8 Sunday
December 2024
2024 December 8
1446 Joumada II 6

ഗ്യാന്‍വാപി മസ്ജിദ് അടുത്ത ബാബരിയോ?

ശുഭം ശര്‍മ


ഇന്ത്യ, പ്രത്യേകിച്ചും ഉത്തരേന്ത്യ, ക്ഷേത്ര നിര്‍മാണത്തിന്റേതായ ഒരു ഉന്മാദാവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള മസ്ജിദുകളില്‍ അവകാശവാദമുന്നയിച്ചുകൊണ്ടാണ് ഇവ നിറവേറ്റപ്പെടുന്നത് എന്നതാണ് ഇതിലെ ഏറ്റവും അപകടകരവും അരോചകവുമായ വസ്തുത. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന സുപ്രധാന തത്വങ്ങളിലൊന്നായ മതേതരത്വത്തിന് കാവല്‍ക്കാരാകേണ്ട കോടതികള്‍ പോലും ഈ പ്രവൃത്തികളെ പരോക്ഷമായും പ്രത്യക്ഷമായും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് വളരെ വിവാദപരമായ ജസ്റ്റിസ് ജെ എസ് വര്‍മയുടെ വിധി വന്നത്. വിധിയില്‍ അദ്ദേഹം ‘ഹിന്ദുയിസം ഒരു മതം അല്ലെന്നും ഒരു ജീവിതരീതി’ ആണെന്നും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഈ മതമല്ലാതെയാക്കല്‍ അല്ലെങ്കില്‍ മതനിരപേക്ഷ മുഖം നല്‍കല്‍ ഹിന്ദുത്വത്തെ സുപ്ര-റിലീജിയസ് തലത്തിലേക്ക് ഉയര്‍ത്തുവാനും ധാര്‍മിക പെരുമാറ്റച്ചട്ടം എന്ന നിലയില്‍ അവതരിപ്പിക്കുവാനും സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ 1951-ലെ ജനപ്രാതിനിധ്യ നിയമം മതം തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് വിധിച്ചിട്ടുണ്ടെങ്കിലും ‘ഒരു ജീവിതരീതി’ എന്ന ഹിന്ദുത്വത്തിന് നല്‍കിയ നിര്‍വചനം ബി ജെ പിക്കും ശിവസേനക്കും അവരുടെ തീവ്ര മതരാഷ്ട്രീയത്തെ ന്യായീകരിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്തത്. അദ്വാനി മുതല്‍ മോദി വരെ എല്ലാവരും ഈ കവചത്തിനു കീഴിലിരുന്നുകൊണ്ട് തന്നെയാണ് തീവ്രവര്‍ഗീയ അജണ്ടകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇന്ത്യയിലെ നിലവിലുള്ള ആരാധനാലയങ്ങളെ സംരക്ഷിക്കുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ പരിവര്‍ത്തനം നിരോധിക്കുന്നതിനുമുള്ള നിയമമാണ് ആരാധനാലയ (പ്രത്യേക വ്യവസ്ഥകള്‍) നിയമം. 1947-ന് ശേഷമുള്ള ഇന്ത്യയിലുള്ള ഏതെങ്കിലും ആരാധനാലയത്തില്‍ (ബാബരി മസ്ജിദ് ഒഴികെ) മറ്റാരെങ്കിലും ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ പാടില്ല എന്നതാണ് 1991-ലെ ആരാധനാലയ നിയമം മുന്നോട്ടുവെക്കുന്നത്. ഈ ബില്‍ ചര്‍ച്ചക്കു വെച്ചപ്പോള്‍ തന്നെ ബി ജെ പി എംപിമാര്‍ 1947 എന്ന കാലം നിശ്ചയിക്കുന്നതില്‍ യുക്തിയില്ല എന്നും പന്ത്രണ്ടാം നൂറ്റാണ്ടാണ് കാലയളവായി ഗണിക്കേണ്ടത് എന്നും വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ റാം മന്ദിര്‍ വിധിയില്‍ സുപ്രീം കോടതി ആരാധനാലയ നിയമം ഒരു മതേതര രാഷ്ട്രത്തിന്റെ ബാധ്യതകളുമായി അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ മതങ്ങളേയും സമത്വത്തോടെ കാണുന്ന ഇന്ത്യയുടെ പ്രതിബദ്ധത അതില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്യാന്‍വാപി മസ്ജിദ് വിഷയം സങ്കീര്‍ണമാക്കുന്നു
ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ അലഹബാദ് കോടതിയിലെ ജസ്റ്റിസ് ആര്‍ ആര്‍ അഗര്‍വാളിന്റെ വിധി ഊരാകുടുക്കുകളുടേതായ പുതിയ ഒരധ്യായം തന്നെയായിരുന്നു. ആരാധനാലയ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു അഗര്‍വാളിന്റെ പക്ഷത്ത് നിന്ന് ഉണ്ടായത്. ‘ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം’ നിര്‍വചിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് ജസ്റ്റിസ് അഗര്‍വാള്‍ തന്റെ വിധിന്യായത്തില്‍ വാദിച്ചു. ‘ഒരു ആരാധനാലയവും പരിവര്‍ത്തനം ചെയ്യാന്‍’ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നത് അടിസ്ഥാനമാക്കി കോടതി ഒരു ടൈറ്റില്‍ സ്യുട്ട് ആയിട്ടാണ് കേസ് പരിഗണിച്ചത്. ഒരു പള്ളിയുടെയോ ക്ഷേത്രത്തിന്റെയോ ക്രിസ്ത്യന്‍ പള്ളിയുടെയോ സ്വഭാവം മുസ്ലിം പള്ളി, ക്രിസ്ത്യന്‍ പള്ളി, ക്ഷേത്രം എന്നതല്ലാതെ മറ്റെന്താണ് എന്ന് സ്വാഭാവികമായും സംശയം തോന്നാവുന്നതാണ്. ഓരോ ആരാധനാലയങ്ങളിലെയും ആരാധനാരീതികളിലെ വ്യത്യാസങ്ങളെ അനാവശ്യമായി മുന്നോട്ടു വെക്കുകയാണ് സ്വഭാവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സാമാന്യമായി മനസ്സിലാക്കാം.
സ്വഭാവം എന്നതിന്റെ കേംബ്രിഡ്ജ് നിഘണ്ടു പ്രകാരമുള്ള നിര്‍വചനം നോക്കുകയാണെങ്കില്‍ ‘മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരാളിലോ ഒരു വസ്തുവിലോ ഉള്ള ഗുണങ്ങളുടെ സംയോജനം’ എന്നതാണ്. ഈ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ക്ഷേത്രത്തില്‍ നിന്നും ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍, മതപരമായ രീതികള്‍, വാസ്തുവിദ്യ എന്നിവയുടെയെല്ലാം സംയോജനമായ ഒരു സ്വഭാവമാണ് മുസ്ലിം പള്ളികള്‍ക്കുണ്ടാകേണ്ടത്.
എന്നാല്‍ ഇന്ത്യയുടെ സമന്വയമായ ചരിത്രം പരിശോധിക്കുമ്പോള്‍ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയോട് സമാനമായ രീതിയില്‍ നിര്‍മിച്ച ധാരാളം മുസ്ലിം പള്ളികള്‍ കാണാന്‍ സാധിക്കും. ഉദാഹരണത്തിന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദില്‍ ധാരാളം തൂക്കിയിട്ട എണ്ണ വിളക്കുകള്‍ ഉണ്ടായിരുന്നു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഒരു നിലവിളക്ക് ഇന്നും പള്ളിയില്‍ ഉണ്ട്. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ വഴിപാടായി വിളക്കിലേക്കുള്ള എണ്ണ അവിടെ എത്തിക്കുന്നുമുണ്ട്.

അതുപോലെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ സിഖ് ഗുരുവായ അര്‍ജുന്‍ ദേവ് ക്ഷണിച്ചത് മുസ്ലിം സൂഫിവര്യനായ മിയാന്‍ ഹസ്രത് മീറിനെ ആണ്. ഇന്ത്യയുടെ ബഹുസ്വരവും മതേതരവുമായ പാരമ്പര്യത്തിന് അടിവരയിടുന്ന ഇത്തരം ഒട്ടനവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തിലുണ്ട്.
ബഹുസ്വരമായ സംസ്‌കാരങ്ങളുടെ സമന്വയ സ്വഭാവമുള്ള പള്ളി, ഗുരുദ്വാര എന്നല്ലാതെ ചേരമാന്‍ പള്ളിയുടെയും സുവര്‍ണ ക്ഷേത്രത്തിന്റെയും കാര്യത്തില്‍ ജസ്റ്റിസ് അഗര്‍വാള്‍ വിധിയില്‍ പറയുന്ന ‘പ്രത്യേക മതസ്വഭാവം’ എന്തായിരിക്കും? ജസ്റ്റിസ് അഗര്‍വാളിന്റെ വിധി വര്‍ഗീയ ആളിക്കത്തലുകള്‍ക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. ആറു മാസത്തിനകം അന്തിമ വിധി പുറപ്പെടുവിക്കണമെന്ന കോടതിയുടെ കീഴ്‌ക്കോടതികളോടുള്ള നിര്‍ദേശം 2024-ലെ പൊതു തിരഞ്ഞെടുപ്പിനെയാണ് ബാധിക്കുക. രാജ്യത്തെ എല്ലാ മതേതര ശക്തികളെയും, പ്രതേ്യകിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകളെയും ആശങ്കപ്പെടുത്തുകയുമാണ് ഇത് ചെയ്യുന്നത്.
ഭൂരിപക്ഷാധിപത്യ ബോധം
ഈ ക്ഷേത്ര നിര്‍മാണത്തിന്റെയും പള്ളി പൊളിക്കലിന്റേതുമായ യുക്തിയുടെ അടിത്തറ ഭൂരിപക്ഷാധിപത്യ ബോധതലമാണ്. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. നഷ്ടപ്പെട്ട ഓട്ടോമാന്‍ ഖിലാഫത്തിന്റെ പ്രതാപം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ തുര്‍ക്കിയിലെ ഹാഗിയ സോഫിയയുടെ പരിവര്‍ത്തനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ ജനസംഖ്യയുടെ 14.5 ശതമാനമാണ്(ഏകദേശം 20 കോടി) മുസ്ലിംകള്‍. ഇത് ലോക മുസ്ലിം ജനസംഖ്യയുടെ തന്നെ 11 ശതമാനവും ആണ്. ഇത്തരം ഒരു വലിയ വിഭാഗത്തിന്റെ വികാരത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്നതിന്റെ അനന്തരഫലങ്ങളും ഭീകരമായിരിക്കും.
മുഗള്‍ ഭരണകാലത്തെ മുന്‍നിര്‍ത്തി പലപ്പോഴും പള്ളികളുടെ മേലുള്ള അവകാശമുന്നയിക്കലുകളെ ന്യായീകരിക്കുന്നത് തികച്ചും ചരിത്രപരമായി തെറ്റാണ്. ബഹുജനപങ്കാളിത്തമുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നില്ല മുഗള്‍ ഇന്ത്യ. ഔറംഗസേബ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുമില്ല. ഭരണാധികാരികള്‍, ഹിന്ദുവാണെങ്കിലും മുസ്ലിമാണെങ്കിലും വാളുകൊണ്ടായിരുന്നു ഭരണം. രാജാവിന്റെ ഇഷ്ടം മാത്രമായിരുന്നു ഭരണകൂട നയം.
വാരണാസി, മഥുര, തട്ട എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ ഔറംഗസേബ് നശിപ്പിച്ചു എന്ന ആഖ്യാനത്തിന് പല രീതിയിലുള്ള രാഷ്ട്രീയ വശങ്ങളുണ്ടായിരുന്നു. ജാട്ട് കര്‍ഷകരുടെ ഭരണകൂടത്തിനെതിരായ കലാപത്തിന്റെ കേന്ദ്രമായിരുന്നു മഥുര. മഥുരയിലെ കൃഷ്ണ ദേവ് ക്ഷേത്രത്തോടുള്ള ഔറംഗസേബിന്റെ രോഷത്തിന്റെ മറ്റൊരു കാരണം, സിംഹാസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ ദാരാ ഷുക്കോയുടെ രക്ഷാകര്‍തൃത്വമായിരുന്നു.
ഇതില്‍ നിന്നു വ്യത്യസ്തമായി വരേണ്യ ബ്രാഹ്മണര്‍ സാധാരണക്കാരായ താഴ്ന്ന ജാതിയിലെ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ തന്നെ മതത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ പഠിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ഓട്രി ട്രൂഷ്‌കെ രേഖപെടുത്തിയിട്ടുണ്ട്. മുഗളന്മാര്‍ പല ക്ഷേത്രങ്ങള്‍ക്കും ഗ്രാന്റുകള്‍ നല്‍കിയിരുന്നു.
ഔറംഗസേബിന്റെ ഭരണത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍ അദ്ദേഹം ആസാമിലെ ഗുവാഹത്തിയിലുള്ള ഉമാനന്ദ ക്ഷേത്രത്തിന് ഭൂമി വിട്ടു കൊടുത്തതായി ചരിത്രരേഖകളുണ്ട്. 1687-ല്‍ ചക്രവര്‍ത്തി ബനാറസിലെ ഘട്ടില്‍ പള്ളിക്കടുത്തുള്ള ഒഴിഞ്ഞ ഭൂമി രാംജീവന്‍ ഗോസൈന് നല്‍കിയിരുന്നു. ഭക്തരായ ബ്രാഹ്മണര്‍ക്കും വിശുദ്ധരായ ഫകീറന്മാര്‍ക്കും വീടുകള്‍ വെച്ച് നല്‍കുക എന്ന് പറഞ്ഞായിരുന്നു അത്. ചിത്രകൂടത്തിലെ മഹന്ത് ബാലക് ദാസ് നിര്‍വാണിന് ബാലജി ക്ഷേത്ര സംരക്ഷണത്തിനായി എട്ടു ഗ്രാമങ്ങളും വലിയ തോതില്‍ നികുതിരഹിത ഭൂമിയും നല്‍കി. 1698-ല്‍ മധ്യേന്ത്യയിലെ കിഴക്കന്‍ ഖണ്ടേഷില്‍ രംഗ് മുട്ട് എന്ന ബ്രാഹ്മണന് പാട്ടരഹിത ഭൂമി സമ്മാനിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അലഹബാദ്, വൃന്ദാവന്‍, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും വ്യക്തികളും ഉള്‍പ്പെടുന്ന നീണ്ട പട്ടിക തന്നെ കാണാന്‍ കഴിയും.
സംഘ പരിവാറിന്റെ കൃത്യമായ അജണ്ടകളുടെ പുറത്ത് രൂപപ്പെട്ട ഈ ക്ഷേത്രനിര്‍മാണ ഉന്മാദാവസ്ഥയ്‌ക്കെതിരെയുള്ള പ്രതികാരം എന്നോണം മുഗള്‍ രാജാക്കന്മാര്‍ ഇത്തരത്തില്‍ ഭൂമി നല്‍കിയും ഗ്രാന്റ് നല്‍കിയും സംരക്ഷിക്കുകയും നിര്‍മാണത്തില്‍ സഹായിക്കുകയും ചെയ്തിട്ടുള്ള ക്ഷേത്രങ്ങളുടെ കൈവശാവകാശം ആവശ്യപ്പെട്ട് മുസ്ലിംകള്‍ രംഗത്തു വരികയും ചെയ്യുകയാണെങ്കിലോ? വെറുപ്പിന്റെതായ അത്തരം കൊടുക്കല്‍ വാങ്ങല്‍ പരമ്പര ഇന്ത്യയെ വാസയോഗ്യമല്ലാതെയാക്കും എന്നതില്‍സംശയമില്ല.
വിവ. അഫീഫ ഷെറിന്‍

Back to Top