22 Sunday
December 2024
2024 December 22
1446 Joumada II 20

ഹദീസ് വിശദീകരണ ഗ്രന്ഥങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


ഹദീസുകളെ വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളുണ്ട്. അവയില്‍ പ്രബലമായതാണ് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) രചിച്ച സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനഗ്രന്ഥമായ ഫത്ഹുല്‍ബാരി. മറ്റൊന്ന് സ്വഹീഹ് മുസ്‌ലിമിന്റെ വ്യാഖ്യാനമായി രചിച്ച ഇമാം നവവി(റ)യുടെ ശറഹു മുസ്‌ലിമാണ്. ഇവര്‍ രണ്ടുപേരും ഹദീസ് വ്യാഖ്യാതാക്കള്‍ മാത്രമല്ല, ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ കൂടിയാണ്.
ഇമാം ദഹബി, ഇബ്‌നുഹജറുല്‍ അസ്ഖലാനി, ജലാലുദ്ദീനുസ്സുയൂഥി, ഇബ്‌നുല്‍ജൗസി, ഇബ്‌നുകസീര്‍, സഖാവി, ഖസ്ത്വല്ലാഹി തുടങ്ങിയവരും ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാരില്‍ പ്രമുഖരാണ്. ഹദീസുകളെ വിശകലനം ചെയ്യേണ്ടത് നിദാനശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ നിയമങ്ങള്‍ അനുസരിച്ച് മാത്രമാണ് എന്ന വിഷയത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ഇമാം നവവി പറയുന്നു: മതപരമയ വിധികളില്‍ ദുര്‍ബലമായ ഹദീസുകള്‍ തെളിവാക്കാന്‍ പറ്റുകയില്ലെന്ന് ഹദീസ് പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. (ശറഹു മുസ്‌ലിം 1:161)
സ്വഹീഹുല്‍ ബുഖാരിയിലെ പല ഹദീസുകളും പണ്ഡിതന്മാരുടെ നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. സ്വഹീഹ് മുസ്‌ലിമിലെ ഹദീസുകളും നിരൂപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഹദീസ് പണ്ഡിതനായിരുന്ന എം ശൈഖ് മുഹമ്മദ് മൗലവി പറയുന്നു: അവ രണ്ടിലെയും (ബുഖാരി, മുസ്‌ലിം) വിമര്‍ശന വിധേയമായ ഹദീസുകളെ സ്വഹീഹായതിനു തുല്യമായി കാണേണ്ടതില്ല എന്നു മനസ്സിലാക്കാം (ഹദീസ് ഗ്രന്ഥങ്ങള്‍ ഒരു പഠനം, പേജ് 16)
ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്കു പോലും വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. അനസ്(റ) പറയുന്നു: അദ്ദേഹം നബി(സ)യുടെ കൈവിരലില്‍ ഒരു വെള്ളി മോതിരം കണ്ടു. നബി(സ) അത് ഊരി വലിച്ചെറിഞ്ഞു. ജനങ്ങളും അത് ഊരി വലിച്ചെറിഞ്ഞു. (ബുഖാരി 5868, മുസ്‌ലിം 2093). ഈ ഹദീസിനെ സംബന്ധിച്ച് ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ഇബ്‌നു ഉമര്‍(റ) വിശദീകരിച്ചതുപോലെ നബി(സ) ഊരി വലിച്ചെറിഞ്ഞത് (വെള്ളിയുടെ മോതിരമല്ല) സ്വര്‍ണത്തിന്റെ മോതിരമായിരുന്നു എന്നത് അറിയപ്പെടാത്തതാണ്. ഖാളി ഇയാളി(റ)നെ പിന്തുടര്‍ന്നുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുകയുണ്ടായി. ഈ ഹദീസില്‍ പറഞ്ഞത് ഇബ്‌നു ശിഹാബിന്റെ(റ) ഊഹമാണെന്ന് എല്ലാ ഹദീസ് പണ്ഡിതന്മാരും പ്രസ്താവിച്ചിരിക്കുന്നു. നബി(സ) ഊരി വലിച്ചെറിഞ്ഞത് സ്വര്‍ണമോതിരമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (ഫത്ഹുല്‍ബാരി 13:304)
മേല്‍ ഹദീസിനെ ഇമാം നവവി(റ) വ്യാഖ്യാനിക്കുന്നു: ഖാളി ഇയാള്(റ) പ്രസ്താവിച്ചു: ഇബ്‌നു ശിഹാബ് ഊഹിച്ചു പറഞ്ഞതാണ് എന്നാണ് എല്ലാ പണ്ഡിതന്മാരും പ്രസ്താവിച്ചിരിക്കുന്നത്. സ്വര്‍ണമോതിരം എന്നത് അദ്ദേഹം വെള്ളിമോതിരമാണെന്ന്് തെറ്റിദ്ധരിച്ചു. ഇബ്‌നു ശിഹാബ് വഴിയല്ലാതെ അനസ്(റ) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി(സ) വെള്ളിമോതിരം ധരിച്ചിരുന്നുവെന്നത് അറിയപ്പെട്ട കാര്യമാണ്. അത് നബി(സ) ഊരി വലിച്ചെറിഞ്ഞിട്ടില്ല. ഇമാം മുസ്‌ലിം മറ്റു ഹദീസുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ നബി(സ) ഊരി വലിച്ചെറിഞ്ഞത് സ്വര്‍ണമോതിരമായിരുന്നു. (ശറഹു മുസ്‌ലിം 7:320)
ഇമാം ബുഖാരി 292-ാം നമ്പറായും ഇമാം മുസ്‌ലിം 346-ാം നമ്പറായും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. സെയ്ദുബ്‌നു ഖാലിദുല്‍ ജുഹ്‌നി പറഞ്ഞതായി അത്വാഉബ്‌നു യസാര്‍ അബൂസലമ(റ)യോട് പറഞ്ഞു: ഉസ്മാനുബ്‌നു അഫ്ഫാനോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: ഒരു പുരുഷന്‍ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തുകയും ഇന്ദ്രിയസ്ഖലനം ഇല്ലാതിരിക്കുകയും ചെയ്താല്‍ എന്തു ചെയ്യണം? ഉസ്മാന്‍(റ) പറഞ്ഞു: നമസ്‌കാരത്തിന് വുദു എടുക്കുന്നതുപോലെ വുദൂ എടുക്കുകയും അവന്റെ ഗുഹ്യാവയവം കഴുകുകയും വേണം. ഉസ്മാന്‍(റ) പറഞ്ഞു: ഇപ്രകാരം ഞാന്‍ നബി(സ)യില്‍ നിന്നും കേട്ടതാണ്. (ബുഖാരി 292, മുസ്‌ലിം 346)
ഈ ഹദീസിനെ ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നു: ഈ അധ്യായത്തില്‍ അഹ്മദില്‍ നിന്നും സെയ്ദുബ്‌നു ഖാലിദ് ഉദ്ധരിച്ച ഹദീസ് അസ്വീകാര്യമാണെന്ന് ഇമാം അസ്‌റം ഉദ്ധരിച്ചിരിക്കുന്നു. സ്വഹാബികളില്‍ (പ്രമുഖരായ) അഞ്ച് പേരുടെ ഫത്‌വ ഈ ഹദീസിനെതിരാണ്. ഈ ഹദീസ് ശാദ്ദ് (ഏറ്റവും പ്രബലമയ ഹദീസിന് വിരുദ്ധം) ആണെന്ന് യഅ്ഖൂബുബ്‌നു ശൈബ(റ) അലിയ്യുല്‍ മദീനിയില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നു. (ഫത്ഹുല്‍ബാരി 2:66).
