2 Wednesday
July 2025
2025 July 2
1447 Mouharrem 6

നീതിയുടെ കാവലാളാവുക

എം ടി അബ്ദുല്‍ ഗഫൂര്‍

ഇസ്‌ലാം നീതിയുടെ മതമാണ്. നീതി നിര്‍വഹണം മുസ്‌ലിമിന്റെ മുഖമുദ്രയായിരിക്കണം. ഒരു മുസ്‌ലിം ഇടപെടുന്ന എല്ലാ വിഷയങ്ങളിലും നീതി പാലിക്കാന്‍ കടപ്പെട്ടവനത്രെ. വ്യക്തിപരമോ കുടുംബപരമോ സാമുദായികമോ സംഘടനാ പരമോ ആയ യാതൊരു പക്ഷപാതിത്വത്തിനും ഇടം നല്‍കാതെ സ്വതന്ത്രമായി കാര്യങ്ങളെ അപഗ്രഥിക്കാനും നീതിപൂര്‍വകമായ തീര്‍പ്പു കല്പിക്കാനുമാണ് വിശ്വാസി ശ്രമിക്കേണ്ടത്.
സ്വതന്ത്രമായ നീതിന്യായ ക്രമം അതിന്റെ യഥാര്‍ഥമായ താല്‍പര്യത്തോടെയും ചൈതന്യത്തോടെയും നിര്‍വഹിക്കപ്പെടുന്ന ഏതൊരു സമൂഹത്തിനും ഉയര്‍ച്ചയും അന്തസ്സും ലഭിക്കുക സ്വാഭാവികമാണ്. സ്വജന പക്ഷപാതവും സ്വാര്‍ഥ താല്‍പര്യങ്ങളും നീതിനിര്‍വഹണത്തെ പിടികൂടുന്നുവെങ്കില്‍ അത്തരം സമൂഹത്തിന് തല ഉയര്‍ത്തി നില്‍ക്കാന്‍ അര്‍ഹതയുണ്ടാവില്ല.
വിശ്വാസികളുടെ സ്വഭാവ ഗുണങ്ങളില്‍ ഏറ്റവും മഹിതമായി തിളങ്ങി നില്‍ക്കേണ്ട ഒന്നാണ് നീതിബോധം. സമൂഹത്തിലെ മാന്യനെന്നോ ദുര്‍ബലനെന്നോ പരിഗണിക്കപ്പെടാതെ സത്യത്തോടുള്ള പ്രതിബദ്ധതയാവണം ന്യായാധിപനെ നയിക്കേണ്ടത് എന്ന വ്യക്തമായ പാഠമാണ് ഈ തിരുവചനം നമുക്ക് നല്‍കുന്നത്.
ന്യായാന്യായങ്ങളെ സ്വതന്ത്രമായി വിശകലനം ചെയ്തും സത്യസന്ധമായ നിലപാട് സ്വീകരിച്ചും ദുസ്സ്വാധീനങ്ങളെ അവഗണിച്ചും ഒരു ന്യായാധിപന്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ ആ സമൂഹത്തില്‍ സുരക്ഷിത ബോധവും സമാധാന അന്തരീക്ഷവും പ്രജകള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. മറിച്ച് ഭരണകൂടത്തിന്റെയോ മറ്റോ അന്യായമായ നിര്‍ദേശങ്ങളോ ഭൗതികമായി തനിക്ക് ലഭിച്ചേക്കാവുന്ന വിഭവങ്ങളോ ഒരു ന്യായാധിപനെ സ്വാധീനിക്കുന്നുവെങ്കില്‍ അവിടെ അരക്ഷിതബോധവും അരാജകത്വവും അനുഭവപ്പെടുമെന്നതാണ് ചരിത്രം.
”ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്” (6:9) എന്ന വിശുദ്ധ ഖുര്‍ആനിന്റെ വിശ്വാസികളോടുള്ള ആഹ്വാനം ശ്രദ്ധേയമത്രെ.

Back to Top