5 Thursday
December 2024
2024 December 5
1446 Joumada II 3

എന്തുകൊണ്ട് ദുര്‍ബല ഹദീസുകള്‍ ഉണ്ടാകുന്നു?

പി കെ മൊയ്തീന്‍ സുല്ലമി


നിവേദകര്‍ വിമര്‍ശനവിധേയമാകുന്ന ഹദീസുകളെയാണ് സാങ്കേതികമായി ദുര്‍ബല ഹദീസുകള്‍ എന്നു പറയുന്നത്. ഇബ്‌നു ഹജര്‍(റ) പറയുന്നു: ‘അത് നീതിബോധം (ഇല്ലാതിരിക്കല്‍), (വ്യക്തിപരമായ) മറ്റു ദോഷങ്ങള്‍, വ്യക്തിയെ അറിയാതിരിക്കുക എന്നിവയെല്ലാം ആകാവുന്നതാണ്’ (നുഖ്ബത്തുല്‍ ഫിക്ര്‍, പേജ് 173). ഒരു ഹദീസ് സ്വഹീഹാകാന്‍ അതിന്റെ സനദും (പരമ്പര) മത്‌നും (മാറ്റര്‍) ന്യൂനതയില്ലാത്തതായിരിക്കണം.
ഇമാം സഖാവി പറയുന്നു: ‘ഒരു ഹദീസിന്റെ സനദിലോ മത്‌നിലോ ഇള്ത്വിറാബ് (ആശയക്കുഴപ്പം) ഉണ്ടെങ്കില്‍ അത്തരം ഹദീസുകള്‍ ദുര്‍ബലമാകുന്നതാണ്’ (ഫത്ഹുല്‍ മുഗീസ് 1:225). ഇത്തരം ഹദീസുകള്‍ ആരാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പരിഗണിക്കേണ്ടതില്ല.
ഉദാഹരണത്തിന് സിഹ്‌റിന്റെ (നബിക്ക് സിഹ്‌റ് ബാധിച്ചുവെന്ന് പറയുന്ന) ഹദീസിന്റെ സനദ് പരിശോധിക്കാം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഹിശാമുബ്‌നു ഉര്‍വയാണ്. അദ്ദേഹത്തിന്റെ സ്വഭാവവും നീതിബോധവും പില്‍ക്കാലത്ത് വളരെയധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് ഇബ്‌നു ഹജര്‍ പറയുന്നു:
ഒന്ന്: ‘യഅ്ഖൂബ് ഇബ്‌നു ശൈബ പറഞ്ഞു: ഹിശാമിന്റെ വിശ്വാസ്യത ആദ്യകാലത്ത് ആരും സംശയിച്ചിരുന്നില്ല. അദ്ദേഹം ഇറാഖില്‍ എത്തിയപ്പോള്‍ തന്റെ പിതാവിന്റെ പേരില്‍ അദ്ദേഹം പറയാത്ത പലതും പരത്തിപ്പറഞ്ഞു. അതിനാല്‍ ആ രാജ്യക്കാര്‍ അദ്ദേഹത്തെ വെറുത്തു. അദ്ദേഹം തന്റെ പിതാവില്‍ നിന്നു കേള്‍ക്കാത്ത പലതും പിതാവില്‍ നിന്നു ഉദ്ധരിച്ചു. ഈ ഹദീസുകള്‍ക്ക് പറയുന്നത് മുദല്ലസ് എന്നാണ്’ (ഫത്ഹുല്‍ബാരി, മുഖദ്ദിമ, പേജ് 702). ഇത് ഒരു വ്യക്തിയുടെ ഹദീസ് സ്വീകരിക്കാതിരിക്കാന്‍ കാരണമാണ്.
രണ്ട്: ‘ഇമാം മാലിക് അദ്ദേഹത്തെ (ഹിശാമുബ്‌നു ഉര്‍വയെ) ഇഷ്ടപ്പെട്ടിരുന്നില്ല’ (ഫത്ഹുല്‍ബാരി, പേജ് 702). അതിനു കാരണം അദ്ദേഹത്തിന്റെ വിശ്വാസയോഗ്യമല്ലാത്ത നിലപാടായിരുന്നു.