പ്രസ്തുത ഹദീസിനെ ഇമാം നവവി(റ) വ്യാഖ്യാനിക്കുന്നു: സംയോഗത്താല്‍ ഇന്ദ്രിയ സ്ഖലനം ഉണ്ടായില്ലെങ്കിലും കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ മറ്റു ഹദീസുകളും വന്നിട്ടുണ്ട്. താഴെ വരുന്ന ഹദീസ് അതിലുള്‍പ്പെടുന്നു. നിങ്ങളില്‍ ഒരാള്‍ ഒരു സ്ത്രീയുടെ നാല് അവയവങ്ങള്‍ക്കിടയില്‍ പരിശ്രമം (ലൈംഗികപ്രവര്‍ത്തനം) നടത്തുന്ന പക്ഷം ഇന്ദ്രിയം പുറപ്പെട്ടിട്ടില്ലെങ്കിലും അയാള്‍ക്ക് കുളി നിര്‍ബന്ധമാണ്. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. (ശറഹു മുസ്‌ലിം 2:273)
ഇതുപോലുള്ള ഹദീസുകള്‍ വേറെയും വന്നിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും വിമര്‍ശനങ്ങള്‍ക്ക് വിധേയമായ ഹദീസുകളുണ്ട്. ഉദാഹരണം: നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ജനിക്കുന്ന സന്ദര്‍ഭത്തില്‍ പിശാചുബാധ ഏറ്റിട്ടല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. (പിശാചിന്റെ കുത്ത് കാരണം) അവന്‍ അട്ടഹസിക്കും. എന്നാല്‍ മര്‍യം(അ)യും അവരുടെ മകനും (ഈസാ) ഒഴികെ. (ബുഖാരി 4548, മുസ്‌ലിം 2366).
ഈ ഹദീസിനെ ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നു: ഈ ഹദീസിനെ കശ്ശാഫ് എന്ന തഫ്‌സീറിന്റെ രചയിതാവ് (ഇമാം സമശ്കരി) ആക്ഷേപിക്കുകയും ഇത് സ്വഹീഹാണോ എന്ന വിഷയത്തില്‍ സംശയിക്കുകയും ചെയ്തിട്ടുണ്ട്. അതേ സംശയം ഇമാം ഫഖ്‌റുദ്ദീനു റാസിക്കുമുണ്ട്. തീര്‍ച്ചയായും ഈ ഹദീസ് ഖബ്‌റു വാഹിദില്‍ (ഏകറാവി) ഉള്‍പ്പെടുന്നു. വിശ്വാസപരം എന്ന നിലയില്‍ ഈ ഹദീസ് പ്രമാണ വിരുദ്ധവുമാണ്. എന്നാല്‍ പിശാച് പിഴപ്പിക്കുന്നത് (കുഞ്ഞുങ്ങളെയല്ല) നന്മയും തിന്മയും തിരിച്ചറിയുന്നവരെയാണ്’ (ഫത്ഹുല്‍ബാരി 10:91).
ഇമാം റാസി നിരീക്ഷിക്കുന്നു: ഈ ഹദീസിനെ ഖാളി ഇയാള് ആക്ഷേപിച്ചിട്ടുണ്ട്. ഈ ഹദീസ് ഖബ്ര്‍ വാഹിദ് ആയതിനാല്‍ തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (തഫ്‌സീറുല്‍കബീര്‍ 4:31)
ഇമാം റശീദ് രിദാ വിലയിരുത്തുന്നു: ‘എന്നാല്‍ മര്‍യമിനെയും ഈസായെയും പിശാച് ബാധിക്കുകയില്ല (കുത്തുകയില്ല) എന്ന് ഹദീസില്‍ വന്നത് ഖബ്ര്‍ ആഹാദാണ്. അത് ഊഹം മാത്രമേ പ്രദാനം ചെയ്യൂ. വിശ്വാസപരമായ കാര്യങ്ങളിലും അദൃശ്യപരമായ കാര്യങ്ങളിലും ഊഹം മതിയാകുന്നതല്ല. (തഫ്‌സീറുല്‍ മനാര്‍ 3:292)
കണ്ണേറിന്റെ വിഷയത്തില്‍ ഉദ്ധരിക്കാറുള്ള ഹദീസിനെ പണ്ഡിതന്മാര്‍ വിലയിരുത്തിയത് പരിശോധിക്കാം. ഉമ്മുസലമ(റ) പറയുന്നു: നബി(സ) അവരുടെ വീട്ടില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. അവളുടെ മുഖത്ത് നിറം മാറ്റമുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: അവളെ മന്ത്രിപ്പിക്കുക, നിശ്ചയമായും അത് നോട്ടം കാരണം ഉണ്ടായതാണ്. (ബുഖാരി 5739, മുസ്‌ലിം 2197)
