ഹദീസ് സ്വീകാര്യതയുടെ രീതികളും മാനദണ്ഡവും
പി കെ മൊയ്തീന് സുല്ലമി
ഹദീസുകളുടെ സ്വീകാര്യത നിബന്ധനകള്‍ക്ക് വിധേയമാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. സ്വീകാര്യയോഗ്യമായ ഹദീസുകള്‍ക്ക് സാങ്കേതികമായി മഖ്ബൂല്‍ (സ്വീകാര്യയോഗ്യമായത്) എന്നാണ് പറയുക. സ്വീകാര്യയോഗ്യമല്ലാത്ത ഹദീസുകള്‍ക്ക് മര്‍ദൂദ് (തള്ളിക്കളയപ്പെട്ടവ) എന്നും പറയുന്നു.
മഖ്ബൂല്‍ ആയ ഹദീസുകളെ കുറിച്ച് ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: ‘നീതിബോധവും സമ്പൂര്‍ണമായ മനപ്പാഠവും ഉള്ള ഒരു വ്യക്തി ഉദ്ധരിക്കുന്ന, ന്യൂനതയില്ലാത്തതും ശാദ്ദല്ലാത്തതും പരമ്പര മുറിഞ്ഞുപോകാത്തതുമായ ഹദീസുകള്‍ക്കാണ് സ്വഹീഹായ ഹദീസ് എന്ന് പറയുന്നത്’ (നുഖ്ബതുല്‍ ഫിക്ര് പേജ് 65). സ്വയം സ്വഹീഹ് എന്ന് വിശേഷിപ്പിക്കാവുന്ന ഹദീസുകളെ സംബന്ധിച്ചാണ് മേല്‍ വിശദീകരിച്ചത്. സ്വഹീഹായ ഹദീസുകള്‍ നാല് ഇനങ്ങളാണ്. സ്വഹീഹുന്‍ ലി ദാതിഹി, സ്വഹീഹുന്‍ ലി ഗൈരിഹി, ഹസനുന്‍ ലി ദാതിഹി, ഹസനുന്‍ ലി ഗൈരിഹി എന്നിവയാണവ.
ഒരു ഹദീസ് സമ്പൂര്‍ണമായും അംഗീകരിക്കണമെങ്കില്‍, സ്വഹീഹുന്‍ ലി ദാതിഹിക്ക് പറഞ്ഞ അഞ്ച് വിശേഷഗുണങ്ങളും ഉണ്ടാവണം. റിപ്പോര്‍ട്ടര്‍മാരുടെ നീതിബോധം, സമ്പൂര്‍ണമായ മനപ്പാഠം, പരമ്പര മുറിയാതെ ചേര്‍ന്നുവരിക, ന്യൂനതകളില്‍ നിന്നും മുക്തമാകല്‍, ശാദ്ദ് (ഏറ്റവും സ്വഹീഹായി വന്ന ഹദീസിന് വിരുദ്ധമായ സ്വഹീഹായ ഹദീസ്) അല്ലാതിരിക്കല്‍ എന്നിവയാണവ.
ഒരു ഹദീസിന്റെ ദുര്‍ബലത പല നിലയിലും ആകാവുന്നതാണ്. പൊതുവെ ഹദീസ് നിവേദകന്മാര് വിമര്‍ശന വിധേയമാക്കുന്ന ഹദീസുകള്‍ക്കാണ് ദ്വഈഫ് (ദുര്‍ബല ഹദീസ്) എന്ന് പറയുന്നത്. ഉദാഹരണം: ‘മയ്യിത്ത് മറമാടിയതിനുശേഷം ഖബ്റാളിക്കു വേണ്ടി സൂറത്തുല്‍ ബഖറയിലെ ആദ്യഭാഗവും അവസാന ഭാഗവും ഓതല്‍ സുന്നത്താണെന്ന് ഇബ്നുഉമര്‍(റ) പ്രസ്താവിച്ചിരിക്കുന്നു’ (ബൈഹഖി).
ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തി: ‘ഈ ഹദീസ് സ്വഹാബിയില്‍ നിന്നുള്ളതും ദുര്‍ബലവുമാണ്. ഇതിന്റെ പരമ്പര ദുര്‍ബലമാണ്. അലാഇന്റെ പുത്രന് അബ്ദുര്‍റഹ്മാന്‍ എന്നൊരു വ്യക്തി ഇതിന്റെ പരമ്പരയിലുണ്ട്. അദ്ദേഹം അറിയപ്പെടാത്തവനാണ്’ (നൈലുല്‍ ഔത്വാര്‍ 1/379)
സ്വീകാര്യയോഗ്യമല്ലാത്ത രണ്ടാമത്തെ വിഭാഗം ഹദീസുകളാണ് ഗ്വരീബ് (ഒറ്റപ്പെട്ടവ) അഥവാ ആരും റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ഒരാള്‍ ഒറ്റപ്പെട്ടു റിപ്പോര്‍ട്ട് ചെയ്യുക. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഗ്വരീബായ ഹദീസുകള്‍ സ്വീകരിക്കപ്പെടും. മൊത്തത്തില്‍ ഗ്വറാബത്ത് എന്ന് പറയുന്നത് ഹദീസുകള്‍ക്കുള്ള ഒരു ന്യൂനത തന്നെയാണ്. ഒരു ഉദാഹരണം കാണുക:
‘നബി(സ) പറഞ്ഞതായി ഇബ്നു ഉമര്‍(റ) പ്രസ്താവിച്ചു. നിങ്ങള്‍ മരണപ്പെട്ടവരുടെ നന്മകള് പറയുക. അവരുടെ തിന്മകള് മറച്ചുവെക്കുകയും ചെയ്യുക’ (അബൂദാവൂദ്, തിര്‍മിദി). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി(റ) പറയുന്നു: ഈ ഹദീസ് ദുര്‍ബലവും ഗ്വരീബും (ഒറ്റപ്പെട്ടത്) ആകുന്നു. ഈ ഹദീസ് ഉദ്ധരിക്കുന്നത് ഇംറാനുബ്നു അനസുല്‍ മക്കിയ്യി എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഹദീസ് തള്ളിക്കളയേണ്ടതാണ്’ (നൈലുല്‍ ഔത്വാര്‍ 1:364).
സ്വീകാര്യയോഗ്യമല്ലാത്ത മൂന്നാമത്തെ വിഭാഗം വിഭാഗം ഹദീസുകള്‍ മൗദ്വൂഅ് (നിര്‍മിതം) ആയവയാണ്. ഇത് നബി(സ) പറഞ്ഞതല്ല. മറിച്ച്, നബി(സ)യുടെ പേരില്‍ നിര്മിച്ചുണ്ടാക്കിയവയാണ്. ഇമാം ഉവൈലിയുടെ അഭിപ്രായത്തില്‍ ഈ വിഭാഗത്തില്‍ പതിനാലായിരത്തോളം ഹദീസുകള്‍ ഉണ്ട് എന്നാണ്. അദ്ദേഹം പറയുന്നു: ‘ദീനിനെക്കുറിച്ച് ചിന്തിക്കാത്തവരും ദീനീ ചര്യകള്‍ ജീവിതത്തില്‍ പുലര്‍ത്താത്തവരുമായ ചിലര്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ വേണ്ടി പതിനാലായിരത്തോളം ഹദീസുകള്‍ നബി(സ)യുടെ പേരില്‍ നിര്‍മിച്ചിട്ടുണ്ട്’ (ഹാശിയത്തുന്നുഖ്ബത്തില് ഫിക്രി, പേജ് 113).
വളരെ ഗൗരവമേറിയ സംഗതിയാണിത്. നബി(സ) പറഞ്ഞു: ‘എന്റെ പേരില്‍ വല്ലവനും മനപ്പൂര്‍വം കളവ് പറയുന്നപക്ഷം അവന്റെ ഇരിപ്പിടം അവന് നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ’ (ബുഖാരി).
