3 Tuesday
December 2024
2024 December 3
1446 Joumada II 1

ഗ്യാന്‍വാപി: ലോക്‌സഭയിലേക്കുള്ള കളമൊരുക്കലാണ്‌

കെ ഇ എന്‍


ഗ്യാന്‍വാപിയില്‍ പൂജ നടത്താനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമം ഇന്ത്യന്‍ നവ ഫാസിസത്തിന്റെ ഒരു ബൃഹത് രാഷ്ട്രീയ പദ്ധതിയുടെ ഭാഗം മാത്രമാണ്. പലരും കരുതുന്ന പോലെ അത് മറ്റൊരു ബാബരിയായി മാറണം എന്ന് നിര്‍ബന്ധമില്ല. ഒരു അവശിഷ്ടം പോലും ബാക്കി വെക്കാതെ ബാബരിയെ ഇല്ലായ്മ ചെയ്യുന്നതില്‍ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ വിജയിച്ചു കഴിഞ്ഞു. മതാത്മകമായും മതേതരമായും ഒരു തരത്തിലും ശരിയല്ലാത്ത വിധത്തില്‍ ഒരു ആരാധനാലയം അടിച്ചു തകര്‍ത്ത് അതിനു മുകളില്‍ മറ്റൊരു ആരാധനാലയം ഉണ്ടാക്കാനും അവര്‍ക്കു സാധിച്ചു. ആധുനിക സമൂഹത്തില്‍ മറ്റെവിടെയും ഇത്തരം ഒരു സംഭവം നടന്നതായി കാണാന്‍ സാധിക്കില്ല.
1992-ല്‍ ബാബരി അടിച്ചു തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ എല്‍ കെ അദ്വാനി പേരിനെങ്കിലും അന്ന് രാഷ്ട്രത്തോടു മാപ്പ് പറഞ്ഞു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് ആ മാപ്പു പറച്ചിലിനെ തന്നെ അപഹാസ്യമാക്കും വിധം ‘ബാബരിയുടെ തകര്‍ച്ച ദൈവഹിതമാണ്’ എന്നു പറയാനും അദ്ദേഹത്തിന് ലജ്ജയുണ്ടായില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധി വധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനവും ഏറ്റവും വലിയ ദൈവ നിന്ദയുമായിരുന്നു ബാബരി ധ്വംസനം. ബാബരി മസ്ജിദ് തകര്‍ത്ത് ഒരു മാസത്തിനു ശേഷം ഹിന്ദുത്വ തീവ്രവാദികളുടെ നേതാക്കള്‍ മറ്റൊരു പ്രസ്താവന നടത്തി. ഭൂരിപക്ഷത്തിന്റെ ഹിതത്തിന് അനുസരിച്ചു ജീവിക്കാതിരുന്നാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിച്ചേക്കുമെന്നതായിരുന്നു അതിന്റെ സാരം. ആ ജനാധിപത്യ വിരുദ്ധ പ്രസ്താവനയുടെ അനുരണനങ്ങള്‍ ആണ് 1992-നു ശേഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടായ അനീതിയും അക്രമങ്ങളും.
ഈ അതിക്രമങ്ങളുടെ അനിവാര്യമായ തുടര്‍ച്ച മാത്രമാണ് ഗ്യാന്‍വാപി. അതുകൊണ്ട് തന്നെ ബാബരിയില്‍ സംഭവിച്ചത് തന്നെ ഗ്യാന്‍വാപിയില്‍ സംഭവിച്ചു കൊള്ളണമെന്നില്ല. പക്ഷെ, ബാബരിയില്‍ നിന്ന് വ്യത്യസ്തമായി അക്രമത്തിന്റെ മറ്റൊരു മുഖം ഇന്ത്യന്‍ ഫാസിസം ആരംഭിക്കുകയാണെന്നു വേണം കരുതാന്‍. അതായത് അവശിഷ്ടങ്ങള്‍ പോലും ബാക്കിയാക്കാതെയുള്ള ഒരു തരത്തിലുള്ള ഭീകര പ്രവര്‍ത്തനമാണ് ബാബരിയോട് ഫാസിസം സ്വീകരിച്ചതെങ്കില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അതിന്റെ പരിശുദ്ധതയെ ഞങ്ങള്‍ മലിനമാക്കും എന്ന ഒരു മുന്നറിയിപ്പാണ് ഗ്യാന്‍വാപിയില്‍ അടങ്ങിയിട്ടുള്ളത്.
