1 Friday
March 2024
2024 March 1
1445 Chabân 20

ഹദീസ് നിഷേധവും ഏക റാവീ റിപ്പോര്‍ട്ടും

എ അബ്ദുല്‍ഹമീദ് മദീനി


ഹദീസ് നിഷേധികള്‍ 19ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്നു. അന്നത്തെ ഇസ്മാഈലി ഇമാം ആഗാ ഖാന്‍ ആയിരുന്നു ഇതിന്റെ മുന്‍പന്തിയില്‍. അഹ്മദ് ഖാനെ തുടര്‍ന്നു തശ്‌റാഖ് അലി രംഗത്തുവന്നു. 1902ല്‍ അഹ്മദ് ഖാന്റെ സ്വാധീനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്ല ജഗ്‌റാലവി ലാഹോറില്‍ സ്ഥാപിച്ച ഒരു പള്ളി കേന്ദ്രമായി തന്റെ ഹദീസ് നിഷേധം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. നമസ്‌കാരത്തിനു പുതിയ രൂപവും ഭാവവും നല്‍കി അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഗുലാം അഹ്മദ് പര്‍വേസ് ആയിരുന്നു.
ഈ ആധുനിക ലോകത്തില്‍ അഹ്‌ലുല്‍ ഖുര്‍ആന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു പറഞ്ഞതുപോലെ ഡോ. അഹ്മദ് സുബ്ഹി മന്‍സൂര്‍ (1949) എന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഹദീസ് നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. അദ്ദേഹം 1977 മുതല്‍ ഇസ്‌ലാമിനും തിരുസുന്നത്തിനുമെതിരെ തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഗ്രന്ഥരചനയിലൂടെയും പടപൊരുതി. ഇക്കാരണത്താല്‍ അദ്ദേഹത്തെ 1987ല്‍ ജാമിഉല്‍ അസ്ഹറില്‍ നിന്ന് പുറത്താക്കി.
ഇക്കാലഘട്ടത്തില്‍ ഖുര്‍ആനിലെ 19ന്റെ കണക്കുമായി രംഗത്തുവന്ന റഷാദ് ഖലീഫ (1935-1990) അദ്ദേഹത്തോടൊപ്പം കൂടി. തുടര്‍ന്ന് അവര്‍ രണ്ടു പേരും അമേരിക്കയിലേക്കു പോയി അവിടെ തങ്ങളുടെ പിഴച്ച ആശയങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. തന്റെ ആശയപ്രചാരണത്തിന് 19ന്റെ കണക്കിനെയാണ് അയാള്‍ കാര്യമായും ഉപയോഗിച്ചത്. പിന്നീട് അയാള്‍ (റഷാദ് ഖലീഫ) നുബുവ്വത്ത് വാദിച്ച് നബിയായി സ്വയം പ്രഖ്യാപിച്ചു. നബിയായി അഭിനയിച്ചപ്പോഴാണ് അയാളുടെ തനിനിറം മുസ്‌ലിംകള്‍ മനസ്സിലാക്കിയത്. 1990ല്‍ അയാള്‍ വധിക്കപ്പെട്ടു.
തുടര്‍ന്ന് ഡോ. സുബ്ഹി മന്‍സൂര്‍ ഈജിപ്തിലേക്കു തന്നെ മടങ്ങി. അദ്ദേഹം കൈറോയിലെ ചില മിമ്പറുകള്‍ തന്റെ സുന്നത്ത് നിഷേധ പ്രചാരണത്തിനായി ഉപയോഗിച്ചു. സുന്നത്തിനെയും നബി(സ)യെയും കളിയാക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ കോടതിയില്‍ വിചാരണ ചെയ്യുകയും ഏതാനും മാസങ്ങള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. അമേരിക്കയുടെ സംരക്ഷണത്തില്‍ അദ്ദേഹം ഇസ്‌ലാമിനും തിരുസുന്നത്തിനുമെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. വിമര്‍ശനം ശക്തമായപ്പോള്‍ അയാള്‍ക്ക് അവിടം വിടേണ്ടിവന്നു.
