21 Saturday
December 2024
2024 December 21
1446 Joumada II 19

സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം

മുസ്തഫ നിലമ്പൂര്‍


സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം സ്‌നേഹത്തിന്റെയും വിധേയത്വത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. സ്രഷ്ടാവിനോടുള്ള അര്‍പ്പണബോധ്യത്തോടെ, അവര്‍ണനീയമായ അനുരാഗത്തിന്റെ സമര്‍പ്പണമാണ് ആരാധനകളിലൂടെ അവര്‍ നിര്‍വഹിക്കുന്നത്. നിയാമകമോ ബൗദ്ധികമോ ആയ കേവല ബന്ധത്തിനപ്പുറം, ചിത്തവും ചിന്തയും അവനോടുള്ള സ്‌നേഹാനുരാഗത്തിന്റെ ബഹിര്‍ഗമനവുമാണ് ആരാധനയിലൂടെ ആസ്വദിക്കുന്നത്. അവര്‍ക്കിടയില്‍ ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ല.
സ്രഷ്ടാവിനും സൃഷ്ടിക്കും ഇടയിലുള്ള ഉടമ്പടി തന്നെ തൗഹീദ് അനുസരിച്ച് വര്‍ത്തിക്കുക എന്നതാണ്. ശുദ്ധമായ തൗഹീദാണ് മതത്തിന്റെ അടിത്തറ. നിഷ്‌കളങ്കവും ആത്മാര്‍ഥവുമായ ശുദ്ധവിചാരത്തോടെ സ്രഷ്ടാവുമായുള്ള പാവനബന്ധം സാധ്യമാകുന്ന ഹജ്ജിലൂടെ, മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ പാപസുരക്ഷിതരായി സ്വര്‍ഗപ്രവേശം സാധ്യമാകുന്നു. ”അല്ലാഹുവേ, നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞാനിതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. ഞാനിതാ ഉത്തരം ചെയ്തു വന്നിരിക്കുന്നു. സകല സ്തുതികളും അനുഗ്രഹങ്ങളും നിനക്കുള്ളതാണ്. സര്‍വ അധികാരവും ആധിപത്യവും നിനക്കു മാത്രമാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല” എന്ന ഏകത്വത്തിന്റെ പ്രഖ്യാപനം ഉച്ചൈസ്തരം പ്രഖ്യാപിക്കുമ്പോള്‍ കല്ലും മണ്ണും അവര്‍ക്ക് സാക്ഷികളായി മാറുന്നു.
തൗഹീദിന്റെയും സമര്‍പ്പണത്തിന്റെയും ഈ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച്, ആദര്‍ശ പിതാവായ ഖലീലുല്ലാഹ് ഇ ബ്‌റാഹീ(അ)മിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ ആദര്‍ശസുസ്ഥിരതയെ സ്മരിച്ചുകൊണ്ടും അവരുടെ പാദമുദ്രകള്‍ സ്വീകരിച്ചുകൊണ്ടും സ്വന്തത്തെ രക്ഷിതാവില്‍ ഏല്‍പിക്കുന്ന ആരാധനയാണിത്. ഇത് ജനങ്ങള്‍ക്ക് സ്രഷ്ടാവിനോടുള്ള നിര്‍ബന്ധ ബാധ്യതയാണ് (വി.ഖു. 3:97, 2:196). നബി(സ) പറഞ്ഞു: ”ജനങ്ങളേ, അല്ലാഹു തീര്‍ച്ചയായും നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യുക” (മുസ്‌ലിം).
അബൂഹുറയ്‌റ(റ) പറയുന്നു: ”പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതിനെ സംബന്ധിച്ച് നബി(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടന്ന് പറഞ്ഞു: അല്ലാഹുവിലും അവന്റെ റസൂലിലുമുള്ള വിശ്വാസം. പിന്നെ ഏതാണ്? പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തിലെ പൂഞ്ഞയായ ജിഹാദ്. പിന്നെ ഏതാണ്? പുണ്യപൂര്‍ണമായ ഹജ്ജ്” (ബുഖാരി, മുസ്‌ലിം). ദൈവമാര്‍ഗത്തിലുള്ള ജിഹാദിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് ഹജ്ജാണ് എന്ന് മേല്‍ വചനം ബോധ്യപ്പെടുത്തുന്നു.