ബാബരിയാവട്ടെ, ഗ്യാന്‍വാപിയാവട്ടെ, ഇതിലൂടെയെല്ലാം സംഘപരിവാര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇത് ഭൂരിപക്ഷത്തിന്റെ ഹിതമാണ് എന്നാണ്. ഇത് ഭൂരിപക്ഷത്തിന്റെ ഹിതമല്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു മത വിശ്വാസികള്‍ക്കു മേല്‍ തങ്ങള്‍ ചെയ്യുന്ന നെറികേടുകളെയും ഭീകര പ്രവര്‍ത്തനങ്ങളെയും കെട്ടി വെക്കുകയാണ് സത്യത്തില്‍ സംഘപരിവാര്‍ ഇതിലൂടെ ചെയ്യുന്നത്. പലരുടെയും കാഴ്ചയില്‍ ഇത് കേവലമൊരു മന്ദിര്‍ -മസ്ജിദ് പ്രശ്‌നമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് പള്ളിയുടെയോ അമ്പലത്തിന്റെയോ മാത്രം പ്രശ്‌നമല്ല. മതനിരപേക്ഷതക്കെതിരെയുള്ള പലവിധ ആക്രമണങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. നമ്മള്‍ അതിനെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നോ ഘര്‍വാപസിയെന്നോ ലവ് ജിഹാദ് എന്നോ നാര്‍ക്കോട്ടിക് ജിഹാദ് എന്നോ പൗരത്വ ഭേദഗതി എന്നോ ഏകസിവില്‍ കോഡ് എന്നോ ഒക്കെ നാമകരണം ചെയ്തു വേര്‍തിരിച്ചിരിക്കുന്നുവെന്നു മാത്രം. ഈ ആക്രമണങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഗ്യാന്‍വാപി.
ബാബരി പൊളിച്ച സമയത്ത് സംഘപരിവാര്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം ‘കാശി മഥുര ബാക്കി ഹേ’ എന്നായിരുന്നു. പക്ഷെ ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേവലം ബാബരിയുടെ തുടര്‍ച്ച എന്ന പോയിന്റില്‍ കെട്ടിയിടേണ്ട ഒന്നല്ല. 2014-ല്‍ ഭരണത്തിലേറും മുന്‍പ് ബി ജെ പി ജനങ്ങള്‍ക്കു നല്‍കിയ അനേകം വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. സാധാരണക്കാരന്റെ അക്കൗണ്ടിലേക്ക് പതിനഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന്, പെട്രോള്‍ വില 50 രൂപയാക്കി കുറക്കുമെന്ന്, തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട കുറെ വാഗ്ദാനങ്ങള്‍. എന്നാല്‍ അതെല്ലാം ഭരണകൂടം മറന്നു, കൂടെ നമ്മളും. ആ ചര്‍ച്ചകള്‍ക്ക് പകരം ഉയര്‍ന്നു വന്നത് രാമരാജ്യം എന്ന ഒരാശയമാണ്. അതായത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന് നമ്മുടെ ചര്‍ച്ചകളെ വര്‍ഗീയപരമായ ചര്‍ച്ചകളിലേക്കെത്തിക്കാന്‍ ഇന്ത്യന്‍ ഫാസിസത്തിന് സാധിച്ചു. അതുകൊണ്ടു തന്നെ ഗ്യാന്‍വാപി എന്നത് 2024-ലെ ലോകസഭ ഇലക്ഷന് വേണ്ടിയുള്ള ഒരു കളമൊരുക്കല്‍ കൂടിയാണെന്ന് നമ്മള്‍ തിരിച്ചറിയണം.
സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒക്കെ ആനുകൂല്യങ്ങള്‍ പേരിനെങ്കിലും ഉണ്ടാവാറുണ്ട്. അത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരു പൊടിക്കൈയാണ്. എന്നാല്‍ പുതിയ കേന്ദ്ര ബജറ്റില്‍ അങ്ങനെയൊരു പൊടിക്കൈ പോലുമില്ല. കാരണം അങ്ങനെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെ അഡ്രസ് ചെയ്തില്ലെങ്കിലും അപരമത വിദ്വേഷം ഉള്‍പ്പടെയുള്ള വര്‍ഗീയത കൊണ്ട് മാത്രം തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യന്‍ ഭരണകൂടം എത്തിപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് ഗ്യാന്‍വാപി.

