21 Sunday
July 2024
2024 July 21
1446 Mouharrem 14

ഹദീസിലെ ബൗദ്ധിക ഇടപെടല്‍

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാം ബുദ്ധിക്കും ചിന്തക്കും എതിരായ മതമല്ല. ബുദ്ധിയുള്ളവര്‍ക്കേ ഇസ്‌ലാമിക നിയമങ്ങള്‍ ബാധകമാകൂ. വിശുദ്ധ ഖുര്‍ആനില്‍ നൂറിലധികം സ്ഥലങ്ങളില്‍ ചിന്തിക്കാനും ബുദ്ധി ഉപയോഗിക്കാനും കല്‍പിക്കുന്നുണ്ട്. ഒരുദാഹരണം: ‘ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അവയുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍’ (അഅ്‌റാഫ് 179). ഈമാനിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഹദീസില്‍ ബൗദ്ധിക ഇടപെടലിന്ന് തടസ്സമില്ല.
സ്രഷ്ടാവായ അല്ലാഹുവിനെ കണ്ടെത്തുന്നതുപോലും സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കണമെന്നാണ് ഖുര്‍ആനിന്റെ കല്‍പന. അല്ലാഹു പറയുന്നു: ‘ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്ക് പ്രയോജനമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു മഴ വര്‍ഷിപ്പിച്ചു തന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കുശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗത്തെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച.’ (2:164)
ഇതുപോലെ നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനമാണ് സുന്നത്തുകള്‍. നബി(സ)യുടെ സുന്നത്തുകള്‍ നാം പഠിക്കുന്നതും മനസ്സിലാക്കുന്നതും ഹദീസുകളിലൂടെയാണ്. ഒരു ഹദീസ് സംശയരഹിതമായി സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടാല്‍ അത്തരം ഹദീസുകള്‍ സ്വീകരിക്കല്‍ സത്യവിശ്വാസിക്ക് നിര്‍ബന്ധമാണ്.
അല്ലാഹു പറയുന്നു: ‘അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല’ (ഇസ്‌റാഅ് 85). പ്രമാണങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ഹദീസിന്റെ ആശയത്തെ ബുദ്ധിപരമായി സമീപിക്കുന്നതിനെ ഹദീസ് നിഷേധമായി കാണേണ്ടതില്ല. ഹദീസ് നിഷേധികളോട് വാദപ്രതിവാദം നടത്തുകയും അവര്‍ക്കെതിരില്‍ പുസ്തകം രചിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമി. അദ്ദേഹം രേഖപ്പെടുത്തി: ‘സ്വഹീഹായ ഹദീസ് ബുദ്ധിക്ക് എതിരാണെന്നു പറഞ്ഞു നിഷേധിക്കാവതല്ല’ (ഹദീസുകള്‍ പ്രാമാണികതയും വിമര്‍ശനവും പേജ് 27). അതേയവസരത്തില്‍ സാമാന്യ ബുദ്ധിക്ക് വിരുദ്ധമായ യാതൊന്നും തന്നെ അല്ലാഹുവോ റസൂലോ പഠിപ്പിക്കുന്നുമില്ല. ഇത് നബി(സ)യും സ്വഹാബത്തും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ആധുനിക പണ്ഡിതന്മാരും ഒക്കെ രേഖപ്പെടുത്തിയതുമാണ്. ഹദീസിനെ ബുദ്ധിപരമായി സമീപിച്ച ധാരാളം സന്ദര്‍ഭങ്ങള്‍ പണ്ഡിത പഠനങ്ങളില്‍ കാണാം.
നബി(സ) അരുളി: ‘നിങ്ങളുടെ ബുദ്ധിക്ക് അരോചകമായി തോന്നുകയും അപ്രകാരം സംഭവിക്കുകയെന്നത് വിദൂരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന പക്ഷം ഞാനതില്‍നിന്നും വിദൂരമായിരിക്കും’ (അഹ്മദ്). ബുദ്ധിക്ക് അരോചകമായി തോന്നുന്ന ഹദീസുകള്‍, ബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയാത്ത പ്രസംഗം എന്നിവയെല്ലാം നബി(സ) നിരോധിച്ചിട്ടുണ്ട്. നബി(സ) പറഞ്ഞതായി അലി(റ) പ്രസ്താവിച്ചു. നിങ്ങള്‍ ജനങ്ങളോട് അവര്‍ക്ക് മനസ്സിലാകുംവിധം സംസാരിക്കുക’ (ബുഖാരി). ഇബ്‌നുമസ്ഊദ്(റ) പ്രസ്താവിച്ചു. ‘ജനങ്ങളുടെ ബുദ്ധിക്ക് യോജിക്കാത്ത ഒരു ഹദീസ് നീ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കരുത്’ (മുസ്‌ലിം).
