ഹജ്ജ് ക്രമീകരണങ്ങള്‍ വിജയകരമെന്ന് സുഊദി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ എല്ലാ തരം സുരക്ഷ ആരോഗ്യ സേവനരംഗങ്ങളിലും വിജയകരമായിരുന്നെന്നാണ് സുഊദി രാജകുമാരനും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ പ്രഖ്യാപിച്ചത്. തീര്‍ഥാടകര്‍ക്കിടയില്‍ അപകടങ്ങളോ പകര്‍ച്ചവ്യാധികളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഹജ്ജിനായുള്ള സര്‍ക്കാര്‍ ഒരുക്കങ്ങള്‍ക്കും പദ്ധതികള്‍ക്കും സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രാജകുമാരന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളോ മറ്റ് പ്രധാന പൊതുജനാരോഗ്യ സംഭവങ്ങളോ ഇല്ലാത്തതിനാല്‍ നിലവിലെ ഹജ്ജ് സീസണിലെ ആരോഗ്യ പദ്ധതി വിജയകരമാണെന്ന് ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെലും പറഞ്ഞു. ഹജ്ജിനിടെ 38 കോവിഡ് കേസുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അവയെല്ലാം ആരോഗ്യ പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020-ലെ കോവിഡിന് ശേഷം ആദ്യമായാണ് സുഊദി അറേബ്യ വിദേശ തീര്‍ഥാടകരെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകള്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. മക്ക ലൈറ്റ് റെയില്‍ പുനരാരംഭിച്ചത് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യുന്നതിനു സഹായകരമായി. 7,79,919 വിദേശ തീര്‍ഥാടകരും 1,19,434 ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെ നിലവിലെ ഹജ്ജ് സീസണില്‍ മൊത്തം തീര്‍ഥാടകരുടെ എണ്ണം 8,99,353 ആണെന്ന് സുഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചിരുന്നു.