ഭീകരതയെ
സ്വാഭാവികതയാക്കുന്ന
രാഷ്ട്രീയതന്ത്രം

2002-ലെ ഗുജറാത്ത് കലാപം ജനാധിപത്യ ഇന്ത്യയെ പിടിച്ചു കുലുക്കിയ വംശഹത്യകളില്‍ ഏറ്റവും ഭീകരമായ ഒന്നാണ്. 2008-ല്‍ കാണ്ഡമാലില്‍ ക്രിസ്ത്യന്‍ വേട്ട നടന്നു. ഈ രണ്ടു കലാപങ്ങള്‍ക്കു ശേഷം ഇനിയൊരു കലാപം ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് പലരും കരുതിയിരുന്നു. കാരണം ഈ രണ്ടു ഭീകര പ്രവര്‍ത്തനങ്ങളും ലോകം കണ്ടു. മനുഷ്യരായ മനുഷ്യരൊക്കെയും ഈ നരവേട്ടക്കെതിരെ പ്രതികരിച്ചു. അതുകൊണ്ട് ഇനി ഒരു കലാപത്തിന് ഇന്ത്യയിലെ ഹിന്ദുത്വ ഭീകരവാദികള്‍ മുതിരുകയില്ല എന്നതായിരുന്നു പ്രത്യാശ.
എന്നാല്‍ ആ പ്രത്യാശകളെയെല്ലാം അസ്ഥാനത്താക്കി 2013-ല്‍ വംശഹത്യയല്ലെങ്കില്‍ പോലും യു പിയിലെ മുസഫര്‍ നഗറില്‍ വലിയ രീതിയിലുള്ള ഒരു കലാപം അഴിച്ചു വിടാന്‍ ഈ ഭീകരവാദികള്‍ തയ്യാറായി. അത് 2014 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് സംഘപരിവാര്‍ ശക്തികളെ കൊണ്ടെത്തിക്കുകയും ചെയ്തു. ഭരണം ലഭിച്ചല്ലോ ഇനിയൊരു കലാപത്തിന് ഭരണത്തിലിരിക്കുന്നവര്‍ മുതിരുകയില്ല എന്ന് നമ്മള്‍ പിന്നെയും ആശ്വസിച്ചു.
ഭരണം ലഭിക്കാന്‍ വേണ്ടി മാത്രമുള്ള ഫാസിസത്തിന്റെ ഒരു തന്ത്രമാണ് കലാപങ്ങള്‍ എന്നായിരുന്നു നമ്മളില്‍ പലരുടെയും വിശ്വാസം. എന്നാല്‍ 2014-നു ശേഷം രാജ്യത്ത് വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായി. അതിനെ ഞാന്‍ വിശേഷിപ്പിക്കുന്നത് ‘മിനി ജെനൊസൈഡ്’ എന്നാണ്. ഗുജറാത്തിലും കാണ്ഡമാലിലുമെല്ലാം നടന്നത് പ്രത്യക്ഷവും നഗ്‌നവുമായ വലിയ വംശഹത്യകളായിരുന്നുവെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചെറിയ വംശഹത്യ എന്ന ഒരു തലത്തിലേക്ക് ഇന്ത്യന്‍ ഫാസിസം ശ്രദ്ധ കേന്ദ്രീകരിച്ചു.
അതിന്റെ ഒരു പ്രത്യേകതയെന്തെന്നാല്‍ ഒരിടത്തെ വംശഹത്യയില്‍ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍, ഇത് പലയിടങ്ങളിലായി നിരന്തരം സംഭവിക്കും. ഇങ്ങനെ നിരന്തരമായി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ജനങ്ങള്‍ അതിനെതിരെ പ്രതികരിക്കും. പിന്നീട് ഇതൊരു നിത്യസംഭവമായി മാറുകയും പ്രതികരണം തീരെ ഇല്ലാതാവുകയും ചെയ്യും. ഭീകരതയെ സ്വാഭാവികതയാക്കി മാറ്റുന്ന ഒരു രാഷ്ട്രീയ തന്ത്രം കൂടിയാണിത്. ഇങ്ങനെയുള്ള അനേകം രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി രൂപപ്പെട്ടു വരുന്ന വളരെ വലിയ അര്‍ഥതലങ്ങളിലേക്ക് വിരല്‍ ചൂടണ്ടപ്പെടാവുന്ന ഒരു സംഭവമാണ് ഗ്യാന്‍വാപി.

