27 Saturday
July 2024
2024 July 27
1446 Mouharrem 20

സ്വാസ്ഥ്യം നല്‍കുന്ന മനോവിചാരം

എം ടി അബ്ദുല്‍ഗഫൂര്‍

സൈദുബ്‌നു ഥാബിത്(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ആരുടെയെങ്കിലും മനോവിചാരം ഭൗതികതയിലൂന്നിയതാണെങ്കില്‍ അവന്റെ കാര്യങ്ങളില്‍ അല്ലാഹു ഛിദ്രത വരുത്തും. അവന്റെ കണ്‍മുന്നില്‍ ദാരിദ്ര്യത്തെയുണ്ടാക്കും. അവന്ന് വിധിക്കപ്പെട്ടതല്ലാതെ ഇഹലോകത്ത് അവന് ലഭിക്കുകയുമില്ല. എന്നാല്‍ ഒരാളുടെ ഉദ്ദേശ്യം പരലോകമോക്ഷമാണെങ്കില്‍ അവന്റെ പ്രശ്‌നങ്ങളെ അല്ലാഹു ഏകീകരിച്ചുകൊടുക്കും. അവന്റെ ഹൃദയത്തില്‍ അല്ലാഹു ധന്യത പ്രദാനം ചെയ്യും. ഐഹിക സുഖസൗകര്യങ്ങള്‍ അവന്റെ മുന്നില്‍ മുട്ടുമടക്കുന്നതാണ്. (അതവന് മുന്നില്‍ നിസ്സാരമായിരിക്കും). (ഇബ്‌നുമാജ)

പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കേണ്ട നിഷ്‌കളങ്കതയും നിഷ്‌കപടതയും വ്യക്തമാക്കുന്ന ഒരു തിരുവനചമാണിത്. ദൈവപ്രീതിയും പാരത്രിക മോക്ഷവും ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭ്യമാകുന്ന ആത്മനിര്‍വൃതി അനുഗ്രഹീതമാണ്. ഭൗതിക ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏത് പ്രശ്‌നത്തിലും അവര്‍ക്ക് അനുഗ്രഹവും ഐശ്വര്യവും അനുഭവപ്പെടുന്നു.സങ്കടങ്ങളെ സന്തോഷമായും ആശങ്കകളെ ആശ്വാസമായും പരിവര്‍ത്തിപ്പിച്ചെടുക്കാനുതകുന്ന മാനസികാവസ്ഥയിലേക്കുയരുമ്പോള്‍ ലഭിക്കുന്ന ധന്യത വിവരണാതീതമാണ്. വിഭവങ്ങളുടെ ആധിക്യത്തിലല്ല ധന്യത, മറിച്ച് മനസ്സിന്റെ ധന്യതയാണ് യഥാര്‍ഥ ധന്യത എന്ന നബിവചനം ശ്രദ്ധേയമത്രെ.
ഒരാള്‍ ഐഹിക നേട്ടത്തെ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ലഭ്യമാവുന്നതിലൊന്നും പൂര്‍ണ സംതൃപ്തി ലഭിക്കാത്ത മാനസികാവസ്ഥയിലാണെത്തിച്ചേരുക. നിശ്ചയിക്കപ്പെട്ട വിഭവം മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാതെ കൂടുതല്‍ കൂടുതല്‍ നേടാന്‍ വേണ്ടിയുള്ള ശ്രമം അസ്വസ്ഥത വരുത്തിവെക്കുക മാത്രമല്ല ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ അവശതയും അനൈക്യവും അനന്തരമായി ലഭിക്കുകയും ചെയ്യുന്നു.
ഉദ്ദേശ്യം ശുദ്ധമല്ലാതിരിക്കുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങളുണ്ടാവുന്നത്. വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും സംഘടനകളില്‍പോലും ഛിദ്രതയും മുരടിപ്പും അനുഭവപ്പെടുന്നതിന് മറ്റുകാരണങ്ങള്‍ ചികയേണ്ടതില്ല എന്ന ബൃഹത്തായ പാഠമാണ് ഈ തിരുവചനം നമുക്ക് നല്കുന്നത്. ഏറെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും ആവശ്യമായ ദീനി പ്രവര്‍ത്തനങ്ങളില്‍പോലും ഭൗതിക താല്പര്യങ്ങളും അധികാരമോഹവും ലക്ഷ്യമായി വരുന്നുവെങ്കില്‍ നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വര്‍ധിക്കുമെന്ന താക്കീത് ഗൗരവമേറിയതത്രെ. ആത്മാര്‍ഥതയും ആദര്‍ശപ്പൊരുത്തവും അല്ലാഹുവിനോടുള്ള അടുപ്പവുമാണ് സ്‌നേഹബഹുമാനങ്ങള്‍ക്കും കരുണാകടാക്ഷങ്ങള്‍ക്കും കാരണമായിത്തീരുന്നത്.
ഭൗതികതയില്‍ അഭിരമിക്കാതെ പാരത്രിക മോക്ഷത്തെ ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതി അനിര്‍വചനീയവും അനുഭൂതിദായകവുമത്രെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x