ങളില്‍ ഇത്രയധികം മഹത്വവും പ്രതിഫലവും വിവരിച്ചത്.
ദൈവമൊന്ന്,
മാനവരൊന്ന്
ദൈവമൊന്ന് മാനവരൊന്ന് എന്ന മഹിതമായ സന്ദേശമാണ് ഹജ്ജിലൂടെ വിളംബരം ചെയ്യുന്നത്. ഹജ്ജിന്റെ ആദ്യത്തെ ചടങ്ങായ ഇഹ്‌റാം മുതല്‍ ഇത് തുടങ്ങുന്നു. അല്ലാഹുവിന്റെ ഏകത്വം മനസാ വാചാ കര്‍മണാ വിളംബരം ചെയ്യപ്പെടുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ കണ്ഠങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തല്‍ബിയത്ത് ഇഹ്‌റാം മുതല്‍ അന്തരീക്ഷത്തില്‍ മുഖരിതമാവുകയായി. അല്ലാഹുവിന്റെ ഏകത്വം ഇത്രമാത്രം വര്‍ധിതമായും സംഘടിതമായും അര്‍ഥസമ്പുഷ്ടമായും പ്രഘോഷണം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭമില്ല എന്നുതന്നെ പറയാം.
ത്വവാഫിലെ
സമര്‍പ്പണം
ത്വവാഫും സഅ്‌യും അല്ലാഹുവിന്റെ കല്‍പന അനുസരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്ന ആരാധനകളാണ്. കഅ്ബയെ ഏഴു തവണ ചുറ്റുന്നതിന്റെയും സ്വഫാ-മര്‍വക്കിടയില്‍ ഏഴു തവണ നടക്കുന്നതിന്റെയും ലോജിക് ഇന്നേവരെ ഒരാള്‍ക്കും ബുദ്ധി കൊണ്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും ലക്ഷോപലക്ഷം വിശ്വാസികള്‍ മനഃസംതൃപ്തിയോടെ ത്വവാഫും സഅ്‌യും ചെയ്യുന്നു.
അറഫയിലെ
മാനവികത
ഹജ്ജിന്റെ സുപ്രധാന കടമയാണ് ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ നില്‍ക്കല്‍. ഓരോ വര്‍ഷവും 25 ലക്ഷത്തോളം പേര്‍ ലോക ജനതയുടെ പ്രതിരൂപവും പ്രതിനിധികളുമായി അറഫയില്‍ സമ്മേളിക്കുമ്പോള്‍ മാനവരൊന്ന് എന്ന മഹിതാശയം ഗംഭീരമായി പ്രഘോഷണം ചെയ്യപ്പെടുകയാണ്. തല്‍ബിയത്തിലെ ഏകദൈവത്വവും അറഫയിലെ ഏകമാനവികതയും പരസ്പരപൂരകമാണെന്നര്‍ഥം.
മുസ്ദലിഫയിലെ
തിരിച്ചറിവ്
മുസ്ദലിഫയിലെ പ്രവിശാലമായ പാറമുകളില്‍ കട്ടിലോ ശീതീകരിച്ച ബെഡ്‌റൂമോ ഇല്ലാതെ വെറും നിലത്ത് പായ വിരിച്ചോ വിരിക്കാതെയോ ഒരു രാത്രി (ദുല്‍ഹജ്ജ് ഒമ്പതിന് രാത്രി) കിടന്നുറങ്ങല്‍, രാപാര്‍ക്കല്‍ ഹജ്ജിന്റെ മറ്റൊരു കര്‍മമാണ്. മണ്ണില്‍ നിന്ന് ജനിച്ച മനുഷ്യന്‍ എത്ര ഉയര്‍ന്ന വിതാനത്തിലെത്തിയാലും ഒടുവില്‍ മണ്ണോട് ചേരേണ്ടവന്‍ തന്നെയാണ് എന്ന് മുസ്ദലിഫ ഓരോ ഹാജിക്കും അനുഭവബോധ്യം വരുത്തുന്നു.
മിനായിലെ ലാളിത്യം
ചെറിയ ജീവിതസൗകര്യങ്ങളില്‍ എങ്ങനെ സംതൃപ്തിയടയാം എന്ന ജീവിതപാഠമാണ് മിനായിലെ ടെന്റുകളിലെ താമസക്കാലത്ത് പകര്‍ന്നുകിട്ടുന്നത്. ആര്‍ക്കും ആരോടും പരാതിയില്ലാതെ ഹ്രസ്വവും ലളിതവുമായ ജീവിത സാഹചര്യമൊരുക്കി മിനായിലെ നൂറുകണക്കിന് ടെന്റുകള്‍ ഹാജിമാരെ കാത്തിരിക്കുന്നത് ഹജ്ജ് കാലത്തെ വേറിട്ട കാഴ്ചയാണ്.
വെള്ള പുതച്ച
ദിവസങ്ങള്‍
മരണപ്പെടുമ്പോള്‍ വിശ്വാസിയെ മൂന്നു കഷ്ണം വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് മറമാടുക. അത്തരമൊരു മടക്കയാത്രയിലേക്ക് മാനസികമായി ഒരുങ്ങാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്ന വസ്ത്രധാരണ രീതിയാണ് ഹാജിമാരായ പുരുഷന്മാരുടേത്. എത്ര വലിയ ധനികനായാലും വസ്ത്രധാരണത്തിലൂടെ തന്റെ ഗ്രേഡ് പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എല്ലാവര്‍ക്കും രണ്ടു കഷ്ണം വെള്ളത്തുണി മാത്രമാണ് ഹജ്ജില്‍ അനുവദിക്കപ്പെട്ട വേഷം. ഒരു തുണി ഉടുക്കാനും മറ്റൊന്ന് പുതയ്ക്കാനും.
സമര്‍പ്പണം, സമഭാവന, മാനവികത
അല്ലാഹുവിനുള്ള സമ്പൂര്‍ണ സമര്‍പ്പണവും മനുഷ്യര്‍ തമ്മിലുള്ള സമഭാവനയുമാണ് ഹജ്ജിന്റെ മുഖമുദ്ര. മാനവികതയും സാഹോദര്യബോധവുമാണ് ഹജ്ജിന്റെ ആത്മാവ്. ക്ഷമയും പരലോക ചിന്തയുമാണ് ഹജ്ജിന്റെ ഇന്ധനം. ജീവിതത്തിലൊരിക്കലെങ്കിലും വിശ്വാസിക്ക് നിര്‍ബന്ധമായിത്തീരുന്ന ഹജ്ജ് കര്‍മത്തിന് ഈ വര്‍ഷം അല്ലാഹുവിനാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഹാജിമാര്‍ക്കും പുണ്യകരമായ ഹജ്ജ് നിര്‍വഹിക്കാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