മുതവാതിറായ ഹദീസുകള്‍ വളരെ പരിമിതമാണ്. അതില്‍പെട്ടതാണ് ഈ ഹദീസ്. അന്ധവിശ്വാസങ്ങള്‍ മതത്തില്‍ നിലനിര്‍ത്താന്‍ ദുര്‍ബല ഹദീസുകളെയാണ് അവലംബിക്കാറുള്ളത്. വല്ല പണ്ഡിതന്മാരും അതിനെ ചോദ്യം ചെയ്യുന്നപക്ഷം അവരുടെ മേല്‍ ഹദീസ് നിഷേധം ചാര്‍ത്തപ്പെടും!
വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായി വരുന്ന എല്ലാ ഹദീസുകളും നിര്‍മിതങ്ങളാണെന്ന് മുമ്പ് വിശദമാക്കുകയുണ്ടായി. ഒരുപാട് നിര്‍മിത ഹദീസുകളുണ്ട്. ഒരു ഉദാഹരണം: ‘മുടിക്ക് കറുത്ത ചായം കൊടുത്ത ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹാലോചന നടത്തുന്നപക്ഷം അദ്ദേഹം തന്റെ മുടിക്ക് കറുത്ത ചായം കൊടുത്തതാണെന്ന് അയാള്‍ ആ സ്ത്രീയെ അറിയിച്ചുകൊള്ളട്ടെ’ (ദൈലമി). ഈ ഹദീസിനെ നാസിറുദ്ദീന്‍ അല്‍ബാനി(റ) വിലയിരുത്തിയത് ശ്രദ്ധിക്കുക: ‘ഇത് നിര്‍മിതമാണ്. ഈ ഹദീസ് തള്ളിക്കളയേണ്ടതാണെന്ന് ഇമാം ബുഖാരി(റ) പ്രസ്താവിച്ചിരിക്കുന്നു’ (സില്‍സില 6:67).
‘മഞ്ഞ നിറം സത്യവിശ്വാസിയുടെ ചായവും ചുവപ്പുനിറം മുസ്ലിമിന്റെ ചായവുമാകുന്നു’ (ത്വബ്റാനി, ഹാക്കിം). ഈ ഹദീസിനെക്കുറിച്ച് അല്‍ബാനി(റ) പറയുന്നു: ‘നിര്‍മിതം’ (സില്‍സില 8:270)
സ്വീകാര്യയോഗ്യമല്ലാത്ത നാലാമത്തെ വിഭാഗം ഹദീസുകളാണ് മുദ്ത്വരിബ് (ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്). ആശയക്കുഴപ്പമുള്ള ഹദീസുകളാണെങ്കില്‍ അവകള്‍ തമ്മില്‍ ജംഅ് ചെയ്ത് ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍ അത് പ്രമാണമാക്കാം. അല്ലാത്ത പക്ഷം ആശയക്കുഴപ്പമുള്ള ഹദീസുകള്‍ പ്രമാണമാക്കാന്‍ കൊള്ളുന്നതല്ല. സിഹ്റിന്റെ വിഷയത്തില്‍ വന്ന (പ്രവാചകന് സിഹ്റ് ബാധിച്ച) ഹദീസുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും.
ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ട് പ്രകാരം നബി(സ)ക്ക് 40 ദിവസമാണ് സിഹ്റ് ബാധിച്ചത്. (ഫത്ഹുല്‍ബാരി 13:150). എന്നാല്‍ ഇമാം അഹ്മദിന്റെ റിപ്പോര്‍ട്ടില്‍ 6 മാസമാണത്. (ഫത്ഹുല്‍ബാരി 13:150). ബുഖാരിയിലെ 3175, 3763 ഹദീസുകള്‍ പ്രകാരം നബി(സ)ക്ക് സിഹ്റ് ചെയ്ത അവിശിഷ്ടങ്ങള്‍ നിക്ഷേപിച്ച കിണര്‍ മൂടാന്‍ കല്പിച്ചു എന്നാണ്. എന്നാല്‍ 6063 നമ്പര്‍ ഹദീസില്‍ കൊണ്ടുപോയി ഉപേക്ഷിച്ച വസ്തുക്കള്‍ പുറത്തെടുക്കാന്‍ കല്പിച്ചു എന്നാണ്. കൂടാതെ നബി(സ)ക്ക് സിഹ്റ് ചെയ്തത് ലബീദുബ്നുല് അഅ്സ്വമാണോ അദ്ദേഹത്തിന്റെ പെണ്മക്കളാണോ? ലബീദുബ്നുല്‍അഅ്സ്വം ജൂതനാണോ മുനാഫിഖാണോ? എന്നീ വിഷയങ്ങളിലും ഇള്ത്വിറാബ് നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ സിഹ്റിന്റെ ഹദീസ് ജംഅ് ചെയ്യാന്‍ പറ്റാത്ത തള്ളിക്കളയേണ്ട അവസ്ഥയിലാണുള്ളത്.
സ്വീകാര്യയോഗ്യമല്ലാത്ത ഹദീസുകളിലെ അഞ്ചാമത്തെ വിഭാഗം മുന്കര് (വളരെ ദുര്‍ബലം) ആയ ഹദീസുകളാണ്്. എന്താണ് മുന്കര് എന്നതിനെ കുറിച്ച് നുഖ്ബത്തുല്‍ ഫിക്റിന്റെ ഹാശിയയില്‍ ഇപ്രകാരം കാണാം: മുന്കറിന്റെ നിര്‍വചനത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്, വിശ്വസ്തര്‍ക്ക് വിരുദ്ധമായി ദുര്‍ബലര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകളാണ്. (പേജ് 86).
നബി(സ)ക്ക് സിഹ്റ് ബാധിച്ചു എന്ന നിലയിലും മുന്‍കറായ ഹദീസുകള്‍ വന്നുചേര്‍ന്നിട്ടുണ്ട് എന്നാണ് ഇമാം ഇബ്നുകസീറിന്റെ (റ) പക്ഷം. ”അക്കാര്യത്തില്‍ (സിഹ്റിന്റെ കാര്യത്തില്‍) പരമ്പര പോലുമില്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതുതന്നെ (ആരും ഉദ്ധരിക്കാത്ത) ഒറ്റപ്പെട്ട അഭിപ്രായങ്ങളാണ്. മറ്റു ചില റിപ്പോര്‍ട്ടുകള്‍ ശക്തമായ മുന്‍കറില്‍ (വെറുപ്പുളവാക്കുന്ന) പെട്ടതുമാണ്’ (ഇബ്നുകസീര്‍ 4:574)
സ്വീകാര്യയോഗ്യമല്ലാത്ത ഹദീസുകളില്‍ ആറാമത്തെ ഇനമാണ് മുന്‍ഖത്വിഅ് (പരമ്പര മുറിഞ്ഞുപോയത്). സ്വഹീഹുല്‍ ബുഖാരിയില്‍ 2311ാം നമ്പറായി വന്ന ദീര്‍ഘമായ ഒരു ഹദീസുണ്ട്. അബൂഹുറയ്റയെ(റ) നബി(സ) സകാത്ത് സൂക്ഷിക്കാന്‍ ഏല്പിച്ച ഹദീസ്. ഈ ഹദീസ് മുന്‍ഖത്വിഅ് (പരമ്പര മുറിഞ്ഞത്) ആണെന്നാണ് ഇബ്നുല്‍ അറബി രേഖപ്പെടുത്തിയത്. അക്കാര്യം ഇബ്നുഹജര്‍(റ) രേഖപ്പെടുത്തിയത് കാണുക: ‘ഇബ്നുല്‍ അറബിയുടെ വാദപ്രകാരം തീര്‍ച്ചയായും പ്രസ്തുത ഹദീസ് മുന്‍ഖത്വിഅ് ആണെന്നതാണ്’ (ഫത്ഹുല്‍ബാരി 6:394)
