30 Monday
June 2025
2025 June 30
1447 Mouharrem 4

ഹദീസ് ക്രോഡീകരണത്തിന്റെ ചരിത്രവും നിരൂപണത്തിന്റെ പ്രസക്തിയും

അബ്ദുല്‍അലി മദനി


പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വാക്കുകളും വചനങ്ങളും ആശയങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ആദ്യന്തം വഹ്‌യ് (ദിവ്യബോധനം) ആയി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായതാണ്. ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നബി(സ) അത് ഹൃദിസ്ഥമാക്കുകയും സഹാബത്തിന് ഓതിക്കേള്‍പ്പിക്കുകയും അവരത് പഠിക്കുകയും രേഖപ്പെടുത്തി സൂക്ഷിച്ചുവെക്കുകയും ചെയ്തു.
അക്കാലത്ത് എഴുത്തും വായനയും അറിയുന്നവര്‍ കുറവാെണങ്കിലും അവരില്‍ നിന്നു പ്രധാനികളായ ചിലരെ അതിനു വേണ്ടി മാത്രം ‘കതബതുല്‍ വഹ്‌യ്’ (ദിവ്യബോധന എഴുത്തുകാര്‍) എന്ന നിലയ്ക്ക് പ്രവാചകന്‍ നിശ്ചയിച്ചിരുന്നു. അവരത് ഭംഗിയായും കൃത്യമായും സത്യസന്ധമായും നിര്‍വഹിച്ചുകൊണ്ടിരുന്നു. ആയതിനാല്‍ ഖുര്‍ആന്‍ അവതരണത്തോടൊപ്പം തന്നെ കൃത്യമായി സുരക്ഷിത രേഖയായി സൂക്ഷിക്കപ്പെട്ടു.
ഖുര്‍ആന്‍ സൂക്തങ്ങള്‍ പൊതുവായും പ്രത്യേകമായും സോപാധികമായും നിരുപാധികമായുമെല്ലാം അതിന്റെ അവതരണ ഘട്ടത്തില്‍ തന്നെ നബി(സ) സ്വഹാബത്തിനു വിശദമാക്കിക്കൊടുത്തിരുന്നു. അല്ലാഹു അവതരിപ്പിക്കുന്നത് യഥാവിധി വിശദീകരിച്ചുകൊടുക്കാനുള്ള അനുമതിയും നേരത്തെ അല്ലാഹു നബിക്ക് നല്‍കിയിട്ടുണ്ട്. സൂറതുന്നഹ്‌ലിലെ 44ാം വചനം അതാണ് അറിയിക്കുന്നത് (വി.ഖു. 16:44).
ഖുര്‍ആന്‍ വചനങ്ങള്‍ അവതരിക്കുമ്പോള്‍ തന്നെ സ്വഹാബത്തിന് ഓതിക്കേള്‍പ്പിച്ചു പഠിപ്പിച്ചുകൊടുത്തിരുന്നതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ പാരായണം ചെയ്യപ്പെടുന്ന ദിവ്യബോധന സമാഹാരമാണെന്ന് മനസ്സിലാക്കാം. അഥവാ, ഖുര്‍ആന്‍ മത്‌ലുവ്വായ വഹ്‌യാണ്.
