1 Tuesday
July 2025
2025 July 1
1447 Mouharrem 5

പ്രവാചകന്റെ പട്ടണം

എന്‍ജി. പി മമ്മദ് കോയ

അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആകാശയാത്ര സഊദി സമയം വൈകിട്ട് അഞ്ച് മണിക്ക് മദീന എയര്‍പോര്‍ട്ടില്‍ അവസാനിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് ഹജ്ജ് ടെര്‍മിനല്‍. അനേകം ടെന്റുകള്‍ ചേര്‍ത്തു വെച്ചതുപോലുളള ടെര്‍മിനലില്‍ വളരെ ലളിതമായ ചെക്കിങ്. ഹാജിമാര്‍ക്കുളള പ്രത്യേക പരിഗണനയാണത്. ഹെല്‍ത്ത് കാര്‍ഡ് ഇവിടെയാണ് പരിശോധിക്കുന്നത്.
‘മുതവ്വിഫ്’ ഏര്‍പ്പെടുത്തിയ ബസ്സിലാണ് മദീനയിലെ താമസ സ്ഥലത്തേക്ക് പോകേണ്ടത്. ബസ് ടെര്‍മിനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അല്പം അകെലയാണ്. ഒരു തുറസ്സായ ഇടനാഴിയിലൂടെ നടന്ന് വേണം അവിടെയെത്താന്‍. 42 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപനില. വിമാനത്തിലും എയര്‍പോര്‍ട്ടിലും ഉള്ള സുഖശീതള സാഹചര്യത്തില്‍ നിന്ന് 42 ഡിഗ്രി ഊഷ്മാവിലേക്ക് പെട്ടെന്ന് മാറിയപ്പോഴുള്ള പ്രയാസമുണ്ട്. അതോടൊപ്പം കാബിന്‍ ബഗേജിന്റെ ഭാരവും! അത്യാവശ്യ സാധനങ്ങള്‍ മാത്രം വെച്ച് കാബിന്‍ ബഗേജിന്റെ ഭാരം കുറക്കണമെന്ന് വളണ്ടിയര്‍മാര്‍ ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നത് ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്.
ബസ് ടെര്‍മിനല്‍ ഒരു ചെറിയ എയര്‍പോര്‍ട്ടിനെ ഓര്‍മിപ്പിക്കും വിധമാണ്. ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രവും കഫ്തീരിയകളും ശുദ്ധീകരണ സൗകര്യങ്ങളും വൃത്തിയുള്ള ശൗചാലയങ്ങളുമുള്ള പഞ്ചനക്ഷത്ര വിശ്രമ കേന്ദ്രം.
സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യലാണ് ആദ്യ പരിപാടി. ബസ്സുകള്‍ യാത്രക്ക് തയ്യാറാകുന്നത് വരെ സമയമുണ്ട്. ഹജ്ജ് കമ്മിറ്റി നാട്ടില്‍ നിന്ന് ഒരു സിം കാര്‍ഡ് തന്നിരുന്നു. ‘മൊബലി’ എന്ന കമ്പനിയുടേത്. ഓരോ വ്യത്യസ്ത കമ്പനികളുടെയും പ്രതിനിധികള്‍ റിചാര്‍ജ് ചെയ്യാനുളള സംവിധാനവുമായി ഹാജിമാരെ സമീപിക്കുന്നുണ്ട്. ഭാഷ വലിയ ബുദ്ധിമുട്ടാക്കുന്ന സന്ദര്‍ഭം! ഇംഗ്ലീഷ് അത്ര ഉപകാരപ്പെടുന്നില്ല.
അപ്പോഴാണ് ഇളം പച്ച ജാക്കറ്റണിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാളത്തില്‍ സംസാരിച്ചുകൊണ്ട് സഹായിക്കാന്‍ വരുന്നത്. കെ എം സി സിയുടെയും മറ്റും വളണ്ടിയര്‍മാരാണ്! അവര്‍ ഹാജിമാരെ അങ്ങേറ്റെടുക്കുകയാണ്. സിം കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്തു തരുന്നു. തണുത്ത വെള്ളവും ബിസ്‌കറ്റും കാരക്കയും തന്ന് സല്‍ക്കരിക്കുന്നു. മദീനയിലെ കഠിനമായ ചൂടിനെ കുറിച്ചും അവ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ചും പറഞ്ഞു തരുന്നു. ബസ്സില്‍ കയറാന്‍ സഹായിക്കുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ മറ്റൊരു ഹൃദ്യമായ കാഴ്ച! ഹാജിമാരുടെ പ്രാര്‍ഥന മാത്രമാണ് അവരുടെയും പ്രതീക്ഷ!
