23 Monday
December 2024
2024 December 23
1446 Joumada II 21

ഗള്‍ഫ് സലഫിസവും ഇസ്‌ലാഹീ പ്രസ്ഥാനവും

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്ലാമിന്റെ പ്രമാണങ്ങള്‍ നാലാകുന്നു. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ്. ഇക്കാര്യത്തില്‍ മുസ്‌ലിം ലോകത്ത് തര്‍ക്കമില്ല. ഇജ്മാഉം ഖിയാസും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് പ്രമാണങ്ങള്‍ വിലയിരുത്തുമ്പോള്‍ ഖുര്‍ആനും സുന്നത്തും എന്ന് പറഞ്ഞു വരുന്നത്. യഥാര്‍ഥ മുജാഹിദുകള്‍ ആദ്യകാലം മുതല്‍ പ്രമാണമാക്കി വരുന്നത് ഖുര്‍ആനും സുന്നത്തുമാണ്.
എന്നാല്‍ ഗള്‍ഫ് സലഫി ചിന്താധാര അല്പം വ്യത്യസ്തമാണ്. പ്രമാണബദ്ധമല്ലാത്ത ഹദീസുകള്‍ ഈ ധാരയെ സ്വാധീനിക്കാറുണ്ട്. ഏക മുഖ പണ്ഡിത വീക്ഷണങ്ങള്‍ക്ക് അപ്രമാദിത്വം നല്കിയുള്ള സമീപനമാണ് പലപ്പോഴും അറബ് സമൂഹത്തിന്റെ പൊതുധാരയില്‍ പ്രകടമാകുന്നത്. ശിര്‍ക്കു ചെയ്യുന്ന മുസ്‌ലിംകളെ ഗള്‍ഫ് സലഫികള്‍ മുശ്‌രിക്കുകളായിട്ടാണ് കണക്കാക്കുന്നത്. അത്തരക്കാര്‍ക്ക് ജനാസ നമസ്‌കാരം പോലും പാടില്ല എന്നതാണ് അവരുടെ പക്ഷം. എന്നാല്‍ സിഹ്‌റ്, കണ്ണേറ് തുടങ്ങിയവയിലുള്ള വിശ്വാസത്തെ അവര്‍ നിസ്സാരവല്‍ക്കരിക്കുന്നു. അതിലടങ്ങിയ ശിര്‍ക്ക് സമാന ചിന്തകളെ ഗൗരവമായി കാണുന്നുമില്ല. അവ രണ്ടും അദൃശ്യ കാര്യങ്ങളോട് ബന്ധപ്പെട്ടു കിടക്കുന്നവയാണ്.
അല്ലാഹു പറയുന്നു: ”അദൃശ്യകാര്യത്തിന്റെ താക്കോലുകള്‍ അവന്റെ (അല്ലാഹുവിന്റെ) പക്കലാകുന്നു. അവനല്ലാതെ അത് അറിയുന്നവനില്ല” (അന്‍ആം 59) സൃഷ്ടികള്‍ക്ക് അദൃശ്യമായ നിലയില്‍ നന്മയും തിന്മയും വരുത്തിവെക്കുന്നത് അവന്‍ മാത്രമാണ്. സൃഷ്ടികള്‍ക്ക് ബാഹ്യമായും ദൃശ്യമായും അല്ലാഹു നല്‍കിയ കഴിവുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമേ സാധിക്കൂ. അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ സാധിക്കൂ.
