19 Friday
April 2024
2024 April 19
1445 Chawwâl 10

നിഷ്‌കളങ്കതയുടെ നനവ്

എം ടി അബ്ദുല്‍ ഗഫൂര്‍

മനുഷ്യന്‍ കരയുന്നതിന് പല കാരണങ്ങളുമുണ്ടാവാം. വേദനയും വ്യസനവും ഭയവും ഭക്തിയും പ്രതീക്ഷയും പ്രത്യാശയുമൊക്കെ ഒരാള്‍ കരയുന്നതിന് കാരണമായി ഭവിക്കാറുണ്ട്.
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മ കണ്ണിനെ ഈറനണിയിക്കുന്നുവെങ്കില്‍ അത് മഹാഭാഗ്യമെന്നത്രെ ഈ തിരുവചനത്തിന്റെ പാഠം. ജീവിതത്തില്‍ ചെയ്തുപോയ തിന്മകളെക്കുറിച്ചോര്‍ത്ത് മനസ്സ് നോവുന്നത് നിഷ്‌ക്കളങ്കതയുടെ പ്രതിഫലനമാണ്. ഭയഭക്തിയും പാപമോചനത്തെക്കുറിച്ചുള്ള പ്രതീക്ഷയും സ്വര്‍ഗപ്രവേശത്തിലുള്ള പ്രത്യാശയും ഒരാളെ കരയിപ്പിക്കുന്നുവെങ്കില്‍ അത് ഉത്കൃഷ്ട സ്വഭാവത്തിന്റെയും ഉന്നത സ്ഥാനലബ്ധിയുടെയും ലക്ഷണമാകുന്നു. കാരണം അത്തരം ഭക്തരില്‍ നിന്ന് നന്മയല്ലാതെ പുറത്തുവരികയില്ല. ജീവിതത്തില്‍ സംഭവിച്ചുപോയ അബദ്ധങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കൂടുതല്‍ നന്മ വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് പ്രേരണയുമാണ്.
മനസ്സില്‍ യാതൊരു കളങ്കവുമില്ലാതെ നിഷ്‌കപടമായ നിലയില്‍ ഹൃദയം തുറന്നുവെച്ചുകൊണ്ട് അനന്തമജ്ഞാതമവര്‍ണനീയമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി രഹസ്യങ്ങളിലേക്ക് തന്റെ ഓര്‍മകളെ നയിക്കുന്ന ഒരാള്‍ക്കും അല്ലാഹുവിന്റെ കഴിവുകളെക്കുറിച്ചുള്ള ചിന്തയാല്‍ കണ്ണുനിറയാതിരിക്കില്ല. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശ ഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവര്‍ ‘ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'(3:191) എന്ന് മനസ്സില്‍തട്ടി പറയുന്നവര്‍ അഹംഭാവത്തിന്റെ അംശമേതും അകത്തില്ലാത്തവരാകുന്നു.
അല്ലാഹുവിന്റെ കല്പനകളെ അനുസരിക്കുവാനും വിരോധങ്ങളെ വെടിയുവാനും പ്രേരണ നല്കുന്ന ഇത്തരം ചിന്തകള്‍ നരകപ്രവേശത്തില്‍ നിന്നും നമ്മെ തടയുക തന്നെ ചെയ്യുമെന്നാണ് അസംഭവ്യമായ ഒരു കാര്യത്തിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് നബിതിരുമേനി(സ) വ്യക്തമാക്കുന്നത്. അകിട്ടില്‍നിന്ന് കറന്നെടുത്ത പാല്‍ തിരിച്ച് അകിട്ടിലേക്ക് തന്നെ കയറാത്തതുപോലെ, ദൈവഭയത്താല്‍ കരയുന്നവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല തന്നെ.
ദൈവമാര്‍ഗത്തിലുള്ള ത്യാഗപൂര്‍ണമായ പരിശ്രമത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുകയാണ് ഈ വചനത്തിലൂടെ നബിതിരുമേനി. ദൈവമാര്‍ഗത്തില്‍ ഇളകുന്ന പൊടിപടലങ്ങളും നരകത്തിലെ പുകപടലങ്ങളും ഒന്നിച്ചു ചേരുകയില്ല എന്ന നബിവചനം വ്യക്തമാക്കുന്നത് ത്യാഗപരിശ്രമങ്ങളുടെ മഹോന്നതമായ പ്രതിഫലത്തെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x