ആരാധനാലയ
സംരക്ഷണ നിയമവും
കോടതി വിധിയും

ഇന്ത്യയുടെ ബഹുസ്വരതയെ ഫാസിസം കാര്‍ന്നു തിന്നുമ്പോള്‍ അതിനെ തടയിടാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭരണഘടനയാണ്. ആ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ജനാധിപത്യ വ്യവസ്ഥയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് കോടതി. എന്നാല്‍ കോടതിയെ പല വിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു പ്രവണത ഇത്തരം വിഷയങ്ങളിലൊക്കെ ഉണ്ടായിട്ടുള്ളതായി കാണാന്‍ കഴിയും.
ബാബരിയുടെ കാര്യമെടുക്കാം. സ്വാതന്ത്ര്യത്തിനു മുന്‍പ് ബാബരി ഒരു തര്‍ക്ക ഭൂമിയാക്കുന്നതില്‍ ബ്രിട്ടീഷുകാരാണ് നേതൃപരമായ പങ്കു വഹിച്ചത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബാബരിയെ തര്‍ക്ക ഭൂമിയാക്കി നിലനിര്‍ത്താനും ഒടുവില്‍ അത് പൊളിക്കാനും കാരണമായത് മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ കരുണാകരന്‍ നായര്‍ ആയിരുന്നു. അദ്ദേഹം അന്ന് നീതിപൂര്‍വമായ ഒരു സമീപനം എടുത്തിരുന്നുവെങ്കില്‍ ഇന്ത്യ ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഇത്ര വീര്‍പ്പുമുട്ടില്ലായിരുന്നു. അന്ന് കെ കെ നായര്‍ സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയാണ് ഗ്യാന്‍വാപിയില്‍ പൂജ നടത്താനുള്ള വരാണസി കോടതിയുടെ വിധി.
സങ്കീര്‍ണമായ ഇത്തരം വിഷയങ്ങളില്‍ പ്രാദേശിക കോടതികള്‍ തന്നെ വിധി പറയുക എന്നത് അസാധാരണമാണ്. അത് ബാബരിയിലും ഗ്യാന്‍വാപിയിലും സംഭവിച്ചു എന്ന് പറയുമ്പോള്‍ ഫാസിസ്റ്റു ഭരണകൂടം നീതിന്യായ വ്യവസ്ഥകളെ എങ്ങനെയാണ് സമ്മര്‍ദത്തിലാക്കുന്നത് എന്നു നമുക്കു ബോധ്യമാവും. മറ്റെവിടെയൊക്കെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടാലും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഒരു വിശ്വാസം ഇന്ത്യന്‍ ജനതക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിനാണ് ഇത്തരം വിധികള്‍ കളങ്കമേല്‍പ്പിക്കുന്നത്.
ബാബരിയുമായി ബന്ധപ്പെട്ടു വന്ന അവസാന വിധിയില്‍ കോടതി പറഞ്ഞത് പള്ളിക്കടിയില്‍ അമ്പലം ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല. പക്ഷെ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചു കൊണ്ട് ഭൂമി രാമക്ഷേത്രത്തിനു നല്‍കുന്നു എന്നാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയേണ്ടുന്ന കോടതി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയുന്നുവെന്നു പറയുമ്പോള്‍ അതു പതിവില്ലാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ ശരികേടാണ്. ജനങ്ങളുടെ പ്രതീക്ഷയായ കോടതികളെ പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ നവ ഫാസിസ്റ്റ് അന്തരീക്ഷത്തിനു സാധിച്ചത് കൊണ്ടാണ് ആരാധനാലയങ്ങളുടെ തല്‍സ്ഥിതി സംരക്ഷിക്കണമെന്ന 1991-ലെ നിയമമൊന്നും ഗ്യാന്‍വാപിയുടെ കാര്യത്തില്‍ കോടതി സ്വീകരിക്കാതെ പോയത്.
ബാബരിക്ക് പിറകെ ഗ്യാന്‍ വാപി: ഹിന്ദു
രാഷ്ട്രത്തിലേക്കുള്ള സൂചനയോ?