മൂന്ന്: ഹിശാമുബ്‌നു ഉര്‍വയെ സംബന്ധിച്ച് ഇമാം ദഹബി രേഖപ്പെടുത്തിയതായി അല്‍മക്തബതുശ്ശാമിലയില്‍ ഇപ്രകാരം കാണാം: ‘അദ്ദേഹത്തിന് വാര്‍ധക്യം വന്നെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മനഃപാഠം കുറഞ്ഞു. ഇമാം മാലിക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇറാഖുകാര്‍ അദ്ദേഹത്തിന്റെ ഹദീസുകളെ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹം കൂഫയില്‍ മൂന്നു തവണ വന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു: ഞാന്‍ ആഇശയില്‍ നിന്നു കേട്ടു എന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞു.
രണ്ടാമതായി അദ്ദേഹം ഇപ്രകാരം കൂടി പറഞ്ഞിരുന്നു: എന്റെ പിതാവ് ആഇശ പറഞ്ഞതായി എന്നോട് ഇപ്രകാരം പറഞ്ഞു എന്ന്. മൂന്നാമതായി അദ്ദേഹം കൂഫയില്‍ വന്നപ്പോള്‍ എന്റെ പിതാവ് ആഇശയില്‍ നിന്ന് എന്നോട് ഇപ്രകാരം പറഞ്ഞു എന്ന് ഉപാധിയില്ലാതെ പറയുമായിരുന്നു. (അഥവാ തന്റെ പിതാവ് പറയാത്ത പല കാര്യങ്ങളും പിതാവിന്റെ പേരില്‍ പറഞ്ഞിരുന്നു). ഒരിക്കല്‍ തന്നെ സ്വീകരിക്കാന്‍ വേണ്ടി ഹിശാമുബ്‌നു ഉര്‍വ ഖലീഫ മന്‍സൂറിനു നേരെ കൈനീട്ടി. അദ്ദേഹം അത് തടഞ്ഞു’.
നാല്: ഇമാം ദഹബി മറ്റൊരിടത്ത് ഹിശാമുബ്‌നു ഉര്‍വയെ സംബന്ധിച്ച് പ്രസ്താവിച്ചു: ‘അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് അദ്ദേഹത്തിന്റെ (സ്വഭാവത്തിലും പെരുമാറ്റത്തിലും) മാറ്റം സംഭവിച്ചു’ (മീസാനുല്‍ ഇഅ്തിദാല്‍ 11:46).
അഞ്ച്: ഹാകിം പറയുന്നു: ‘ഹിശാമുബ്‌നു ഉര്‍വ നിര്‍മിത ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ്’ (ബറാഅത്തുസ്സ്വഹാബത്തി വല്‍അഖ്‌യാര്‍, പേജ് 47).
ആറ്: ഇമാം അബൂനഈം പറയുന്നു: ‘ഹിശാമുബ്‌നു ഉര്‍വ സ്വീകാര്യ യോഗ്യമല്ലാത്ത ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ്’ (മീസാനുല്‍ ഇഅ്തിദാല്‍ 4:47).
ഏഴ്: സ്വഹീഹുല്‍ ബുഖാരിയിലെ 2563 നമ്പര്‍ ഹദീസിനെക്കുറിച്ച് ഇമാം ശാഫിഈ അല്‍ഉമ്മില്‍ പറയുന്നു: ‘ഹിശാമിന്റെ ഹദീസുകള്‍ ദുര്‍ബലമാണ് എന്നത് ഈ ഹദീസ് സൂചിപ്പിക്കുന്നു’ (ഫത്ഹുല്‍ബാരി 6:707).
എട്ട്: ഹിശാമിനെക്കുറിച്ച് ഇമാം നവവിയുടെ പ്രസ്താവന: ‘ഇസ്മാഈലുബ്‌നു ഇയാശിനെ സംബന്ധിച്ച് ശാമുകാര്‍ വല്ലതും പറയുന്നപക്ഷം അത് ഏറ്റവും ശരിയായിരിക്കും. അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറഞ്ഞാലും അത് ശരിയാണ്. എന്നാല്‍ മദീനക്കാരനായ ഹിശാമുബ്‌നു ഉര്‍വ, യഹ്‌യബ്‌നു സഈദ്, സുഹൈലുബ്‌നു അബീസ്വാലിഹ് എന്നിവരെപ്പോലെയുള്ളവര്‍ വല്ലതും പറഞ്ഞാല്‍ അവരൊന്നും (ഹദീസിന്റെ വിഷയത്തില്‍) ഒന്നുമല്ല’ (ശറഹു മുസ്‌ലിം 1:154).