എന്നാല്‍ ഈ വാക്കുകളും വചനങ്ങളും ആശയങ്ങളും നബി ജനങ്ങള്‍ക്ക് വിശദമാക്കിക്കൊടുക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗം അല്ലാഹു തന്നെ നബിക്ക് ഇല്‍ഹാമിയായ വഹ്‌യ് മുഖേന അറിയിക്കുന്നതിന് അനുസൃതമായോ, നബി സ്വന്തമായിത്തന്നെ നേരിട്ട് വിശദമാക്കുന്നതിന് അനുസൃതമായോ ആകാം. രണ്ടായാലും ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം, ആഗ്രഹപ്രകടനം എന്നിങ്ങനെയുള്ള നബിചര്യകളിലൂടെ വിശദമാക്കുന്നത് നബിയുടെ പദങ്ങളും വാക്കുകളുമായതിനാല്‍ അത് ഖുര്‍ആന്‍ പോലെ പാരായണം ചെയ്യപ്പെടുന്ന വഹ്‌യല്ല എന്നും മനസ്സിലാക്കാം. ആയതിനാല്‍ എനിക്ക് ഖുര്‍ആനല്ലാത്ത വഹ്‌യും ലഭിച്ചിട്ടുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇല്‍ഹാമിയായ വഹ്‌യാണ്, മത്‌ലുവ്വായ വഹ്‌യല്ല എന്നും മനസ്സിലാക്കാം.
ഇല്‍ഹാമിയായ വഹ്‌യ് എന്നാല്‍ അല്ലാഹു നബിയുടെ മനസ്സില്‍ നേരിട്ട് അറിയിക്കുന്നതും മത്‌ലുവ്വെന്നാല്‍ പാരായണം ചെയ്യുന്നതിനുള്ള ഖുര്‍ആനിലെ സൂക്തങ്ങള്‍ പോലുള്ള വഹ്‌യ് എന്നുമാണ് ഉദ്ദേശ്യം. അതിനാല്‍ തന്നെ ഖുര്‍ആനും ഹദീസും രണ്ടാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ഓതിയാല്‍ ലഭ്യമാകുന്ന പ്രതിഫലം ഹദീസ് വായനയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ലെന്നതും, നമസ്‌കാരങ്ങളിലൊന്നും ഹദീസ് പാരായണം ചെയ്യാന്‍ നിര്‍ദേശിക്കപ്പെടാത്തതും നമുക്ക് അറിയാവുന്നതാണ്. ഖുര്‍ആനിക വചനങ്ങള്‍ക്ക് നബി നല്‍കുന്ന വിശദീകരണമാണല്ലോ ഹദീസ്. അതിനാല്‍ ഹദീസ് എന്നത് ഇല്‍ഹാമിയായ വഹ്‌യിലൂടെയും അല്ലാതെയുമാകാം. കാരണം, നബി നല്‍കുന്ന എല്ലാ വിവരങ്ങള്‍ക്കും വഹ്‌യുണ്ടാവണമെന്ന് നിര്‍ബന്ധമില്ല.
വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനമാണ് സുന്നത്ത് എന്ന് നാം പറയാറുള്ള ഹദീസ്. ഹദീസുകളല്ലാത്ത പണ്ഡിതവ്യാഖ്യാനങ്ങളും വിശുദ്ധ ഖുര്‍ആനിനുണ്ട്. ഒട്ടനേകം തഫ്‌സീറുകള്‍ ഖുര്‍ആനിനുള്ളതെല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമാണെന്ന് ആരും പറയാറുമില്ല. അറിയപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളിലുള്ളതെല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് മുഹദ്ദിസുകളാരും പറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ ഖുര്‍ആനിനും ഹദീസിനും അതിന്റേതായ സ്ഥാനവും മഹത്വവും കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടും ഒന്നുതന്നെയാണെന്ന് ഒറ്റയടിക്ക് പറയാവതുമല്ല. പ്രമാണങ്ങളുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുമ്പോള്‍ ആദ്യം ഹദീസെന്നും പിന്നെ ഖുര്‍ആന്‍ എന്നുമല്ല പറയേണ്ടത്. ഒന്ന് ഖുര്‍ആന്‍, രണ്ട് ഹദീസ് എന്നാണ്.