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നത് ആര്‍ എസ് എസിന്റെ ഒരു പരസ്യമാണ്. അതായത് ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനു വേണ്ടി ഉപയോഗിക്കണം. അതിനു വേണ്ടി അവര്‍ മുന്നോട്ട് വെക്കുന്ന ഒരു പരസ്യ വാചകം മാത്രമാണ് ഹിന്ദു രാഷ്ട്രം എന്നത്. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഹിന്ദു രാഷ്ട്രം എന്നത്. കാരണം ഹിന്ദുരാഷ്ട്രം എന്നു പറഞ്ഞാല്‍ ഹിന്ദു മതത്തിലെ നാനാതരത്തിലുള്ള ജാതികള്‍ക്കും തുല്യമായ അവകാശങ്ങളും അധികാരങ്ങളും ഉള്ള ഒരു രാജ്യമാവണം. അതിന് ഹിന്ദു മതത്തിലെ നാനാ ജാതി വ്യവസ്ഥകളെ ഒരുമിപ്പിക്കണം. അത് ഒരിക്കലും ഇന്ത്യന്‍ ഫാസിസത്തിന്, അവര്‍ മുന്നോട്ട് വെക്കുന്ന ജാതി മേല്‍ക്കോയ്മക്ക് സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ഹിന്ദു രാഷ്ട്രമല്ല ആര്‍ എസ് എസിന്റെ ലക്ഷ്യം. ജാതി മേല്‍ക്കോയ്മ രാഷ്ട്രമാണ്. അതായത് സവര്‍ണ രാഷ്ട്രം. എന്നാല്‍ ഇത് തുറന്നു പറഞ്ഞാല്‍ ഹിന്ദു മതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണ ഇവര്‍ക്കു ലഭിക്കില്ല എന്ന് അവര്‍ക്കു നന്നായി അറിയാം.
അതുകൊണ്ട് ഏതെങ്കിലും ശത്രു മതങ്ങളെ അവതരിപ്പിച്ചു കൊണ്ട്, അവരാണ് ഈ രാജ്യത്ത് ആധിപത്യം പുലര്‍ത്തി പോന്നത്, അവരുടെ നീണ്ട കാലത്തെ ഭരണത്തിന്റെ അടിമകളായിരുന്നു നമ്മള്‍, അവരാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം, അതുകൊണ്ട് അവരെ പരാജയപ്പെടുത്തലാണ് നമ്മുടെ ലക്ഷ്യം എന്നിത്യാദിയുള്ള പുകമറ സൃഷ്ടിച്ച് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ പിന്തുണ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണ് ഹിന്ദു രാജ്യം എന്ന പരസ്യ വാചകത്തിലൂടെ ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ഹിന്ദു മതത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള സന്യാസിമാരെയോ ശങ്കരാചാര്യന്‍മാരെയോ, താഴ്ന്ന ജാതിയില്‍ പെട്ട പുരോഹിതന്‍മാരെയോ ഒന്നും ഇന്ത്യന്‍ ഫാസിസം കാര്യമായി പരിഗണിക്കുന്നില്ല. അവര്‍ പരിഗണിക്കുന്നത് ഫാസിസ്റ്റ് അജണ്ടയെ പിന്തുണക്കുന്ന പുരോഹിതന്‍മാരെയും സന്യാസിമാരെയുമാണ്. അതായത് ഇത് ഒരു മതപരമായ പ്രശ്‌നമേ അല്ല. എല്ലാം രാഷ്ട്രീയപരമാണ്.
ബാബരി പൊളിച്ചിടത്ത് ക്ഷേത്രം പണി പൂര്‍ത്തീകരിച്ച ഉടന്‍ ഗ്യാന്‍വാപിയില്‍ പൂജ നടത്താനുള്ള അനുമതി ലഭിച്ചു എന്നതുകൊണ്ട് മാത്രം ഇന്ത്യ പോലെ ഒരു ബഹുസ്വര രാഷ്ട്രത്തെ ജാതി മേല്‍ക്കോയ്മ രാഷ്ട്രമാക്കാന്‍ സാധിക്കുകയില്ല. പക്ഷെ 2024 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അവര്‍ അധികാരത്തില്‍ വന്നാല്‍ അവരുടെ ദീര്‍ഘ കാല സ്വപ്‌നമായ ജാതിമേല്‍ക്കോയ്മ രാഷ്ട്രത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് നടത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. അത് ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് സാരമായ പരിക്കേല്‍പ്പിക്കും. 2014 മുതല്‍ ദുസ്സഹമായി തീര്‍ന്ന ഇന്ത്യന്‍ ജനതയുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമായി തീരും.

താജ്മഹലിനു നേരെ
ഉയരുന്ന ഭ്രാന്തന്‍
ആരോപണങ്ങള്‍

മുഗള്‍ സാമ്രാജ്യം ഇന്ത്യക്കു നല്‍കിയ ഏറ്റവും വലിയ മൂന്നു സംഭാവനകള്‍ മിര്‍സാഗാലിബ്, ഉര്‍ദു, താജ് മഹല്‍ എന്നിവയാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ഇവിടെ രൂപപ്പെട്ട സൗഹൃദം, സാഹിത്യം, സാംസ്‌കാരിക പൈതൃകം, ഭാഷ, സ്ഥാപനങ്ങള്‍… ഇവയ്ക്കു നേരെയെല്ലാം ഇന്ത്യന്‍ ഫാസിസം കയ്യേറ്റം നടത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് മഹാത്ഭുതങ്ങളില്‍ പെട്ട താജ്മഹലിനു നേരേ ഉയരുന്ന ഭ്രാന്തന്‍ ആരോപണങ്ങള്‍.
താജ്മഹല്‍ തേജോമഹാലയയായിരുന്നു എന്നും അത് ക്ഷേത്രമായിരുന്നു എന്നുമൊക്കെയുള്ള വാദങ്ങള്‍ അവതരിപ്പിച്ചത് പുരുഷോത്തം നാഗെ ഷോക്ക് എന്ന സംഘപരിവാര്‍ ചരിത്രകാരന്‍ ആണ്. ഇദ്ദേഹത്തിന്റെ മുഴുവന്‍ വാദങ്ങളും 1995 ല്‍ സുപ്രിം കോടതി തള്ളിക്കളഞ്ഞതാണ്. സത്യത്തില്‍ ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയതില്‍ നേതൃപരമായ പങ്കു വഹിച്ച മുഗള്‍ സാമ്രാജ്യത്തെ വര്‍ഗീയതയുടെ പര്യായങ്ങളായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നിരന്തരം നടത്തി വരുന്നുണ്ട്. അപര മത വിദ്വേഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള ഒരു രാഷ്ട്രീയ തന്ത്രമാണ് അതും. അതായത് മുസ്ലിം രാജാക്കന്മാര്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു മത വിശ്വാസികളെ അടിച്ചമര്‍ത്തിയിരുന്നു എന്നു വരുത്തിത്തീര്‍ക്കാനുള്ള ഒരു ശ്രമം.

