1 Tuesday
July 2025
2025 July 1
1447 Mouharrem 5

തീ വിറക് തിന്നുന്നപോലെ

എം ടി അബ്ദുല്‍ഗഫൂര്‍

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങള്‍ അസൂയ സൂക്ഷിക്കുക. കാരണം തീര്‍ച്ചയായും അസൂയ നന്മകളെ നശിപ്പിക്കുന്നു. തീ വിറകു തിന്നുന്നതുപോലെ. (അബൂദാവൂദ്)

സ്തുത്യര്‍ഹമായ സ്വഭാവ ഗുണങ്ങളും പൂര്‍ത്തീകരണവും നികൃഷ്ടമായ സ്വഭാവങ്ങളും വിപാടനവുമാണ് മത ധര്‍മങ്ങളുടെ ലക്ഷ്യം. ചീത്തയായ സ്വഭാവങ്ങള്‍ മനുഷ്യമനസ്സിനെ വികൃതമാക്കുകയും സമൂഹത്തെ വികലമാക്കുകയും ചെയ്യുന്നു. മനുഷ്യ മനസ്സിനെ തമ്മിലടിപ്പിക്കുന്നതും ദുഷ്പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കുന്നതുമായ ഒരു ദുസ്സ്വഭാവമത്രെ അസൂയ.
തന്റെ സഹോദരന് ലഭിച്ച അനുഗ്രഹങ്ങള്‍ അവനില്‍ നിന്ന് നീങ്ങിപ്പോവാനുള്ള ആഗ്രഹമാണ് അസൂയ. അത് മനസ്സിലുണ്ടെങ്കില്‍ സഹോദരനെക്കുറിച്ചു അനാവശ്യമായ ചിന്തകള്‍ ഉടലെടുക്കുകയും അവനെതിരില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം പ്രേരിതനാവുകയും ചെയ്യുന്നു. അത് അക്രമത്തിലേക്കും അതുവഴി അപകടത്തിലേക്കും വഴി വെക്കുന്നു.
വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും സംഘടനകളിലും രാഷ്ട്രങ്ങള്‍ക്കിടയില്‍ തെന്നയും ഭിന്നതയും ഛിദ്രതയും ഉണ്ടാകുന്നതിന്റെ മുഖ്യ കാരണം അസൂയയത്രെ. മറ്റുള്ളവര്‍ക്ക് ലഭിക്കുകയും തനിക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാനമാനങ്ങളും സൗകര്യങ്ങളും പേരും പ്രശസ്തിയും അതംഗീകരിക്കുവാന്‍ മനസ്സനുവദിക്കാതിരിക്കുമ്പോള്‍ അവ ഇല്ലാതാക്കുവാന്‍ എന്തുണ്ട് വഴി എന്ന ചിന്തയിലേക്ക് അസൂയാലുവിനെ എത്തിക്കുന്നു. അത് അവനെതിരിലുള്ള അപവാദ പ്രചരണത്തിലേക്കും അവന്റെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നതിലേക്കും അവനെ പ്രേരിപ്പിക്കുന്നു. അങ്ങനെ അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ മാര്‍ഗത്തിലൂടെയും അവന്‍ സഞ്ചരിക്കുകയും സ്വന്തം നന്മകള്‍ നഷ്ടപ്പെടുത്താന്‍ അത് കാരണമായിത്തീരുകയും ചെയ്യുന്നു.
ലോകത്ത് ആദ്യമായി നടന്ന കൊലപാതകത്തിന് കാരണം അസൂയയാണെന്ന് പറയാം. ഒരാളില്‍ നിന്ന് സ്വീകരിക്കുകയും മറ്റേ ആളില്‍ നിന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ എന്തു കാരണത്താല്‍ തന്നില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല എന്ന വിലയിരുത്തലല്ല അസൂയ മൂത്ത സഹോദരനിലുണ്ടായത്. മറിച്ച് എന്തുകൊണ്ട് അവനില്‍ നിന്ന് സ്വീകരിച്ചു എന്ന ചിന്ത അവനെ കൊലപ്പെടുത്തുന്നതില്‍ കലാശിക്കുകയാണ് ചെയ്തത്. പിതാവ് ഒരു പുത്രനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നു എന്ന തോന്നല്‍ നിമിത്തം മറ്റു സഹോദരങ്ങള്‍ യൂസുഫിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും കിണറ്റിലെറിയുകയും ചെയ്തത് ഈ അസൂയ നിമിത്തമായിരുന്നു.
പ്രതീക്ഷിച്ചിരുന്ന പ്രവാചകന്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നായില്ല എന്ന കാരണത്താല്‍ മുഹമ്മദ് നബിയില്‍ വിശ്വസിക്കാന്‍ തയ്യാറാവാതെ മാറിനിന്ന വേദക്കാരുടെ പ്രവര്‍ത്തനത്തിന് പിന്നിലുള്ള കാരണവും അസൂയത്രെ. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് അവിശ്വാസികളാക്കി മാറ്റിയെടുക്കാന്‍ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്(2:109) എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതും കാണാം.
ഒരാളുടെ മനസ്സില്‍ അസൂയ എന്ന ദുര്‍ഗുണം കടുകൂടിയാല്‍ നന്മയുടെ എല്ലാ കവാടങ്ങളും അയാള്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കപ്പെടുകയും തിന്മയുടെ മാര്‍ഗത്തിലേക്ക് അയാള്‍ സഞ്ചരിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് തീ വിറക് തിന്ന് ചാരമാക്കുന്ന വേഗത്തില്‍ അസൂയ സര്‍വ നന്മകളെയും നശിപ്പിച്ചു കളയുന്നു എന്ന് നബി തിരുമേനി പഠിപ്പിക്കുന്നതിന്റെ പൊരുള്‍.

Back to Top