ശൈഖ് അബ്ദുല്‍ഖാദിറുല്‍ ജീലാനി(റ) (മുഹ്‌യുദ്ദീന്‍ ശൈഖ്) രേഖപ്പെടുത്തി. ‘ഖുര്‍ആനിനും സുന്നത്തിനും സാമാന്യബുദ്ധിക്കും ഒരുകാര്യം യോജിക്കുന്നപക്ഷം അത് സ്വീകരിക്കാം. അതിനോട് എതിരായി വരുന്നതെല്ലാം ഉപേക്ഷിക്കേണ്ടതുമാണ്’ (അല്‍ഗുന്‍യ 1/5). ഈ വിഷയകമായി ഇമാം മാവര്‍ദിയുടെ അഭിപ്രായം: ‘ഓരോ കാര്യങ്ങള്‍ക്കും ഓരോ അടിസ്ഥാനമുണ്ട്. ഒരു മനുഷ്യന്റെ കര്‍മത്തിന്റെ അടിസ്ഥാനത്തില്‍ അവന്റെ ബുദ്ധിയാണ്. അവന്റെ ബുദ്ധിയുടെ അളവില്‍ അടിസ്ഥാനത്തിലാണ് അവന്റെ രക്ഷിതാവിനു വേണ്ടിയുള്ള അവന്റെ ആരാധന നിലകൊള്ളുന്നത്. ഞങ്ങള്‍ കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഞങ്ങള്‍ നരകവാസികളില്‍ ഉള്‍പ്പെടുമായിരുന്നില്ല’ എന്ന അല്ലാഹുവിന്റെ വചനം നിങ്ങള്‍ കേട്ടിട്ടില്ലേ?'(അദബുദ്ദുന്‍യാ വദ്ദീനി, പേ. 11,12)
ഇമാം ശാത്വിബിയുടെ പ്രസ്താവന: ‘ജനങ്ങളുടെ ബുദ്ധിക്ക് യോജിക്കാത്ത ഹദീസുകള്‍ ഉദ്ധരിക്കല്‍ ദീനിനും സലഫുകളുടെ സമീപനത്തിനും എതിരാണ് ‘ (അല്‍ഇഅതിസ്വാം 1/490). അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക. ‘ദീനിന്റെ പ്രമാണങ്ങള്‍ സാമാന്യ ബുദ്ധിക്ക് എതിരാകുന്നതല്ല’ (അല്‍മുഖാഫഖാത്ത് 3/27). സൂറത്ത് യൂസുഫിലെ 108ാം വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു: ‘അല്ലാഹുവിന്റെ റസൂലിനെ പിന്തുടര്‍ന്നവരെല്ലാം ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് ബുദ്ധിപരമായും മതപരമായുമുള്ള പ്രമാണത്തോടുകൂടിയും ഉള്‍ക്കാഴ്ചയോടും മനസ്സുറപ്പോടും കൂടിയുമാണ്’ (ഇബ്‌നുകസീര്‍ 2/496). ഇമാം ഇബ്‌നുകസീര്‍: ‘വിശുദ്ധ ഖുര്‍ആന്‍ ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കാനാണ്’ എന്ന വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നത് ബുദ്ധിയുള്ളവരെ മുന്നറിയിപ്പ് നല്‍കാനാണ് എന്നാണ്’ (ഇബ്‌നുകസീര്‍ 3/150).
ഇമാം ഇബ്‌നുല്‍ഖയ്യിമിന്റെ പ്രസ്താവന ഇപ്രകാരമാണ്. ‘ആശയ ഭദ്രതയില്ലാത്ത യുക്തിസഹമല്ലാത്ത വിധികള്‍ കാണാന്‍ കഴിയില്ല.’ (ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍ 2/67). ഈ വിഷയകമായി പ്രമുഖ സലഫീ പണ്ഡിതന്‍ അശ്ശൈഖ് മുഹമ്മദ് ഹിശാം രേഖപ്പെടുത്തുന്നു: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും സുന്നത്തിലേക്കും (തര്‍ക്കമുള്ള വിഷയങ്ങളില്‍) മടങ്ങല്‍ നിര്‍ബന്ധമാണ് എന്ന് പറഞ്ഞത് അവകളില്‍ ഒരുപാട് ബുദ്ധിപരമായ സ്വഹീഹായ തെളിവുകള്‍ ഉള്ളതുകൊണ്ടാണ്’ (വിശുദ്ധ ഖുര്‍ആനും സലഫുകള്‍ക്കിടയില്‍ അതിന്റെ സ്ഥാനവും 2/1119, 1120).