അല്ലാഹു പറയുന്നു: ”ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്.” (അന്‍ബിയാഅ് 35) അല്ലാഹു അല്ലാത്ത ശക്തികള്‍ക്ക് അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ സാധിക്കുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ‘തിവലത്ത്’ എന്ന സിഹ്ര്‍ ശിര്‍ക്കില്‍ പെട്ടത് എന്നാണ് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തിയത്. (ഫത്ഹുല്‍ബാരി 13:101)
ലക്ഷണം നോക്കപ്പെടുന്ന വസ്തുവിനോ ജീവിക്കോ അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്തിവെക്കാന്‍ കഴിയുമെന്ന അന്ധവിശ്വാസം അതിലുള്ളതുകൊണ്ടാണ് ലക്ഷണം നോക്കല്‍ ശിര്‍ക്കായിത്തീര്‍ന്നത്” (ഫത്്ഹുല്‍ബാരി 13:130)
ഇതുപോലെതന്നെയാണ് കണ്ണേറിലെ അന്ധവിശ്വാസവും. ഖൈറും ശര്‍റും പ്രതീക്ഷിക്കപ്പെടുന്നത് അദൃശ്യവും അഭൗതികവും കാര്യകാരണബന്ധങ്ങള്‍ക്കധീതവുമാണ്. ഏതെങ്കിലും ഒരു ചാത്തനോ പോക്കരോ ഒരു മരത്തിലേക്കോ കെട്ടിടത്തിലേക്കോ നോക്കുന്ന പക്ഷം ആ മരമോ കെട്ടിടമോ നശിച്ചു പോകുമെന്ന അന്ധവിശ്വാസമാണ് കണ്ണേറിന്റെ നിദാനം. അല്ലാഹു നല്‍കിയ ഒരു അനുഗ്രഹത്തെ തടുക്കാനോ അവന്‍ പിടിച്ചുവെച്ച ഒരനുഗ്രഹത്തെ നല്‍കാനോ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. അങ്ങനെ ഒരധികാരം അല്ലാഹു ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് അല്ലാഹു വല്ല ദുരിതവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ താങ്കള്‍ക്ക് വല്ല നന്മയും ഉദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം ഇല്ലായ്മ ചെയ്യാന്‍ ഒരാളുമില്ല.” (യൂനുസ് 107)
നബി(സ) പറയുന്നു: അല്ലാഹുവേ, നീ നല്‍കിയതിനെ തടഞ്ഞുവെക്കുന്ന ഒരു ശക്തിയുമില്ല. നീ തടഞ്ഞുവെച്ചതിനെ നല്‍കുന്ന ഒരു ശക്തിയുമില്ല.” (ബുഖാരി, മുസ്്ലിം)
പിശാച് മനുഷ്യശരീരത്തില്‍ കയറുമെന്ന വീക്ഷണവും ഇതിന്റെ ഭാഗമാണ്. ഖണ്ഡിത പ്രമാണാടിസ്ഥാനത്തിലുള്ള വീക്ഷണമല്ല ഇത്. അത്തരം സ്വാധീനമുണ്ടാക്കാന്‍ തനിക്ക് സാധിക്കുകയില്ലെന്ന് പിശാച് തന്നെയും സമ്മതിച്ച് പറയുന്ന രംഗം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. അത് സത്യമായ വാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് ഞാന്‍ ചെയ്ത വാഗ്ദാനം ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നുമാത്രം. ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക.” (ഇബ്‌റാഹീം 22)
ഈ വിഷയത്തില്‍ നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. സ്വഹാബികള്‍ പറഞ്ഞിരുന്നതായി ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിക്കുന്നു: ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ മനസ്സില്‍ തോന്നും. അത് മറ്റുള്ളവരോട് പറയുകയെന്നത് ഞങ്ങള്‍ വെണ്ണീറായിത്തീരുന്നതിനെക്കാള്‍ വിഷമമുള്ള കാര്യമായിരുന്നു. അവരില്‍ ഒരാള്‍ ഇപ്രകാരം പറയുകയുണ്ടായി: പിശാചിന്റെ ശര്‍റ് വസ്‌വാസില്‍ മാത്രം ഒതുക്കിത്തീര്‍ത്ത അല്ലാഹുവിന് സര്‍വസ്തുതിയും. മറ്റൊരാള്‍ പറഞ്ഞു: പിശാചിന്റെ നാശം വസ്‌വാസിലേക്കു മാത്രം മടക്കിയ അല്ലാഹുവിന് സര്‍വസ്തുതിയും.” (അഹ്്മദ് 3161)
പിശാചിന്റെ നാശം വസ്‌വാസില്‍ മാത്രം പരിമിതമാണെന്ന് മേല്‍ഹദീസ് നമ്മെ പഠിപ്പിക്കുന്നു. പ്രബല ഹദീസുകളെ അവഗണിക്കുക എന്ന ശൈലിയും ഗള്‍ഫ് സലഫി ചിന്താധാരയില്‍ കാണാം. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ജുമുഅയില്‍ പങ്കെടുത്തിരുന്നു എന്നതിന്ന് ബുഖാരി മുസ്‌ലിം അടക്കം പല ഹദീസ് ഗ്രന്ഥങ്ങളിലും ധാരാളം നബിവചനങ്ങള്‍ ഉണ്ട്. അവ മാറ്റിനിര്‍ത്തി സ്ത്രീക്ക് വീടാണ് ഉത്തമം എന്ന വീക്ഷണത്തിന്റെയും പിന്നില്‍ ഈ ചിന്തയുടെ സ്വാധീനമാണ് പ്രകടമാകുന്നത്. സ്വാലിഹുബ്നു ഫൗസാന്‍ രേഖപ്പെടുത്തുന്നു: ”ഫിത്‌നയെ ഇല്ലാതാക്കാന്‍ വേണ്ടി സ്ത്രീകള്‍ക്ക് നമസ്‌കാരത്തിന് വീടാണ് ഉത്തമം എന്ന് മുസ്ലിം സമുദായം ഏകോപിച്ചിരിക്കുന്നു.” (അല്‍മുലഖ്ഖസ്വുല്‍ ഫിഖ്ഹി 1:130)
ഇവിടെ ഇല്ലാത്ത ഫിത്‌നയെ സൃഷ്ടിച്ചും വ്യാജ ഇജ്മാഇനെ സ്ഥാപിച്ചും നബി(സ)യുടെ കല്‍പനയെ ധിക്കരിക്കുകയാണ്. ഇങ്ങനെ ഒരു ഇജ്്മാഅ് ഉള്ളതായി കേരളത്തിലെ സമസ്തക്കാര്‍ക്കുപോലും അഭിപ്രായമില്ല. എന്നാല്‍ കേരളത്തിലെ നവയാഥാസ്ഥിതികര്‍ ഈ വിഷയം സമ്പൂര്‍ണമായി അംഗീകരിച്ചതായി അറിയപ്പെടുന്നില്ല.