ബസ്സില്‍ മുതവ്വിഫിന്റെ ഒരു ജീവനക്കാരന്‍ ഒരു സാധാരണ സഞ്ചിയുമായി സീറ്റുകള്‍ക്കടുത്തുവന്ന് ഹാജിമാരോട് പാസ്‌പോര്‍ട്ട് വാങ്ങി സഞ്ചിയില്‍ നിക്ഷേപിക്കുന്നു. തിരിച്ച്  രസീതിയോ രേഖയോ കൊടുക്കുന്നില്ല. എല്ലാവരോടും വാങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണവും പാസ്‌പോര്‍ട്ടിന്റെ എണ്ണവും ഒത്തുനോക്കി ഡ്രൈവറുടെ കയ്യില്‍ ഏല്പിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങളുടെ പൗരത്വത്തിന്റെ സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖയുമാണ് പാസ്‌പോര്‍ട്ട്. അത് എത്ര ലാഘവത്തോടെയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഒരു വേള ചിന്തിച്ചുപോയി. പാസ്‌പോര്‍ട്ടിന്റെ ഒരു ഫോട്ടോകോപ്പി സൂക്ഷിക്കണമെന്ന് ഹജ്ജ് ക്ലാസുകളില്‍ നിര്‍ദ്ദേശിക്കുന്നത് ഇതുകൊണ്ടായിരിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹാജിമാര്‍ക്ക് സൗകര്യമൊരുക്കാന്‍ അവരുടെ സഊദിയിലെ ഉത്തരവാദിത്വം ഏല്പിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ചില ഏജന്‍സികളെയാണ്. ആ ഏജന്‍സിയുടെ പ്രതിനിധികളാണ് മുത്വവ്വിഫുമാര്‍. സഊദി ഭരണാധികാരിയുടെ യുണൈറ്റഡ് ഏജന്‍സീസ് ഓഫീസാണ് ഇക്കൂട്ടരെ നിയന്ത്രിക്കുന്നത്.
മസ്ജിദുന്നബവിയുടെ അടുത്തേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് അരമണിക്കൂര്‍ യാത്രയേയുള്ളൂ. ഹിജ്‌റക്ക് ശേഷം റസൂല്‍(സ) ശിഷ്ടജീവിതം നയിച്ച നഗരം! ആ പാദസ്പര്‍ശമേറ്റ് പുളകിതമായ യഥ്‌രിബിന്റെ മണ്‍തരികള്‍ പിന്നീട് മദീനത്തുന്നബവി (പ്രവാചകന്റെ നഗരം) എന്നാണ് അറിയപ്പെട്ടത്. പ്രവാചകനോടും കൂടെ പലായനം ചെയ്‌തെത്തിയ മുഹാജിറുകളോടും യഥ്‌രിബ് നിവാസികളായ ‘അന്‍സാരികള്‍’ കാണിച്ച സ്‌നേഹത്തിന്റെയും കരുതലിന്റെയും സത്യസാക്ഷ്യവും അനശ്വര പ്രതീകവുമാണ് ഈ നാമകരണം!
മാന്യവും സ്‌നേഹമസൃണവുമായ പെരുമാറ്റത്തോടെ അതിഥികളെ സ്വീകരിച്ച മദീനാ നിവാസികളുടെ പഴയ സംസ്‌കാരം അവര്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരോടുളള അവരുടെ കരുതലും പരിഗണനയും അതിന് അടിവരയിടുന്നു.
സഊദി അറ്യേബ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് മദീന. മുസ്ലിംകളുടെ രണ്ടാമത്തെ പുണ്യസ്ഥലം. പ്രാര്‍ഥനക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മസ്ജിദുകളില്‍ ഒന്നായ മസ്ജിദുന്നബവിയും പ്രവാചകന്റെ(സ) അന്ത്യവിശ്രമ സ്ഥലവും റൗദ്വാശരീഫും സ്ഥിതി ചെയ്യുന്നത് അവിടെയാണ്.