ഏറ്റവും വലിയ ജിഹാദ് ഹജ്ജാണ് എന്നും പ്രവാചകന്‍ അരുളി: പുരുഷന്മാരെ പോലെ ആയുധമേന്തി ധര്‍മസമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ആയിശ(റ)യോട് നബി(സ) പറഞ്ഞത് ”ജിഹാദില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് പുണ്യസമ്പൂര്‍ണമായ ഹജ്ജാകുന്നു” എന്നാണ് (ബുഖാരി). ഹജ്ജിലൂടെ പാപശുദ്ധി നേടി, മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ പാപരഹിതനായി മാറും. ”ഹജ്ജ് ചെയ്യുന്നവര്‍ക്ക് സ്വര്‍ഗമല്ലാതെ പ്രതിഫലം ഇല്ല” എന്ന് നബി(സ) പറഞ്ഞു.
അംറുബ്‌നുല്‍ ആസ്വ്(റ) ഇസ്‌ലാം സ്വീകരിക്കുന്ന വേളയില്‍ നബി(സ)യോട് കരാര്‍ ചെയ്യാന്‍ നീട്ടിയ കരം പിന്നോട്ട് വലിച്ച് ‘എന്റെ പാപങ്ങള്‍ പൊറുക്കപ്പെടണ’മെന്ന് നിബന്ധന ആവശ്യപ്പെട്ടപ്പോള്‍ ”ഇസ്‌ലാം ആശ്ലേഷം അതിനു മുമ്പുള്ള പാപങ്ങളെയും ഹിജ്‌റ അതിനു മുമ്പുള്ള പാപങ്ങളെയും ഹജ്ജ് അതിനു മുമ്പുള്ള പാപങ്ങളെയും ഇല്ലാതാക്കും എന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ” എന്ന് നബി(സ) ചോദിച്ചു. (മുസ്ലിം).
വിശുദ്ധ ഗേഹത്തെ ലക്ഷ്യമാക്കി പുറപ്പെട്ടവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലും അവന്‍ ഉത്തരം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലും ഉള്‍പ്പെടും. നബി(സ) പറഞ്ഞു: ”മൂന്നു വിഭാഗം ആളുകള്‍ അല്ലാഹുവിന്റെ സംരക്ഷണ ഉത്തരവാദിത്തത്തിലാണ്: അല്ലാഹുവിന്റെ ഭവനത്തിലേക്ക് പുറപ്പെട്ടവന്‍, ദൈവമാര്‍ഗത്തില്‍ പുറപ്പെട്ടവന്‍, ഹജ്ജിന് പുറപ്പെട്ടവന്‍” (അബൂനഈം). (ചില രിവായത്തില്‍ ദൈവമാര്‍ഗത്തില്‍ ജിഹാദിന് പുറപ്പെട്ടവന്‍, ഹജ്ജിന് പുറപ്പെട്ടവന്‍, ഉംറ നിര്‍വഹിക്കുന്നവന്‍ എന്നാണ്.
അബൂഹുറൈറ(റ)യില്‍ നിന്നു നിവേദനം: ”നബി(സ) പറഞ്ഞു: ഹാജിമാരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ സംഘങ്ങളാണ്. അവര്‍ അവനോട് പ്രാര്‍ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കും. അവര്‍ അവനോട് പൊറുക്കല്‍ തേടിയാല്‍ അവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കും” (നസാഈ). നബി(സ) പറഞ്ഞു: ”നിങ്ങള്‍ ഹജ്ജും ഉംറയും തുടര്‍ത്തുക. അവ രണ്ടും ദാരിദ്ര്യത്തെയും പാപങ്ങളെയും ദൂരീകരിക്കുന്നു. ഉല ഇരുമ്പിലെ ക്ലാവിനെ നീക്കുന്നതുപോലെ” (ഇമാം ദഹബി, സിയറു അഅ്‌ലാമു നുബലാ 13:147).