ഖുര്‍ആനും ഹദീസും ഒന്നുതന്നെയാണെന്ന് വാദിക്കുന്നവര്‍ അത് സമര്‍ഥിക്കാന്‍ വേണ്ടി ഖുര്‍ആനിലെ സൂറത്തുന്നജ്മിലുള്ള മൂന്നും നാലും വചനങ്ങള്‍ എടുത്തുദ്ധരിക്കാറുണ്ട്. ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു” എന്ന് അര്‍ഥം വരുന്ന സൂക്തങ്ങളാണവ. ഈ വചനങ്ങള്‍ യഥാര്‍ഥത്തില്‍ നബി സംസാരിക്കുന്നതെല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിലാണെന്നല്ല. മറിച്ച്, വിശുദ്ധ ഖുര്‍ആനിനെയും മതപരമായ മറ്റു ചില അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിനെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നബി സഹാബികളുമായി കുശലം പറയുന്നതും ഭാര്യാസന്താനങ്ങളോട് സംസാരിക്കുന്നതും സാന്ദര്‍ഭികമായ പ്രസംഗങ്ങള്‍ നിര്‍വഹിക്കുന്നതും മറുനാട്ടിലെ ഭരണാധിപന്മാര്‍ക്ക് കത്തുകള്‍ അയക്കുന്നതുമെല്ലാം തന്നെ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാവതല്ല. ചില സന്ദര്‍ഭങ്ങളില്‍ നബി എതിര്‍കക്ഷികളുമായി കരാറും ഉടമ്പടിയും ചെയ്യുമ്പോള്‍ വാചകങ്ങള്‍ തിരുത്തിയ ഘട്ടങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍, നബി ഖുര്‍ആനും ഹദീസുമല്ലാത്ത മറ്റു പല സംസാരങ്ങളും നടത്തിയിട്ടുണ്ട്. അതെല്ലാം തന്നെ വഹ്‌യ് മൂലമാണെന്ന് പറയാവതല്ല. നബിക്ക് മാരണം ബാധിച്ചിട്ടുണ്ടെന്ന് വാദിച്ചവര്‍ ബുഖാരിയിലും മറ്റു ചില ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുള്ള ഉദ്ധരണികള്‍ക്ക് അപ്രമാദിത്വം കൊടുക്കാനും, തങ്ങള്‍ ഹദീസുകളെ മുഴുവനും സ്വീകരിച്ചവരാണെന്ന് വരുത്തിത്തീര്‍ക്കാനുമായി തൊടുത്തുവിട്ട വാദഗതിയാണ്, ഖുര്‍ആനും ഹദീസുകളുമെല്ലാം ഒന്നുതന്നെയാണ്, എല്ലാം ഒരേപോലെ വഹ്‌യാണെന്ന വാദം. ഇവര്‍ തന്നെയാണ് സലഫീ മന്‍ഹജിന്റെയും വക്താക്കള്‍. സലഫീ മന്‍ഹജ് എന്നത് ക്ലച്ച് പിടിക്കാത്തതിനാല്‍ അത് കേള്‍ക്കാറില്ലെന്നു മാത്രം. മാത്രമല്ല, പ്രമാണങ്ങളെ എണ്ണുന്നിടത്ത് സലഫീ മന്‍ഹജ് എന്ന ഒന്നില്ലാത്തതാണ്. ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ്, ഇജ്മാഅ് എന്നിങ്ങനെയാണ് പറയുക.
ഖുര്‍ആന്‍ വചനങ്ങളുമായി ഹദീസുകള്‍ കൂടിക്കലരാതിരിക്കാന്‍ നബി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഖുര്‍ആന്‍ എഴുതിവെച്ചിരുന്നതുപോലെ ഹദീസുകള്‍ എഴുതിവെച്ചിരുന്നില്ല. സഹാബത്തിനെ സംബന്ധിച്ചിടത്തോളം നബിവചനങ്ങള്‍ എഴുതിവെക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലതാനും. കാരണം, അവര്‍ നബിയില്‍ നിന്ന് നേരിട്ട് മതം പഠിക്കുന്നവരാണ്. അവര്‍ക്ക് അത്യാവശ്യമായ അറിവുകള്‍ യഥാവിധി പ്രവാചകന്‍ പകര്‍ന്നുനല്‍കുന്നുണ്ട്. ആയതിനാല്‍, ഖുര്‍ആന്‍ വചനങ്ങള്‍ അവര്‍ ഹൃദിസ്ഥമാക്കി എഴുതി ക്രോഡീകരിച്ചുവെച്ചു.
