14 Friday
March 2025
2025 March 14
1446 Ramadân 14

ഗുണകാംക്ഷ ആരോട്?

എം ടി അബ്ദുല്‍ഗഫൂര്‍


അബൂറുഖയ്യ തമീം ബിന്‍ ഔസുദ്ദാരി പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ”മതം ഗുണകാംക്ഷയാണ്”. ഞങ്ങള്‍ ചോദിച്ചു: ആരോട്? നബി(സ) പറഞ്ഞു. ”അല്ലാഹുവോട്, അവന്റെ വേദഗ്രന്ഥത്തോട്, അവന്റെ ദൂതനോട്, മുസ്‌ലിംകളുടെ നേതാക്കളോടും സാധാരണക്കാരോടും” (മുസ്‌ലിം)

മാനവരാശിക്ക് മാര്‍ഗദര്‍ശനമായ മതത്തെക്കുറിച്ച് വിവരിക്കുന്ന സുപ്രധാനമായ നബിവചനമാണിത്. മതം മനുഷ്യ നന്മയെ കാംക്ഷിക്കുന്നു. മാനവികതയാണ് അതിന്റെ മുഖമുദ്ര. മനുഷ്യ വിമോചനമാണ് അതിന്റെ ലക്ഷ്യം. മനുഷ്യനെ പൂര്‍ണ മനുഷ്യനായി രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് മതം മുന്നോട്ടുവെക്കുന്നത്. നന്മയുടെ അംശങ്ങള്‍ മുഴുവനും പരിചയപ്പെടുത്തുകയും തിന്മയെ പാടെ നിരസിക്കുകയുമാണ് മതം നിര്‍വഹിക്കുന്ന ദൗത്യം. മതത്തിന്റെ നിര്‍ദേശങ്ങളെ ആത്മാര്‍ഥതയോടെ അംഗീകരിക്കുകയും അവ പൂര്‍ണമായി നിര്‍വഹിക്കാനുള്ള താല്‍പര്യം കാണിക്കുകയും ചെയ്യുകയെന്നത് ബാധ്യതയാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.
അല്ലാഹുവിനോടുള്ള ഗുണകാംക്ഷയെന്നത് അവന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും അവന്റെ ഏകത്വത്തെ പ്രഖ്യാപിക്കുകയും ചെയ്യുകയെന്നതത്രെ. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന് ഉള്‍ക്കൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് അല്ലാഹുവോടുള്ള ഗുണകാംക്ഷയില്‍ സുപ്രധാനമായത്. ഇത് അംഗീകരിച്ച ഒരു വ്യക്തി അവന്റെ കല്‍പനാ നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നത് സ്വാഭാവികമാണ്.
മാനവരാശിയെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി അവതീര്‍ണമായ ഗ്രന്ഥം ദൈവികമാണെന്ന് വിശ്വസിക്കുകയും അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുകയും ആ വേദവെളിച്ചത്തിന്റെ പ്രസരണത്തിന് സാധ്യമായതെല്ലാം ചെയ്യുകയെന്നതും വേദഗ്രന്ഥത്തോടുള്ള ഗുണകാംക്ഷയത്രെ. പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ (39:1) വിശുദ്ധ ഖുര്‍ആനിലെ നിര്‍ദേശങ്ങളും വിലക്കുകളും യഥാവിധി ഉള്‍ക്കൊണ്ട് ജീവിതത്തെ യഥാര്‍ഥ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് സന്നദ്ധമാക്കേണ്ടത് അനിവാര്യമാണെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു.
മാനവകുലത്തെ വേദവെളിച്ചത്തിലൂടെ സംസ്‌കരിച്ചെടുക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി കാലാകാലങ്ങളായി മനുഷ്യരില്‍നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ടവരാണ് ദൂതന്മാര്‍. ഇക്കാര്യം സത്യപ്പെടുത്തുകയും അവരിലെ അവസാനത്തെ ദൂതനാണ് മുഹമ്മദ് നബി(സ) എന്ന് അംഗീകരിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാകുന്നു. ”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുകവഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്”(3:164) എന്ന വിശുദ്ധ വചനം വിവരിക്കുന്നതുപോലെ വഴികേടിലകപ്പെട്ട ജനതതിയെ നന്മയിലേക്ക് വഴികാണിക്കുന്ന നബി(സ)യുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കുകയും നിരോധങ്ങള്‍ വര്‍ജിക്കുകയും ചെയ്യുകയെന്നത് റസൂലിനോടുള്ള ഗുണകാംക്ഷയത്രെ.
സമൂഹം ദുഷിക്കുമ്പോള്‍ അവരെ സദുപദേശങ്ങളിലൂടെ സല്‍പാന്ഥാവിലേക്ക് നയിക്കുകയെന്നത് പ്രവാചകന്മാരുടെ പിന്‍മുറക്കാരായ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും ബാധ്യതയാണ്. നന്മയില്‍ അവരോട് ചേര്‍ന്നുനില്‍ക്കുകയും പാപത്തിലും പുണ്യത്തിലും സഹകരിക്കാതിരിക്കുകയും ചെയ്യേണ്ടത് നേതൃത്വത്തോടുള്ള ഗുണകാംക്ഷയാകുന്നു. വിശ്വാസ ദൃഢതയുള്ള, സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന, സത്യവും ക്ഷമയും കൈക്കൊള്ളാന്‍ പരസ്പരം ഉപദേശിക്കുന്ന ഒരു സമൂഹം ഒരിക്കലും നഷ്ടം പറ്റാത്ത സമൂഹമായി മാറും എന്നതത്രെ ഈ തിരുവചനം നല്‍കുന്ന സന്ദേശം.

Back to Top