ഇതുപോലെ തന്നെയാണ് തറാവീഹിലെ വീക്ഷണങ്ങളും. ഫൗസാന്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”തറാവീഹ് നമസ്‌കാരത്തെ സംബന്ധിച്ച് നബി(സ)യില്‍ നിന്നു യാതൊന്നും തന്നെ സ്വഹീഹായി വന്നിട്ടില്ല. അതിന്റെ കല്‍പനകള്‍ വിശാലവുമാണ്.” (അല്‍മുലഖ്ഖസ്വുല്‍ ഫിഖ്ഹി 1:105)
എത്ര റക്അത്താണെന്ന് നബി(സ)യില്‍ നിന്നു സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന് പറയുകയും 20 റക്അത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുകയെന്നത് എന്തുമാത്രം വൈരുധ്യമാണ്. ഇമാം മാലിക്(റ), ഇബ്നു ഹജറുല്‍ ഹൈതമി, ഇമാം ബുഖാരി, മുസ്്‌ലിം, ജലാലുദ്ദീനുസ്സുയൂഥി തുടങ്ങിയ പണ്ഡിതന്മാരും മുഹദ്ദിസുകളും തറാവീഹ് നമസ്‌കാരം നബി(സ) നിര്‍വ്വഹിച്ചത് പതിനൊന്ന് റക്അത്ത് മാത്രമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതിന്റെ റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ”തറാവീഹു നമസ്‌കാരം നബി(സ) 20 റക്അത്തായിരുന്നു നമസ്‌കരിച്ചിരുന്നത് എന്ന ഹദീസുകള്‍ സ്വഹീഹായി വന്നിട്ടില്ല എന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനിയും (ഫത്ഹുല്‍ബാരി 4:205) ഇബ്‌നു ഹജറുല്‍ ഹൈതമിയും (ഫതാവല്‍ കുബ്്‌റാ 1:194,195) ജലാലുദ്ദീനുസ്സുയൂഥിയും (അല്‍ഹാവീലില്‍ ഫതാവാ 2:72,73) രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറഞ്ഞ പണ്ഡിതന്മാരെല്ലാം ശാഫിഈ(റ) മദ്ഹബിലെ അറിയപ്പെടുന്ന പണ്ഡിതന്മാരാണ്.
ഗള്‍ഫ് സലഫികളുടെ ആദര്‍ശ പ്രകാരം സ്ത്രീകള്‍ മുഖവും മുന്‍കൈകളും അന്യപുരുഷന്മാര്‍ക്കിടയില്‍ വെളിപ്പെടുത്തല്‍ നിഷിദ്ധമാണ്. ഈ വാദം സൂറത്തുന്നൂറിലെ 31-ാം വചനത്തിനും അഹ്‌സാബിലെ 59-ാം വചനത്തിനും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാണ്. ഇമാം മാലിക്, ഇമാം ബുഖാരി, മുസ്്‌ലിം, ഇബ്‌നു ജരീറുത്ത്വബ്‌രി, ഇബ്നു കസീര്‍, ഖുര്‍തുബി, ജലാലുദ്ദീനുസ്സുയൂഥി, ഇബ്നു അബീഹാതിം, ഇബ്നു ഹജറുല്‍ അസ്ഖലാനി, ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ മുന്‍ദിര്‍ തുടങ്ങിയ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും വിരുദ്ധമാണ്. അവരെല്ലാം രേഖപ്പെടുത്തിയത് സ്ത്രീകള്‍ക്ക് മുഖവും മുന്‍കൈകളും അന്യപുരുഷന്മാര്‍ക്കിടയില്‍ വെളിപ്പെടുത്താം എന്നാണ്.
