1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഭക്ഷണവിശേഷവും തിരിച്ചുകിട്ടിയ റിയാലും

എന്‍ജി. പി മമ്മദ് കോയ

ഞങ്ങളുടെ ബസ്സ്, താമസിക്കാന്‍ ഏര്‍പ്പെടുത്തിയ കെട്ടിടത്തിന് മുന്നിലെത്തി. ബസ്സില്‍ നിന്നിറങ്ങി തിരിഞ്ഞു നോക്കിയപ്പോള്‍ അങ്ങകലെ മനസ്സിന് കുളിര്‍മയേകുന്ന ദൃശ്യം. വശ്യസുന്ദരമായ മസ്ജിദുന്നബവിയുടെ വിദൂര മനോഹാരിത! അവിടെ എത്താനും പുണ്യ റസൂലിന് സലാം പറയാനും മനസ്സ് വെമ്പി. ദീര്‍ഘ ദൂര യാത്ര കഴിഞ്ഞു വരികയാണല്ലോ, ദേഹ ശുദ്ധി വരുത്തി വസ്ത്രം മാറിയതിന് ശേഷം വേണം ഹറം ശരീഫിലേക്ക് പോകാന്‍.
ഞങ്ങളെത്തുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ ലഗേജുകള്‍ കെട്ടിടത്തിന്റെ റിസപ്ഷനില്‍ എത്തിയിട്ടുണ്ട്. ഓരോ ബാഗിന്റെയും പുറത്ത് കവര്‍ നമ്പറെഴുതിയ സ്റ്റിക്കറുള്ളതുകൊണ്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമുണ്ടായില്ല.
കവര്‍ നമ്പര്‍ എഴുതിയ സ്റ്റിക്കര്‍ തുന്നിപ്പിടിപ്പിച്ച നാലു ബാഗുകള്‍ ഉണ്ടെങ്കിലും രണ്ട് ബാഗുകള്‍ മാത്രമാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഭക്ഷണ സാധനങ്ങളോ പാത്രങ്ങളോ എടുക്കാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ലഗേജ് കേവലം രണ്ട് ബാഗില്‍ ഒതുക്കാന്‍ കഴിഞ്ഞു. ഓരോ ലഗേജിലും ഓരോ കാലി ബാഗ് നിക്ഷേപിച്ചിരുന്നു. തിരിച്ചു വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരാമല്ലോ എന്ന ഉപഭോഗ ബുദ്ധി.
ഭക്ഷണ സാധനങ്ങളും പാത്രങ്ങളും കൊണ്ടു പോകാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പോകുന്ന രാജ്യത്തെ ഭക്ഷണം ആസ്വദിക്കാനുളള അവസരമുണ്ടാക്കുക എന്നതാണ്. മുമ്പ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോയപ്പോഴും പരമാവധി അവരുടെ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും ശ്രമിച്ചിരുന്നു. പോകുന്നിടത്തൊക്കെ നമ്മുടെ ഭക്ഷണം തന്നെ വേണമെന്ന നിര്‍ബന്ധം യാത്രകള്‍ ആസ്വാദ്യകരമാകുകയില്ല. രണ്ടാമത്തെ കാരണം യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവുമാണ്. ഹജ്ജും അതിനോടനുബന്ധിച്ചുളള നിര്‍ബന്ധവും ഐച്ഛികവുമായ ആരാധനാ കര്‍മ്മങ്ങള്‍ക്കും ഇബാദത്തുകള്‍ക്കുമാണ് ഹജ്ജ് യാത്ര. അതിനിടയില്‍ ഭക്ഷണം പാകം ചെയ്യുവാനും അതിനാവശ്യമായ പലവ്യഞ്ജനങ്ങള്‍ സംഘടിപ്പിക്കുവാനും സമയം ചെലവഴിക്കുന്നത് വലിയ നഷ്ടമായാണ് ഞങ്ങള്‍ കണക്കാക്കിയത്.
എല്ലാ ഭക്ഷണ സാധനങ്ങളും മിതമായ വിലക്ക് അവിടെ ലഭ്യമാണ്. പ്രത്യേകിച്ച് ഹജ്ജ് കമ്മിറ്റി ഈ ആവശ്യത്തിലേക്കാണ് ഓരോ ഹാജിക്കും 2100 റിയാല്‍ തിരിച്ചു തന്നത്. ഹജ്ജിന് ചെലവാക്കാനുദ്ദേശിച്ച് ബാങ്കിലടച്ച തുകയില്‍ നിന്നാണ് ഈ സംഖ്യ മടക്കിത്തരുന്നത്. അത്‌കൊണ്ട് തന്നെ അത് തിരിച്ചു നാട്ടിലേക്ക് കൊണ്ടു പോകേണ്ടതില്ല. സഊദി അറേബ്യയിലെ താമസക്കാലം ഏതാണ്ട് നാല്പതോ നാല്പത്തി രണ്ടോ ദിവസമാണ്. ഒരു ദിവസത്തേക്ക് ഏതാണ്ട് ഒരാള്‍ക്ക് 50 റിയാല്‍ വീതം ചെലവഴിക്കാന്‍ ഉണ്ടാകും.