തുടര്‍ന്ന് അദ്ദേഹം കൈറോയിലെ ഇബ്‌നു ഖല്‍ദൂന്‍ സെന്ററില്‍ അഞ്ചു വര്‍ഷക്കാലം ജോലി ചെയ്തു. ഈ സെന്റര്‍ യഹൂദികളുടെയും അമേരിക്കയുടെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. 2000ല്‍ ഈ സെന്ററിന്റെ ഡയറക്ടര്‍ ചാരപ്പണി നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ അടച്ചുപൂട്ടിയപ്പോള്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നു ഭയന്ന് ഡോ. സുബ്ഹി മന്‍സൂര്‍ അമേരിക്കയിലേക്ക് കടന്നു. അവിടെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി നിയമിതനായി. തുടര്‍ന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാനുള്ള വേദികള്‍ ഉണ്ടാക്കി. അവസാനം 2004ല്‍ അഹ്‌ലുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ ഒരു ചാനലുണ്ടാക്കി സുന്നത്തിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇസ്‌ലാം വിമര്‍ശകരുടെ പ്രധാന സ്രോതസ്സാണ് ഈ ചാനല്‍.
ഒരാളോ രണ്ടാളോ റിപ്പോര്‍ട്ട് ചെയ്ത ഏക റാവി റിപ്പോര്‍ട്ട് തന്റെ മാനദണ്ഡം അനുസരിച്ച് ഒത്തുവരാത്തതിന്റെ പേരില്‍ ഒരു പണ്ഡിതന്‍ തള്ളിക്കളഞ്ഞാല്‍ അത് ഹദീസ് നിഷേധമല്ല. ഇമാം ഗസ്സാലി പറയുന്നു: ”ഏക റാവി റിപ്പോര്‍ട്ട് ഉറപ്പായ അറിവ് നല്‍കുന്നില്ല എന്നത് അധികം ചിന്തിക്കാതെത്തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്” (അല്‍ മുസ്തസ്ഫ 1:116). അദ്ദേഹം വീണ്ടും പറയുന്നു: ”ഒരാളുടെ റിപ്പോര്‍ട്ട് കൊണ്ട് ഉറപ്പു ലഭിക്കുമോ? ചിലര്‍ ലഭിക്കുമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് അസംഭവ്യമാണ്. ബുദ്ധിപരമായി ചിന്തിച്ചാലും, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ചിന്തിച്ചാലും ഒരാളുടെ മാത്രം വാക്കു കൊണ്ട് സത്യമാണെന്ന് ഉറപ്പുവരുത്താന്‍ സാധ്യമല്ല. ഒരാള്‍ക്ക് കളവു പറയാമെങ്കില്‍ അയാളുടെ വാക്ക് പൂര്‍ണമായും സത്യമാണെന്ന് എങ്ങനെ മനസ്സിലാക്കും?” (അല്‍മന്‍ഹൂല്‍ ഗസ്സാലി 1:341). ഇമാം ശൗക്കാനിയും ഇങ്ങനെത്തന്നെയാണ് പറഞ്ഞത്: ”ഏക റാവി റിപ്പോര്‍ട്ടുകള്‍ സ്വന്തം നിലയ്ക്ക് ഉറപ്പായ അറിവ് നല്‍കുന്നില്ല” (ഇര്‍ശാദുല്‍ ഫുഹൂല്‍ 1:133).
ഇതേ ആശയം തന്നെയാണ് ഇസ്‌ലാമിലെ നിദാനശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയുക. മഹ്മൂദ് അബ്ദുസുഹ്‌റ തന്റെ ഉസൂലില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഏക റാവിയുടെ ഹദീസ് സത്യമാണെന്നതിന് മുന്‍ഗണന നല്‍കുന്നത് ദൃഢമല്ലാത്ത തെളിവാണ്. അതൊരിക്കലും ഖണ്ഡിതമായ അറിവാകുന്നില്ല. കാരണം ഇത് നബി(സ)യിലേക്ക് ചെന്നുചേരുന്നതില്‍ സംശയമുണ്ട്” (108).
സഹാബിമാരും താബിഉകളും മദ്ഹബിന്റെ ഇമാമുമാരും ധാരാളം ഹദീസുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:
1. നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്ന് ബുഖാരി-മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇമാം മാലിക് സ്വീകരിക്കുന്നില്ല. കാരണം ഈ ഹദീസ് ഖുര്‍ആന്റെ പൊതുവായ കല്‍പനക്ക് എതിരാണെന്നാണ് അദ്ദേഹം പറയുന്നത്. വേട്ടനായ പിടിച്ചുകൊണ്ടുവന്നത് തിന്നാമെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. പിന്നെ അത് തലയിട്ടത് ഏഴു പ്രാവശ്യം കഴുകണമെന്ന് എങ്ങനെ പറയും? ഇതാണ് അദ്ദേഹത്തിന്റെ ന്യായം.