വിത്വ്‌റിന്റെ ഖുനൂത്തും ഈ ഗണത്തില്‍ പെടുന്നു. സ്വാലിഹിബ്നു ഫൗസാന്‍ പറയുന്നു: ”വിത്ര്‍ നമസ്‌കാരത്തില്‍ റുകൂഇന്നു ശേഷം ഖുനൂത്ത് നിര്‍വഹിക്കല്‍ സുന്നത്താണ്.” (അല്‍മുലഖ്ഖസ്വുല്‍ ഫിഖ്്ഹി 1:104) എന്നാല്‍ വിത്്‌റിലെ ഖുനൂത്തിനെ സംബന്ധിച്ച് വന്ന മുഴുവന്‍ റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളാണ് എന്നതാണ് വസ്തുത. അക്കാര്യം സലഫീ പണ്ഡിതന്മാരായ ഇബ്‌നുല്‍ ഖയ്യിമും (സാദുല്‍ മആദ് 1:334) ഇമാം ശൗകാനിയും (നൈലുല്‍ ഔത്വാര്‍ 3:50) ഇബ്‌നു ഖുസൈമയും (സ്വഹീഹ് 2:153) ഇമാം സ്വന്‍ആനിയും (സുബ്്‌ലുസ്സലാം 1:359) രേഖപ്പെടുത്തിയിട്ടുണ്ട്.
അനുവദനീയമായ കാര്യങ്ങളെ ബിദ്അത്തായി കാണുന്നതും ഈ ചിന്താഗതിയുടെ ഭാഗമാകുന്നു. നിര്‍ബന്ധ നമസ്‌കാര ശേഷം കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ ബിദ്അത്താണ് എന്നതാണ് ഇവരുടെ അഭിപ്രായം. സ്വാലിഹുബ്നു ഫൗസാന്‍ രേഖപ്പെടുത്തുന്നു: ”നിര്‍ബന്ധ നമസ്‌കാര ശേഷം കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ ബിദ്അത്താകുന്നു.” (അന്‍മുലഖ്ഖസുല്‍ ഫിഖ്ഹി 1:101)
”നമസ്‌കാരം കഴിഞ്ഞാല്‍ നിന്നും ഇരുന്നും കിടന്നും പ്രാര്‍ഥിക്കാം.” (നിസാഅ്് 103) ”നമസ്‌കാര ശേഷം നടക്കുമ്പോഴും കച്ചവടത്തിനിടയിലും പ്രാര്‍ഥിക്കാം.” (ജുമുഅ 10) ഇന്ന സമയം എന്ന് പറയാതെ ”നബി(സ)യുടെ ചര്യ കൈകളുയര്‍ത്തി പ്രാര്‍ഥിക്കലായിരുന്നു.” (അബൂദാവൂദ്, ബൈഹഖി) ”കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു തള്ളിക്കളയുന്നതല്ല.” (അഹ്്മദ്, അബൂദാവൂദ്, ഇബ്നുമാജ, ഹാകിം) ”കൈകളുയര്‍ത്തി പ്രാര്‍ഥിക്കേണ്ടതാണെന്ന് ഇബ്‌നുല്‍ഖയ്യിം (അല്‍ജവാബുല്‍ കാഫീ, പേജ് 5-8) രേഖപ്പെടുത്തുന്നു. ഉമറിബ്നു അബ്ദില്‍ അസീസ്(റ) കൈകളുയര്‍ത്തി നിര്‍ബന്ധ നമസ്‌കാരത്തിനുശേഷം പ്രാര്‍ഥിച്ചിരുന്നതായി ഡോ. ഹുസൈനുല്‍ അഫാനി (സ്വലാഹുല്‍ ഉമ്മ, 6:322) രേഖപ്പെടുത്തിയിട്ടുണ്ട്. ‘സ്വഹാബികള്‍ക്ക് ഈ വിഷയത്തിലുള്ള തര്‍ക്കം പ്രാര്‍ഥനയില്‍ കൈ എത്ര മേല്‍പോട്ടുയര്‍ത്താം’ എന്നതില്‍ മാത്രമായിരുന്നു എന്ന് ഇമാം ഐനി (ഉംദതുല്‍ ഖാരീം 22:300, 301) രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുകൈകളുയര്‍ത്തി പ്രാര്‍ഥിക്കലാണ് സുന്നത്ത് എന്നിരിക്കെ ഇതിനെ ബിദ്അത്തായി വ്യാഖ്യാനിക്കുന്നത് സൂക്ഷ്മതക്കുറവ് കൊണ്ടാകുന്നു.

Back to Top