യഥാര്‍ഥത്തില്‍ ഇന്ത്യയിലെ അനേകം ക്ഷേത്രങ്ങള്‍ പണി കഴിപ്പിച്ചതു പോലും മുഗള്‍ ഭരണാധികാരികളായിരുന്നു എന്നു നമുക്കു കാണാന്‍ സാധിക്കും. അതായത് ഇന്ത്യന്‍ ജനതയ്ക്ക് സൗഹാര്‍ദപരമായ ജീവിത അന്തരീക്ഷം സൃഷ്ടിച്ചു നല്‍കിയതില്‍ മുഗള്‍ ഭരണാധികാരികള്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. അതിനെ റദ്ദു ചെയ്തു വര്‍ഗീയവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് താജ്മഹല്‍ ഉള്‍െപ്പടെ, സ്ഥലങ്ങളുടെ പേരുമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളിലൂടെ സംഘ പരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അധികാരം
മാത്രമാണോ ലക്ഷ്യം?

വര്‍ഗീയത പടര്‍ത്തി അധികാരം കൊയ്യുക എന്നതു മാത്രമല്ല ഗ്യാന്‍വാപി ഉള്‍െപ്പടെ ഉള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ഫാസിസം കാണുന്ന ലക്ഷ്യം. ഒരു സാംസ്‌കാരിക മേല്‍ക്കോയ്മയാണ്. ഭരണത്തില്‍ ഇരുന്നപ്പോഴും ഭരണം ഇല്ലാതിരുന്നപ്പോഴും അവര്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളും അകല്‍ച്ചയും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 2024 ല്‍ ഇന്ത്യ മുന്നണി ഇന്ത്യന്‍ ഫാസിസത്തെ തോല്‍പ്പിച്ചു അധികാരത്തില്‍ വന്നാല്‍ പോലും സാംസ്‌കാരികപരമായ ഒരു തോല്‍വി സംഘപരിവാര്‍ നേരിടുകയില്ല. ആ ഒരു ബോധ്യത്തോടു കൂടി വലിയ ബഹുജന സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുക എന്നത് ഇവിടുത്തെ ജനാധിപത്യ മതേതര കക്ഷികള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
അതല്ല ഇന്ത്യ മുന്നണി പരാജയം നുണഞ്ഞാല്‍ ഇവരുടെ ഭ്രാന്തന്‍ സാംസ്‌കാരിക ചിന്തകള്‍ക്ക് ഔദ്യോഗിക മുഖം കൈവരും. അത്തരം ഒരു അവസ്ഥ വന്നാല്‍ രാഷ്ട്രീയപരമായും സാംസ്‌കാരികപരമായുമുള്ള സമരങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ജനാധിപത്യ കക്ഷികള്‍ മുന്നോട്ടു പോകേണ്ടതുണ്ട്. അധികാരവും സാംസ്‌കാരിക മേല്‍ക്കോയ്മയും കഴിഞ്ഞാല്‍ മറ്റൊന്ന് സാമ്പത്തിക മേല്‍ക്കോയ്മയാണ്. അതായത് കോര്‍പറേറ്റ്‌വല്‍ക്കരണം.
മനുഷ്യനെ കേവലം ചണ്ടിപണ്ടാരമായി കാണുന്ന, ഒരു മൂല്യവുമില്ലാത്ത, ആനന്ദങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും പിറകെ പോകുന്ന പൊള്ള മനുഷ്യരെ സൃഷ്ടിച്ചു കൊണ്ട് കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുക. ഇതും ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ക്കു പക്ഷെ ചരിത്രത്തില്‍ അധിക കാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ ഇതിന്റെ പൊള്ളത്തരം മനുഷ്യന് തിരിച്ചറിയാന്‍ സാധിക്കും. ഒരുപക്ഷെ അതിന് ഇന്ത്യന്‍ ജനത വലിയ വില കൊടുക്കേണ്ടി വരും. ഇത്തരം ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രതിരോധങ്ങളും സമരങ്ങളുമാണ് രാജ്യത്ത് ഉടനീളം ഉയര്‍ന്നു വരേണ്ടത്. ഷഹീന്‍ ബാഗ് സമരവും കര്‍ഷക സമരവുമൊക്കെ അത്തരത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്.
2013-ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ ‘ഹരഹര മഹാദേവ്’, ‘അല്ലാഹു അക്ബര്‍’ എന്നീ രണ്ടു മുദ്രാവാക്യങ്ങള്‍ ചേരി തിരിഞ്ഞു വിളിച്ചു പരസ്പരം ഏറ്റുമുട്ടിച്ചത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആയിരുന്നു. എന്നാല്‍ ഈ രണ്ടു മുദ്രാവാക്യങ്ങളും തോളോട് തോള്‍ ചേര്‍ന്നു നിന്ന് ഫാസിസ്റ്റുകള്‍ക്കെതിരെ കര്‍ഷക സമരത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഒരുമിച്ചു വിളിച്ചു. അതായത് എട്ടു വര്‍ഷം കൊണ്ട് ചേരി തിരിഞ്ഞു വിളിച്ച മുദ്രാവാക്യങ്ങള്‍ ഒറ്റക്കെട്ടായി ഫാസിസ്റ്റുകള്‍ക്കെതിരെ വിളിക്കാന്‍ ഇന്ത്യന്‍ മനസ്സ് പാകപ്പെട്ടു. ഇത് ഒരു ശുഭ സൂചനയാണ്. വളരെ വേഗം മനുഷ്യന്‍ കാര്യങ്ങളെ തിരിച്ചറിയുകയും ഭിന്നിപ്പുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യും.
കോണ്‍ഗ്രസിന്റെ
മൃദു ഹിന്ദുത്വ സമീപനം