ഈത്തപ്പനകൃഷിയാല്‍ സമ്പന്നമായ യഥ്‌രിബ് മക്കയില്‍ നിന്ന് ഏതാണ്ട് 400 കി.മി ദൂരെയാണ്. ജൂത ഗോത്രങ്ങളായ ബനൂ നളീര്‍, ബനൂ ഖുറൈള, ബനൂ ഖൈനുഖാഅ് തുടങ്ങിയവയായിരുന്നു പ്രവാചകന്റെ ആഗമനത്തിന് മുമ്പുണ്ടായിരുന്ന പ്രബല ഗോത്രങ്ങള്‍. അറബികള്‍ മദീനയിലെ കുടിയേറ്റക്കാരായിരുന്നു. യമനിലുണ്ടായ മഹാപ്രളയത്തില്‍ പലായനം ചെയ്തു യഥ്‌രിബിലെത്തിയതായിരുന്നു അറബി ഗോത്രങ്ങളായ ഔസ്, ഖസ്‌റജ് എന്നിവ. അതുകൊണ്ട് തന്നെ തദ്ദേശീയരായ ജൂതഗോത്രങ്ങള്‍ അറബികളെ വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ല. അവര്‍ക്ക് കൃഷി ചെയ്യാന്‍ ഫലഭൂയിഷ്ടമായ മണ്ണോ ആവശ്യത്തിനുള്ള വെള്ളമോ നല്കിയിരുന്നില്ല. കാര്‍ഷികവിളകളുടെ വിപണനത്തിന്റെയും ആഭ്യന്തര കച്ചവടത്തിന്റെയും കുത്തകയും ജൂതഗോത്രങ്ങള്‍ കയ്യടക്കി. പൊതുവെ ദുര്‍ബലരായ അറബി ഗോത്രങ്ങള്‍ കൊടിയ ദുരിതത്തിലാകുകയും ജീവിതം ദുരിതപൂര്‍ണമാവുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഔസ്, ഖസ്‌റജ്കളുടെ സഹോദര ഗോത്രമായ ഗസ്സാനികളോട് സഹായമഭ്യര്‍ഥിച്ചു. പ്രബലരായ ഗസ്സാനികളുടെ സഹായത്തില്‍ അറബി ഗോത്രങ്ങള്‍ക്ക് ക്രമേണ മദീനയുടെ മേല്‍ ആധിപത്യമുറപ്പിക്കാന്‍ കഴിഞ്ഞു. യഥ്‌രിബിന്റെ കാര്‍ഷിക മേഖലയുടെ ഉടമസ്ഥാവകാശം ലഭിക്കുകയും അറബികള്‍ സമ്പന്നരാകുകയും ചെയ്തു.
സ്വാഭാവികമായും സമ്പന്നത അധികാര വടംവലിയിലെത്തുകയും ഔസും ഖസ്‌റജും തമ്മില്‍ ഭിന്നിപ്പുണ്ടാകുകയും അവ രക്തപങ്കിലമായ ഏറ്റുമുട്ടലിലവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നബി തിരുമേനിയുടെ ഹിജ്‌റയുണ്ടായതും മദീനാ പ്രവേശനം നടക്കുന്നതും!
ഗോത്രങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയും രക്തപങ്കിലമായ യുദ്ധം നടത്തിയും പ്രാകൃതമായി ജീവിക്കുകയായിരുന്നു മദീനാ നിവാസികള്‍. അവരെ മാനവികതയും സംസ്‌കാരവും പഠിപ്പിച്ച് ലോകോത്തര സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചത് അല്ലാഹുവിന്റെ തിരുദൂതരായിരുന്നു. പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ബാലപാഠങ്ങള്‍ അദ്ദേഹം അവരെ പഠിപ്പിച്ചു. തന്റെ സ്ഥിരതാമസ സ്ഥലമായും ഭരണ നിര്‍വ്വഹണ കേന്ദ്രമായും തിരഞ്ഞെടുക്കുക വഴി ആ പ്രവിശ്യയെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
ഇതിന്റെ പ്രത്യുപകാരമായിരിക്കണം തങ്ങളുടെ പട്ടണത്തിന്റെ പേരുപോലും പ്രവാചകനോട് ചേര്‍ത്തുപറയാന്‍ അവരെ പ്രേരിപ്പിച്ചത്. തിരുനബിയുടെ സഹയാത്രികരോടും ആ പുണ്യപുംഗവനെ നെഞ്ചേറ്റി, ഇവിടെ എത്തുന്ന ശതകോടി മുസ്‌ലിംകളോടും മദീനാ നിവാസികള്‍ കാണിക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കാരണം മറ്റൊന്നായിരിക്കില്ല.

Back to Top