അപൂര്‍വം ചിലര്‍ അവര്‍ക്ക് ആവശ്യമായ കുറിപ്പുകള്‍ സ്വന്തമായി എഴുതിവെച്ചിരുന്നുവെന്നും അത് ‘സ്വഹീഫത്തുസ്സ്വാദിഖ’ (സത്യസന്ധമായ ഏടുകള്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്നുവെന്നും കാണാം. എന്നാല്‍ അതൊന്നും ഒരു ഗ്രന്ഥരൂപത്തില്‍ ഉണ്ടായിട്ടില്ല. മുസ്‌നദ് അഹ്മദ് പോലുള്ള ഗ്രന്ഥങ്ങളില്‍ അവയില്‍ ചിലത് കാണാമെന്ന് പണ്ഡിതാഭിപ്രായമുണ്ട്. എന്തുതന്നെയായാലും നബിചര്യകളിലൂടെ ഖുര്‍ആനിന് നല്‍കിയ വിശദാംശങ്ങള്‍ പഠിച്ചെടുത്ത സഹാബികള്‍ അതെല്ലാം അവരുടെ തൊട്ടടുത്തവര്‍ക്ക് കൈമാറി.
താബിഉകളുടെ കാലം
നബി(സ)യുടെ സഹാബികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക അധ്യാപനങ്ങള്‍ സംവദിച്ചു പഠിച്ചെടുത്തവരാണ് താബിഉകള്‍. സഹാബികളെ സത്യവിശ്വാസം സ്വീകരിച്ച് കണ്ടുമുട്ടുകയും അവരുമായി സഹവസിക്കുകയും അവരില്‍ നിന്ന് ഇസ്‌ലാമിക പാഠങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തവരാണ് താബിഉകള്‍.
ഇസ്‌ലാം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ദീനിലേക്ക് ഒട്ടനേകം പേര്‍ കടന്നുവരുകയും ചെയ്തുകൊണ്ടിരുന്നു. അതില്‍ അറബികളും അനറബികളുമുണ്ട്. സ്വഹാബികളുടെ കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ട ഖുര്‍ആനിന്റെ കോപ്പികള്‍ എല്ലാ രാജ്യങ്ങളിലേക്കും എത്തിച്ചു. എന്നാല്‍ ഹദീസ് എന്ന നിലയ്ക്കുള്ള നബിചര്യകള്‍ പഠിച്ചെടുത്ത സ്വഹാബികള്‍ അത് എഴുതി ക്രോഡീകരിച്ചുവെച്ചിരുന്നില്ല. പിന്‍തലമുറയ്ക്ക് അവര്‍ അത് പഠിപ്പിച്ചുകൊടുക്കുകയാണ് ചെയ്തത്.
ഇങ്ങനെയുള്ള താബിഉകള്‍ പലരും മരണപ്പെട്ടപ്പോള്‍ നബിചര്യകളായി അവര്‍ പഠിച്ച പലതും നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്ക അവരെ പിടികൂടി. ഈയൊരു പശ്ചാത്തലത്തിലാണ് ഹദീസ് ക്രോഡീകരണ ചിന്ത അവര്‍ക്കുണ്ടായത്.