ബാബരി, ഗ്യാന്‍വാപി തുടങ്ങി വിഷയങ്ങളില്‍ ഇന്ത്യന്‍ ഫാസിസത്തെ നേരിടേണ്ട ബാധ്യത ഏറ്റവും കൂടുതല്‍ നിക്ഷിപ്തമായത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ക്കു മേലാണ്. എന്നാല്‍ ഇത്തരം വിഷയത്തില്‍ കൃത്യമായ ഒരു നിലപാടു സ്വീകരിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയാതെ പോകുന്നുണ്ട്. അതിന്റെ ഒരു പ്രധാന കാരണം ഉത്തരേന്ത്യയില്‍ സാംസ്‌കാരികമായ ഒരു അധിനിവേശം നടത്തുന്നതില്‍ സംഘപരിവാര്‍ വിജയിച്ചു കഴിഞ്ഞു എന്നതാണ്. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളില്‍ ജനാധിപത്യപരമായ ഒരു നിലപാട് സ്വീകരിച്ചു കഴിഞ്ഞാല്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് അവിടെ നിലനില്‍പ്പ് സാധ്യമാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.
ആ ഒരു ഭയമാണ് കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളെ മൃദുഹിന്ദുത്വ സമീപനത്തില്‍ തളച്ചിടുന്നത്. പ്രായോഗികമായി നോക്കുമ്പോള്‍ അതൊരു യാഥാര്‍ഥ്യമാണ്. പക്ഷെ സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സാംസ്‌കാരിക മേല്‍ക്കോയ്മക്ക് കീഴ്‌പ്പെട്ടു കൊണ്ട് ഫാസിസത്തിനെതിരെയുള്ള സമരങ്ങള്‍ക്കു മുന്നോട്ട് പോകാന്‍ സാധ്യമല്ല. ചരിത്രത്തില്‍ എവിടെയും മേല്‍ക്കോയ്മകള്‍ക്കു മുന്നില്‍ മുട്ടുകുത്തി നിന്നു കൊണ്ടുള്ള സമരങ്ങളല്ല, മേല്‍ക്കോയ്മകള്‍ക്കു നേരേ മുഷ്ടി ചുരുട്ടിക്കൊണ്ടുള്ള സമരങ്ങളാണ് വിജയം കൈവരിച്ചത് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അല്പം നഷ്ടകഷ്ടങ്ങളൊക്കെ സഹിച്ചാലും ആത്യന്തികമായ ഒരു വിജയം കൈവരുമെന്ന തിരിച്ചറിവോടെ ഇത്തരം പാര്‍ട്ടികള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
സാംസ്‌കാരിക
സമരവും പ്രധാനമാണ്