ദുര്‍ബല ഹദീസിന്റെ താല്‍പര്യങ്ങള്‍
ദുര്‍ബല ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പിന്നില്‍ പല താല്‍പര്യങ്ങളുമുണ്ട്:
ഒന്ന്) നന്മകള്‍ വര്‍ധിപ്പിക്കല്‍: ‘നബി(സ) പറഞ്ഞു: പശ്ചാത്താപ നമസ്‌കാരം അല്ലെങ്കില്‍ പുണ്യവാന്മാരുടെ നമസ്‌കാരം രണ്ട് റക്അത്താണ്. അഥവാ വീട്ടില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഈരണ്ട് റക്അത്തുകള്‍ വീതം നമസ്‌കരിക്കണം’ (ഇബ്‌നുല്‍ മുബാറക്). അല്‍ബാനി പറയുന്നു: ‘ഈ ഹദീസ് ദുര്‍ബലമാണ്. ഇതിന്റെ പരമ്പരയിലുള്ള ജദ്ദു ഇബ്‌റാഹീം അജ്ഞാതനാണ്’ (സില്‍സില 8:263).
‘റമദാനിന്റെ ആദ്യ പത്തു ദിവസം കാരുണ്യവും നടുവിലത്തെ പത്ത് പാപമോചനവും അവസാനത്തെ പത്ത് നരകമോചനവുമാണ്’ (ഇബ്‌നു ഖുസൈമ). അല്‍ബാനി ഈ ഹദീസിനെ തള്ളിക്കളയേണ്ടതാണ് എന്നു പറയുന്നു. (സില്‍സില 4:70).
രണ്ട്) ആചാര തീവ്രത: സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് പറയുന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. ‘ആഇശ(റ) പറയുന്നു: ഹജ്ജ് വേളയില്‍ ഇഹ്‌റാമിലായിരിക്കെ ഞങ്ങള്‍ നബി(സ)യോടൊപ്പം നടക്കുമ്പോള്‍ വല്ല യാത്രാസംഘവും ഞങ്ങളുടെ അരികിലൂടെ നടന്നുപോകുന്നപക്ഷം ഞങ്ങളുടെ വസ്ത്രങ്ങള്‍ ഞങ്ങള്‍ മുഖത്തേക്ക് തൂക്കിയിടുമായിരുന്നു. അവര്‍ കടന്നുപോയാല്‍ ഞങ്ങളത് ഒഴിവാക്കുകയും ചെയ്യുമായിരുന്നു’ (ഇബ്‌നു അബീശൈബ).
ഈ ഹദീസിന്റെ സനദ് (പരമ്പര) ദുര്‍ബലമാണെന്ന് ഇബ്‌നു ഹജര്‍ പറയുന്നു. (ഫത്ഹുല്‍ബാരി 5:50). ഈ ഹദീസ് ഇമാം ബുഖാരിയുടെ ഹദീസിനു വിരുദ്ധമായതിനാല്‍ ശാദ്ദ് ആണ്. ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ‘ഇഹ്‌റാമില്‍ പ്രവേശിച്ച പെണ്ണ് മുഖം മറയ്ക്കാനോ കയ്യുറകള്‍ ധരിക്കാനോ പാടുള്ളതല്ല’ (ബുഖാരി).
‘നബി തന്റെ പ്രാര്‍ഥന തീരുന്നതുവരെ രണ്ടു കൈകളും ഉയര്‍ത്താറുണ്ടായിരുന്നില്ല’ (ത്വബ്‌റാനി). അല്‍ബാനി പറയുന്നു: ഈ ഹദീസ് ദുര്‍ബലമാണ്. ഇതിന്റെ പരമ്പരയിലുള്ള സുലൈമാന്റെ പുത്രന്‍ ഫള്ല്‍ ദുര്‍ബലനാണെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട് (സില്‍സില 6:56).
മൂന്ന്) അമിത ഭക്തി പ്രകടിപ്പിക്കാന്‍: ‘റുകൂഇലും സുജൂദിലും നബി അല്ലാഹുവിനെ വാഴ്ത്തുന്നതിനോടൊപ്പം വബിഹംദിഹി എന്ന് പറഞ്ഞിരുന്നു’ (ദാറഖുത്‌നി) എന്ന ഹദീസ്. ഈ ഹദീസ് ദുര്‍ബലമാണ്. ഇബ്‌നുഹജര്‍ പറയുന്നു: ‘ഇതിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യനല്ലാത്ത സുറയ്യുബ്‌നു ഇസ്മാഈല്‍ എന്നൊരു വ്യക്തിയുണ്ട്’ (തല്‍ഖീസ് 3:374). ‘ഇമാം ദഹബിയും ഈ ഹദീസ് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്’ (മീസാനുല്‍ ഇഅ്തിദാല്‍ 2:117).
