ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശം
കണ്ണൂര്‍: മനുഷ്യ സാഹോദര്യത്തിന്റെ തുല്യതയില്ലാത്ത മാതൃകയാണ് ഹജ്ജ് പകര്‍ന്നുനല്‍കുന്നതെന്ന് കണ്ണൂര്‍ ഹജ്ജ് ഗൈഡന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഹജ്ജ് പഠനക്ലാസ് അഭിപ്രായപ്പെട്ടു. നിറത്തിന്റെയും വംശത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പേരില്‍ അകല്‍ച്ചയും വിഭാഗീയതയുമില്ലാതെ മനുഷ്യര്‍ ഒന്നിക്കുന്ന മഹാ സമ്മേളനമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം. ഹജ്ജിന്റെ ആത്മാവായ ഏകദൈവ വിശ്വാസവും മനുഷ്യ സാഹോദര്യവും അനുഭവിച്ചറിയുന്ന ഹാജിമാര്‍ വിനയവും വിശുദ്ധിയും കൈവരിച്ചുകൊണ്ടാവണം നാട്ടിലേക്ക് മടങ്ങേണ്ടതെന്നും പഠന ക്ലാസ് വ്യക്തമാക്കി.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി, തലശ്ശേരി സ്‌റ്റേഡിയം ജുമാ മസ്ജിദ് ഖത്തീബ് ഇബ്‌റാഹീം നജ്മി, സി സി ശക്കീര്‍ ഫാറൂഖി, ഡോ. അബ്ദുല്‍ജലീല്‍ ഒതായി പ്രസംഗിച്ചു.