15 Monday
April 2024
2024 April 15
1445 Chawwâl 6

കഅ്ബാലയം കണ്‍മുമ്പില്‍

എന്‍ജി. പി മമ്മദ് കോയ


രണ്ടാം നമ്പര്‍ ബസ്സ് 25 മിനിട്ട് കൊണ്ട് നിശ്ചയിക്കപ്പെട്ട സ്റ്റാന്റിലെത്തി. പരിശുദ്ധ ഹറമിനടുത്ത് ‘മര്‍വ’യുടെ ഭാഗത്താണ് താത്കാലികമായി ഒരുക്കിയ രണ്ടാം നമ്പര്‍ ബസ്സുകളുടെ സ്റ്റേഷന്‍. അവിടെ നിന്ന് 5 മിനിട്ട് നടന്നാല്‍ മര്‍വയുടെ ഭാഗത്തിലൂടെ ഹറമിലേക്ക് പ്രവേശിക്കാം. ആ ഭാഗത്ത് തന്നെയാണ് ‘ബാബുസ്സലാം’ എന്ന കവാടം. ആദ്യമായി ഹറമിലേക്ക് പ്രവേശിക്കുന്നത് ഈ കവാടത്തിലൂടെ ആകുന്നത് സുന്നത്താണ്. ലക്ഷക്കണക്കിന് ഹാജിമാര്‍ സമ്മേളിക്കുന്ന ഈ സമയത്ത് എല്ലാവരും ആ വഴി തിരഞ്ഞെടുത്താലുളള പ്രായോഗിക ബുദ്ധിമുട്ട് ആലോചിച്ചാവണം പല ഗ്രൂപ്പുകളും വ്യത്യസ്ത കവാടങ്ങളിലൂടെയാണ് ഹറമിലേക്ക് പ്രവേശിക്കുന്നത്.
നല്ല ചൂടാണ് പുറത്ത്! ശീതീകരിച്ച ബസ്സില്‍ നിന്ന് 48 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് മാറ്റം. ഉറക്കെ തല്‍ബിയത്ത് ചൊല്ലി ഹറം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പക്ഷെ പരിശുദ്ധ കഅ്ബ മാത്രമാണ് മനസ്സില്‍! പല ഹാജിമാരും കഅ്ബ ആദ്യമായി നേരില്‍ കാണുകയാണ്. വര്‍ഷങ്ങളായി നമസ്‌കരിക്കുമ്പോള്‍ ഭാവനയില്‍ മാത്രം കണ്ട ആ പുണ്യ ഖിബ്‌ലയുടെ ദൃശ്യഭംഗി അനുഭവിക്കാന്‍ മനസ്സു വെമ്പുകയാണ്. അല്ലാഹുവിനെ ആരാധിക്കാന്‍ ഭൂമിയില്‍ ഉണ്ടാക്കിയ ആദ്യ ആരാധനാലയം. യുഗാന്തരങ്ങള്‍ക്ക് മുമ്പേ ആ വിശുദ്ധ ഗേഹം ഒരേ സ്ഥാനത്ത് തന്നെ നിലനില്ക്കുകയാണ്. ഒരേ അസ്തിവാരത്തിന് മുകളില്‍! കാലാന്തരങ്ങള്‍ക്ക് ശേഷവും ആ ഫൗണ്ടേഷന് കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി ചരിത്രത്തിലെവിടെയും കാണുന്നില്ല. ഇബ്‌റാഹിം നബി(അ) തന്റെ കുടുംബത്തെ മക്കയില്‍ വിട്ടേച്ചു പോകുമ്പോള്‍ ആ ജീര്‍ണിച്ച കെട്ടിടാവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു.
ദൈവീക കല്പനയനുസരിച്ച് തന്റെ സഹധര്‍മ്മിണിയെയും കൈക്കുഞ്ഞിനെയും ജീവജാലങ്ങളോ ജീവ ജലമോ ഇല്ലാത്ത ആ ഊഷര ഭൂമിയില്‍ വിട്ടേച്ചു പോകുമ്പോള്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ഥന ഇത് ശരിവെക്കുന്നതാണ്. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ ചിലരെ ഈ കൃഷിയൊന്നുമില്ലാത്ത താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിനടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ അവരോട് ചായ്‌വുളളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്കുകയും ചെയ്യേണമേ…..! അവര്‍ നന്ദി കാണിച്ചെന്നു വരാം.” (വി.ഖു 14:37)
ഈ വിശുദ്ധ മന്ദിരം സഹസ്രാബ്ദങ്ങളിലൂടെ നിലനിര്‍ത്തി ആ പ്രാര്‍ഥന നിവര്‍ത്തിച്ചതിന് കാലം സാക്ഷി! കോടാനുകോടി മനുഷ്യര്‍ ഈ പവിത്ര ഗേഹം ലക്ഷ്യമാക്കി വരികയും അവരെ ആ കുടുംബത്തോട് മാനസികമായി ചായ്‌വുള്ളവരാക്കി മാറ്റുകയും ചെയ്തു. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കച്ചവട സംഘങ്ങള്‍ ഇവിടേക്ക് ഒഴുകി എത്തി.
വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന പ്രവാചകന്‍ കാണുന്നത് നീരുറവ കൊണ്ട് ഫലഭൂയിഷ്ഠമായ മണ്ണിലെ ഈത്തപ്പനത്തോട്ടങ്ങളും കച്ചവടക്കാരും നിറഞ്ഞ മക്കാ താഴ്‌വരയാണ്. അനേകം അഗ്നി പരീക്ഷണങ്ങളെ നേരിട്ട ദൃഢചിത്തനായ ഇബ്‌റാഹിം(അ) വിനയാന്വിതനാകുകയും വിശുദ്ധ മന്ദിരം തന്റെ മകനോടൊന്നിച്ച് പുതുക്കിപ്പണിയാന്‍ ആരംഭിക്കുകയും ചെയ്തു. കഅ്ബാലയത്തിന്റെ പുനര്‍ നിര്‍മ്മാണവും നവീകരണവും കഴിഞ്ഞ് ശുദ്ധീകരിച്ചു കൊണ്ട് അവരിരുവരും അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് ഈ പ്രവര്‍ത്തനം സ്വീകരിക്കേണമേ.”
ആരാധനാ കര്‍മ്മങ്ങളും നിര്‍ബന്ധ അനുഷ്ഠാനങ്ങളഉം മാത്രമല്ല സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അതു സ്വീകരിക്കപ്പെടാന്‍ നാം പ്രാര്‍ഥിക്കേണ്ടതുണ്ട്. ലോകമാന്യത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല നാഥാ, നിന്റെ തൃപ്തി നേടാന്‍ മാത്രമാണ് ഞാന്‍ ഇത് ചെയ്യുന്നത് എന്ന ബോധം നമ്മുടെ കര്‍മ്മങ്ങളെ സംശുദ്ധമാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യും!
സഫാ മര്‍വ കുന്നുകള്‍ക്കിടയിലാണ് ബാബുസ്സലാം കവാടം. ആ ഭാഗത്ത് ചുറ്റും ബാരിക്കേഡുകള്‍ കെട്ടി ക്ലീനിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഹജ്ജ് വളണ്ടിയര്‍ ഞങ്ങളെ ബാബു ഉംറയിലൂടെയാണ് ഹറമിലേക്ക് പ്രവേശിപ്പിച്ചത്.
‘അല്ലാഹു അക്ബര്‍’, അല്ലാഹുവേ, നീ മഹാനാണ്, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്നു തരേണമേ.
ഞങ്ങള്‍ പരിശുദ്ധ ഹറം ശരീഫിലേക്ക് പ്രവേശിക്കുകയാണ്. ഓറഞ്ചു നിറം പൂശിയ ഇന്റോ സാരസന്‍ കമാനങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ കണ്ടു! കറുത്ത കില്ല പുതച്ച് ഗാംഭീര്യത്തോടെ നില്ക്കുന്ന വിശുദ്ധ കഅ്ബയുടെ ദൃശ്യം. മുകളില്‍ സ്വര്‍ണ്ണ നൂലില്‍ നെയ്‌തെടുത്ത് ഖുര്‍ആന്‍ സൂക്തങ്ങളുടെ ആകര്‍ഷകമായ ബോര്‍ഡര്‍, ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണവാതില്‍, വെള്ളികൊണ്ടുണ്ടാക്കിയ ലോഹ കവചത്തിന്നുള്ളിലെ ഹജറുല്‍ അസ്‌വദ് അല്ലാഹുവിന്റെ റസൂലിന്റെ പവിത്രമായ അധരങ്ങള്‍ പതിഞ്ഞ ഭാഗ്യം ചെയ്ത കറുത്ത കല്ല്! ആ പാദ പാംസുക്കള്‍ അദൃശ്യമായി നില്ക്കുന്ന ‘മതാഫ്’! സന്തോഷാധിക്യത്താല്‍ ധൃതഗതിയില്‍ മിടിക്കുന്നു ഹൃദയം യാ, അല്ലാഹ്, നന്ദി സൂചകമായ അശ്രുകണങ്ങള്‍ കവിളിലൂടെ അറിയാതെ ഒഴുകുന്നു. ഈ ഭാഗ്യം തന്ന അല്ലാഹുവിന് സര്‍വ സ്തുതിയും.
‘അല്ലാഹുമ്മ സിദ് ഹാദല്‍ ബൈത്ത തശ്‌രീഫന്‍ വതഅളീമന്‍ വ മഹാബത്തന്‍ വ ബിര്‍റന്‍. വസിദ് മന്‍ ശറ്‌റ ഫഹുവകര്‍മമഹു മിമ്മന്‍ ഹജ്ജുഹു വ ഇഅ്തമറഹു തശ്‌രീഫന്‍ വ തക്‌രീമന്‍ വതഅ്‌ളിമന്‍ വ ബിറ്‌റ’
അല്ലാഹുവേ ഈ പുണ്യ ഗേഹത്തിന് ശ്രേഷ്ഠതയും മഹത്വവും ബഹുമാനവും പ്രതാപവും വര്‍ധിപ്പിക്കേണമേ! ഇവിടെ വന്നു ഹജ്ജും ഉംറയും നിര്‍വഹിച്ചു ഈ ഭവനത്തെ ശ്രേഷ്ഠവും മഹത്തരമാക്കുന്നവര്‍ക്കും നീ ആദരണീയതയും ഔല്‍കൃഷ്ടവും മഹത്വവും പുണ്യവും വര്‍ധിപ്പിക്കേണമേ!
