26 Friday
July 2024
2024 July 26
1446 Mouharrem 19

ദൈവിക രോഷത്തില്‍ നിന്ന് രക്ഷനേടുക

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: നിശ്ചയമായും അല്ലാഹുവിന് ധാര്‍മിക രോഷമുണ്ടാവുന്നു. അല്ലാഹുവിന്റെ ധര്‍മരോഷം അല്ലാഹു നിഷിദ്ധമാക്കിയത് വിശ്വാസി ചെയ്യുന്നതിനാലാണ്. (ബുഖാരി, മുസ്‌ലിം)

മനുഷ്യ സമൂഹത്തിന്റെ സുഗമവും സുരക്ഷിതവുമായ നിലനില്പിന് സ്രഷ്ടാവ് പല നിയമങ്ങളും നടപടി ക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദേശങ്ങളും നിബന്ധനകളും ലംഘിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അതിനനന്തരമായി ആപത്തുകളും ആകുലതകളും അനുഭവിക്കേണ്ടി വരുന്നു. ഇഹത്തിലും പരത്തിലും രോഗങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുന്നതിന് കാരണം കുറ്റകൃത്യങ്ങളും അനസുരണക്കേടുമാണെന്ന ഇമാം ഇബ്‌നുല്‍ഖയ്യിമുല്‍ ജൗസി(റ)യുടെ പ്രസ്താവന ചിന്തനീയമത്രെ.
അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴും അവനോട് അനുസരണക്കേട് കാണിക്കുമ്പോഴും മനുഷ്യസമൂഹം എക്കാലത്തും അതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ആദിമ മനുഷ്യന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് അനുസരണക്കേടിന്റെ ഫലമായിട്ടായിരുന്നു. മലകള്‍ക്ക് മുകളില്‍ വരെ വെള്ളം കയറി നൂഹിന്റെ(അ) ജനത നശിപ്പിക്കപ്പെട്ടത്, ഉഗ്രമായ കാറ്റിനാല്‍ ഈത്തപ്പനമരം കണക്കെ ആദ്‌സമൂഹം കടപുഴകി വീണത്, ഘോരനാദത്താല്‍ സമൂദ് ഗോത്രവും കല്ലുമഴയാല്‍ ലൂത്തിന്റെ(അ) ജനതയും നശിപ്പിക്കപ്പെട്ടത് ധിക്കാരവും അനുസരണക്കേടും മൂലമാണ്. ഫറോവയും കൂട്ടരും മുങ്ങിനശിച്ചതും ഖാറൂനെയും അവന്റെ കൊട്ടാരവും സമ്പത്തും ഭൂമി വിഴുങ്ങിയതും അതിരുകവിയലിന്റെയും അഹങ്കാരത്തിന്റെയും അനന്തരഫലമായിട്ടായിരുന്നു. ഇസ്‌റാഈല്‍ സമൂഹം വിവിധ തരം ശിക്ഷകളാല്‍ പരീക്ഷിക്കപ്പെട്ടതും ഇതിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഉദാഹരണമത്രെ.
ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും അരാജകത്വവും മനുഷ്യജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുമ്പോള്‍, നിന്ദ്യതയും അപമാനവും സഹിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് സമൂഹം വഴിമാറുമ്പോള്‍, മുകളിലുദ്ധരിച്ച ചരിത്ര സത്യങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം അനിവാര്യമാകുന്നു. ഭയവും ഉത്കണ്ഠയും ദൗര്‍ഭാഗ്യവും ദുര്‍ബലതയും ശിക്ഷയായും പരീക്ഷണമായും അനുഭവിക്കേണ്ടിവരുമ്പോള്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ പാളിച്ചകളെക്കുറിച്ച് ഒരു പരിശോധന നടത്താനുള്ള പ്രേരണയാണ് ഈ നബിവചനം.
ശത്രുക്കള്‍ ആധിപത്യം ചെലുത്തത്തക്കവിധം ഛിദ്രതയും ഭിന്നതയും, ശാരീരിക ദുര്‍ബലതയുണ്ടാക്കത്തക്ക വിധം രോഗവും ഉപജീവനത്തിലെ അപര്യാപ്തയും വന്നുഭവിക്കുന്നുവെങ്കില്‍ നമ്മുടെ അതിരുകവിയലും കുറ്റകൃത്യങ്ങളിലെ ആധിക്യവുമാണോ അതിന്റെ കാരണമെന്ന പുനരന്വേഷണം ഇവിടെ പ്രസക്തമാകുന്നു. ”തന്റെ രക്ഷിതാവിന്റെ ഉത്‌ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്” (72:17) എന്ന ഖുര്‍ആന്‍ പരാമര്‍ശം ശ്രദ്ധേയമാകുന്നു.
മനുഷ്യജീവിതത്തിന്റെ സുസ്ഥിതിക്കാവശ്യമായ നിയമനിര്‍ദേശങ്ങളാണ് സ്രഷ്ടാവ് നല്കിയിട്ടുള്ളത്. അത് നിരസിക്കുന്നവര്‍ക്ക് നേരെയാണ് അല്ലാഹുവിന്റെ ധാര്‍മികരോഷം. അത് തടുക്കാന്‍ നാം നിസ്സഹായരാണ്. ഈ ചിന്തകള്‍ വിശ്വാസിയെ മദിക്കേണ്ടതുണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x