മിതമായ രീതിയില്‍ അറേബ്യന്‍ ഭക്ഷണമോ മലബാര്‍ ഭക്ഷണമോ കഴിച്ചാല്‍ ഒരു ദിവസത്തെ ചെലവ് കേവലം 30 റിയാലില്‍ അധികം വരില്ല. പ്രാതലിന് 6 റിയാല്‍ ധാരാളമാണ്. ഉച്ചഭക്ഷണത്തിന് 12 റിയാലില്‍ കൂടില്ല. ഒരു മലബാര്‍ സ്റ്റൈല്‍ ഊണും അനുബന്ധ കറികളും വാങ്ങിയാല്‍ രണ്ടു പേര്‍ക്ക് കഴിക്കാന്‍ അതു ധാരാളം. വറുത്ത മത്സ്യമടക്കം വാങ്ങിയാല്‍ 18 റിയാല്‍ മാത്രമേ വരികയുള്ളൂ. രാത്രി ഭക്ഷണവും വൈകുന്നേരത്തെ ചായയും ലഘു കടികളുമടക്കം 12 റിയാലില്‍ നില്‍ക്കും. പല റസ്റ്റാറണ്ടുകളിലും നമുക്കിഷ്ടപ്പെട്ട കറി വാങ്ങിയാല്‍ ആവശ്യമുളള ഖുബ്ബൂസ് ഫ്രീയാണ്. എങ്ങനെ സുഭിക്ഷമായി ഭക്ഷണം കഴിച്ചാലും ഒരു ഹാജിക്ക് 1200 റിയാലെങ്കിലും അവസാനം ബാക്കിയാകും. നാട്ടിലേക്ക് വരുമ്പോള്‍ കാരക്കയും മറ്റും വാങ്ങാന്‍ മറ്റു മാര്‍ഗം കാണേണ്ടതില്ല. എങ്കിലും ഒരല്പം ചൂടുവെള്ളമോ ചായയോ ഉണ്ടാക്കാന്‍ പറ്റിയ ചെറിയ കെറ്റില്‍ കരുതുന്നത് അഭിലഷണീയമാണ്.
റിസപ്ഷനിലേക്ക് കയറുമ്പോള്‍ തന്നെ സ്വീകരിക്കുന്നത് സ്ത്രീകളും പുരുഷന്‍മാരുമടങ്ങിയ കെ എം സി സിയുടെ വളണ്ടിയര്‍മാരാണ്. ചുടുകഞ്ഞിയും അച്ചാറും ബിസ്‌ക്കറ്റുകളും കാരക്കയും വെള്ളവുമടങ്ങിയ ഒരു താലം എല്ലാ ഹാജിമാര്‍ക്കും അവര്‍ നല്കി. ഹാജിമാര്‍ താമസിക്കുന്ന ഓരോ കെട്ടിടവും ഓരോ സംഘടനയുടെ വളണ്ടിയര്‍മാര്‍ ഏറ്റെടുക്കുകയാണ്. മുജാഹിദ്, സുന്നി, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ വളണ്ടിയര്‍മാര്‍ പലയിടങ്ങളിലായി ഹാജിമാരെ സേവിക്കാന്‍ രംഗത്തുണ്ട്.
ഞങ്ങള്‍ക്ക് അനുവദിച്ച മുറികളിലെത്തുമ്പോള്‍ ഓരോ മുറിയുടെ മുന്നിലും ആ മുറികളിലെ താമസക്കാരുടെ ലഗേജുകള്‍ കിടപ്പുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ സേവനമാണ് ഈ സംഘടനാ വളണ്ടിയര്‍മാര്‍ ചെയ്യുന്നത്. മദീനയിലെ അവരവരുടെ ജോലി സ്ഥലത്ത് പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി എടുത്തതിന് ശേഷം ഒട്ടും വിശ്രമിക്കാതെ ജാക്കറ്റും ഐഡികാര്‍ഡുമണിഞ്ഞു ഹാജിമാരെ സഹായിക്കാന്‍ എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍!