2. മരണപ്പെട്ട വ്യക്തിയുടെ കുടുംബക്കാര്‍ കരഞ്ഞാല്‍ ആ മയ്യിത്തിനെ ശിക്ഷിക്കുമെന്ന ഉമര്‍ ഖത്താബ് (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട തത്വത്തിനെതിരായതുകൊണ്ട് ആയിശ(റ) നിരസിക്കുന്നു. ”ഭാരം ചുമക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല” (അന്‍ആം 164, അല്‍ഇസ്‌റാഅ് 15, സുമര്‍ 7, നജ്മ് 38).
3. അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്ത, ഇമാം ബുഖാരി ഉദ്ധരിച്ച, കറവയുള്ള മൃഗങ്ങളെ അകിടുകെട്ടി വില്‍ക്കുന്നതിനെ വിലക്കിയ ഹദീസ്, ഇമാം അബൂഹനീഫയും മാലികും നിരാകരിച്ചു. ഹദീസ് ഇങ്ങനെയാണ്: ”ആടിനെയോ ഒട്ടകത്തെയോ നിങ്ങള്‍ അകിടു കെട്ടി വില്‍ക്കരുത്. അകിടു കെട്ടിയ ഒരു മൃഗത്തെ ഒരാള്‍ വാങ്ങിയാല്‍ അതിനെ കറന്നു നോക്കി (നിശ്ചിത അളവില്‍ പാല്‍ ഇല്ലെങ്കില്‍) ഉള്ളതില്‍ തൃപ്തിപ്പെട്ട് മുന്നോട്ടു പോകാം. അല്ലെങ്കില്‍ ആ മൃഗത്തെയും ഒരു സാഅ് (രണ്ട് കിലോ) ഈത്തപ്പഴവും കൂടി തിരിച്ചുകൊടുത്ത് ആ കച്ചവടം ഒഴിയാം.” ഈ ഹദീസിനെപ്പറ്റി ഇമാം അബൂഹനീഫയും മാലികും പറയുന്നത്, ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തിന് എതിരാണ് എന്നാണ്. ഒരു വസ്തു നശിപ്പിച്ചാല്‍ അതുപോലെയുള്ളത് കൊടുക്കണം. അല്ലെങ്കില്‍ അതിന്റെ വില കൊടുക്കണം. ആ മൃഗത്തെ കറന്നെടുത്ത പാലിന് പകരം രണ്ട് കിലോ ഈത്തപ്പഴം കൊടുക്കണമെന്ന് പറയുന്നത് ഖിയാസിന് എതിരാണ്” (ഇമാം അബൂഹനീഫ 285, അബൂസുഹ്‌റ).
4. ”മൂന്നു പ്രാവശ്യം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ഇദ്ദ കാലം താമസവും ചെലവുമില്ല” എന്ന ഫാത്വിമ ബിന്‍ത് ലൈസിന്റെ ബുഖാരി ഉദ്ധരിച്ച ഹദീസ് ഖുര്‍ആന്റെ പൊതുതത്വത്തിന് എതിരാണെന്ന് മനസ്സിലാക്കിയ ഉമര്‍(റ) അത് സ്വീകരിച്ചില്ല. ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ലോകത്ത് ഇന്നുവരെ ആരും ഇമാം മാലികിനെയോ അബൂഹനീഫയെയോ ആയിശ(റ)യെയോ ഉമര്‍ ഖത്താബി(റ)നെയോ ഹദീസ് നിഷേധികളാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് മതിയായ കാരണങ്ങളാല്‍ ചില ഹദീസുകള്‍ മാറ്റിവെക്കണമെന്ന് പറയുന്നവരെ ഹദീസ് നിഷേധികളായി മുദ്ര കുത്തുന്നു, അതും വിശുദ്ധ ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് എതിരെ വന്ന ഏക റാവി റിപ്പോര്‍ട്ടിനെ മാറ്റിവെച്ചതിന്റെ പേരില്‍!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x