26 Friday
July 2024
2024 July 26
1446 Mouharrem 19

അഹങ്കാരത്തിന്റെ അടയാളം

എം ടി അബ്ദുല്‍ഗഫൂര്‍

അബൂഹുറയ്‌റ പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: എന്റെ സമുദായം മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവനൊഴികെ. അപ്പോള്‍ ചോദിക്കപ്പെട്ടു: പ്രവാചകരേ, ആരാണ് വിസമ്മതിക്കുന്നവന്‍? നബി തിരുമേനി പറഞ്ഞു: ആര്‍ എന്നെ അനുസരിക്കുന്നുവോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ആര്‍ അുസരണക്കേട് കാണിക്കുന്നുവോ അവനാണ് വിസമ്മതിച്ചവന്‍. (ബുഖാരി)

അനുസരണം പലവിധമുണ്ട്. പരപ്രേരണയാലും നിര്‍ബന്ധത്തിന് വഴങ്ങിയും അനുസരണമുണ്ടാവും. സ്വേച്ഛപ്രകാരവും മനസംതൃപ്തിയോടെയും അനുസരണമുണ്ടാവാം. രണ്ടാമതു പറഞ്ഞതിലാണ് ദൃഢതയുണ്ടാവുക. സ്‌നേഹബഹുമാനങ്ങളോടെയുള്ള അനുസരണമായി മാറുമത്. കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കിയ ശേഷമാണ് അനുധാവനമെങ്കില്‍ ആത്മാര്‍ഥത സ്വാഭാവികമത്രെ.
പ്രവാചക തിരുമേനി അനുസരിക്കപ്പെടേണ്ടത് ഇവ്വിധമാകുന്നു. കാര്യങ്ങള്‍ സ്വയം ബോധ്യപ്പെട്ടുകൊണ്ട് മനസ്സറിഞ്ഞുകൊണ്ടും നബി തിരുമേനിയുടെ നിര്‍ദേശങ്ങള്‍ പിന്‍പറ്റുമ്പോള്‍ അതില്‍ അടിയുറച്ചു നില്‍ക്കാന്‍ കഴിയും. അത് സ്രഷ്ടാവിനോടുള്ള വിധേയത്വമാകുന്നു. കാരണം സ്രഷ്ടാവിന്റെ നിര്‍ദേശങ്ങളാണ് നബിതിരുമേനിയിലൂടെ നമുക്ക് ലഭ്യമായിട്ടുള്ളത്. ദിവ്യ സന്ദേശമായി നല്‍കപ്പെടുന്ന ഉത്‌ബോധനമായിട്ടല്ലാതെ തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല നബിതിരുമേനി (53:3,4). ആ പ്രവാചകനെ പിന്‍പറ്റുകയും അവിടുത്തെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ദുഷ്‌കര്‍മങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യാനുള്ള പ്രേരണ സ്വര്‍ഗപ്രവേശത്തിലേക്ക് വഴിതുറക്കുന്നു.
വിസമ്മതം അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും അടയാളമാകുന്നു. അത് സത്യനിഷേധത്തിലേക്കാണെത്തിക്കുക. വിനയവും വിട്ടുവീഴ്ചയും താഴ്മയും ബഹുമാനവും നഷ്ടപ്പെടുമ്പോഴാണ് ന്യായീകരണങ്ങള്‍ ചമച്ചുകൊണ്ട് വിസമ്മതം പ്രകടിപ്പിക്കുന്നത്. ആദ്യമായി വിസമ്മതം നടത്തിയ ഇബ്്‌ലീസിനെക്കുറിച്ചുള്ള പ്രതിപാദനത്തില്‍ അഹങ്കാരത്തിന്റെയും സത്യനിഷേധത്തിന്റെയും വ്യക്തമായ സൂചനയാണ് വിശുദ്ധ ഖുര്‍ആന്‍ (2:34) നല്‍കുന്നത്.
പ്രവാചകാധ്യാപനങ്ങള്‍ പിന്‍പറ്റുന്നതിലൂടെ ദൈവപ്രീതിയും പാപമോചനവും അതുവഴി സ്വര്‍ഗപ്രവേശവും കര്‍ശനമാക്കാമെന്നും അനുസരണക്കേട് വിസമ്മതത്തിലേക്കും അഹങ്കാരത്തിലേക്കും അതുവഴി നരകപ്രവേശത്തിലേക്കും വഴിവെക്കുമെന്നുമാണ് ഈ തിരുവചനം നല്‍കുന്ന പാഠം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x