26 Friday
July 2024
2024 July 26
1446 Mouharrem 19

നാവിന്റെ നിയന്ത്രണം

എം ടി അബ്ദുല്‍ ഗഫൂര്‍

അസ്‌വദിബ്‌നു അസ്വ്‌റം(റ) പറയുന്നു: ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഉപദേശം നല്‍കിയാലും. നബി (സ) ചോദിച്ചു: നിനക്ക് നിന്റെ നാവിനെ നിയന്ത്രിക്കാമോ? ഞാന്‍ പറഞ്ഞു: എന്റെ നാവിനെ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനെയാണ് ഞാന്‍ നിയന്ത്രിക്കുക? നബി(സ) ചോദിച്ചു: നിനക്ക് നിന്റെ കൈ നിയന്ത്രിക്കാന്‍ കഴിയുമോ? എന്റെ കൈ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാനെന്തിനെയാണ് നിയന്ത്രിക്കുക? നബി(സ) പറഞ്ഞു: എങ്കില്‍ നിന്റെ നാവുകൊണ്ട് നീ മര്യാദയുള്ളതല്ലാതെ സംസാരിക്കരുത്. നിന്റെ കൈ നീ നന്മയിലേക്കല്ലാതെ ചലിപ്പിക്കരുത്. (ത്വബ്‌റാനി)

ക്ഷമ ഒരിക്കലും ബലഹീനതയോ ദൗര്‍ബല്യമോ അല്ല. മറിച്ച്, ശക്തിയും ഉയര്‍ച്ചയുമാണ്. യഥേഷ്ടം ചലിപ്പിക്കാന്‍ സ്വാതന്ത്ര്യവും സാഹചര്യവുമുള്ളവയെ നിയന്ത്രിച്ചു നിര്‍ത്തുക എന്നത് മഹത്വത്തിന്റെയും ശക്തിയുടെയും ലക്ഷണമാകുന്നു. ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിന്റെ കല്‍പനകളാല്‍ നിയന്ത്രിതനാണ്. തനിക്കിഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, തന്റെ കൈകളെ പിടിച്ചുനിര്‍ത്തണമെങ്കില്‍ അസാമാന്യ സഹനവും വിശ്വാസദൃഢതയും അനിവാര്യമത്രെ. ഏത് കാര്യത്തിലേക്കും നീട്ടാവുന്ന കൈകളെ അനാവശ്യങ്ങളിലേക്ക് നീട്ടാതെ നിയന്ത്രിച്ചു നിര്‍ത്തുകയും ആവശ്യങ്ങളിലേക്കും അത്യാവശ്യങ്ങളിലേക്കും ചലിപ്പിക്കുകയും ചെയ്യുക എന്നത് ദൈവഭക്തന്റെ ഉല്‍കൃഷ്ട ഗുണമായാണ് നബിതിരുമേനി(സ) പഠിപ്പിക്കുന്നത്.
നല്ലത് പറയുക എന്നത് വിശ്വാസത്തിന്റെ അടയാളവും ശ്രേഷ്ഠതയുടെ മാനദണ്ഡവുമാകുന്നു. വിശ്വാസി അല്ലാഹുവിന് തൃപ്തിയുള്ളതേ പറയുകയുള്ളൂ. വാക്കുകള്‍ അളന്നുമുറിച്ച് അത് തൂക്കിനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തി സംസാരിക്കുന്നത് മാന്യതയുടെ ഭാഗമത്രെ. പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ യാതൊരു പ്രയോജനവും ചെയ്യാത്ത വാക്കുകള്‍ ഉപേക്ഷിക്കുന്നവനാണ് ബുദ്ധിമാന്‍.
ശാപവാക്കുകള്‍ അധികരിപ്പിച്ചും അശ്ലീലം പറഞ്ഞും ദൈവകോപത്തിന്നിരയാവുന്നതിനെക്കാള്‍ മഹത്തരം മൗനമവലംബിക്കലാകുന്നു. നാവിന്റെ ചലനമനുസരിച്ച് ഒരാളുടെ വ്യക്തിത്വവും സ്വഭാവ മഹിമയും അളക്കാനാവും. മോശമായ കാര്യത്തിലേക്കാണ് നാവ് ചലിക്കുന്നതെങ്കില്‍ അത് ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കാനും അനിഷ്ടം നേടിയെടുക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. അതുകൊണ്ടായിരിക്കും നല്ലതും തിയ്യതുമായ അവയവം നാവാണെന്ന് തത്വജ്ഞാനികള്‍ പറയുന്നത്. കാരണം, നാവിനെ ഏത് വിധേനയും വളച്ചെടുക്കാന്‍ മനുഷ്യന് കഴിയും. ദൈവസാമീപ്യം കരസ്ഥമാക്കുവാനുതകുന്ന ധര്‍മ്മമായി വാക്കുകളെ ഉപയോഗപ്പെടുത്താനും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന, പരസ്പര സ്‌നേഹം നഷ്ടപ്പെടുത്തുന്ന തരത്തില്‍ അതിനെ ഉപയോഗിക്കുവാനും മനുഷ്യന് കഴിയുന്നു. എന്നാല്‍ നന്മയി ലൂടെ ചലിപ്പിച്ച് നാവിനെ നിയന്ത്രിച്ചുനിര്‍ത്തിയാല്‍ അതാണ് മഹത്തായ വിജയമെന്നത്രെ ഈ തിരുവചനത്തിന്റെ പാഠം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x