ഹജ്ജിനോ ഉംറക്കോ സൗകര്യം ലഭിച്ചാല്‍ പെട്ടെന്ന് തന്നെ അത് നിര്‍വഹിക്കേണ്ടതാണ്. നബി(സ) പറഞ്ഞു: ”ഹജ്ജിന് ഉദ്ദേശിച്ചവന്‍ ധൃതികൂട്ടട്ടെ. കാരണം അവന്‍ രോഗിയായി എന്ന് വരാം, വാഹനം നഷ്ടപ്പെട്ടേക്കാം, പ്രതിബന്ധങ്ങള്‍ വന്നുചേര്‍ന്നേക്കാം” (അഹ്മദ്, ഇബ്‌നുമാജ).
ഹജ്ജ് മബ്‌റൂര്‍
പ്രകടനപരതയോ കീര്‍ത്തന ഉദ്ദേശ്യമോ ഇല്ലാതെ ആത്മാര്‍ഥമായി അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി ഇഹ്‌സാനോടുകൂടി പ്രവാചക മാതൃക അനുസരിച്ച് നിര്‍വഹിക്കുമ്പോഴാണ് അത് മബ്‌റൂറായിത്തീരുന്നത്. ശുദ്ധവും ഹലാലുമായ സമ്പാദ്യം കൊണ്ട് നിര്‍വഹിക്കുകയും മനുഷ്യരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുകയും സല്‍സ്വഭാവത്തോടെയും ഗുണകാംക്ഷയോടെയും അവരോട് വര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
അല്ലാഹു പറയുന്നു: ”ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങള്‍ ഒരുക്കി പോവുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങള്‍ എന്നെ സൂക്ഷിച്ച് ജീവിക്കുക” (വി.ഖു. 2:197).
നബി(സ) പറഞ്ഞു: ”ഒരാള്‍ ശാരീരിക വേഴ്ചയും അധാര്‍മിക കാര്യങ്ങളും ചെയ്യാതെ അല്ലാഹുവിനായി ഹജ്ജ് ചെയ്താല്‍ തന്റെ മാതാവ് തന്നെ പ്രസവിച്ച ദിവസത്തേതുപോലെ (പാപങ്ങളില്‍ നിന്ന് സംശുദ്ധനായി) അവന് മടങ്ങാനാവും” (ബുഖാരി, മുസ്‌ലിം).
ജാബിറുബ്‌നു അബ്ദുല്ല(റ)യില്‍ നിന്നു നിവേദനം: ”നബി(സ) പറഞ്ഞു: പുണ്യസമ്പൂര്‍ണമായ ഹജ്ജ് നിര്‍വഹിച്ചവന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം. അവര്‍ ചോദിച്ചു: എന്താണ് റസൂലേ പുണ്യസമ്പൂര്‍ണമായ ഹജ്ജ്? അദ്ദേഹം പറഞ്ഞു: ഭക്ഷണം നല്‍കുക, സലാം വ്യാപിപ്പിക്കുക, (മറ്റൊരു നിവേദനത്തില്‍ ഏറ്റവും നല്ല നിലയില്‍ സംസാരിക്കുക എന്നുകൂടി വന്നിട്ടുണ്ട്)” (അഹ്മദ്, ത്വബ്‌റാനി, ഔസത്വ്).
ദോഷകരമായ ചിന്തയും വാക്കും പ്രവൃത്തിയും വെടിഞ്ഞ് നിഷ്‌കളങ്കമായ പശ്ചാത്താപത്തോടെ നന്‍മകളില്‍ മുന്നേറുകയും മറ്റുള്ളവരോട് നന്‍മയോടെ വര്‍ത്തിക്കുകയും, സഹനവും വിട്ടുവീഴ്ചയും ഉദാരതയും ജീവിതശൈലിയായി സ്വീകരിക്കുകയും ചെയ്യുക. പരസ്പരം തര്‍ക്കങ്ങളും കോലാഹലങ്ങളും വെടിഞ്ഞ് സംയമനം പുലര്‍ത്തുക.

Back to Top