ഈ ഹദീസ് മുള്ത്വരിബും (ആശയക്കുഴപ്പം) മുഖത്വിഉം (പരമ്പര മുറിയാത്തത്) ആണ്. ഇബ്‌നുഹജര്‍ (റ) പറയുന്നു: ഇബ്‌റാഹീമുല്‍ ഹര്‍ബി പറഞ്ഞു: അത് (മുഖത്തെ പുള്ളി) കറുപ്പാണ്. അസ്മാഅ് പറഞ്ഞു: അത് ചുകപ്പ് നിറമാണ്. അത് മഞ്ഞ നിറമാണെന്നും പറയപ്പെട്ടിട്ടുണ്ട്. മറ്റു നിറം കലര്‍ന്ന കറുപ്പാണെന്നും അഭിപ്രായമുണ്ട്. ഇബ്‌നുഖുസൈമ പറഞ്ഞു: മുഖത്തിന്റെ നിറം തന്നെ വ്യത്യാസപ്പെടുന്ന വിധത്തിലുള്ള നിറമാണ്. (ഫത്ഹുല്‍ബാരി 13:110,111)
ഈ ഹദീസില്‍ എട്ടു തരം ഇള്ത്വിറാബുകള്‍ (ആശയക്കുഴപ്പം) ഉണ്ട്. ഒരു ആശയക്കുഴപ്പം ഉണ്ടെങ്കില്‍ (ഹദീസ് ജംഅ് ചെയ്യാന്‍ കഴിയാത്തപക്ഷം) അത് സ്വീകാര്യമല്ല എന്നാണ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത്. സഖാവിയുടെ ഫത്ഹുല്‍മുഗീസ് (1:290) നോക്കുക.
ഇമാം നവവി(റ) പറയുന്നു: ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസിന് ഇമാം ദാറഖുത്‌നി കണ്ടെത്തിയ ദോഷം ഈ ഹദീസ് ഇമാം സുഹ്‌രിയില്‍ നിന്നു ഇമാം ഉഖൈലി ഉദ്ധരിച്ചത് പരമ്പര മുറഞ്ഞ അവസ്ഥയിലാണ്. ദാറഖുത്‌നി പറയുന്നു: അബൂമുആവിയ ഈ ഹദീസ് പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട്. അത് സ്വഹീഹല്ല. (ശറഹു മുസ്‌ലിം 7:443)
ഈ ഹദീസിന് ദോഷങ്ങളുണ്ട്. ഒന്ന്, മുള്ത്വരിബ് (ആശയക്കുഴപ്പം), രണ്ട്, മുന്‍ഖത്വിഅ് (പരമ്പര മുറിഞ്ഞത്). മന്ത്രം ഇസ്‌ലാമില്‍ പുണ്യകര്‍മമാണ്. മന്ത്രിപ്പിക്കല്‍ നബി(സ) നിരുത്സാഹപ്പെടുത്തി. 70,000 ആളുകള്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. (അവരില്‍ ഒരു വിഭാഗം) മന്ത്രിപ്പിക്കാത്തവരാണ്. (ബുഖാരി)
സംഗീതത്തെ ഹറാമാക്കാന്‍ അവലംബിക്കുന്ന ഹദീസ് പരിശോധിക്കാം: ‘നഗ്നതയും പട്ടും കള്ളും വീണയും അനുവദനീയമാക്കുന്ന ഒരു ജനവിഭാഗം തീര്‍ച്ചയായും എന്റെ സമുദായത്തില്‍ ഉണ്ടാകും. (ബുഖാരി 5590). ‘ഈ ഹദീസിന്റെ മത്‌ന് (മാറ്റര്‍) ശരിയല്ല. കാരണം ഭാര്യയുടെ നഗ്നത അനുവദനീയമാണ്. പട്ട് സ്ത്രീകള്‍ക്കും ചൊറിയുള്ള പുരുഷന്മാര്‍ക്കും അനുവദനീയമാണ്. വീണ ഉത്സവ ദിവസങ്ങളില്‍ നബി(സ) അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയും ദുര്‍ബലമാണ്. ഈ ഹദീസ് ഉദ്ധരിക്കുന്നത് ഹിശാമുബ്‌നു അമ്മാറാണ്. അദ്ദേഹം നാനൂറോളം അടിസ്ഥാനരഹിതങ്ങളായ ഹദീസുകള്‍ നിര്‍മിച്ചിട്ടുണ്ട്. (അബൂദാവൂദ്, ഫത്ഹുല്‍ബാരി മുഖദ്ദിമ, പേജ് 702)

Back to Top