സ്വീകാര്യയോഗ്യമല്ലാത്ത ഹദീസുകളിലെ ഏഴാമത്തെ വിഭാഗമാണ് മത്റൂക്ക് (നിവേദകന് അസത്യവാദിയാവുക) ആയ ഹദീസുകള്‍. ഇതിനെ കുറിച്ച് ഇബ്നു ഹജര്‍(റ) പറയുന്നു: ‘റിപ്പോര്‍ട്ടര്‍ കള്ളം പറയുന്നവനാണോ എന്ന് സംശയിക്കപ്പെടുന്ന ഹദീസിനാണ് മത്റൂക്ക് എന്ന് പറയുന്നത്’ (നുഖ്ബത്തുല്‍ ഫിക്ര്, പേജ് 115). മത്റൂക്കായ ഹദീസുകളും മൗദ്വൂഅ് (നിര്‍മിതം) ആയ ഹദീസുകളും തമ്മില്‍ വലിയ വ്യത്യാസമില്ല. ഉദാഹരണത്തിന് ‘നബി(സ) നമസ്കാരത്തില്‍ ബിസ്മില്ലാഹി എന്ന് ഉറക്കെ ഓതാറുണ്ട്’ (ദാറഖുത്നി). ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇമാം ദാറഖുത്നി തന്നെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ‘ഈ ഹദീസ് മത്റൂക്കാണ്. (ഒഴിവാക്കപ്പെടേണ്ടത്) ഇതിന്റെ പരമ്പരയില്‍ അബ്ദുല്ലയുടെ മകന് ഈസ എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം ഹദീസ് നിര്മിച്ചുണ്ടാക്കുന്നയാളാണ്’ (ദാറഖുത്വ്നി 1:302)
ഒരു ഹദീസ് സ്വീകരിക്കണമെങ്കില്‍ വേറെയും നിബന്ധനകളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് ചെറിയ നന്മകള്‍ക്ക് സ്വര്‍ഗവും നിസ്സാര കുറ്റങ്ങള്‍ക്ക് നരകവും പ്രഖ്യാപിക്കുന്ന ഹദീസുകള്‍. അതൊക്കെ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര് നിര്‍മിത ഹദീസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണ്. നുഖ്ബത്തുല്‍ ഫിക്റിന്റെ ഹാശിയയില്‍ അശ്ശൈഖ് അബ്ദുറസാഖുല്‍ ഖാസിമിയുടെ വിശദീകരണം ശ്രദ്ധിക്കുക:
‘ചിലപ്പോള്‍ (നിര്‍മിതമായ ഹദീസുകള്‍) നിസ്സാര കാര്യത്തിന് വലിയ ശിക്ഷ എന്ന നിലയില്‍ വരാം. ഒരാള്‍ വെള്ളിയാഴ്ച രാത്രി വെളുത്തുള്ളി ഭക്ഷിക്കുന്ന പക്ഷം 70 വര്‍ഷം അയാള്‍ നരകത്തില്‍ ആണ്ടുപോകുന്നതാണ്’ എന്ന ഹദീസ് അതിനുദാഹരണമാണ്. അല്ലെങ്കില്‍ നിസ്സാരകര്മം ആള്‍ക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഹദീസുകളും അതില്‍ പെട്ടതാണ്. ‘വല്ലവനും ഇത്ര റക്അത്ത് ളുഹാ നമസ്കരിക്കുന്നപക്ഷം 70 പ്രവാചകന്മാരുടെ പ്രതിഫലം അവന് നല്കപ്പെടും’ എന്ന ഹദീസും അതിനുദാഹരണമാണ്. (ഹാശിയത്തു നുഖുബത്തില് ഫിക്ര്, പേജ് 112).
ശരീഅത്തിന്റെ പ്രാമാണികത മനസ്സിലാക്കാന്‍ ഹദീസ് നിദാനശാസ്ത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.