ഉമവീ ഭരണകാലത്തെ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) ആണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. ഇസ്‌ലാമിക ചരിത്രത്തില്‍ രണ്ടാം ഉമര്‍ എന്ന് ഖ്യാതി നേടിയ അദ്ദേഹം നബിചര്യകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തെപ്പറ്റി പണ്ഡിതന്മാരെയും നേതാക്കളെയും ബോധ്യപ്പെടുത്തി. അങ്ങനെയാണ് ഹദീസ് ക്രോഡീകരണം നടക്കുന്നത്. എന്നാല്‍ അപ്പോഴേക്കും നബിചര്യയാണെന്ന വ്യാജേന പലതും ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ചിലര്‍ സദുദ്ദേശ്യത്തോടെ ഹദീസുകളാണിതെന്നു പറഞ്ഞ് പലതും പ്രചരിപ്പിച്ചു. മറ്റു ചിലര്‍ സ്വാര്‍ഥതാല്‍പര്യ സംരക്ഷണാര്‍ഥം നബിയുടെ പേരില്‍ പലതും കെട്ടിച്ചമച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഹദീസ് ക്രോഡീകരണവും അതിലെ ശരിയും തെറ്റും വേര്‍തിരിച്ചെടുക്കലും സാഹസികമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഖുര്‍ആന്‍ അവതരണത്തെ സംബന്ധിച്ചും ക്രോഡീകരണവും പ്രാമാണികതയും സംബന്ധിച്ചും മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഹദീസുകളെപ്പറ്റി പറയാറുള്ളതുപോലുള്ള സമീപനം പാടില്ലാത്തതുമാണ്. ഖുര്‍ആന്‍ സൂക്തങ്ങള്‍ നൂറു ശതമാനവും കൃത്യമായ അപ്രമാദിത്വമുള്ളതും എല്ലാം മുതവാതിറായതുമാണ്.
എന്നാല്‍ ഹദീസും മറ്റു വിജ്ഞാനങ്ങളും ഇങ്ങനെയല്ല. നബിചര്യയായി അറിയപ്പെടുന്നതും ഖുര്‍ആനിന്റെ വിശദീകരണമായി ക്രോഡീകരിക്കപ്പെട്ടതുമായ കാര്യങ്ങള്‍ കൃത്യമായ സ്ഥിരീകരണം ഉണ്ടായെങ്കില്‍ മാത്രമേ പ്രാമാണികമാവുകയുള്ളൂ. ആയതിനാല്‍ അതിന് ആവശ്യമായ മാനദണ്ഡം അനിവാര്യമായി വന്നു. അതാണ് ഹദീസ് നിദാനശാസ്ത്രം (ഉസൂലുല്‍ ഹദീസ്). മതപ്രമാണങ്ങളെ വിലയിരുത്താന്‍ ഇത്തരമൊരു നിദാനശാസ്ത്രം മറ്റാര്‍ക്കും ഇല്ലെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
വിശുദ്ധ ഖുര്‍ആനിനും നിദാനശാസ്ത്രമുണ്ട്. എന്നാല്‍ അത് ഖുര്‍ആനിക സൂക്തങ്ങളുടെ അമാനുഷികതയെ (ഇഅ്ജാസ്) കൂടുതല്‍ ഉയര്‍ത്തിക്കാണിക്കാനാണ്. ഹദീസ് നിദാനശാസ്ത്രം ഹദീസുകളുടെ സ്വീകാര്യതയും പ്രാമാണികതയും കൂടുതല്‍ ദൃഢപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്.
സ്വഹാബികളുടെയും താബിഉകളുടെയും കാലത്തുതന്നെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ കാപട്യം നടിച്ചു മുസ്‌ലിംകള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ഗൂഢശ്രമങ്ങള്‍ നടത്തിയിരുന്നു. വ്യാപകമായ നുണപ്രചാരണങ്ങളിലൂടെ അത്തരക്കാരുടെ നുഴഞ്ഞുകയറ്റം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെയാണ് ശീഇകള്‍, ബാത്തിനികള്‍, ത്വരീഖത്തുകള്‍, മദ്ഹബുകള്‍ മുതലായവയുണ്ടായത്. തന്മൂലം നിരവധി പാര്‍ട്ടികളും അവയുടെ അവാന്തര വിഭാഗങ്ങളും ഉടലെടുത്തു.
