11 Wednesday
September 2024
2024 September 11
1446 Rabie Al-Awwal 7

പരിഷ്‌കര്‍ത്താക്കള്‍ക്ക് മംഗളം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: ”നബി(സ) പറഞ്ഞിരിക്കുന്നു: അപരിചിതമായ അവസ്ഥയിലാണ് ഇസ്്‌ലാം ആരംഭിച്ചത്. വീണ്ടും അത് അങ്ങനെയായിത്തീരുകയും ചെയ്യും. അപ്പോള്‍ ‘ഗുറബാഉ’കള്‍ക്ക് മംഗളം. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആറാണ് ഗുറബാഉകള്‍? അവിടുന്ന് പറഞ്ഞു: ജനം ദുഷിക്കുമ്പോള്‍ സംസ്‌കരണകൃത്യം നിര്‍വഹിക്കുന്നവര്‍.” (മുസ്്‌ലിം)

ഇസ്്‌ലാമിന്റെ ആവിര്‍ഭാവം അപരിചിതമായ അവസ്ഥയിലായിരുന്നു. അധികമാളുകള്‍ക്കും പരിചിതമല്ലാത്ത ആദര്‍ശമാണ് ഇസ്്‌ലാമിന് നല്‍കാനുണ്ടായിരുന്നത്. കാരണം അക്കാലത്തെ ജനങ്ങള്‍ തികഞ്ഞ അന്ധവിശ്വാസത്തിലും അനാചാരത്തിലും അനീതിയിലും അധാര്‍മികതയിലും മുഴുകിയവരായിരുന്നു. അല്ലാഹുവിന് പുറമെ സകലതിനെയും ആരാധ്യവസ്തുക്കളാക്കിയിരുന്നു അവര്‍. വിഗ്രഹങ്ങള്‍, കല്ല്, മരം, മലക്കുകള്‍, ജിന്ന്, നക്ഷത്രങ്ങള്‍, പ്രവാചകന്മാര്‍, സുകൃതവാന്മാര്‍ തുടങ്ങി സകലതും അവര്‍ക്ക് ആരാധ്യന്മാരായിരുന്നു.
വിശ്വാസ ജീര്‍ണതയ്‌ക്കൊപ്പം സാമൂഹിക തിന്മകളും സാംസ്‌കാരിക അധപ്പതനവും സാമ്പത്തികചൂഷണവും സമൂഹത്തില്‍ വ്യാപിച്ചിരുന്നു. തികഞ്ഞ അസാന്മാര്‍ഗികതകളില്‍ ജീവിച്ച അവര്‍ക്കിടയില്‍ കൊള്ളയും കൊലപാതകങ്ങളും സാധാരണമായിരുന്നു. ശിശുഹത്യയും നരഹത്യയും സാര്‍വത്രികമായിരുന്നു. യുദ്ധവും സംഘട്ടനങ്ങളും അവരുടെ ജീവിത വഴിയായിരുന്നു.
തികച്ചും അപരിഷ്‌കൃതരായ ഒരു ജനതയിലേക്കാണ് പ്രവാചകനായി മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടത്. അവര്‍ക്കപരിചിതമായിരുന്ന വിശ്വാസ ആദര്‍ശത്തിലേക്കവരെ അദ്ദേഹം ക്ഷണിച്ചു. സദാചാരം കല്പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്തു. ഏറെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളിലൂടെ വിശ്വാസ വൈകല്യങ്ങളും ആചാര വൈകൃതങ്ങളും അവരില്‍നിന്ന് നീക്കംചെയ്യപ്പെട്ടു. സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമൂഹം അവിടെ രൂപപ്പെട്ടു. മാനുഷിക മൂല്യങ്ങളുടെയും മാനവ സാഹോദര്യത്തിന്റെയും ലോകോത്തര മാതൃകയായിത്തീര്‍ന്നു അവര്‍. വിശ്വാസ ദൃഢതയുടെയും അര്‍പ്പണബോധത്തിന്റെയും ഉദാഹരണമായി അവര്‍ മാറി.
കാലചക്രത്തിന്റെ കറക്കത്തില്‍ സമൂഹത്തില്‍ ഛിദ്രതയും ഭിന്നതയും ഉടലെടുക്കും. അനൈക്യവും അശക്തിയും സമൂഹത്തെ കീഴപ്പെടുത്തും. അരാജകത്വവും അസാന്മാര്‍ഗികതയും അവരില്‍ പ്രകടമാവും. ശിശുഹത്യകളും നരഹത്യകളും വ്യാപകമാവും. അബലകളും അനാഥരും ആട്ടിയോടിക്കപ്പെടും. ദുര്‍ബലരുടെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവര്‍ വര്‍ധിക്കും. വിശ്വാസ ആചാര അനുഷ്ഠാന വൈകൃതങ്ങളിലേക്ക് സമൂഹം കൂപ്പുകുത്തുമ്പോള്‍ ദിശ നിര്‍ണയിച്ചുകൊടുക്കുന്ന പരിഷ്‌കര്‍ത്താക്കള്‍ക്കാണ് സൗഭാഗ്യം എന്ന പാഠമാണ് ഈ തിരുവചനം നല്‍കുന്നത്. അന്ധവിശ്വാസങ്ങളുടെ പേരില്‍ നരബലിയും ശിശുബലിയും നടക്കുന്ന, അനീതിയും അധര്‍മവും പെരുകുന്ന ഇക്കാലത്ത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയെ ഓര്‍മപ്പെടുത്തുകയാണ് നബിതിരുമേനി. ജീര്‍ണിച്ച മനസ്സുകളെ സംസ്‌കരിച്ചെടുക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നവര്‍ക്കാണ് സ്വര്‍ഗമാകുന്ന സമ്പാദ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x