30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ആയുധം എടുക്കരുത്‌

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിലൊരാളും തന്റെ സഹോദരനുനേരെ ആയുധം ചൂണ്ടരുത്. കാരണം നിങ്ങള്‍ക്കറിയില്ല, തീര്‍ച്ചയായും പിശാച് അവന്റെ കയ്യില്‍ ഇളക്കിവിട്ടേക്കാമെന്ന്. അപ്പോള്‍ അവന്‍ നരകത്തിലെ ഗര്‍ത്തത്തില്‍ ആപതിക്കുകയും ചെയ്‌തേക്കാം (ബുഖാരി, മുസ്‌ലിം).

മനുഷ്യജീവന് പവിത്രതയും ആദരവും നല്‍കുന്ന മതമാണ് ഇസ്‌ലാം. അതില്‍ ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ല. വര്‍ഗ-വര്‍ണ വൈജാത്യമോ ദേശ-ഭാഷാ വിവേചനമോ ഇല്ല. തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കരയിലും കടലിലും അവനെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു (17:70) എന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യം ശ്രദ്ധേയമത്രേ.
ഒട്ടകം വേലി ചാടിയതിന്റെ പേരില്‍ പോലും രക്തം ചിന്തിയിരുന്ന ഒരു സമൂഹത്തെ രക്തരഹിത വിപ്ലവത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കി മാറ്റുകയായിരുന്നു ഇസ്‌ലാം. ജനിക്കുന്നത് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞാല്‍ അതിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു ജനതയിലാണ് സാംസ്‌കാരിക ഔന്നത്യത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ചെടുത്തത്.
ജീവനു നേരെയുള്ള ഏതൊരു കയ്യേറ്റവും മഹാ പാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അന്യായമായി ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിനു തുല്യമാകുന്നു (5:32) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം മനുഷ്യവധത്തെ എത്രത്തോളം ഗൗരവമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത് എന്നതിന്റെ നേര്‍ചിത്രമാണ്.
ജീവഹാനിയിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും നിര്‍മാര്‍ജനം ചെയ്യുകയാണ് നബിതിരുമേനി(സ). കൊല്ലാനുദ്ദേശിച്ചുകൊണ്ടല്ലെങ്കിലും ഒരാളുടെ നേരെ വാളോങ്ങുന്നതോ ആയുധം ചൂണ്ടുന്നതോ പോലും പാടില്ല എന്ന പാഠമാണ് ഈ വചനം നല്‍കുന്നത്. തമാശയായി പോലും അന്യന്റെ നേരെ ആയുധം ചൂണ്ടരുത് എന്ന സന്ദേശം ഈ തിരുവചനത്തില്‍ നിന്ന് ലഭിക്കുന്നു. കാരണം പിശാചിന്റെ ദുഷ്‌പ്രേരണ നിമിത്തമോ അബദ്ധത്തിലോ അറിയാതെയോ അത് മറ്റുള്ളവരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കില്‍ ആഴമേറിയ നരകാഗ്നിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് ആപതിക്കുകയായിരിക്കും അതിന്റെ അനന്തരഫലം എന്നാണ് ഈ നബിവചനത്തിന്റെ സന്ദേശം
ജീവിതം നശിപ്പിക്കുകയല്ല, ജീവിതം നല്‍കുക എന്നതായിരിക്കണം വിശ്വാസിയുടെ ലക്ഷ്യവും മാര്‍ഗവും. ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിനെ ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിക്കുന്നതിന് തുല്യമായി (5:32) ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x