കഅ്ബ കാണുമ്പോള്‍ പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനാ മന്ത്രം ഉരുവിട്ടുകൊണ്ട് മതാഫിലേക്ക് നടക്കുകയാണ്. ഏതാണ്ട് പന്ത്രണ്ട് മീറ്റര്‍ നീളവും വീതിയും പതിനാലു മീറ്റര്‍ ഉയരവുമുളള ആ കരിങ്കല്ല് സൗധത്തിന് യുഗാന്തരങ്ങളുടെ ചരിത്രം പറയുവാനുണ്ട്. കോടാനുകോടി മനുഷ്യ മനോമുകരങ്ങളില്‍ ദിവസവും അഞ്ചു നേരമെങ്കിലും എത്തുന്ന ആ കെട്ടിടത്തിന് ചുറ്റും ജനലക്ഷങ്ങള്‍ വലം വെച്ചു കൊണ്ടിരിക്കുന്നു. ഇരട്ടച്ചുഴികളില്‍ വെളളം കറങ്ങുന്നത് പോലെ വിശ്വാസികള്‍ ആ ഗേഹത്തിനു ചുറ്റും പ്രദക്ഷിണം വെക്കുകയാണ്.
കഅ്ബ എന്ന വാക്കിനര്‍ഥം ചതുരക്കട്ട എന്നാണ്. കഅ്ബയുടെ മൂലകള്‍ക്ക് റുകുനുകള്‍ എന്നാണ് പറയുന്നത്. ഓരോ മൂലകളും ആ മൂലകളുടെ ദിശയിലുളള രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന റുക്കുനുയമാന്‍, റുക്കുനുല്‍ ഇറാക്കി റുക്കുനുല്‍ ശാമി എന്നും ഹജറുല്‍ അസ്‌വദ് (റുക്കുനുല്‍ ഹജര്‍) എന്നും പറയുന്നു. കഅ്ബയുടെ വാതില്‍ സ്ഥാപിച്ചതിനും ഒരു വ്യതിരക്തതയുണ്ട് തറ നിരപ്പില്‍ നിന്ന് ഏതാണ്ട് 7 അടി ഉയരത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്. സാധാരണ ചക്രങ്ങള്‍ വെച്ച മിമ്പര്‍ പോലുളള ഒരു മരത്തിന്റെ കോവണി ഉപയോഗിച്ചാണ് കഅ്ബയിലേക്ക് പ്രവേശിക്കുന്നത്. കില്ലയോടൊപ്പം വാതിലിന്നും ആകര്‍ഷകമായ ഒരു വിരിയുണ്ട്. സ്വര്‍ണ നൂല്‍ കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത് ആകര്‍ഷകമാക്കിയ വാതില്‍ വിരിക്ക് 20 അടിയോളം ഉയരവും പതിനൊന്നടി വീതിയുമുണ്ട്.
അറബി കാലിഗ്രാഫിയില്‍ തല്‍പരയായ ഇളയമകള്‍ മുംഷാന ഈ വിരി ചെറിയ സ്‌കെയിലില്‍ കാന്‍വാസില്‍ ആകര്‍ഷകമായി വരച്ച് ഖത്തറിലെ അവളുടെ ഫ്‌ളാറ്റില്‍ സുക്ഷിക്കുകയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മാസങ്ങളോളമെടുത്തിട്ടാണ് അവള്‍ക്കത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
അപ്പോള്‍ കഅ്ബയുടെ ചുറ്റുമുളള കില്ലയിലും വിരിയിലുമുളള ബൃഹത്തായ ആര്‍ട്ട് വര്‍ക്കുകളും കാലിഗ്രാഫിയും ആകര്‍ഷകമായ എംബ്രോയിഡറിയുമൊക്കെ മുഴുമിപ്പിക്കാന്‍ എത്രമാത്രം മനുഷ്യാധ്വാനവും സമയവും ചിലവഴിച്ചിട്ടുണ്ടാകുമെന്ന് ഒരുവേള ചിന്തിച്ചുപോയി.
ജനലക്ഷങ്ങള്‍ വിശുദ്ധ മന്ദിരത്തെ പ്രദക്ഷിണം ചെയ്യുകയാണ്. ഇരു കൈകളുമുയര്‍ത്തി പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ടും മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ചുകൊണ്ടും ജനങ്ങള്‍ വൃത്താകൃതിയില്‍ നടന്നു നീങ്ങുകയാണ്. കഅ്ബയെ ഇടതു ഭാഗത്താക്കി എഴ് തവണ ചുറ്റുന്നതിനാണ് തവാഫ് എന്നു പറയുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x