പിണക്കമെന്തിന് ?
എം ടി അബ്ദുല്‍ഗഫൂര്‍
സ്‌നേഹത്തിന്റെ പ്രതീകമായാണ് ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയത്. അവന്‍ ഏറെ പൊറുക്കുന്നവനും സ്‌നേഹമുള്ളവനുമാകുന്നു (85:14). നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ (11:90). ഇസ്‌ലാം ഏറ്റവും ഉത്കൃഷ്ടമായി കാണുന്ന ഒരു സ്വഭാവഗുണമാണ് സ്‌നേഹം. പരസ്പരം സ്‌നേഹത്തോടെ ജീവിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയായി ഇസ്‌ലാം ഉത്കര്‍ഷിക്കുന്നു.
മറ്റുള്ളവരുടെ വേദനകള്‍ സ്വയം വേദനയായി കാണാനും അവ ഏറ്റെടുക്കാനും പരിഹരിക്കാനും ശ്രമിക്കുമ്പോള്‍ അവിടെ നിഷ്‌ക്കളങ്കമായ സ്‌നേഹം ഉടലെടുക്കുന്നു. വിശ്വാസികള്‍ പരസ്പരം കാണിക്കേണ്ട ഉത്തമ സ്വഭാവഗുണമത്രെ സ്‌നേഹം. അപരനെ അറിയാനും അംഗീകരിക്കാനും ആദര്‍ശബന്ധുവായ അവനുമായി ആത്മബന്ധം സ്ഥാപിക്കാനും ശ്രമിക്കുന്നത് ഉത്തമ സമൂഹസൃഷ്ടിപ്പിന് അനിവാര്യമാണ്. ഈ ഭൂമിയിലെ മാനവരഖിലവും പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും കഴിഞ്ഞുകൂടണമെന്നാണ് ദയാപരനായ അല്ലാഹുവിന്റെ താല്പര്യം.
ഇതിന് വിരുദ്ധമായി പകയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നത് പരസ്പരം അകല്‍ച്ചയ്ക്കും ഛിദ്രതയ്ക്കും കാരണമാവുന്നു. അതുകൊണ്ടായിരിക്കാം അതിലേക്കെത്തിക്കുന്ന പിണക്കത്തെ ഒഴിവാക്കാന്‍ നബിതിരുമേനി (സ) നിര്‍ദേശിക്കുന്നത്. സുഹൃത്തുക്കള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ വ്യക്തികള്‍ക്കിടയിലോ ഉണ്ടാവുന്ന പിണക്കം അല്ലാഹു ഒരിക്കലും ഇഷ്‌പ്പെടുന്നില്ല. അല്ലാഹു അതിനെ ഗൗരവമായി കാണുന്നു എന്നതുകൊണ്ടാണ് നബി തിരുമേനി(സ) അതിനെ അനുവദനീയമല്ലാത്ത കാര്യത്തില്‍ പെടുത്തിയത്.
തന്റെ സഹോദരനുമായി പിണക്കത്തിലിരിക്കുന്നത് മൂന്നു ദിവസത്തില്‍ അധികരിപ്പിക്കരുത് എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കേണ്ടത് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. കാരണം, പിണങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് അവരിലൊരാള്‍ മരണപ്പെടുന്നതെങ്കില്‍ അതേ അവസ്ഥയില്‍ തന്നെ പുനരുജ്ജീവിപ്പിക്കപ്പെടുകയും നരകപ്രവേശനത്തിന് അത് ഹേതുവാകുകയും ചെയ്യുന്നു.
ചില നിമിഷങ്ങളുടെ ദൗര്‍ബല്യങ്ങളാല്‍ ആരെങ്കിലുമായി പിണങ്ങേണ്ടിവന്നിട്ടുണ്ടെങ്കില്‍ തന്നെ വളരെ വേഗത്തില്‍ ഇണങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് നബി തിരുമേനി(സ). ഇണങ്ങുന്നതിന് മുന്‍കയ്യെടുക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് ഇക്കാരണം കൊണ്ടാണ്. സ്‌നേഹമാണ് സൗഹാര്‍ദത്തിന് അടിസ്ഥാനം. സ്‌നേഹവും സൗഹാര്‍ദവും സഹവര്‍ത്തിത്തവുമുണ്ടെങ്കില്‍ മാത്രമേ മനസ്സമാധാനമുണ്ടാവുകയുള്ളൂ. സ്‌നേഹം നിഷ്‌കളങ്കമാവുമ്പോള്‍ പിണക്കം നൈമിഷികവുമാകുന്നു.