ഇസ്‌ലാമിന്റെ ഗുണകാംക്ഷികളായി ചമഞ്ഞ ഇത്തരക്കാരെല്ലാം തന്നെ വിവിധ ശൈലികളില്‍ പണിയെടുത്തു. ഇസ്‌ലാം മതത്തെ ശക്തിപ്പെടുത്തുകയാണെന്ന വ്യാജേന അവര്‍ ചെയ്യുന്നതെല്ലാം ഇസ്‌ലാമിക സൗധത്തെ തകര്‍ക്കുന്നതിലാണ് കലാശിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാന അച്ചുതണ്ട് ശീഇസമാണ്. ജൂതകരങ്ങളായിരുന്നു ഇതിന്റെയും അണിയറയില്‍.
ചുരുക്കത്തില്‍, ഹദീസുകളെന്ന നിലയില്‍ ഓരോ വിഭാഗവും അവരവരുടെ വാദഗതികളെ ഉറപ്പിക്കാന്‍ വേണ്ടി പ്രചരിപ്പിച്ച, അതിസമര്‍ഥമായി കെട്ടിയുണ്ടാക്കിയ വ്യാജങ്ങളും ഹദീസ് ശേഖരണ-ക്രോഡീകരണരംഗത്ത് തലവേദനയുണ്ടാക്കി. ഈ രംഗത്ത് ശക്തമായ ഒരളവുകോല്‍ അനിവാര്യമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് സര്‍വാംഗീകൃതവുമാകണം. ഈ വിധം ശേഖരിച്ച നബിചര്യകളെല്ലാം അരിച്ചുപെറുക്കല്‍ നടത്തുകയാണ് മുഹദ്ദിസുകള്‍ ചെയ്തത്. നബിചര്യകളൊന്നും നഷ്ടപ്പെടരുതെന്നും അതില്‍ നബിചര്യകളല്ലാത്ത ഒന്നും കൂടിക്കലരരുതെന്നുമുള്ള നിര്‍ബന്ധ നിലപാടായിരുന്നു ഹദീസ് പണ്ഡിതന്മാര്‍ക്ക് ഉണ്ടായിരുന്നത്. ഹദീസുകളുടെ സ്വീകാര്യത ഉറപ്പുവരുത്തുന്നതിലാണ് ഹദീസുകളുടെ അവസ്ഥയ്ക്ക് അനുസൃതമായി നല്‍കപ്പെടുന്ന സാങ്കേതിക നാമങ്ങളുടെ നിര്‍വചനങ്ങള്‍ക്കും വിവരണങ്ങള്‍ക്കും പ്രസക്തിയുണ്ടാവുന്നത്.
നിരൂപണം, നിഷേധം
ഹദീസ് പണ്ഡിതന്മാര്‍ ഹദീസ് ശേഖരണം മാത്രമല്ല നടത്തിയത്. അവ നിരൂപണവിധേയമാക്കുകയും ചെയ്തിരുന്നു. നന്നായി നിരീക്ഷിച്ച ശേഷം അവര്‍ കണ്ടെത്തിയ തകരാറുകളെ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂനതകള്‍ എല്ലാ ഓരോരുത്തരും കണ്ടില്ലെന്നും വരാം. ഇനി ആരും കാണാത്ത ന്യൂനതയുണ്ടായെങ്കില്‍ നിദാനശാസ്ത്രപ്രകാരം അത് എക്കാലത്തും പരിശോധനകള്‍ക്ക് വിധേയമാക്കാവുന്നതാണ്.