‘വുദ്വൂ ഇല്ലാത്തവന്‍ ബാങ്ക് വിളിക്കരുത്’ (തിര്‍മിദി) എന്ന ഹദീസും ഇതിന് ഉദാഹരണമാണ്. ഇബ്‌നുഹജര്‍ പറയുന്നു: ‘ഈ ഹദീസ് മുന്‍ഖത്വിഅ് ആണ്’ (തല്‍ഖീസ് 3:91). ‘ഈ ഹദീസിന്റെ പരമ്പരയിലുള്ള സുഹ്‌രി അബൂഹുറയ്‌റയെ കണ്ടിട്ടില്ല’ (നവവി, ശറഹുല്‍ മുഹദ്ദബ് 3:304).
നാല്) പൈശാചിക ദുര്‍ബോധനത്തിന്റെ പേരില്‍: ‘മയ്യിത്ത് കുളിപ്പിച്ചവന്‍ കുളിക്കല്‍ നിര്‍ബന്ധമാണ്’ (അബൂദാവൂദ്) എന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. ഇബ്‌നുഹജര്‍ പറയുന്നു: ‘ഇതിന്റെ പരമ്പരയില്‍ ആരാണെന്നുപോലും അറിയപ്പെടാത്ത അംറുബ്‌നു ഉമൈര്‍ എന്ന ഒരു വ്യക്തിയുണ്ട്’ (ഫത്ഹുല്‍ബാരി 3:127). ഇമാം നവവി പറയുന്നു: ‘ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ലെന്ന് അലിയ്യുല്‍ മദീനി പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ബുഖാരിയുടെ ഗുരുനാഥനായ മുഹമ്മദുബ്‌നു യഹ്‌യ പറയുന്നു: ‘ഈ വിഷയത്തില്‍ സ്വഹീഹായി സ്ഥിരപ്പെട്ട ഒരു ഹദീസും ഞാന്‍ കണ്ടിട്ടില്ല’ (ശറഹുല്‍ മുഹദ്ദബ് 5:185).
അഞ്ച്) പ്രകടന പരത: ‘അല്ലാഹുവും റസൂലും തലപ്പാവ് ധരിച്ചവര്‍ക്കു വേണ്ടി വെള്ളിയാഴ്ച സ്വലാത്ത് ചൊല്ലും’ (ത്വബ്‌റാനി) എന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. ജലാലുദ്ദീനുസ്സുയൂത്വി പറയുന്നു: ‘ഈ ഹദീസ് അയ്യൂബുബ്‌നു മുദ്‌റകി എന്ന വ്യക്തി ഉദ്ധരിച്ചതാണ്. അദ്ദേഹം ഹദീസ് നിര്‍മിച്ചുണ്ടാക്കുന്ന ആളാണെന്ന് ഇമാം അസ്ദി പറഞ്ഞിരിക്കുന്നു. ഇമാം ദാറഖുത്‌നി അദ്ദേഹത്തിന്റെ ഹദീസുകള്‍ സ്വീകരിക്കാറില്ല. ഇബ്‌നു ഹജര്‍ തല്‍ഖീസ് എന്ന ഗ്രന്ഥത്തില്‍ ഇയാളെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു’ (അല്ലആലി 2:27).
ആറ്) ആദായത്തിനു വേണ്ടി: ‘നിങ്ങള്‍ വിവാഹം പരസ്യപ്പെടുത്തുകയും അത് പള്ളിയില്‍ വെച്ച് നടത്തുകയും ചെയ്യുക’ (തിര്‍മിദി, ബൈഹഖി, ഇബ്‌നുമാജ) എന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. മേല്‍ ഹദീസിന്റെ ആദ്യ ഭാഗം ശരിയാണ്. കാരണം വിവാഹം സ്വകാര്യമായി നടത്തേണ്ട കര്‍മമല്ല. പള്ളിയില്‍ വെച്ച് നടത്തുമ്പോള്‍ അത് വളരെ ലഘുവായിരിക്കും. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് വേറെ സൗകര്യമൊന്നും ഇല്ലെങ്കില്‍ അപ്രകാരം നടത്താവുന്നതാണ്. കഴിവുള്ളവര്‍ വിവാഹസദ്യ ധൂര്‍ത്തില്ലാതെ നല്ല ഭക്ഷണം കൊടുക്കല്‍ തന്നെയാണ് ഇസ്‌ലാമിക ചര്യ. അതുകൊണ്ടുതന്നെ മേല്‍ ഹദീസ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ സ്വഹീഹായി അംഗീകരിച്ചിട്ടില്ല.
