27 Saturday
July 2024
2024 July 27
1446 Mouharrem 20

നിര്‍ണയത്തിന്റെ രാത്രി

എം ടി അബ്ദുല്‍ഗഫൂര്‍


ഉബാദത്തുബ്‌നു സ്വാമിത്(റ) പറയുന്നു: ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് ഞങ്ങ ള്‍ക്ക് അറിയിച്ചുതരാന്‍ വേണ്ടി നബി(സ) പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടുപേര്‍ തമ്മില്‍ ഒരു വഴക്ക് നടക്കുകയുണ്ടായി. നബി(സ) പറഞ്ഞു: ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് നിങ്ങള്‍ക്കറിയിച്ചുതരാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു ഞാന്‍, അപ്പോള്‍ രണ്ടുപേര്‍ പരസ്പരം തര്‍ക്കിക്കുന്നു. അങ്ങനെ അത് (അതിനെക്കുറിച്ചുള്ള അറിവ്) ഉയര്‍ത്തപ്പെട്ടു. നിങ്ങള്‍ക്കത് ഗുണമായിത്തീര്‍ന്നേക്കാം. നിങ്ങളതിനെ ഒന്‍പതിലോ ഏഴിലോ അ ഞ്ചിലോ അന്വേഷിക്കുക. (ബുഖാരി, മുസ്‌ലിം)

വിശുദ്ധ റമദാനിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും മഹത്തരമായതും ശ്രേഷ്ഠത നിറഞ്ഞതുമായ രാത്രിയാണ് നിര്‍ണയത്തിന്റെ രാത്രി അഥവാ ലൈലത്തുല്‍ ഖദ്ര്‍. വിശ്വാസത്തോടും പ്രതിഫലേച്ഛയോടുംകൂടി നമസ്‌കാരം നിര്‍വഹിക്കുന്നവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്ന ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ രാവ്. അല്ലാഹുവിന്റെ മാലാഖമാരും അവരില്‍ പ്രധാനിയായ ജിബ്‌രീലും ഇറങ്ങിവരുന്ന രാത്രി. മാനവലോകത്തിന്റെ ഐഹികവും പാരത്രികവുമായ സകല നന്മകള്‍ക്കും നിദാനമാകുന്ന ദിവ്യവേദഗ്രന്ഥത്തിന്റെ അവതരണമുണ്ടായ അനുഗൃഹീതമായ രാവ്. വിശുദ്ധ റമദാനിലെ അവസാന പത്തില്‍ ഏത് രാവിലും പ്രതീക്ഷിക്കപ്പെടുന്ന ഉത്തമമായ രാത്രി.
ആ രാവിനെക്കുറിച്ച് അറിയിച്ചുതരാന്‍ പുറപ്പെട്ട നബിതിരുമേനി, രണ്ടുപേര്‍ക്കിടയിലുണ്ടായ വഴക്ക് നിമിത്തം അതിന്റെ സമയത്തെക്കുറിച്ചുള്ള അറിവ് മറന്നുപോയി എന്ന പ്രസ്താവന ഗൗരവതരമായ പാഠമാണ് നമുക്ക് നല്‍കുന്നത്. പരസ്പരമുള്ള വഴക്കും വക്കാണവും നന്മകള്‍ തടയപ്പെടാന്‍ കാരണമാവുന്നു എന്നത് അതിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. മനസുകള്‍ ഇണങ്ങിക്കഴിയേണ്ടവരാണ് മനുഷ്യര്‍. പകയും വിവേകവും മാറ്റിവെച്ച് പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിയുന്നതാണ് അല്ലാഹു താല്പര്യപ്പെടുന്നത്. നശ്വരമായ ഈ ലോകത്ത് ആരോടും വെറുപ്പില്ലാതെ എല്ലാവരെയും ഇഷ്ടപ്പെട്ട് വഴക്കും വക്കാണവുമില്ലാത്ത ഐക്യത്തോടെ കഴിയുക എന്നതാണ് നമ്മുടെ പ്രത്യേകതയായി വിവരിക്കപ്പെട്ടത്. പരസ്പരം വഴക്ക് കൂടുന്നതും അനാവശ്യമായ തര്‍ക്കങ്ങളിലേര്‍പ്പെടുന്നതും അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്ന സന്ദേശമാണ് ഈ തിരുവചനം നല്‍കുന്നത്.
ഏതൊരു പരീക്ഷണവും വിശ്വാസികള്‍ക്ക് നന്മയാണ് എന്നത് ഈ ഹദീസ് നല്‍കുന്ന മറ്റൊരു പാഠമാണ്. നിര്‍ണയത്തിന്റെ രാത്രിയേതെന്ന് വ്യക്തമാക്കപ്പെട്ടിരുന്നെങ്കില്‍ ആ രാത്രിമാത്രം പുണ്യകര്‍മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക എന്നത് മനുഷ്യസഹജമായ സ്വാഭാവികതയത്രെ. ലൈലത്തുല്‍ ഖദ്ര്‍ ഏതെന്ന് നിജപ്പെടുത്തി പറയാതിരുന്നത് നിമിത്തം വിശുദ്ധ റമദാനിലെ അവാസന പത്ത് ദിവസങ്ങളിലെ എല്ലാ രാത്രികളിലും വിശ്വാസികള്‍ അതിനെ പ്രതീക്ഷിക്കുകയും സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ക്ക് ധാരാളം നന്മകള്‍ അധികരിപ്പിക്കാനുള്ള അവസരമാണ് അതുവഴിയുണ്ടായിട്ടുള്ളത്. പാപമോചനവും സ്വര്‍ഗപ്രവേശവും എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിന് അത് കാരണമാവുകയും ചെയ്യുന്നു.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x