ഹൈദരലി ശിഹാബ് തങ്ങള്‍ ഐക്യത്തിന്റെ സന്ദേശവാഹകന്‍
ഡോ. ഇ കെ അഹ്മദ്കുട്ടി
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മോട് വിട പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി സംസ്ഥാനത്തെ വിവിധ സമുദായങ്ങള്‍ക്കിടയിലും മുസ്‌ലിം സംഘടനകള്‍ക്കിടയിലും ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായ ഒരു മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. പിതാവ് പാണക്കാട് പൂക്കോയ തങ്ങളുടെ വിശാലമായ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും സഹജീവി സമാശ്വാസത്തിന്റെയും പാത അതേപടി പിന്തുടരാന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരെപ്പോലെതന്നെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
ഏതൊരു സങ്കീര്‍ണ സാഹചര്യത്തിലും അനുരജ്ഞനമെന്നതായിരുന്നു തങ്ങളുടെ പക്ഷം. ഏറെ കലുഷമായേക്കുമെന്ന് ഭയപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പോലും അനുരജ്ഞനത്തിന്റെ സന്ദേശം പാര്‍ട്ടി അണികളിലേക്ക് നല്‍കുക വഴി സംസ്ഥാനത്തിന്റെ സര്‍വ മേഖലകളില്‍ നിന്നുമുള്ള ആദരവും സ്‌നേഹവും അദ്ദേഹത്തെ തേടിയെത്തി. ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്ന മലപ്പുറം ജില്ലയിലെ മുസ്്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റായി കാല്‍ നൂറ്റാണ്ട് കാലം അദ്ദേഹം തിളങ്ങി നിന്നു. വിദ്വേഷ പ്രചാരകര്‍ക്കും ധ്രുവീകരണ ശക്തികള്‍ക്കും ഇടം നല്‍കാത്ത വിധം ജില്ലയിലെയും പിന്നീട് സംസ്ഥാനത്തിലെ തന്നെയും മുസ്്‌ലിം രാഷ്ട്രീയത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയതില്‍ തങ്ങളുടെ പങ്ക് സ്മരണീയമാണ്.
മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെന്ന രാഷ്ട്രീയ ഉത്തരവാദിത്തവും സമസ്തയുടെ മതപരമായ ഉത്തരവാദിത്തവും നിറവേറ്റുമ്പോള്‍ തന്നെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുമായും മതസംഘടനാ നേതൃത്വങ്ങളുമായും അടുപ്പവും സൗഹൃദവും ഹൈദരലി ശിഹാബ് തങ്ങള്‍ കൂത്തുസൂക്ഷിച്ചു.
സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ മുസ്‌ലിം അവാന്തര വിഭാഗങ്ങളുമായി കൂട്ടായ ചര്‍ച്ചകള്‍ക്കും കൂട്ടായ മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. പൊതു പ്രശ്‌നങ്ങളില്‍ എന്നും സമുദായത്തോടൊപ്പം ഐക്യപ്പെടുകയെന്നതായിരുന്നു അദ്ദേഹം ഉയര്‍ത്തി പിടിച്ച സന്ദേശം. ഏറ്റവും ഒടുവില്‍ വഖഫ് ബോര്‍ഡിന്റെ വിഷയം വന്നപ്പോള്‍, രോഗാവസ്ഥയിലും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മുസ്്‌ലിം സംഘടനകളെ ഒരുമിച്ചിരുത്താനുള്ള യോഗം വിളിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ കേവലം അധികാര രാഷ്ട്രീയം മാത്രമല്ലെന്നും വേദനയനുഭവിക്കുന്നവന്റെ വേദനയകറ്റലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകലും കൂടിയാണെന്ന് അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃക കാണിച്ചു.
ജാതിമതഭേദമന്യെ അനേകായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും അദ്ദേഹം നേതൃത്വം നല്‍കി. തൂക്കുകയര്‍ വിധിക്കപ്പെട്ട ഇതര സമുദായക്കാര്‍ക്ക് പോലും ജീവന്‍ രക്ഷിക്കാന്‍ കാരുണ്യത്തിന്റെ സഹായഹസ്തം ചൊരിഞ്ഞ മഹാവ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ എന്നത് പ്രത്യേകം സ്മരണീയമത്രെ.
മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വവുമായി എന്നും വിശാലമായ മനസ്സോടെ അദ്ദേഹം ഇടപെട്ടു. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ മുജാഹിദ് നേതാക്കളുമായി കൂടിയാലോചിക്കാനും സാധ്യമാവുന്ന മേഖലകളിലൊക്കെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം കാണിച്ച വിശാല മനസ്‌കത അഭിന്ദനമര്‍ഹിക്കുന്നു.