29 Saturday
March 2025
2025 March 29
1446 Ramadân 29

സൗഹൃദമെന്ന സമ്പത്ത്‌

എം ടി അബ്ദുല്‍ഗഫൂര്‍


അബൂമൂസാ അല്‍ അശ്അരി(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി ചുമക്കുന്നവന്റെയും ഉലയില്‍ ഊതുന്നവന്റെയും പോലെയാകുന്നു. കസ്തൂരി ചുമക്കുന്നവന്‍ ഒന്നുകില്‍ നിനക്കതില്‍നിന്നും അവന്‍ നല്കിയേക്കാം. അല്ലെങ്കില്‍ നിനക്കതില്‍ നിന്ന് വാങ്ങുകയോ അതുമല്ലെങ്കില്‍ നിനക്ക് ശുദ്ധമായ വാസന ആസ്വദിക്കുകയോ ചെയ്യാം. എന്നാല്‍ ഉലയില്‍ ഊതുന്നവനാകട്ടെ, ഒന്നുകില്‍ നിന്റെ വസ്ത്രം അത് കരിച്ചുകളയുകയോ അല്ലെങ്കില്‍ മോശമായ വാസന നീ അനുഭവിക്കേണ്ടിവരികയോ ചെയ്യാം. (ബുഖാരി, മുസ്‌ലിം)

സൗഹൃദം മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. ഭൗതികവും പാരത്രികവുമായ ജയപരാജയങ്ങള്‍ക്ക് സൗഹൃദം കാരണമാവുന്നു. നല്ല സൗഹൃദങ്ങള്‍ നന്മ വര്‍ധിപ്പിക്കുകയും ഇഹപര വിജയം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചീത്ത സൗഹൃദങ്ങളാകട്ടെ തിന്മ വര്‍ധിപ്പിക്കുകയും ഇഹപര നഷ്ടത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. ”ഹാ കഷ്ടമേ, ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ” എന്ന് അന്ത്യദിനത്തില്‍ വിലപിക്കുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ (25:28) വിവരിക്കുന്നു.
സുഹൃദ് ബന്ധം സ്ഥാപിക്കുമ്പോള്‍ വിശ്വാസികള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യത്തെക്കുറിച്ചാണ് നബി തിരുമേനി സൂചിപ്പിക്കുന്നത്. അന്ത്യദിനത്തില്‍ സുഹൃത്തുക്കള്‍ അന്യോന്യം ശത്രുക്കളായിരിക്കും, സൂക്ഷ്മത പാലിക്കുന്നവരൊഴികെ (43:67) എന്നത്രെ ഖുര്‍ആന്‍ നല്കുന്ന താക്കീത്. എന്റെ സുഹൃത്ത് ഒരിക്കലും എനിക്ക് ശത്രുവായി മാറുന്ന തരത്തിലാവരുത് എന്ന ഉറച്ച ബോധം നമുക്ക് അനിവാര്യമാണ്. കാരണം സൗഹൃദങ്ങളും സാഹചര്യങ്ങളും പലപ്പോഴും നമ്മെ തിന്മയിലേക്ക് എത്തിച്ചേക്കാം. നാം സ്വയം ചെയ്യേണ്ടിവരുന്ന തിന്മകളേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് കൂട്ടുകാരുടെ പ്രേരണയാലാവാനാണ് സാധ്യത.
‘മനുഷ്യന്‍ തന്റെ കൂട്ടുകാരന്റെ നടപടിക്രമത്തിലാകുന്നു. ആരോടാണവന്‍ കൂട്ടുകൂടുന്നതെന്ന് പരിശോധിച്ചുകൊള്ളട്ടെ’ എന്നാണ് മഹദ് വചനം. നമ്മെ നന്മയിലേക്ക് നയിക്കുന്നവരായിരിക്കണം നമ്മുടെ കൂട്ടുകാര്‍. നമ്മുടെ ന്യൂനത മറച്ചുവെക്കുന്നവരും പിഴവുകള്‍ തിരുത്തുന്നവരും തിന്മയില്‍ നിന്ന് തടയാന്‍ പ്രേരണ നല്‍കുന്നവരുമായിരിക്കണം അവര്‍.
നല്ല ബന്ധത്തെ കസ്തൂരി വില്‍പ്പനക്കാരനോട് ഉപമിക്കുകയാണ് നബിതിരുമേനി. അവനുമായി സഹവസിക്കുന്നവര്‍ക്ക് സുഗന്ധം ആസ്വദിക്കാന്‍ കഴിയുന്നു. അതില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയാലും അവന്‍ സ്വമേധയാ നല്‍കിയാലും സുഗന്ധം മാത്രമാണ് ലഭിക്കുക. അതുപോലെ നല്ല സുഹൃത്താണെങ്കില്‍ അവനില്‍ നിന്ന് കേള്‍ക്കുന്ന സംസാരവും പകര്‍ത്താന്‍ കഴിയുന്ന സ്വഭാവങ്ങളും എല്ലാം നന്മയായിരിക്കും.
ചീത്ത കൂട്ടുകാരനാണെങ്കില്‍ അവനില്‍നിന്ന് കേള്‍ക്കുന്നതത്രയും തിന്മയായിരിക്കാനിടയുണ്ട്. പകര്‍ത്താന്‍ കഴിയുന്ന നല്ല സ്വഭാവഗുണങ്ങളൊന്നുമുണ്ടാവുകയുമില്ല. അത് നമ്മുടെ ജീവിതത്തെ തന്നെ നശിപ്പിച്ചുകളയുന്നു എന്നാണ് കൊല്ലന്റെ ഉലയില്‍ ഊതുന്നവനെപ്പോലെ എന്ന് ഉദാഹരിച്ചുകൊണ്ട് നബിതിരുമേനി (സ) വ്യക്തമാക്കുന്നത്.

Back to Top