ഇസ്‌ലാമികമായി ഏതൊരു കാര്യത്തിനും ബുദ്ധി അനിവാര്യമാണ്. ദീനിലെ കല്‍പനകളും നിരോധനങ്ങളും ശരീഅത്തിലെ വിശ്വാസ-ആരാധനകളുമെല്ലാം ബുദ്ധിയുള്ളവരോടാണല്ലോ നിയമമാക്കിയിട്ടുള്ളത്. ഗവേഷണപരമായ അറിവുകളെ ഉത്തേജിതമാക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്‌ലാം ഇജ്തിഹാദ് നടത്താന്‍ കല്‍പിക്കുമ്പോള്‍ ബുദ്ധിയുള്ളവരോടാണല്ലോ കല്‍പന. ഇജ്തിഹാദിന് ബുദ്ധി നിര്‍ബന്ധമെങ്കില്‍ നഖ്ദ് (നിരൂപണം) നടത്താനും ബുദ്ധി പ്രയോഗിക്കാതെ കഴിയില്ല.
ബുദ്ധി പ്രയോഗിക്കുന്നവരൊക്കെ അഖ്‌ലാനികളാണെന്ന (യുക്തിവാദികള്‍) ഒരു വാദം ഇടക്കാലത്ത് കേള്‍ക്കുകയുണ്ടായി. അങ്ങനെയെങ്കില്‍ മുജ്തഹിദുകളും നാഖിദുകളുമെല്ലാം അഖ്‌ലാനികളാണെന്ന് പറയേണ്ടതായി വരും. ഈ വിധം പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. അഥവാ ഖുര്‍ആനും ഹദീസും ഒന്നുതന്നെയാണ്, അവയെല്ലാം വഹ്‌യാണ്, ഹദീസുകള്‍ക്ക് മുഹദ്ദിസുകള്‍ കണ്ടെത്തിയ ന്യൂനതകള്‍ കാരണം സ്വീകാര്യതയില്ലാതെ മാറ്റിവെക്കുന്നത് ഹദീസ് നിഷേധമാണ്, ഹദീസ് നിഷേധം വഹ്‌യിനെ നിഷേധിക്കലാണ്, അഖ്‌ലാനികള്‍ ഹദീസ് നിഷേധിക്കുകയാണ് എന്നിങ്ങനെയാണ് ഉത്തരക്കാരുടെ വാദകോലാഹലങ്ങള്‍ നടക്കുന്നത്.
എന്നാല്‍, ഹദീസ് നിഷേധമെന്നു പറയുന്നത് ഏതെങ്കിലും ഹദീസുകള്‍ക്കു കണ്ടെത്തിയ ന്യൂനതകള്‍ എടുത്തുപറയുന്നതല്ലെന്നും, മറിച്ച്, ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ നബിചര്യ തന്നെ (ഹദീസ്) വേണ്ടതില്ലെന്ന് പറയുന്നതിനാണെന്നും ആരോപകര്‍ ഉള്‍ക്കൊള്ളുന്നില്ല. അവര്‍ അഖ്‌ലാനികള്‍, നാഖിദീങ്ങള്‍ എന്നീ രണ്ട് വിഭാഗത്തെയുണ്ടാക്കി വിശദീകരിച്ചു കാടുകയറുകയാണ്.
അതിനാല്‍, ഹദീസുകളെ പ്രമാണമാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരെ ഹദീസ് നിഷേധികള്‍ എന്ന് ആക്ഷേപിക്കുന്നവര്‍ തത്വത്തില്‍ നിരൂപകരായ മുഹദ്ദിസുകളെയും ഗവേഷണപടുക്കളായ മുജ്തഹിദുകളെയും ഹദീസ് നിഷേധികളാക്കുന്നതിലാണ് എത്തിനില്‍ക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ഭയാനകമായ ശിക്ഷയെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാം. തഖ്‌വയുള്ളവരാണെങ്കില്‍ പിന്മാറിയേക്കാമല്ലോ. നിദാനശാസ്ത്രത്തില്‍ (ഉസൂലുല്‍ ഹദീസ്) ഹദീസുകളുടെ സ്ഥാനങ്ങള്‍ക്ക് അനുസൃതമായി നല്‍കപ്പെട്ട ചില സാങ്കേതിക നാമങ്ങളെ നമുക്ക് സാമാന്യമായി മനസ്സിലാക്കാം:
വാര്‍ത്ത, വൃത്താന്തം എന്നെല്ലാം അര്‍ഥം പറയാവുന്ന രണ്ട് പദങ്ങളാണ് ‘ഹദീസ്’, ‘ഖബര്‍’ എന്നത്. ഇതില്‍ ഖബര്‍ എന്നത് പൊതുവായി എല്ലായിനം വാര്‍ത്തകളെയും ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഹദീസ് എന്നത് നബിയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, ആഗ്രഹപ്രകടനം എന്നിവ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. ആയതിനാല്‍ എല്ലാ ഹദീസുകളും ഖബറാണ്. എല്ലാ ഖബറുകളും ഹദീസുകളല്ല. ഇതാണ് വ്യത്യാസം.