ഈ വിഷയകമായി വന്ന ചില ഹദീസുകള്‍ കൂടി പരിശോധിക്കാം: ‘ജാബിര്‍(റ) പ്രസ്താവിച്ചു. നബി(സ) അരുളി: ഒരു മനുഷ്യന്റെ നിലനില്‍പ്പുതന്നെ അവന്റെ ബുദ്ധിയുടെ അടിസ്ഥാനത്തിലാണ്. ബുദ്ധിയില്ലാത്തവന് ദീനീ കാര്യങ്ങള്‍ നിര്‍ബന്ധവുമില്ല’ (ബൈഹഖി, ശഅബുല്‍ഈമാന്‍).
ഈ വിഷയത്തില്‍ വന്ന ഇമാം ബുഖാരിയുടെ ഹദീസിന്റെ ആശയം: ‘സ്വര്‍ഗവാസികള്‍ സ്വര്‍ഗത്തിലും നരകവാസികള്‍ നരകത്തിലും എത്തിപ്പെട്ടാല്‍ മരണത്തെ കൊണ്ടുവരപ്പെടും. അങ്ങനെ അതിനെ (മരണത്തെ) നരകത്തിന്റെയും സ്വര്‍ഗത്തിന്റെയും ഇടയില്‍വെച്ച് അറുക്കപ്പെടും’ (ബുഖാരി 6548).
ഈ ഹദീസിനെക്കുറിച്ച് പണ്ഡിതന്മാരുടെ അഭിപ്രായം ഇമാം ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ‘ഈ ഹദീസ് സാമാന്യബുദ്ധിക്ക് വിരുദ്ധമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഈ ഹദീസിന്റെ സാധുതയെ ഒരു വിഭാഗം പണ്ഡിതന്മാര്‍ നിഷേധിച്ചിട്ടുണ്ട്. അവര്‍ ഈ ഹദീസിനെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്’ (ഫത്ഹുല്‍ബാരി 14/644). പരലോകത്ത് നടക്കാനിരിക്കുന്ന സംഭവങ്ങളില്‍ നമ്മുടെ കേവല ബുദ്ധികൊണ്ട് മാത്രം അഭിപ്രായം പറയേണ്ടതില്ല.
ഹദീസുകള്‍ സാമാന്യബുദ്ധിക്ക് യോജിച്ചതായിരിക്കണമെന്നാണ് നബി(സ)യും സ്വഹാബത്തും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുമെല്ലാം ഏകോപിച്ചു പറഞ്ഞത്. നവയാഥാസ്ഥിതികര്‍ കാര്യങ്ങള്‍ പഠിക്കാതെ ഊഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ ഏകോപിച്ചു പറഞ്ഞതും അപ്രകാരം തന്നെയാണ്. സാമാന്യബുദ്ധിക്ക് വിരുദ്ധങ്ങളായ ഹദീസുകളെല്ലാം മൗളൂഅ്(നിര്‍മിതം) ആണെന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) നുഖ്ബത്തുല്‍ ഫിക്ര്‍ എന്ന ഗ്രന്ഥം 113ാം പേജിലും ജലാലുദ്ദീനുസ്സുയൂഥി(റ) തദ്‌രീബുര്‍റാവി 1/327ാം പേജിലും ഇമാം സഖാവി ഇബ്‌നുജൗസി(റ)ല്‍ നിന്നും തന്റെ ഫത്ഹുല്‍മുഗീസ് എന്ന ഗ്രന്ഥം 1/290ാം പേജിലും ഇമാം ഇബ്‌നുല്‍അസീര്‍(റ) ജാമിഉല്‍ഉസ്വൂല്‍ 1/15ാം പേജിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം ഹദീസ് നിഷേധികളും അഖലാനികളുമാണോ?
കേരളത്തിലെ പണ്ടിതന്മാരും ഈ ശൈലിയില്‍ തന്നെയാണ് ചിന്തിച്ചത്. അബൂബക്കര്‍ സലഫിയും സകരിയ്യാ സ്വലാഹിയും രേഖപ്പെടുത്തി: ‘ഇസ്‌ലാമിക നിയമസംഹിതകളെല്ലാം ബുദ്ധിക്കും ചിന്തക്കും നിരക്കുന്നതാണ്. അതിനെതിരായി പറയപ്പെടുന്ന വചനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു’ (സ്വഹീഹ് മുസ്‌ലിം പരിഭാഷ പേജ് 52)
പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനിയും ബുദ്ധിക്ക് എതിരായി വരുന്ന ഹദീസുകള്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായക്കാരനാണ്. (സുന്നത്ത് അര്‍ഥവും പ്രാധാന്യവും പേജ് 41). ബുദ്ധിക്ക് എതിരായി വരുന്ന ഹദീസുകള്‍ ദുര്‍ബലങ്ങളാണ് (അല്‍മനാര്‍ മാസിക 1957 ആഗസ്ത്). അമാനി മൗലവി രേഖപ്പെടുത്തി: ‘ബുദ്ധിക്ക് എതിരായി വരുന്ന ഹദീസുകള്‍ ദുര്‍ബലമാണ്’ (നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും, പേജ് 101, 102).

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x