ഭരണകൂട മാധ്യമങ്ങളിലൂടെയും നമ്മുടെ സാമാന്യ ബോധത്തിലൂടെയും സംഘപരിവാര്‍ അനുകൂലമായ ആശയങ്ങള്‍ പ്രചരിക്കുന്ന അത്ര സംഘപരിവാര്‍ ആശയങ്ങളിലെ ജനവിരുദ്ധത പ്രചരിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായി സംഘപരിവാറിനെ ശക്തമായി എതിര്‍ക്കണമെന്ന് ആത്മാര്‍ഥമായി കരുതുന്നവര്‍ ആണെങ്കില്‍ കൂടി സാംസ്‌കാരിക രംഗത്ത് സമരം നടത്താത്ത ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ ചില സമയങ്ങളില്‍ ഇടറിപ്പോകാന്‍ സാധ്യതയുണ്ട്. ആ ഒരു ഇടറലാണ് ചില കക്ഷികളുടെ കാര്യത്തില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരാണ് ജനാധിപത്യ ചേരികളില്‍ നിന്ന് ഫാസിസ്റ്റു ചേരിയിലേക്ക് ചേക്കേറുന്നത്. അത് പക്ഷെ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ പ്രതിരോധം ശക്തമാകുമ്പോള്‍ അപ്രസക്തമായി തീരും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് എന്‍ ഐ ടി ക്ക് മുന്നില്‍ എബിവിപിക്ക് ഗോഡ്സെ അനുകൂലികള്‍ക്കെതിരെ സമരം ചെയ്യേണ്ടി വന്നത്.
ഇന്ത്യയില്‍ പലയിടങ്ങളിലും ഗോഡ്സെയെ ആദരിക്കുകയും അയാള്‍ക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയുണ്ട്. അവയെ ഇവിടുത്തെ ജനാധിപത്യ മതേതര ഇടതു കക്ഷികള്‍ നിരന്തരം സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും പ്രതിരോധിക്കുന്നുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്ന പോലെ സാംസ്‌കാരികമായ സമരങ്ങളും ശക്തമാണ്. അതിന്റെ ഒരു ഫലമാണ് തീവ്ര വലതു പക്ഷ വിദ്യാര്‍ഥി സംഘടനയായ എബിവിപി ക്ക് പ്രത്യക്ഷത്തിലെങ്കിലും ഗോഡ്സെ വിരുദ്ധ സമരം ചെയ്യേണ്ടി വരുന്നത്. ചുരുക്കി പറഞ്ഞാല്‍ ജനാധിപത്യ സമരങ്ങള്‍ രാഷ്ട്രീയപരം മാത്രമല്ല, സാംസ്‌കാരികപരം കൂടിയാണ്. ഈ രണ്ടു സമരങ്ങളും സംയോജിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ഹിന്ദുത്വ ശക്തികളുടെ ഫാസിസ്റ്റ് ആശയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നമുക്കു സാധ്യമാവുകയുള്ളൂ.
മുന്നോട്ടുള്ള വഴി
ഇന്ത്യന്‍ ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ സങ്കുചിത കക്ഷി രാഷ്ട്രീയങ്ങള്‍ മാറ്റി വെച്ചുകൊണ്ട് സംഘപരിവാര്‍ ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യപ്പെടണം. അങ്ങനെ ഐക്യപ്പെട്ടാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഫാസിസത്തെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്. അത് തീര്‍ച്ചയായും ഇന്ത്യന്‍ ജനതയ്ക്ക് വലിയ ആശ്വാസം ആവുകയും ചെയ്യും.
പക്ഷെ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍, സാംസ്‌കാരിക രംഗത്ത്, നീതിന്യായ വ്യവസ്ഥിതിയില്‍, കലയില്‍, മനുഷ്യ മനസുകള്‍ക്കകത്ത് എല്ലാം ഇവര്‍ ഉണ്ടാക്കി തീര്‍ത്ത ഒരു വിടവുണ്ട്. അത് പെട്ടെന്ന് ഭരണ മാറ്റത്തിലൂടെ ഒരത്ഭുതം പോലെ അവസാനിക്കുകയില്ല. അത് ഇല്ലായ്മ ചെയ്യാന്‍ പിന്നെയും തുടരേണ്ട സാംസ്‌കാരിക സമരങ്ങളുണ്ട്. അത് തുടര്‍ന്നു കൊണ്ടേ ഇരുന്നാല്‍ തീര്‍ച്ചയായും സമയമെടുത്താലും ഒരു പരിധി വരെയുള്ള വര്‍ഗീയ പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയും എന്ന ഒരു ശുഭാപ്തി വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്.
തയ്യാറാക്കിയത്
ജൗഹര്‍ കെ അരൂര്‍

Back to Top