ഇതുപോലെത്തന്നെ നാം കേള്‍ക്കാറുള്ള മറ്റു ചില സാങ്കേതിക പദങ്ങള്‍ കൂടി വിശദമാക്കാം: ‘സനദ്’, ‘മത്‌ന്.’ ഹദീസുകളുടെ സ്വീകാര്യത ഉറപ്പാക്കാന്‍ അതിലെ ഉള്ളടക്കവും അത് റിപ്പോര്‍ട്ട് ചെയ്ത പരമ്പരയുമാണ് പരിഗണിക്കുക. അതിനാല്‍ ഉദ്ധരിക്കപ്പെട്ട വിഷയത്തിന് മത്‌ന് എന്നും റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയ്ക്ക് സനദ് എന്നും പറയപ്പെടുന്നു. ഈ രംഗത്ത് ചിലപ്പോള്‍ സനദ് നന്നാവുകയും മത്‌ന് ശരിയല്ലാതെയും, മത്‌ന് നന്നാവുകയും സനദ് ശരിയല്ലാതെയും വന്നേക്കാം. മുഹദ്ദിസുകള്‍ നിരൂപണം നടത്തി ഇതെല്ലാം വിശദമാക്കും.
‘അസര്‍’, ‘ആസാര്‍’ എന്നീ പദങ്ങള്‍ക്ക് ഭാഷാപരമായി ‘വിട്ടേച്ചുപോകുന്ന ചരിത്രാവശിഷ്ടങ്ങള്‍’ എന്നാണ് അര്‍ഥം. സാങ്കേതികമായി സഹാബികളുടെയും താബിഉകളുടെയും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമാണ് അത് പ്രയോഗിക്കാറുള്ളത്. ഹദീസ് ഗ്രന്ഥങ്ങളില്‍ ഇത്തരത്തിലുള്ള ധാരാളം വാക്കുകള്‍ ഉദ്ധരിച്ചതായി കാണാം. അതെല്ലാം അസര്‍ എന്ന ഇനത്തില്‍ പെട്ടതാണ്. സനദ്, മത്‌ന് എന്നിവ കിടയറ്റതും പ്രബലമായതുമാകണമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ന്യൂനതകളുള്ള സനദോ മത്‌നോ കാണപ്പെട്ടാല്‍ അവ പ്രാമാണികമാവില്ല.
‘മുഹദ്ദിസ്’ എന്നാല്‍ ഹദീസ് വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവന്‍ എന്നാണ് ഉദ്ദേശ്യം. ‘ഹാഫിള്’ എന്നാല്‍ ‘മുഹദ്ദിസിനേക്കാള്‍ ഉയര്‍ന്നവന്‍’ എന്നും ‘മുഹദ്ദിസുകള്‍ അറിയാതെ പോയതും കൂടി അറിയുന്നയാള്‍’ എന്നും ഉദ്ദേശിക്കപ്പെടുന്നു. ‘ഹദീസുകളെപ്പറ്റി അവഗാഹമുള്ളവന്‍’ എന്ന നിലയ്ക്കു തന്നെയാണ് ‘ഹാകിം’ എന്ന് പ്രയോഗിക്കുന്നത്.

Back to Top