ഹൃദയം തരളിതമാകാന്‍
എം ടി അബ്ദുല്‍ ഗഫൂര്‍
ഹൃദയം മൃദുലമാവുക എന്നത് സൗഭാഗ്യത്തിന്റെയും ഹൃദയം കഠിനമാവുക എന്നത് ദൗര്‍ഭാഗ്യത്തിന്റെയും ലക്ഷണമാണ്. കടുത്തതിനെ നിര്‍വചിക്കാന്‍ വേണ്ടി പലപ്പോഴും കരിമ്പാറയെ ഉപമിക്കാറുണ്ട്. അവയില്‍തന്നെ ചിലതില്‍ വെള്ളം ഉറവ പൊട്ടിയൊഴുകാറുണ്ട്. എന്നാല്‍ പാറയെക്കാള്‍ കടുത്ത ഹൃദയമാണെങ്കിലോ? കനിവിന്റെ യാതൊരു നനവും അതിലുണ്ടാവുകയില്ല. ദൈവസാമീപ്യത്തില്‍ നിന്ന് അകന്നുപോവുകയാണതിന്റെ അനന്തര ഫലമായി ഭവിക്കുന്നത്.
ഹൃദയകാഠിന്യത്തിന് പല കാരണങ്ങളുമുണ്ടാവാം. അവയില്‍ പ്രധാനപ്പെട്ടത് നാവ് വരുത്തിവെക്കുന്ന വിനകളാണ്. ചീത്ത വാക്കുകള്‍, അസഭ്യം പറയല്‍, ഏഷണി, പരദൂഷണം, കള്ളസാക്ഷ്യം, കണ്ടതും കേട്ടതും പറയല്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ നാവ് വരുത്തിവെക്കുന്ന ദുഷ്‌ചെയ്തികളാകുന്നു. തന്‍മൂലം മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുകയും അവരില്‍ നിന്ന് സ്വാഭാവിക വെറുപ്പ് സമ്പാദിക്കുകയുമാണ് ചെയ്യുന്നത്.
കാര്യങ്ങളന്വേഷിക്കാതെയോ നിജസ്ഥിതി ബോധ്യപ്പെടാതെയോ കേള്‍ക്കുന്നതൊക്കെ പറയുക എന്നത് ഒരാള്‍ കുറ്റക്കാരനാവാന്‍ പര്യാപ്തമായ പാപമാകുന്നു. വ്യക്തിഹത്യകളും അപവാദ പ്രചരണങ്ങളും ധാരാളം നടക്കുന്ന ഇക്കാലത്ത് യാതൊരു നന്മയും ഗുണവും ലഭിക്കാത്ത ഇത്തരം ദുഷ്‌കൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക എന്നത് ദൈവവിശ്വാസവുമായുള്ള ഒരു മനുഷ്യന്റെ ബന്ധത്തെ സൂചിപ്പിക്കുന്നു.
ദൈവസ്മരണ മനസ്സിലുള്ള ഒരാള്‍ക്ക് കഠിന ഹൃദയനാവാന്‍ കഴിയില്ല. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചും അവന്റെ അനുഗ്രഹത്തെക്കുറിച്ചും അവന്റെ സൃഷ്ടി രഹസ്യത്തെക്കുറിച്ചും സംസാരിക്കുന്നവന്റെ ഹൃദയം കരുണാര്‍ദ്രമാവുകയെന്നത് സ്വാഭാവികമത്രെ. എന്നാല്‍ ജനങ്ങളെക്കുറിച്ച് ദുഷിച്ച് പറയുകയും ദുരാരോപണങ്ങളുന്നയിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിനെ നിസ്സാരമായി കാണുന്നത് പരലോകവിശ്വാസത്തിന്റെയും പാരത്രിക ചിന്തയുടെയും അഭാവമാണ് കാണിക്കുന്നത്.
അത്യപകടകരമായ അധ:പതനത്തിലേക്കും അതിമഹത്തായ സൗഭാഗ്യത്തിലേക്കും മനുഷ്യനെ നയിക്കാന്‍ നാവിന് സാധിക്കുമെന്നും ദൈവസ്മരണയിലൂടെ സൗഭാഗ്യം നേടിയെടുക്കാന്‍ വിശ്വാസി ശ്രമിക്കണമെന്നുമാണ് ഈ തിരുവചനം നല്‍കുന്ന പാഠം.