‘ഈ ഹദീസിന്റെ പരമ്പരയില്‍ ഈസബ്‌നു മയ്മൂന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തില്‍ ദുര്‍ബലനാണ്’ (ഇബ്‌നു ഹജര്‍, തഖ്‌രീബ്, പേജ് 441). ഇമാം ദഹബി പറഞ്ഞു: ‘ഹദീസിന്റെ വിഷയത്തില്‍ അദ്ദേഹം ദുര്‍ബലനാണ്’ (മീസാനുല്‍ ഇഅ്തിദാല്‍ 3:326).
ഏഴ്) അന്ധവിശ്വാസങ്ങളുടെ പേരില്‍: ‘നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിക്കരുത്. നിങ്ങള്‍ അവരെ സൂറത്തുന്നൂര്‍ പഠിപ്പിക്കണം’ (ഹാകിം, ബൈഹഖി) എന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. ഇമാം ദഹബി പറയുന്നു: ‘ഇതിന്റെ പരമ്പരയില്‍ ളഹ്ഹാക്കിന്റെ പുത്രന്‍ അബ്ദുല്‍ വഹ്ഹാബ് എന്ന വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ഹദീസ് ഒഴിവാക്കപ്പെടേണ്ടതാണെന്ന് നസാഇയും അദ്ദേഹത്തിന്റെ ഹദീസ് ഉദ്ധരിക്കല്‍ നിഷിദ്ധമാണെന്ന് ദാറഖുത്‌നിയും പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുക്കല്‍ വിചിത്രമായ പല ഹദീസുകളുമുണ്ടെന്ന് ഇമാം ബുഖാരിയും അദ്ദേഹം കളവ് പറയുന്നവനാണെന്ന് അബൂഹാതിമും പ്രസ്താവിച്ചിട്ടുണ്ട്’ (മീസാന്‍ 2:679).
എട്ട്) ഭൗതിക നേട്ടങ്ങള്‍ക്കായി: ‘മരണസമയത്ത് യാസീന്‍ ഓതിക്കൊടുക്കണം’ (ഇബ്‌നുമാജ, അബൂദാവൂദ്). ഇമാം നവവി പറയുന്നു: ‘ഇതിന്റെ പരമ്പര ദുര്‍ബലമാണ്. അതില്‍ അറിയപ്പെടാത്ത രണ്ട് വ്യക്തികളുണ്ട്’ (അദ്കാര്‍, പേജ് 22). ഇബ്‌നു ഹജര്‍ പറയുന്നു: ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല’ (തല്‍ഖീസ് 5:111). ‘ഇമാം ദഹബിയും ദുര്‍ബലപ്പെടുത്തി’ (മീസാന്‍ 4:559).
ഇത്തരം ദുര്‍ബലമായ ഹദീസുകള്‍ സ്വിഹാഹുസ്സിത്ത എന്ന ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്ത പല ഹദീസുകളെയും അല്‍ബാനി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സ്വഹീഹാക്കിയ രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് ഗ്രന്ഥത്തിന്റെ 687ാം പേജ് നോക്കുക. ബുഖാരിയിലെ 855ാം നമ്പര്‍ ഹദീസിനെ അദ്ദേഹം ദുര്‍ബലപ്പെടുത്തി. ളഈഫുല്‍ ജാമിഅ് 4484ാം നമ്പര്‍ ഹദീസ് നോക്കുക. അബൂദാവൂദ് ഉദ്ധരിച്ച ആയിരത്തോളം ഹദീസുകള്‍ അദ്ദേഹം ദുര്‍ബലപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസ്താവന: ‘എന്റെ ഗ്രന്ഥമായ ളഈഫു അബീദാവൂദില്‍ മുന്നൂറോളം ദുര്‍ബലങ്ങളായ ഹദീസുകളുണ്ട്. അബൂദാവൂദ് ദുര്‍ബലമാണെന്ന് പറയാത്ത ആയിരത്തോളം ദുര്‍ബലങ്ങളായ ഹദീസുകള്‍ അതിലുണ്ടെന്നത് വ്യക്തമാണ്’ (മുഖദ്ദിമത്തു രിയാളുസ്സ്വാലിഹീന്‍, പേജ് 12).

Back to Top