കെ എം സി സി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനോട് അനുഭാവമുളള പ്രവാസികളുടെ ഒരാഗോള സാംസ്‌കാരിക സംഘടനയാണ്. ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം, ഇസ്‌ലാഹി സെന്റര്‍, തനിമ തുടങ്ങി അനേകം സേവന സംഘടനകള്‍ ഹാജിമാരെ സേവിക്കാന്‍ സജീവമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് പ്രത്യേകിച്ച് മലയാളികളായ ഹാജിമാര്‍ക്ക് ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകാറില്ല.
ഹാജിമാര്‍ക്ക് അനുവദിച്ച മുറികളിലേക്ക് നയിക്കുന്നതും ലഗേജുകള്‍ മുറികളിലെത്തിക്കുന്നതും അസൗകര്യങ്ങളുണ്ടെങ്കില്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു പരിഹരിക്കുന്നതുമെല്ലാം ഈ വളണ്ടിയര്‍മാരാണ്. മുറികള്‍ വ്യത്യസ്ത വലിപ്പമുള്ളവയാണ്. ചില മുറികളില്‍ നാലു കട്ടിലുകള്‍, ചിലതില്‍ അഞ്ച്. മറ്റു ചിലതില്‍ ആറു വരെ കട്ടിലുകള്‍ സംവിധാനിച്ചിട്ടുണ്ട്. വ്യത്യസ്ത കവര്‍ നമ്പറിലുള്ള ഹാജിമാരുടെ എണ്ണത്തിന് ആനുപാതികമായാണ് മുറികള്‍ അനുവദിച്ചത്. പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം, വിവിധ കവര്‍ നമ്പറിലുള്ള പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒന്നിച്ചാണ് മുറികള്‍ അനുവദിച്ചിരിക്കുന്നത് എന്നതാണ്. മദീനയില്‍ പത്ത് ദിവസം താമസിക്കേണ്ടി വരുമെന്നാണ് അറിഞ്ഞത്. മുറികള്‍ സൗകര്യപ്രദം തന്നെ. പക്ഷെ വ്യത്യസ്ത കുടുംബങ്ങളിലെ സ്ത്രീകളും പുരുഷന്‍മാരും ഒരു മുറി പങ്കുവെക്കുമ്പോഴുള്ള അസൗകര്യം ആശങ്കയുണ്ടായി. പരസ്പര സഹായവും സഹകരണ മനസ്ഥിതിയും ഉണ്ടായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമല്ലോ. അടുത്തുള്ള സമാന മുറിയിലെ ഹാജിമാരുമായി ധാരണയിലെത്തി പുരുഷന്‍മാര്‍ ഒരു മുറിയിലും സ്ത്രീകള്‍ ഒരു മുറിയിലുമായി മാറി പ്രശ്‌നം പരിഹരിച്ചു.
ഒരു കുടുംബത്തിന്, അല്ലെങ്കില്‍ ദമ്പതികള്‍ക്ക് പ്രത്യേക മുറികള്‍ അനുവദിക്കുന്ന സംവിധാനമുണ്ടാകണം. ഈ അഡ്ജസ്റ്റ്‌മെന്റുകളൊന്നും എപ്പോഴും നടക്കണമെന്നില്ല. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്ന് വരുന്ന, വ്യത്യസ്ത അഭിരുചികളും ശീലങ്ങളുമുള്ളവരാണല്ലോ ഹാജിമാര്‍. മുറികളില്‍ താത്കാലിക പാര്‍ട്ടീഷന്‍ ചെയ്യാനുള്ള സംവിധാനം പോലും ഇല്ലാത്ത സ്ഥിതിയാണ്. ഹജ്ജ് കമ്മിറ്റി ഈ കാര്യത്തില്‍ അനുഭാവ പൂര്‍ണവും പ്രായോഗികവുമായ നടപടികള്‍ എടുക്കേണ്ടതുണ്ട്.
മുറികളില്‍ രണ്ടര അടിവീതിയുളള ഇരുമ്പ് കട്ടിലുകളും കിടക്കകളും തലയിണകളും സംവിധാനിച്ചിട്ടുണ്ട്. രണ്ട് സെറ്റ് ബെഡ്ഷീറ്റുകളും തലയണ ഉറകളും ഓരോ കിടക്കയുടെ മുകളിലുമുണ്ട്. വസ്ത്രങ്ങള്‍ സൂക്ഷിക്കാനും മറ്റും സൗകര്യപ്രദമായ ഒരലമാരയുമുണ്ട്. 10 ദിവസത്തെ താമസത്തിന് അവ ധാരാളം. പഴയ ‘ഒ’ ജനറല്‍ വിന്റോ എ സിയുടെ ശബ്ദം ആദ്യം അരോചകമായിരുന്നെങ്കിലും ക്രമേണ ശീലമായി.

Back to Top